അതിസുന്ദരം ലിജോ, മമ്മൂട്ടി; മാസ്റ്റർ പീസ് നൻപകൽ നേരത്ത് മയക്കം

അതിസുന്ദരം ലിജോ, മമ്മൂട്ടി; മാസ്റ്റർ പീസ് നൻപകൽ നേരത്ത് മയക്കം

സമീപവർഷങ്ങളിൽ കണ്ടതിൽ ഏറ്റവും മികച്ച ആസ്വാദനാനുഭവം സമ്മാനിച്ച സിനിമ ഏതെന്ന് ചോദിച്ചാൽ നൻപകൽ നേരത്ത് മയക്കം എന്നാണ് ഇതെഴുതുമ്പോഴുള്ള ഉത്തരം. മമ്മൂട്ടി എന്ന നടന്റെ ഇതുവരെയുള്ള അഭിനയ ജീവിതത്തിലെ പേഴ്സണൽ ഫേവറിറ്റ് ഏതാണെന്ന ചോദ്യത്തിനും അതേ ഉത്തരമാണ്. കഥ പറച്ചിൽ രീതികളിലും സങ്കേതങ്ങളിലുമെല്ലാം ദിവസവും മുന്നേറിക്കൊണ്ടിരിക്കുന്ന സിനിമയെന്ന ഓഡിയോ വിഷ്വൽ മീഡിയത്തിൽ, സാങ്കേതിക പരിചരണത്തിലെ ​ഗിമ്മിക്കുകളോ, അധികമാനമുണ്ടാക്കാനുള്ള സൂത്രപ്പണികളോ, അനാവശ്യ സങ്കീർണതകളോ കലർത്തിപ്പെരുക്കാതെ ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ അതിസുന്ദര ചലച്ചിത്രാനുഭവം, അതാണ് നൻപകൽ നേരത്ത് മയക്കം. അതിനൊപ്പം മമ്മൂട്ടിയെന്ന നടന്റെ, അതുവരെയുള്ള കഥാപാത്രങ്ങളെയും പ്രകടനങ്ങളെയും വിസ്മൃതിയിലാക്കാൻ പ്രാപ്തിയുള്ള ക്ലാസിക് പെർഫോർമൻസ്. അതൊക്കെ കൊണ്ട് തന്നെ ഈ സിനിമ തന്ന അനുഭവാന്തരീക്ഷത്തിൽ നിന്ന് പുറത്തിറങ്ങുക അത്ര എളുപ്പമല്ല.

ആരുടെ ഉറക്കമാണെന്നോ ആരുടെ ഉണർച്ചയാണെന്നോ ഉള്ള കഥാചർച്ചകളിലേക്കല്ല പോകുന്നത്. ജെയിംസും സുന്ദരവും രണ്ട് തരം മനുഷ്യരാണ്, രണ്ട് ദിക്കിൽ നിന്നുള്ളവരാണ്. അവരിലൊരാൾക്കൊപ്പമാണ് നൻപകൽ നേരത്തെ മയക്കം. രണ്ട് ദിക്കിൽ താമസിക്കുന്ന, രണ്ട് കൂട്ടരായി തന്നെ ജീവിതത്തെ കാണുന്ന രണ്ട് സംസ്കാര പിന്തുടർച്ചകളുള്ളവർ. അത് പോലെ രണ്ട് ദിക്കിൽ നിന്നുള്ള പല വിധമനുഷ്യരുടെ ഒരു പട, അവരെക്കുറിച്ച് കൂടിയാണ് നൻപകൽ നേരത്ത് മയക്കം.

സ്റ്റാറ്റിക് ഷോട്ടുകളുടെ തുടർച്ചയിൽ, വേളാങ്കണ്ണിയിൽ നിന്നുള്ള നാടക ബസിലെ തിരിച്ചുപോക്കിൽ അവരോരുത്തരും നമ്മളുടെ പരിചയക്കാരാകുന്നുണ്ട്. കഥാപാത്രങ്ങളെ പരിചയപ്പെടുമ്പോൾ വരുന്ന മുൻവിധികളെ, അതിവേ​ഗ തീർപ്പുകളെ അടുത്ത നിമിഷമോ അതിനടുത്തായോ ലിജോ പെല്ലിശേരിയും എസ്. ഹരീഷും അട്ടിമറിച്ചുകൊണ്ടേയിരിക്കും. മറ്റാരുടെയോ ജീവിതത്തിൽ, അതിലെ ഏറ്റവും സങ്കീർണമായ ദിവസങ്ങളിലേക്കാണ് നമ്മൾ പോകുന്നതെന്ന് തോന്നും, പക്ഷേ അതും അട്ടിമറിച്ചുകൊണ്ടാ മനുഷ്യരങ്ങ് കടന്നുപോകും.സഹാനുഭൂതിയുള്ള, സഹജീവികളെയും സഹജീവിതത്തെയും ഉൾക്കൊള്ളുന്ന മഹാമനുഷ്യരായി അവരങ്ങനെ പോകും. പിടി തരാതെയും പിടുത്തം വിട്ടും.

