ലയണൽ സ്കലോണി; തകർച്ചയിൽ നിന്ന് അർജന്റീനക്ക് കരുത്ത് പകർന്ന കപ്പിത്താൻ

ലയണൽ മെസ്സിയെന്ന ഇതിഹാസ താരത്തിന്റെ കിരീടനേട്ടമെന്ന സ്വപ്നവുമായെത്തി ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ തകർന്നടിഞ്ഞ അർജന്റീന പിന്നീട് പിഴവുകൾ തിരുത്തി ഉയർത്തെഴുന്നേറ്റ് ടൂർണമെൻറിന്റെ ക്വാർട്ടറിലെത്തി നിൽക്കുന്നു. അമാനുഷികമായ പ്രകടനങ്ങൾ പോലും സ്വാഭാവികതയെന്ന് ആരാധകരെക്കൊണ്ടു തോന്നിപ്പിക്കുന്ന ലയണൽ മെസി തന്നെയാണ് ഓരോ മത്സരത്തിലും ടീമിന്റെ സിരകളിലൂടെ ഊർജ്ജമായി ഒഴുകുന്നത്.

അർജന്റീനയുടെ കുതിപ്പിൽ ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരത്തിലേക്ക് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും തിരിയുമ്പോൾ ടീമിന്റെ തലച്ചോറായി പ്രവർത്തിക്കുന്നത് മറ്റൊരാളാണ്. ഒരു നേട്ടവും അവകാശപ്പെടാനില്ലാതെയെത്തി, തകർച്ചയുടെ പൂർണത കണ്ടൊരു ടീമിനെ ഏറ്റെടുത്ത് ഇന്നു കാണുന്ന അർജന്റീനയാക്കി മാറ്റിയ ആ ടീമിന്റെ പരിശീലകൻ ലയണൽ സ്കലോണി.

ജോർജ് സാംപോളിയെന്ന പരിശീലകനു കീഴിൽ അർജൻറീന 2018 ലോകപ്പിൽ അതിദയനീയമായി തകർന്നടിഞ്ഞതിനു രണ്ടു മാസങ്ങൾക്കു ശേഷം ലയണൽ സ്കലോണിയെ ടീമിന്റെ താൽക്കാലിക പരിശീലകനായി നിയമിക്കുമ്പോൾ കടുത്ത അർജൻറീന ആരാധകർക്കു പോലും ആ തീരുമാനത്തിൽ സംശയങ്ങൾ ഏറെയായിരുന്നു.

അർജന്റീന അണ്ടർ17 ടീമിനെ പരിശീലിപ്പിച്ചതിന്റെ മാത്രം അനുഭവജ്ഞാനമുള്ള ഒരാൾക്ക് തകർച്ചയുടെ അങ്ങേത്തലക്കൽ നിൽക്കുന്ന ലയണൽ മെസിയടക്കമുള്ള താരനിരയെ എങ്ങിനെ ഉയർത്തെഴുന്നേൽപ്പിക്കാൻ കഴിയുമെന്ന ചോദ്യം വ്യാപകമായി ഉയർന്നു. ആ ചോദ്യമുയർത്തിയവരിൽ അർജന്റീനിയൻ ഫുഡ്ബോൾ ഇതിഹാസം മറഡോണയും ഉൾപ്പെട്ടിരുന്നു.

ലയണൽ മെസിയുടെ ആരാധനാപാത്രമായ പാബ്ലോ അയ്മറെ ഒപ്പം നിർത്തി അർജന്റീനിയൻ ഫുട്ബോളിൽ ഒരു വിപ്ലവമാറ്റത്തിനാണ് സ്കലോണി ഒരുങ്ങുന്നതെന്ന് അന്നാരും ചിന്തിച്ചു കാണില്ല. ഗ്വാട്ടിമാലക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ തുടങ്ങി 2019 ജൂണിലെ കോപ്പ അമേരിക്ക ടൂർണമെന്റ് വരെ ഒൻപതു മത്സരങ്ങളിൽ നിരവധി താരങ്ങളെ മാറ്റി മാറ്റി പരീക്ഷിച്ചു കൊണ്ട് സ്ക്വാഡിനെ ഇറക്കിയ സ്കലോണി അതിലാകെ രണ്ടെണ്ണത്തിൽ മാത്രമാണ് തോൽവി വഴങ്ങിയത്. ഇതിലെ ആദ്യ ആറു മത്സരങ്ങളിൽ ലയണൽ മെസി കളിച്ചിട്ടില്ലെന്നതും എടുത്തു പറയേണ്ടതുണ്ട്.

