തിരിച്ചുവരവിന്റെ രാഷ്ട്രീയം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' വഴി

തിരിച്ചുവരവിന്റെ രാഷ്ട്രീയം 
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' വഴി
Summary

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് കാണലും അതാഘോഷിക്കലും എല്ലാ നിലയ്ക്കും ആണത്താധികാരത്തിന്റെ വിഷം വമിക്കുന്ന ഒരന്യായവ്യവസ്ഥയെ തുടച്ചുമാറ്റലാണ്. ഈ തിരിച്ചുവരവ് പോലെ സിനിമയിലെ രാഷ്ട്രീയത്തിൽ ഇടപെട്ട മറെറാരു തിരിച്ചുവരവ് ഉണ്ടായിട്ടില്ല. പ്രേംചന്ദ് എഴുതുന്നു

പലതരം തിരിച്ചുവരവുകൾ കണ്ടിട്ടുണ്ട് സിനിമയും സാഹിത്യവും രാഷ്ട്രീയവുമൊക്കെ. അതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. തിരിച്ചുവരവുകൾ ആഗ്രഹിക്കാത്തവരില്ല. എന്നാൽ പുറപ്പെട്ടിടത്തേക്കുള്ള തിരിച്ചുവരവ് എത്ര പ്രിയങ്കരമാണെങ്കിലും അത് ദുഷ്ക്കരമാകുന്നത് നമ്മൾ പുറപ്പെട്ടു പോയ ഇടം അതിനിടയിൽ അത്രമേൽ മാറിക്കഴിഞ്ഞിരിക്കും എന്നതു കൊണ്ടാണ്. മലയാള സിനിമയിൽ നിന്നു വിട്ടു നിൽക്കാനുള്ള തീരുമാനത്തിന് മുമ്പ് ഭാവന ഇവിടെ ഒരു പതിനഞ്ചു വർഷത്തോളം നായികയായിരുന്നിട്ടുണ്ട് (2002 - 2017). അതൊരു വലിയ കാലയളവാണ്. നായികമാരുടെ ആയുസ്സ് അതീവ ഹ്രസ്വമാണെന്നതിന് പേരു കേട്ട ഒരിൻഡസ്ട്രിയിൽ പതിനഞ്ചു വർഷം പിടിച്ചു നിൽക്കുകയെന്നത് സ്വന്തം പ്രതിഭയുടെ ബലത്തിലല്ലാതെ പറ്റില്ല. വിട്ടുനിൽക്കാനുള്ള തീരുമാനത്തിനു ശേഷം ആറ് വർഷം കഴിഞ്ഞുള്ള തിരിച്ചുവരവെന്നത് എന്തുകൊണ്ടും ഒരു വലിയ വെല്ലുവിളി തന്നെയാണ്. അതിജീവിച്ചത് നിർമ്മിക്കപ്പെട്ട ഇടവേളയുടെ ശൂന്യതയെയാണ്. അതിന്റെ അധികാരത്തെയാണ്.

അതിൽ ഭാവന വിജയം കണ്ടു എന്നത് തന്നെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയുടെ ചരിത്രപ്രസക്തി. തിരിച്ചുവരവിന് ശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ പങ്കുവയ്ക്കപ്പെട്ട ഒരു ദൃശ്യം ഈ തിരിച്ചുവരവുമായി കൂട്ടി വായിക്കപ്പെട്ടിട്ടുണ്ട്. ഭാവനയും മഞ്ജുവാര്യരും നൃത്തചലനങ്ങളോടെ ആഘോഷപൂർവ്വം ഒരു കാറിൽ സഞ്ചരിക്കുന്ന ദൃശ്യമാണത്. ആ ദൃശ്യം എപ്പോൾ എടുത്തതായാലും ശരി അത് പ്രസരിപ്പിക്കുന്നത് സ്വയം നിർണ്ണായകാവകാശം നേടിയെടുത്ത സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ പ്രകാശമാണ്. അത് പുതിയ വെളിച്ചപ്പാടാണ്. മലയാളസിനിമയുടെ ചരിത്രം കണ്ടു ശീലിച്ചിട്ടില്ലാത്ത ഒന്ന്. സിനിമ സിനിമയക്കാൾ വലിയ സാമൂഹികമാനം കണ്ടെത്തുന്ന ചരിത്രമുഹൂർത്തമായി അത്.

