ചാമ്പ്യന്‍സ് ട്രോഫി വീണ്ടും ഇന്ത്യയില്‍ എത്തിച്ച ക്യാപ്റ്റന്‍; ഹിറ്റ്മാന്‍ രോഹിത് ശര്‍മ

Summary

തുടര്‍ച്ചയായി രണ്ട് ഐസിസി ടൈറ്റിലുകള്‍ നേടിയ ക്യാപ്റ്റന്‍, അധിക്ഷേപങ്ങള്‍ക്ക് ക്രിക്കറ്റിലൂടെ മറുപടി നല്‍കിയ താരം, ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് പുറത്തെടുത്ത ബാറ്റര്‍, 12 വര്‍ഷത്തിന് ശേഷം ഇന്ത്യ നേടുമ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ താന്‍ എന്തായിരുന്നുവെന്ന് പ്രഖ്യാപിക്കുകയാണ് ഹിറ്റ്മാന്‍ രോഹിത് ശര്‍മ

ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തിനായുള്ള ടോസ് നഷ്ടമാകുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു അനാവശ്യ റെക്കോര്‍ഡിന് ഒപ്പമെത്തുകയായിരുന്നു. തുടര്‍ച്ചയായി 12-ാം വട്ടവും ടോസ് നഷ്ടമാകുകയെന്ന റെക്കോര്‍ഡ്. ഇക്കാര്യത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ് ബ്രയന്‍ ലാറയുടെ റെക്കോര്‍ഡിനൊപ്പമാണ് രോഹിത് എത്തിയത്. എന്നാല്‍ നിര്‍ഭാഗ്യത്തിന്റെ ആ പന്ത്രണ്ടിനെ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ചാമ്പ്യന്‍സ് ട്രോഫി എടുത്തുകൊണ്ടാണ് രോഹിത് നേരിട്ടത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഏറെ പഴികേട്ട ആളായിരുന്നില്ല ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ നായക സ്ഥാനത്ത് നിന്ന രോഹിത്. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വിരമിക്കല്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അയാള്‍ ഫൈനല്‍ മത്സരത്തിലെ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് കളിച്ചത്. 83 ബോളുകളില്‍ നിന്ന് 76 റണ്‍സെടുത്ത് ലാതാമിന്റെ റിഫ്‌ളക്‌സിന് മുന്നില്‍ പുറത്താകുമ്പോള്‍ അയാള്‍ തന്റെ ടീമിന്റെ വിജയം ഉറപ്പിച്ചിരുന്നു. പവര്‍പ്ലേയില്‍ 41 ബോളുകളില്‍ നിന്നായി 50 റണ്‍സെടുത്തുകൊണ്ട് ഹിറ്റ്മാന്‍ എന്ന പേരിനോട് അയാള്‍ കൂടുതല്‍ ചേര്‍ന്നു നിന്നു. മികച്ച പിന്തുണയുമായി നിന്ന ശുഭ്മാന്‍ ഗില്ലിനെ ഒരു സെക്കന്‍ഡ് പോലും സമയമെടുക്കാതെ ഒരു മാസ്മരിക ക്യാച്ചിലൂടെ ഗ്ലെന്‍ ഫിലിപ്‌സ് പുറത്താക്കുമ്പോളും പിന്നാലെയെത്തിയ കോലി ഒരു റണ്‍ മാത്രമെടുത്ത് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോളും അയാള്‍ ഇടറാതെ നിന്നു.

2019 ലോകകപ്പില്‍ ഞാന്‍ നന്നായി സ്‌കോര്‍ ചെയ്തു. പക്ഷേ അതിലൊരു രസമുണ്ടായില്ല, ടീം വിജയിച്ചില്ല. ടീം വിജയിക്കുമ്പോള്‍ നിങ്ങള്‍ അതിലൊരു സംഭാവന നല്‍കുകയാണെങ്കില്‍ അതാണ് സംതൃപ്തി നല്‍കുന്നത്. എങ്ങനെ ബാറ്റ് ചെയ്യണമെന്ന് മനസില്‍ എനിക്ക് വ്യക്തതയുണ്ട്. അതാണ് ചെയ്തു കാണിക്കാന്‍ ഞാന്‍ ശ്രമിക്കുന്നത്. മാച്ചിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞ ഈ വാക്കുകള്‍ കൂടി ചേര്‍ത്തുവായിച്ചാല്‍ ഒരു സംശയവുമില്ലാതെ പറയാം, രോഹിത് ശര്‍മ കളിച്ചത് ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് തന്നെയായിരുന്നു. അതിനൊപ്പം തന്നെ അയാള്‍ തന്റെ നിലപാട് കൂടി വ്യക്തമാക്കിയിരിക്കുന്നു. ഈ ഫോര്‍മാറ്റില്‍ നിന്ന് ഉടന്‍ വിരമിക്കാനില്ല എന്ന്.