സുന്ദരത്തിന്റെ അമ്മ ഓട്ടംചത്രം ചന്തയെക്കുറിച്ച് പറയുന്നിടത്ത്, പെരിയ താത്ത കലഹമൂർധന്യതയിൽ മനുഷ്യരെ തണുപ്പിക്കുന്നിടത്ത്, പകച്ചുനിക്കുന്ന മനു നാട്ടുകാരെ ആശ്വസിപ്പിക്കുന്നിടത്ത്, സുന്ദരത്തിനായി മകൾ ഉണ്ണാൻ ഒപ്പമിരിക്കുമ്പോൾ, സ്വയം പിടിക്കപ്പെടുന്നിടത്ത് സുന്ദരം കരഞ്ഞുപോകുമ്പോൾ- സിനിമയിലേ അല്ല മറ്റേതൊക്കയോ മനുഷ്യരുടെ ജീവിതത്തിലാണ് നമ്മളെന്ന് തോന്നുന്നുണ്ട്.അവരുടെ തൊട്ടടുത്തായി നിൽക്കുന്നത് പോലെ.

ലിജോ ഇതുവരെ ചെയ്ത സിനിമകളിൽ ഇത്രയും വൈകാരിക തലമുള്ള ചിത്രം വേറെയില്ല. ഇമോഷൻ സീക്വൻസുകളെക്കാൾ സംഭവ വികാസങ്ങളിലേക്ക് ക്യാമറ തിരിച്ച ലിജോയെ ആണ് ഇ മ യൗ ഒഴികെയുള്ള സിനികമളിൽ കൂടുതലും കണ്ടിട്ടുള്ളത്. ഇവിടെ ആർത്തിരമ്പുന്ന അതേ വേ​ഗത്തിൽ ആറിത്തണുക്കുന്ന മനുഷ്യരെ കാണാം. സംഘർഷത്തിന്റെ മുനമ്പിൽ‍ നിന്ന് സമാശ്വസിപ്പിക്കാനായി പൊടുന്നനെ തിരിഞ്ഞു നിൽക്കുന്നവരെ കാണാം. തേനി ഈശ്വറിന്റെ ഫ്രെയിമുകളിൽ അതത്രയും തുടിപ്പുള്ള ജീവിതങ്ങൾ തന്നെയാണ്. തമിഴിന്റെയും മലയാളത്തിന്റെയും സാംസ്കാരികമായ കോൺഫ്ളിക്ടുകളും രണ്ട് ഇടങ്ങളിലെയും മനുഷ്യർക്കിടയിലെ മുൻവിധികൾ സൃഷ്ടിക്കുന്ന ഇടച്ചിലിനെയും ഉലച്ചിനെയുമെല്ലാം മനോഹരമായി പറഞ്ഞുപോകുന്നുണ്ട് സിനിമ.

ലിജോ കഥ പറച്ചിലിന് വേണ്ടി ശബ്ദപശ്ചാത്തലങ്ങളെ പ്രയോജനപ്പെടുത്തിയ രീതി ​ഗംഭീരമാണ്. ടെലിവിഷനും റേഡിയോയും ബസിലെ മ്യൂസിക് സിസ്റ്റവും അമ്പലത്തിന്റെ കോളാമ്പിയുമെല്ലാം സിനിമയിലെ രം​ഗങ്ങളിലെ വൈകാരിക തലങ്ങളിലേക്ക് സന്ദർഭോചിതമായി ലയിപ്പിച്ചെടുത്തിരിക്കുന്നു. രം​ഗനാഥ് രവി, അജീഷ് ഓമനക്കുട്ടൻ, ഫസൽ ബക്കർ എന്നിങ്ങനെ സിങ്ക് സൗണ്ടിലും സൗണ്ട് ഡിസൈനിലും മിക്സിം​ഗിലുമായി പ്രവർത്തിച്ച പ്രതിഭകളുടെ മികവ് കൂടിയാണ് നൻപകൽ. ഇരച്ചെത്തുകയോ ചിതറിയോടുകയും സംഘർഷത്തിലേർപ്പെടുകയോ ചെയ്യുന്ന ആൾക്കൂട്ടത്തെയാണ് ലിജോയുടെ മുൻസിനിമകളിലേറെയും കണ്ടിട്ടുള്ളത്. ഇവിടെ രണ്ട് കൂട്ടരുടെ കലഹങ്ങളിലോ, ആകുലതകളിലോ ഇടപെടാതെ അവരവരുടെ ലോകം പൂകി നിൽക്കുന്ന കുറേ മനുഷ്യരെ കാണാം. അവരിലെ ശാന്തതയും നിസാരതയും കാണാം. തമിഴ് പാട്ടുകളോടും തമിഴ് സിനിമകളോടും തമിഴ് ഈണങ്ങളോടുമെല്ലാം കമ്പമുള്ളവരായിരിക്കെ തന്നെ തമിഴരെ അപരരായി കാണുന്ന മലയാളിയുണ്ട്. ആ മലയാളിയുടെ പുറന്തോടിനെ പൊളിച്ചെടുക്കുന്നുണ്ട് ഹരീഷും ലിജോയും.

