രാഹുലിനൊപ്പം നടന്ന ജനാധിപത്യ ഇന്ത്യ; ഭാരത് ജോഡോ യാത്ര ബാക്കിയാക്കുന്നത്

2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര 135 ദിവസങ്ങൾ പിന്നിട്ട് 2023 ജനുവരി 30 ന് കാശ്മീരിൽ അവസാനിച്ചിരിക്കുന്നു. ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവുമായി കന്യാകുമാരിയിൽ നിന്ന് നടന്നു തുടങ്ങിയ രാഹുൽ ഗാന്ധി, പ്രതിസന്ധികളെയും പരിഹാസങ്ങളെയുമെല്ലാം അതിജീവിച്ച്, 3570 കിലോമീറ്റർ പിന്നിട്ട് തന്റെ പ്രയാണം വിജയകരമായി പൂർത്തിയാക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ എങ്ങനെയാകും ഈ 135 ദിനങ്ങൾ അടയാളപ്പെടുത്തപ്പെടുക.

വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കാൻ ഇറങ്ങിപ്പുറപ്പെട്ട രാഹുലിന്റെ യാത്രയുടെ തുടക്കത്തിൽ കോൺ​ഗ്രസ് പാർട്ടിക്ക് പോലും അത്രകണ്ട് പ്രതീക്ഷയുണ്ടായിരുന്നില്ല. പരിഹസിച്ചും വിമർശിച്ചും യാത്രയെ തകർക്കാനുള്ള സംഘപരിവാര ശ്രമങ്ങൾ തകൃതിയായി നടന്നപ്പോളും തെല്ലും ആശങ്കയില്ലാതെ രാഹുൽ മുന്നോട്ട് പോയി.

വർ​ഗീയതയുടെ സർവ്വ സന്നാഹങ്ങളുമായി ഭരണകൂടം രാജ്യത്തെ നോക്കി അട്ടഹസിക്കുന്ന കാലത്ത്, നേതാക്കളുടെ തുടർച്ചയായ കൊഴിഞ്ഞുപോക്കുകളുടെ പേരിൽ പാർട്ടി നിരന്തരം പരിഹസിക്കപ്പെടുന്നൊരു കാലത്ത്, ഇന്ത്യയെ ഒന്നിപ്പിക്കാനെന്ന് പറഞ്ഞ് ഇറങ്ങി നടന്ന രാഹുലിന്റെ യാത്രയെ രാഷ്ട്രീയ സാഹസമെന്ന് വിളിക്കാനേ എല്ലാവർക്കും തുടക്കത്തിൽ കഴിഞ്ഞിരുന്നുള്ളൂ.

കോൺ​ഗ്രസിന്റെ ഒരു പ്രചരണ ജാഥ എന്നതിനപ്പുറത്തേക്ക് വളരാൻ സാധിച്ചു എന്നിടത്താണ് രാഹുലിന്റെ യാത്രയുടെ വിജയം. തുടക്കത്തിലെ പരിഹാസങ്ങളെയും വിമർശനങ്ങളെയും തന്റെ യാത്ര പാതിവഴിയെത്തുമ്പോഴേക്കും, സ്നേഹം കൊണ്ട്, ചേർത്ത് പിടിക്കലുകൾ‌ കൊണ്ട് തോൽപിക്കാൻ രാഹുലിന് കഴിഞ്ഞു. തന്നെ പപ്പുവെന്ന് വിളിച്ച്, പക്വതയില്ലാത്തവനായി ചിത്രീകരിച്ച സംഘപരിവാർ നരേറ്റീവുകളെ അയാൾ ഈ യാത്രയിലൂടെ തകർത്തെറിഞ്ഞു.

താണ്ടാനിരിക്കുന്ന ദൂരത്തെ പറ്റി തെല്ലും ആശങ്കയില്ലാതെ മുന്നിൽ നടക്കുന്ന രാഹുലിനൊപ്പം നടക്കാൻ രാജ്യത്തെ സാധാരണക്കാരായ അനേകായിരം മനുഷ്യർ ഓടിക്കൂടി. അതിൽ കോൺ​ഗ്രസുകാർ‌ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. വിദ്യാർഥികളും യുവാക്കളും കർഷകരും തൊഴിലാളികളും അടക്കം സമൂഹത്തിന്റെ നാനാ ചേരിയിൽ നിന്നും ജനസാ​ഗരമൊഴുകിയെത്തി. വെറുപ്പിനെതിരെ ഒന്നിക്കാമെന്ന മുദ്രാവാക്യത്തെ നെഞ്ചേറ്റാൻ ഈ രാജ്യത്ത് പതിനായിരക്കണക്കിന് മനുഷ്യർ കൊതിക്കുന്നുണ്ട് എന്നതിന് തെളിവായിരുന്നു അത്.