അർജന്റീന ടീമിനൊപ്പം ലയണൽ സ്‌കലോണിയുടെ ആദ്യത്തെ പരീക്ഷയായിരുന്നു 2019ൽ ബ്രസീലിൽ വെച്ചു നടന്ന കോപ്പ അമേരിക്ക. കൊളംബിയക്കെതിരെ തോൽവിയോടെ തുടങ്ങിയ ടീം ഗ്രൂപ്പിലെ മറ്റു മത്സരങ്ങളിൽ ഒരു ജയവും സമനിലയും നേടി ക്വാർട്ടറിലെത്തി. അവിടെ വെനസ്വലയേയും കീഴടക്കിയ ടീമിന് സെമിയിൽ എതിരാളികളായി ഉണ്ടായിരുന്നത് മികച്ച ഫോമിൽ കളിച്ചിരുന്ന ബ്രസീലായിരുന്നു. താരങ്ങളെ മാറ്റിമാറ്റി പരീക്ഷിച്ച ഒരു ഘട്ടത്തിന് ശേഷം സന്തുലിതമായൊരു ടീമില്ലാതെ ടൂർണമെന്റിനെത്തിയ അർജന്റീനക്ക് ബ്രസീലിന്റെ വെല്ലുവിളിയെ മറികടക്കാൻ കഴിഞ്ഞില്ല. എങ്കിലും ലൂസേഴ്സ് ഫൈനലിൽ ചിലിയെ കീഴടക്കി മൂന്നാം സ്ഥാനം അവർ നേടി.

ആ ടൂർണമെൻറിനു ശേഷം സ്കലോണിയെ ടീമിന്റെ പ്രധാന പരിശീലകനായി അർജന്റീന നിയമിച്ചു. അവിടെ നിന്നുമാണ് ലയണൽ സ്കലോണി യുഗം തുടങ്ങുന്നതെന്നു വേണമെങ്കിൽ പറയാം. അർജന്റീന ലീഗിൽ നിന്നും സ്കലോണി കണ്ടെടുത്ത പല താരങ്ങളും അപ്പോഴേക്കും യൂറോപ്പിലെ ക്ലബുകളിൽ എത്തിയിരുന്നു. അവരിൽ പലരെയും നിലനിർത്തിയും തന്റെ പദ്ധതിക്ക് അനുയോജ്യരല്ലാത്തവരെ ഒഴിവാക്കിയും ലയണൽ മെസിയെ കേന്ദ്രമാക്കി ഒരു മികച്ച ഇലവനെ സൃഷ്ടിക്കാൻ അദ്ദേഹം ശ്രമിക്കുകയായിരുന്നു. ഇന്റർനാഷണൽ ഫ്രൻഡ്ലിയും ലോകകപ്പ് യോഗ്യത മത്സരവുമെല്ലാം അതിനു വേണ്ട അങ്കത്തട്ടാക്കി മാറ്റി സ്കലോണി പരീക്ഷണങ്ങൾ തുടരുമ്പോഴും ആ മത്സരങ്ങളിൽ ഒരെണ്ണം പോലും അർജന്റീന തോറ്റിരുന്നില്ല.

2021 ൽ ബ്രസീൽ വെച്ചു തന്നെ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിലാണ് താൻ തേച്ചു മിനുക്കിയെടുത്ത പദ്ധതികൾ സ്കലോണി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. ചിലിക്കെതിരെ സമനിലയോടെയാണ് തുടങ്ങിയതെങ്കിലും അതിനു ശേഷം നടന്ന എല്ലാ മത്സരത്തിലും വിജയം നേടി ഒടുവിൽ ബ്രസീലിന്റെ മണ്ണിൽ അവരെത്തന്നെ കീഴടക്കി അർജന്റീന കിരീടം ചൂടി.