അശോകന്റെ കഥാപാത്രം ഹോട്ടൽ റൂമിലെ ഓരോ വാതിലിനും മുട്ടിത്തുടങ്ങുമ്പോൾ സ്ക്രീനിന് മുന്നിലാണ് നമ്മൾ. ജയിംസും സംഘവും വണ്ടി തിരിക്കുമ്പോൾ അതിനകത്താണ് പ്രേക്ഷകർ. ആമേനിലും അങ്കമാലി ഡയറീസിലും ഡബിൾ ബാരലിലുമെല്ലാം പാട്ടിന്റെയും പശ്ചാത്തല സം​ഗീതത്തിന്റെയും ലയനം നരറ്റീവിനുള്ള സാധ്യതയെന്ന നിലക്ക് കാര്യമായി ഉപയോ​ഗപ്പെടുത്തിയ ലിജോ നൻപകലിൽ എത്തുമ്പോൾ

പശ്ചാത്തല ശബ്ദങ്ങളെയും പശ്ചാത്തല ശബ്ദങ്ങളായി നിർമ്മിച്ചെടുക്കുന്ന ശബ്ദ ശകലങ്ങളെയും കഥ പറച്ചിലിനും അന്തരീക്ഷ സൃഷ്ടിക്കുമുള്ള സങ്കേതമാക്കിയിരിക്കുന്നു. തമിഴ് പാട്ടുകളും, ​ഗാനശകലങ്ങളും, ടിവി സിനിമയും, പരസ്യങ്ങളും, റേഡിയോയും സൗണ്ട് സ്കേപിൽ നരേറ്റീവ് സ്ട്രക്ചറിനെ തന്നെ നിർണയിക്കുന്നുണ്ട്. ചാണക വരളി തേച്ച, ഇടുങ്ങിയ വഴികളുള്ള കോലമിട്ട വീടുകളുള്ള തമിഴ് ​ഗ്രാമം ക്യാമറക്കൊപ്പം സൗണ്ട് സ്കേപിലെ വിദ​ഗ്ധ രചനയുടെ കൂടി സൃഷ്ടിയായി മാറുന്നുണ്ട്. സ്റ്റാറ്റിക് ഷോട്ടുകളിൽ ഡ്രാമാ എകസ്പീരിയൻസ് ഫീലിൽ നിർത്തി അതേ സമയം തന്നെ രണ്ട് ​നാട്ടുകാർക്കുമൊപ്പം ജയിംസിനെയും സുന്ദരത്തെയും വേർതിരിച്ചെടുക്കുന്ന പണിയുടെ ഭാ​ഗവുമാകുന്നുണ്ട് പ്രേക്ഷകർ. അത് വിജയിക്കില്ലെങ്കിൽ പോലും.

സുന്ദരം, മമ്മൂട്ടി എന്ന നടന്റെ മാസ്റ്റർ ക്ലാസ് ആക്ടിം​ഗിന്റെ മറുപേരാണ്. താത്തായ്ക്കടുത്തെത്തുമ്പോൾ, അമ്മയുടെ തൊട്ടടുത്തിരിക്കുമ്പോൾ, മകളെ ഒപ്പമുണ്ണാനായി വിളിക്കുമ്പോൾ, മുടി വെട്ടാനായി നിൽക്കുമ്പോൾ സുന്ദരത്തിനുള്ളിൽക്കുടുങ്ങിയ നിലവിളിയുടെ ഏങ്ങൽ പ്രേക്ഷകരുടേതുമാകുന്നുണ്ട്. മമ്മൂട്ടി എന്ന നടൻ തനിക്ക് മുന്നിലേക്ക് വെക്കുന്ന ബെഞ്ച് മാർക്ക് കൂടിയാണ് സുന്ദരം.

മറ്റൊരാൾക്ക് വിധിക്കാനോ, മുൻവിധിയാൽ പരിമിതപ്പെടുത്താനോ സാധിക്കാത്ത അനേകം മനുഷ്യരുടെ കഥ കൂടിയാണ് നൻപകൽ നേരത്ത് മയക്കം.

Related Stories

No stories found.
logo
The Cue
www.thecue.in