ആ മുദ്രാവാക്യത്തെ മുന്നിൽ നിന്ന് നയിക്കാനുള്ള കെൽപ്പ് തനിക്കുണ്ടെന്ന് രാജ്യത്തിന് മുന്നിൽ തെളിയിക്കാൻ ഈ യാത്രയിലൂടെ രാഹുലിന് കഴിഞ്ഞു. അപ്പോഴും, ജനാധിപത്യത്തെ തിരിച്ചുപിടിക്കാനായി പുറപ്പെട്ട ഈ യാത്രയെ കേരളത്തിലെ ഇടത് സംഘടനകൾ ആ രാഷ്ട്രീയബോധത്തോടെ സമീപിച്ചിരുന്നോ എന്നതും നാം കാണണം. പൊറോട്ട സമൂസ പ്രചരണങ്ങൾക്കപ്പുറം യാത്രയുടെ രാഷ്ട്രീയ ലക്ഷ്യത്തെ മനസിലാക്കാൻ അവർ ശ്രമിച്ചിരുന്നോ എന്നതാണ് ചോദ്യം.

പാതി വഴി പിന്നിടുമ്പോൾ യാത്രക്കൊപ്പം ചേരാൻ വന്നവരെ നമ്മൾ അത്ഭുതത്തോടെ നോക്കി നിന്നു. ദേശീയത ആയുധമാക്കി സംഘപരിവാർ രാജ്യത്ത് വെറുപ്പ് പടർത്തുമ്പോൾ, അവരെ ചെറുത്തുതോൽപ്പിക്കാനായി നടത്തുന്ന യാത്രയിൽ മുൻ സൈനിക മേധാവിമാർ വരെ അണിനിരന്നു. ഇന്ത്യയിലെ ജാതിക്കോമരങ്ങൾ കൊന്നുകളഞ്ഞ രക്തസാക്ഷി രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല ഹൈദരാബാദിൽ വെച്ച് യാത്രയോടൊപ്പം ചേർന്നു. മകനെ നഷ്ടപ്പെട്ട വേദനയിൽ തകരാതെ, അവനെ ഇല്ലാതാക്കിയ രാഷ്ട്രീയത്തിനെതിരെ നിരന്തരം പോരാടുന്ന ആ അമ്മയെ രാഹുൽ ചേർത്ത് പിടിക്കുമ്പോൾ അതൊരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയായി മാറുകയായിരുന്നു.

വർഗീയ ഫാസിസ്റ്റുകൾ നിഷ്കരുണം വെടിവെച്ചുകൊന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷ് അടക്കമുള്ളവർക്ക് ഈ യാത്രയിൽ തങ്ങളും അണിചേരണമെന്ന ബോധ്യവും വിശ്വാസവും ഉണ്ടാക്കിയെടുത്തതും ആ രാഷ്ട്രീയത്തിന്റെ ഉൾക്കാമ്പ് തന്നെയാണ്.

മുപ്പത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1990 സെപ്റ്റംബർ 25 നായിരുന്നു ഇന്ത്യയില്‍ ഇത്രയും ബൃഹത്തായ മറ്റൊരു യാത്ര കടന്നുപോയത്. ലാൽ കൃഷ്ണ അഡ്വാനി നടത്തിയ രഥ യാത്ര. സോമനാഥില്‍ നിന്നും ആരംഭിച്ച് അയോധ്യ ലക്ഷ്യമാക്കി നീങ്ങിയ ആ യാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ഇന്ത്യ എന്ന ആശയം ഹിന്ദുവും മുസ്ലിമും ആയി വിഭജിക്കപ്പെട്ടു. വെറുപ്പും, ലഹളയും, അന്യവല്‍ക്കരണവും, വെല്ലുവിളിയും ചോരക്കളിയും കൊണ്ട് തെരുവുകള്‍ നിറഞ്ഞു.

യാത്ര കടന്നുപോയ വഴികളിലെല്ലാം വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. നിരവധി സാധുമനുഷ്യര്‍ തങ്ങൾ ചെയ്ത തെറ്റെന്തെന്നറിയാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് നിഷ്കരുണം കൊല്ലപ്പെട്ടു. ഇന്ത്യയെന്ന ആശയത്തിനേറ്റ ചരിത്രത്തിലെ സമാനതകളില്ലാത്ത മുറിവായിരുന്നു ആ യാത്ര. അന്നാ യാത്ര നടത്തിയവർ ഇന്ത്യ ഭരിക്കുന്ന കാലത്താണ്, അതിന് നേർ വിപരീതമായ മുദ്രാവാക്യമുയർത്തി രാഹുലിന്റെ ഭാരത് ജോഡോ യാത്ര നടക്കുന്നത്.