28 വർഷങ്ങൾക്കു ശേഷം അർജന്റീനയുടെ ആദ്യ ലോകകിരീടം, ലയണൽ മെസിയുടെ കരിയറിലെ ആദ്യ രാജ്യാന്തര കിരീടം. ടൂർണമെന്റിൽ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും സ്വന്തമാക്കിയ ലയണൽ മെസിയിലേക്ക് എല്ലാ ശ്രദ്ധയും നിറയുന്നതിനൊപ്പം ഇതിനു വേണ്ട തന്ത്രങ്ങൾ മെനഞ്ഞ സ്കലോണിയേയും ലോകം കൂടുതൽ മനസിലാക്കാൻ തുടങ്ങിയിരുന്നു.

കോപ്പ അമേരിക്ക കിരീടത്തോടെ ആത്മവിശ്വാസത്തിന്റെ നിറുകയിലെത്തിയ അർജന്റീന വീണ്ടും അപരാജിത കുതിപ്പു തുടർന്നു. അതിനിടയിൽ യൂറോ കപ്പ് നേടിയ ഇറ്റലിയെ 2022 ജൂണിൽ കീഴടക്കി ലാ ഫൈനലിസിമ കിരീടവും അവർ നേടി. ഒരു വർഷത്തിനുള്ളിൽ അർജൻറീന നേടുന്ന രണ്ടാമത്തെ കിരീടം. നവംബറിൽ ലോകകപ്പിനായി എത്തുമ്പോൾ 2019ലെ കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ ചിലിയോടു വിജയം നേടിയതിൽ തുടങ്ങി 36 മത്സരങ്ങളാണ് അർജന്റീന അപരാജിതരായി പൂർത്തിയാക്കിയത്. ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ തോൽവിയറിയാതെ പൂർത്തിയാക്കിയ രണ്ടാമത്തെ ടീം.

ലോകകപ്പ് കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നായി ഖത്തറിലെത്തിയ അർജൻറീനക്ക് അമിതമായ ആത്മവിശ്വാസം തിരിച്ചടി നൽകുന്നതാണ് ആദ്യ മത്സരത്തിൽ സൗദിക്കെതിരെ കണ്ടത്. എന്നാൽ സ്കലോണിയെന്ന പരിശീലകൻ വ്യത്യസ്തനായത് അവിടെയാണ്. തന്റെ പിഴവുകളെ കൃത്യമായി തിരിച്ചറിഞ്ഞ അദ്ദേഹം പിന്നീടുള്ള മത്സരങ്ങളിൽ അതിനെ തിരുത്തുന്ന കാഴ്ച നമ്മൾ കണ്ടു. ആദ്യ പകുതിയിൽ ശ്രദ്ധാപൂർവ്വം കളിച്ച് രണ്ടാം പകുതിയിൽ പൊടുന്നനെ തന്ത്രങ്ങൾ മാറ്റി ആഞ്ഞടിച്ച് ഗോളുകൾ നേടി വിജയം കുറിക്കുന്ന അർജൻറീനയെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ രണ്ടു മത്സരത്തിൽ കണ്ടത്.

ഓസ്ട്രേലിയക്കെതിരായ മത്സരവും സ്കലോണിയുടെ മാസ്റ്റർ ക്ലാസ് തന്നെയായിരുന്നു. അരമണിക്കൂറോളം പാറപോലെ ഉറച്ചു നിന്ന ഓസ്ട്രേലിയൻ ടീമിനെ ഇങ്ങോട്ട് ആക്രമണങ്ങൾ നടത്താൻ ക്ഷണിച്ച് പഴുതുകൾ തുറന്നെടുത്ത് ഗോൾ നേടുകയും, അതിനു ശേഷം പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്തിയും പന്തിന്മേലുള്ള ആധിപത്യം നിലനിർത്തിയും മത്സരം സ്വന്തമാക്കുകയാണ് അർജന്റീന ചെയ്തത്.