ഇന്ത്യ ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ ശുഭ്മാന്‍ ഗില്‍ പുറത്താകുന്നതു വരെ കിവീസിന് കാര്യമായി അപ്പീല്‍ ചെയ്യാനുള്ള അവസരങ്ങള്‍ പോലും ലഭിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഓപ്പണിംഗില്‍ കിവീസ് പേസര്‍മാരെ കണക്കിന് പ്രഹരിച്ച രോഹിത്തിന് സ്‌ട്രൈക്ക് നല്‍കാന്‍ ഗില്ലും കാര്യമായി ശ്രമിച്ചു. പവര്‍പ്ലേയ്ക്ക് ശേഷം കിവീസ് സ്പിന്‍ ആക്രമണം തുടങ്ങിയെങ്കിലും ബ്രേസന്‍വെല്‍ എത്തിയതിനു ശേഷം മാത്രമാണ് അത് ഫലിച്ചു തുടങ്ങിയത്. വലിയ ഹിറ്റുകള്‍ക്ക് ശ്രമിക്കാതെ സിംഗിളുകളും ഡബിളുകളും എടുത്തുകൊണ്ട് മുന്നോട്ടു പോകുകയെന്ന തന്ത്രമായിരുന്നു രോഹിത് പുറത്തെടുത്തത്. ഇടവേളകളില്‍ തകര്‍പ്പന്‍ ഷോട്ടുകള്‍ കളിച്ചുകൊണ്ട് സ്‌റ്റേഡിയം നിറഞ്ഞിരുന്ന ഇന്ത്യന്‍ കാണികളെ ആവേശത്തിലാക്കാനും രോഹിത്തിന് കഴിഞ്ഞു. അതേ മട്ടിലായിരുന്നു ഇന്ത്യയുടെ മറ്റു താരങ്ങളുടെയും ബാറ്റിംഗ്. കിവീസ് ക്യാപ്റ്റന്‍ സാന്റ്‌നര്‍ അടക്കം രോഹിത്തിന്റെ ബാറ്റുകൊണ്ടുള്ള പ്രഹരത്തിന്റെ രുചിയറിഞ്ഞു.

കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയോട് ഏറ്റുമുട്ടുമ്പോള്‍ ക്യാപ്റ്റനായിരുന്ന രോഹിത് വെറും 9 റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ ചെയ്തത്. അന്ന് 59 ബോളുകളില്‍ നിന്നായി 76 റണ്‍സെടുത്ത് വിരാട് കോലി ഇന്ത്യയുടെ ടോപ് സ്‌കോററായി. ചാമ്പ്യന്‍സ് ട്രോഫിയില്‍ വിരാട് കോലി വെറും ഒരു റണ്‍സിന് പുറത്തായപ്പോള്‍ 76 റണ്‍സെടുത്ത് രോഹിത്താണ് ടോപ് സ്‌കോററായത്. മത്സര ശേഷം രോഹിത് തന്നെ പറഞ്ഞതുപോലെ കൃത്യമായ ബോധ്യത്തോടെയാണ് അയാള്‍ ക്രീസില്‍ ഇറങ്ങിയത്. അക്‌സര്‍ പട്ടേലിന്റെയും കെ.എല്‍.രാഹുലിന്റെയും പൊസിഷനുകള്‍ മാറ്റി നടത്തിയ പരീക്ഷണവും വിജയം കണ്ടുവെന്നതാണ് നേട്ടമായത്. സ്പിന്നര്‍മാര്‍ക്ക് ആധിപത്യമുള്ള പിച്ചില്‍ രാഹുലിനെപ്പോലെ വിശ്വസ്തനായ ഒരു ബാറ്ററെ പൊസിഷന്‍ മാറ്റിയിറക്കിയതിന്റെ ഫലം ഫൈനലിലും കാണാനുണ്ടായിരുന്നു. രവീന്ദ്ര ജഡേജയുടെ ബൗണ്ടറിയാണ് ഫിനിഷിംഗ് ഷോട്ടെങ്കിലും ഒരു മാച്ച് ഫിനിഷറുടെ റോളില്‍ രാഹുല്‍ തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. സ്പിന്‍ ആക്രമണത്തെ ചെറുക്കാന്‍ മിഡില്‍ ഓര്‍ഡറിലും കൃത്യമായ ഇടപെടലുകളാണ് രോഹിത് നടത്തിയത്. വേഗം കുറഞ്ഞ പിച്ചില്‍ നാല് സ്പിന്നര്‍മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയെന്ന് വിശേഷിപ്പിക്കുന്ന ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഫൈനലില്‍ ഇന്ത്യ വിജയിച്ചതെന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്.

2011ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ ആ ടീമില്‍ ഇടംനേടാനാകാത്തതില്‍ ദുഃഖിച്ച ഒരു രോഹിത് ശര്‍മയുണ്ട്. പിന്നീട് അയാളുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് ഫൈനല്‍ കളിച്ചു. വിജയിക്കാനായില്ലെങ്കിലും അതിന് ശേഷം നടന്ന ട്വന്റി 20 ലോകകപ്പ് അയാളുടെ ക്യാപ്റ്റന്‍സി മികവില്‍ ഇന്ത്യ സ്വന്തമാക്കി. ഇപ്പോള്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കൂടി കരസ്ഥമാക്കിക്കൊണ്ട് മൂന്ന് ഐസിസി ടൈറ്റിലുകള്‍ സ്വന്തമാക്കിയ ധോണിക്ക് ശേഷം രണ്ടാമനായി നില്‍ക്കുകയാണ് രോഹിത്. കളിയില്‍ പിന്നാക്കം പോയതിന് അയാള്‍ പഴിയേറെ കേട്ടിട്ടുണ്ട്. അധിക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട്. പക്ഷേ അതിനൊക്കെ അയാള്‍ മറുപടി കൊടുത്തിട്ടുള്ളത് ബാറ്റ് കൊണ്ടാണ്, ടീമിനെ വന്‍ വിജയങ്ങളിലേക്ക് നയിച്ചുകൊണ്ടാണ്.

Related Stories

No stories found.
logo
The Cue
www.thecue.in