സിനിമയെ വെറും സിനിമ മാത്രമായി കാണൂ എന്ന ആഹ്വാനം നമ്മുടെ ഫിലിം ഇൻഡസ്ട്രിയിൽ മുഴക്കാത്ത അധികാരികളുണ്ടാവില്ല. ആ അധികാരത്തിനു മുന്നിലാണ് ചലച്ചിത്രവിമർശനം കൊല്ലപ്പെട്ടത്. മാധ്യമങ്ങൾ തങ്ങളുടെ വിമർശന അവകാശം പണത്തിനും പരസ്യത്തിനുമായി തീറെഴുതിയത്. അധികാരത്തിന്റെയും ആജ്ഞയുടെയും സ്വരമാണ് അതിലൂടെ മുഴങ്ങുന്നത്. അതിന്റെ പിൻബലത്തിലാണ് എല്ലാ മനുഷ്യാവകാശങ്ങളും സിനിമയിൽ ധ്വംസിക്കപ്പെട്ടത്. ചോദിക്കാനും പറയാനും ആളില്ലാത്ത സംഘടനകൾ ഉണ്ടായത്. അന്യായങ്ങൾ പെരുമഴ പോലെ പെരുകിയത്. ഞങ്ങൾ ഞങ്ങൾക്കിഷ്ടമുള്ള തരത്തിലുള്ള കാഴ്ചപ്പണ്ടങ്ങൾ നിർമ്മിച്ച് തരും, അത് പണം കൊടുത്ത് വാങ്ങി, കണ്ണു കൊണ്ടോ ഹൃദയം കൊണ്ടോ മതിയാവോളം ഊറ്റിക്കുടിച്ച് തിരിച്ചു പൊയ്ക്കൊള്ളുക, അതിനെക്കുറിച്ച് ചോദ്യമൊന്നും ചോദിക്കണ്ട, അഭിപ്രായമൊന്നും പറയണ്ട എന്നു മാത്രമാണ് സിനിമയെ സിനിമ മാത്രമായി കാണൂ എന്നു പറഞ്ഞാൽ അർത്ഥം.

ഏത് സിനിമയും ഒരു സാംസ്കാരിക രാഷ്ട്രീയ പ്രതിഭാസം കൂടിയാണ്. കമ്പോള അഭിരുചികൾക്കനുസരിച്ച് കാഴ്ചപ്പണ്ടങ്ങൾ നിർമ്മിക്കുകയെന്നത് ഒരു വ്യവസായത്തിന്റെ സ്വഭാവമാകാം. എന്നാൽ അതിനെ വിലയിരുത്തുകയെന്നതും വിമർശിക്കുകയെന്നതും സിനിമയുടെ മാത്രമല്ല സമൂഹത്തിന്റെ അതിജീവനത്തിനും ജീവശ്വാസം പോലെ അനിവാര്യമാണ്. ഇല്ലെങ്കിൽ ആ മാലിന്യം പേറി ഒരു ജനത ശ്വാസം മുട്ടി മരിക്കും. അധികാരങ്ങൾക്ക് വിധേയരായ, കീഴടക്കപ്പെട്ട, മരിച്ചു ജീവിയ്ക്കുന്ന ജനതകൾ നിർമ്മിക്കപ്പെടുന്നത് അങ്ങനെയാണ്. കീഴ്പ്പെടലിന്റെ ഈ പ്രത്യയശാസ്ത്രത്തെ വലിയൊരു വിഭാഗം പേർ പരസ്യമായി നിരസിക്കാൻ തയ്യാറായി എന്നതാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയെ വരവേറ്റതിലൂടെ കണ്ടത്. അത് ആശ്വാസകരമാണ്. ഇനിയും മരിച്ചിട്ടില്ല എന്നതിന്റെ പ്രഖ്യാപനമാണ്. ഭാവിയിൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന പ്രതീക്ഷയാണ്.

ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ആദ്യദിവസം തന്നെ ഒരു സിനിമക്ക് പോകുന്നത്. അത് ഭാവനയുടെ തിരിച്ചുവരവ് എന്ന ഒരൊറ്റ കാരണം കൊണ്ട് തന്നെയാണ്. അവളുടെ വിട്ടുനിൽക്കലും അതിനിടയാക്കിയ സംഭവവികാസങ്ങളുമൊക്കെ ആർക്കും മറക്കാനായിട്ടില്ലെന്നത് കൊണ്ട് തന്നെ ഇവിടെ ആവർത്തിക്കേണ്ടതുമില്ല. ചില സിനിമകളുടെ കാണാതിരിക്കൽ പോലെ ചിലത് ആദ്യദിവസം തന്നെ കാണലും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. നൈതികമായ നിലപാട് പ്രഖ്യാപിക്കലാണ്.

വേട്ടക്കാർ പല വേഷങ്ങളിൽ വരും, പല മുഖങ്ങളും മുഖംമൂടികളും അതിനായി പണിയപ്പെട്ടിട്ടുണ്ട്. ഇവിടെ അതിജീവനം പോലെ മനോഹരമായ പ്രതികാരമില്ല. താൻ സ്വയം നിർമ്മിച്ച നായികയുടെ അതേ കസേരയിലേക്ക് തിരിച്ചെത്തിയ ഭാവനയുടെ തിരിച്ചുവരവ് പോലെ തൊണ്ണൂറ് വയസ്സായ മലയാള സിനിമയിൽ മനോഹരമായൊരു വിജയചരിത്രം ഓർമ്മയിലില്ല. ആദ്യസിനിമയോടെ വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷയാകാൻ വിധിക്കപ്പെട്ട ആദ്യനായിക പി.കെ. റോസിയുടെ ആത്മാവിന് സമർപ്പിക്കാം ഈ വിജയം.

ഈ പ്രതികരണം സിനിമയെക്കുറിച്ചല്ലാത്തത് കൊണ്ടാണ് അതിന്റെ വായനയിലേക്കോ വിമർശനത്തിലേക്കോ കടക്കാത്തത്. എങ്കിലും ഒരു കാര്യം പറയാതെ വയ്യ. വിവാഹബന്ധം എന്ന പേരിൽ നടക്കുന്ന രോഗാതുരമായ ആണത്തങ്ങളുടെ കെണികളിൽ കുടുങ്ങിയ ജീവിതങ്ങളിലേക്ക് ഈ സിനിമ വെളിച്ചം വീശുന്നുണ്ട്. മലിനമായ അത്തരം ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോരാനും അങ്ങിനെ വിട്ടു പോരുമ്പോൾ അവസാനിക്കുന്നതല്ല ജീവിതം എന്നു കാണിച്ചു കൊടുക്കാനും സിനിമക്ക് കഴിയുന്നുണ്ട്. അത്രയും അത് പുതിയ കാലത്തോട്, പുതിയ ജീവിതങ്ങളോട് ചേർന്നു നിൽക്കുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് കാണലും അതാഘോഷിക്കലും അതുകൊണ്ട് എല്ലാ നിലയ്ക്കും ആണത്താധികാരത്തിന്റെ വിഷം വമിക്കുന്ന ഒരന്യായവ്യവസ്ഥയെ തുടച്ചുമാറ്റലാണ്. ആവർത്തിക്കട്ടെ, ഈ തിരിച്ചുവരവ് പോലെ സിനിമയിലെ രാഷ്ട്രീയത്തിൽ ഇടപെട്ട മറെറാരു തിരിച്ചുവരവ് ഉണ്ടായിട്ടില്ല. സിനിമയുടെ രാഷ്ട്രീയം എന്തെന്ന് പഠിപ്പിച്ച ഗുരു ചിന്ത രവീന്ദ്രനെ ഓർത്തുകൊണ്ട് അവസാനിപ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in