ഒരു കാലത്ത് ഏതു ടീമിനെതിരെയും തകർന്നടിയുമായിരുന്ന അർജൻറീന പ്രതിരോധം കഴിഞ്ഞ രണ്ടു മത്സരത്തിൽ ഒരൊറ്റ ഷോട്ട് ഓൺ ടാർഗറ്റ് മാത്രമാണ് വഴങ്ങിയതെന്നത് സ്കലോണി കൊണ്ടുവന്ന മാറ്റമെന്താണെന്നു വ്യക്തമാക്കുന്നതായിരുന്നു. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും ടീമിനു കൂടുതൽ മൂർച്ചയേറി വരുന്നുമുണ്ട്.

ഒരു പ്രത്യേക സിസ്റ്റം സൃഷ്ടിച്ച് ആ ശൈലിയിൽ മാത്രം കളിക്കുകയെന്നതല്ല സ്കലോണിയുടെ പദ്ധതി. എതിരാളികളുടെ കരുത്തനുസരിച്ച് ആക്രമണത്തിലൂന്നിയും പ്രതിരോധത്തിൽ ഉറച്ചു നിന്നും അവരെ ആക്രമണങ്ങൾക്കു ക്ഷണിച്ച് പ്രത്യാക്രമണം നടത്തുന്നതുമായ വ്യത്യസ്ത രീതികളിൽ ടീമിന്റെ ശൈലിയെ മാറ്റാൻ അദ്ദേഹത്തിനു കഴിയുന്നുണ്ട്. കഴിഞ്ഞ നാലു മത്സരങ്ങളിൽ നാലു വ്യത്യസ്ത ലൈനപ്പുകളിൽ ടീമിനെ ഇറക്കിയത് ഇതിനെ സാധൂകരിക്കുന്നതാണ്. ഈ നാലു മത്സരങ്ങളിൽ അർജന്റീന കളിച്ച ശൈലിയും വ്യത്യസ്തമായിരുന്നു.

ലോകകപ്പ് കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ, ഇംഗ്ലണ്ട് ടീമുകളെപ്പോലെ ഓരോ പൊസിഷനിലും ഒന്നിലധികം മികച്ച താരങ്ങൾ അർജന്റീനക്കുണ്ടെന്ന് അവകാശപ്പെടാൻ കഴിയില്ല. അർജൻറീനയുടെ ആദ്യ ഇലവനിൽ കളിക്കുന്ന ഏതാനും താരങ്ങൾ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ക്ലബുകളുടെ പോലും ഭാഗമല്ല. എന്നിട്ടും ആ ടീമിന് കിരീടസാധ്യത കൽപ്പിക്കപ്പെടുന്നതിന് രണ്ടു കാരണങ്ങളാണുള്ളത്.

ഒന്ന്, തന്റെ അസാമാന്യ കഴിവു കൊണ്ടു ഏതു മത്സരത്തിന്റെയും ഗതി മാറ്റാൻ കഴിയുന്ന ലയണൽ മെസിയുടെ സാന്നിധ്യം. മറ്റൊന്ന് മെസിയെ കേന്ദ്രീകരിച്ചൊരു കെട്ടുറപ്പുള്ള സ്ക്വാഡിനെ സൃഷ്ടിച്ച് അവർക്കു വേണ്ട തന്ത്രങ്ങൾ മെനഞ്ഞ് ഈ ടീമിനെ ഇവിടെ വരെയെത്തിച്ച ലയണൽ സ്കലോണിയെന്ന പരിശീലകനും. കാത്തിരിക്കാം കളിക്കളത്തിൽ ഇനിയും സ്കലോണിയും സംഘവും കാത്തുവെച്ചിരിക്കുന്ന മാജിക്കുകൾക്കായി.

Related Stories

No stories found.
logo
The Cue
www.thecue.in