ഈ യാത്രയിലെവിടെയും ആരെയും വെറുക്കാൻ രാഹുൽ ​ഗാന്ധി ആഹ്വാനം ചെയ്തിട്ടില്ല. പൊള്ളയായ വാ​ഗ്ദാനങ്ങളൊന്നും മുന്നോട്ട് വെച്ചിട്ടുമില്ല. മറിച്ച് ജാതിയോ മതമോ പേരോ നാടോ പോലുമറിയാത്ത പതിനായിരക്കണക്കിന് മനുഷ്യരെ അയാൾ സ്നേഹം കൊണ്ട് ചേർത്ത് പിടിക്കുകയാണ് ചെയ്തത്. യാത്ര കടന്നുപോകുന്ന തെരുവിലെ ഒരു വീടിന് മുകളിൽ നിന്ന് തന്നെ പരിഹസിക്കാനായി പപ്പു എന്നെഴുതിയ ബോർഡ് ഉയർത്തിക്കാണിച്ച കുടുംബത്തോട് പുഞ്ചിരിക്കുകയും കൈകൾ ഉയർത്തി അവരെ അഭിവാദ്യം ചെയ്യുകയുമാണ് അയാൾ ചെയ്തത്.

ശൂന്യതയിൽ നിന്ന് തുടങ്ങിയ യാത്ര പ്രതീക്ഷകളഉടെ അമിതഭാരവുമായി കശ്മീരിലെത്തിയപ്പോൾ, കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞത്, കശ്മീരിലെ ജനതക്ക് ഒരു പുതുശ്വാസമായിരുന്നു യാത്രയെന്നായിരുന്നു. 2019-നു ശേഷം, അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ട നാളുകൾക്കു ശേഷം ആദ്യമായി ആ മനുഷ്യർ പുറത്തിറങ്ങിയെന്നായിരുന്നു. കശ്മീരിലെ ജനങ്ങൾക്ക് മാത്രമല്ല, കടന്നുപോന്ന വഴികളിലൊക്കെയും, ആശ്വാസത്തിന്റെ, പ്രതീക്ഷയുടെ പുതുശ്വാസം പകർന്നുനൽകിയാണ് ഭാരത് ജോ‍ഡോ യാത്ര നടന്നുനീങ്ങിയത്.

വെറുപ്പ് ഭരിക്കുന്ന കാലത്ത്, വിവേചനമില്ലാത്തൊരു ചേർത്തു പിടിക്കലിനായി ഈ രാജ്യത്തെ ജനങ്ങൾ എത്രമാത്രം കൊതിച്ചിരുന്നു എന്ന തിരിച്ചറിവാണ് രാഹുലിന്റെ യാത്ര അവശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ആ യാത്ര അവസാനിക്കുമ്പോൾ അയാളുയർത്തുന്ന രാഷ്ട്രീയത്തിന് മറുവശത്ത് നിൽക്കുന്നവരിൽ ചെറുതല്ലാത്ത ആശങ്ക ജനിപ്പിക്കുവാൻ രാഹുലിന്റെ യാത്രയ്ക്ക് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.

പൊരിവെയിലും കോരിച്ചൊരിയുന്ന മഴയും വിറപ്പിക്കുന്ന മഞ്ഞും തണുപ്പും മറികടന്ന് ഭാരത് ജോഡോ യാത്ര അവസാനിച്ചിരിക്കുന്നു. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് എന്നതിനപ്പുറം, ഇന്ത്യൻ ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് നടന്നുകയറാൻ ഈ യാത്രയിലൂടെ രാഹുൽ‌ ​ഗാന്ധി എന്ന നേതാവിന് കഴിഞ്ഞു. ഇനിയങ്ങോട്ട് രാഹുൽ ​ഗാന്ധിയെന്ന പേര് കേൾക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും മനസിൽ തെളിയുന്നത് കനത്ത മഞ്ഞുവീഴ്ചയിലും വിറക്കാതെ നിന്ന് രാഷ്ട്രീയം പറയുന്ന, അനേകായിരങ്ങളുടെ ചേർത്ത് പിടിക്കലിന്റെ ചൂടേറ്റ് നിൽക്കുന്ന ഭാരത് ജോഡോ യാത്രയിലെ ഏതെങ്കിലും മനോഹര നിമിഷമായിരിക്കാം.

വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുന്നതിൽ രാഹുൽ ​ഗാന്ധിയും അയാളുടെ യാത്രയും വിജയിച്ചു. ഇനിയുള്ള ചോദ്യങ്ങളെ നേരിടേണ്ടത് അയാളുടെ പാർട്ടിയാണ്. 135 ദിവസങ്ങൾ കൊണ്ട് മൂവായിരത്തിലധികം കിലോമീറ്ററുകൾ‌ കാൽനടയായി പിന്നിട്ട് രാഹുലെന്ന ഒറ്റയാൾ നേടിയെടുത്ത ജനാധിപത്യ ഇന്ത്യയുടെ വിശ്വാസത്തെ രാഷ്ട്രീയ വിജയമാക്കി മാറ്റിയെടുക്കുവാൻ കോൺ​ഗ്രസിന് കഴിയുമോ എന്നതാണ്. അതിന് ഉത്തരം പറയേണ്ടത് കോൺ​ഗ്രസാണ്. കാത്തിരിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in