നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യുന്ന ശ്രദ്ധേയമായ മിനി സീരീസ് അഡോളസൻസ് നെക്കുറിച്ച് സംവിധായിക ശ്രുതി ശരണ്യം എഴുതുന്നു
കൗമാരക്കാരുടെ മാതാപിതാക്കൾ, പ്രത്യേകിച്ചും വർത്തമാനകേരളത്തിലെ, തീർച്ചയായും കണ്ടിരിക്കേണ്ട മിനി സീരീസാണ് അഡോളസൻസ് (Adolescence - On Netflix). സത്യത്തിൽ ഞാൻ അഡോളസൻസ് കാണുകയായിരുന്നില്ല, അനുഭവിക്കുകയായിരുന്നു. എന്റെ പന്ത്രണ്ടുവയസ്സുള്ള ആൺമക്കൾ, അഡോളസൻസിലെ മുഖ്യകഥാപാത്രം ജേയ്മിയെപോലെ, യുകെയിലെ ഒരു സ്റ്റേറ്റ് സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ഈ ഹ്രസ്വ സീരീസിൻ്റെ കഥാപരിസരവും, കഥാപാത്രങ്ങളും, അതു ചിത്രീകരിക്കപ്പെട്ട പ്രദേശവുമെല്ലാം അത്രമേൽ പരിചിതമായതുകൊണ്ടാവണം, ഞാനും എൻ്റെ പങ്കാളി സുഭാഷും ആ കാഴ്ച്ചയുടെ ആഘാതത്തിൽ നിന്ന് ഇതുവരെ പൂർണ്ണ വിമുക്തരായിട്ടില്ല. ഒരു ചിത്രത്തിന്, അല്ലെങ്കിലൊരു ദൃശ്യാനുഭവത്തിനു ശേഷം, ഊണിലും ഉറക്കത്തിലും നമ്മളെ പിടിച്ചുല്യ്ക്കുന്ന ഭീതിയും, ആശങ്കകളും, സംശയങ്ങളുമൊക്കെ അപൂർവ്വമായി സംഭവിക്കുന്നവയാണ്. ഇത് പിടിച്ചുലയ്ച്ചു എന്നതിനെക്കാൾ ഞങ്ങളെ വേരോടെ പിഴുതെറിഞ്ഞു എന്നു പറയുന്നതായിരിക്കും ശരി. പതിമൂന്നുകാരനായ ജേയ്മി മില്ലറായി ജീവിച്ച ഓവൻ കൂപ്പറുടെ പ്രകടനം "ടാക്സി ഡ്രൈവർ" ലെ ജോഡി ഫോസ്റ്ററിൻ്റേതിനു ശേഷമുള്ള ഏറ്റവും മികച്ച ടീനേജ് - പെർഫോമെൻസ് എന്ന് എവിടെയോ പരാമർശിച്ചു കണ്ടു. അത് അക്ഷരാർത്ഥത്തിൽ ശരിയാണ്. തന്റെ സഹപാഠിയായ പെൺകുട്ടിയെ പലതവണ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ ജേമിയെന്ന കഥാപാത്രം ഒരേസമയം ഭയപ്പെടുത്തുകയും കരയിക്കുകയും ചെയ്തു. ജേയ്മിയുടെ അച്ഛനായി അഭിനയിച്ച, ഈ ചിത്രത്തിൻ്റെ സ്ക്രിപ്റ്റ് റൈറ്റർ കൂടിയായ സ്റ്റീഫൻ ഗ്രഹാം ഒരുവേള ഞാൻതന്നെയല്ലേയെന്ന് തോന്നിപ്പോയി. മികച്ച ക്യാരക്ടർ പെർഫോമൻസിനോടൊപ്പം തന്നെ അസാധ്യമെന്നു തോന്നിയത് സിനിമാറ്റോഗ്രഫിയാണ്. ഓരോ എപ്പിസോഡും ഒരൊറ്റ ഷോട്ടിലാണ് - സിങ്കിൾ ടേക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജേയ്മിയുടെയും, കുടുംബത്തിൻ്റെയും, സ്കൂളിൻ്റെയും, പോലീസുകാരുടെയുമൊക്കെ മനോവ്യഥകളിലൂടെ ക്യാമറയോടൊപ്പം നമ്മളും സഞ്ചരിക്കുകയാണെന്നു തോന്നും. അത്രമേൽ ഹൈപ്പർ റിയലിസ്റ്റിക്ക് ആയാണ് അഡോളസൻസ് ചിത്രീകരിച്ചിരിക്കുന്നത്.
അഡോളസൻസ് കണ്ട ശേഷം, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമെർ മാധ്യമങ്ങൾക്കായി ഒരു കുറിപ്പെഴുതി - " ഞാനെന്റെ പതിനാലും പതിനാറും വയസ്സുള്ള മക്കളോടോപ്പമാണ് അഡോളസൻസ് കണ്ടത്. ഇത് പാർല്യമെന്റിലും സ്കൂളുകളിലും കാണിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.". ദയയും കരുണയും സഹാനുഭൂതിയുമെല്ലാം അപരിചിതമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരുപക്ഷേ, കുട്ടികൾക്കൊരു പാഠപുസ്തകമാകാൻ അഡോളസൻസിന് കഴിഞ്ഞേക്കുമെന്ന് സ്റ്റാർമാർക്ക് തോന്നിയിട്ടുണ്ടാവണം. ജാക്ക് തോണിനോടൊപ്പം, സീരീസിന്റെ രചന നിർവഹിച്ച ബ്രിട്ടിഷ് നടൻ സ്റ്റീഫൻ ഗ്രഹാം തന്റെ തിരക്കഥയെ കാണുന്നതിങ്ങനെ - "പുതിയ തലമുറയുടെ ലോകം അതിവിചിത്രമാണ്. അതിൽ അച്ഛനും അമ്മയും കുടുംബവും എന്നതിനേക്കാൾ, സമൂഹമാധ്യമങ്ങളും, സ്കൂളും, കൂട്ടുകെട്ടുകളുമുൾപ്പെടെ പലതിന്റെയും സ്വാധീനമുണ്ട് ഇന്ന്. അത്തരമൊരു തലമുറയുടെ പ്രതിനിധിയായാണ് ഞങ്ങൾ ജേയ്‌മിയുടെ കഥാപാത്രത്തെ ഉൾക്കൊണ്ടത്". ജേയ്മിയുടെ കുടുംബത്തെ പരിചയപ്പെടുത്തുന്നതു തന്നെ അവസാന എപ്പിസോഡിലാണ്. യുകെയുടെ കൊളോണിയൽ ചരിത്രമൊക്ക പഴങ്കഥയാവുന്ന വർത്തമാനകാലത്ത്, ഇവിടം വികസ്വരരാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുകയാണ്. ഇവിടത്തുകാരായ ബ്രിട്ടീഷുകാരിൽ അധികശതമാനവും അടിസ്ഥാനവർഗ്ഗമാണ്. അത്തരത്തിൽ, അടിസ്ഥാനവർഗ്ഗത്തിന്റെ പ്രതിനിധിയാണ് അമ്പതുവയസ്സോളം പ്രായമെത്തിയ ജെയ്മിയുടെ അച്ഛൻ. പൊതുവിൽ അപരിഷ്കൃതൻ എന്നുതോന്നുന്ന ഒരു സാധാരണ മനുഷ്യൻ. ഒരുപക്ഷേ, അയാൾ തന്നെയായിരുന്നു ജെയ്‌മിക്കു മുൻപിലെ പൗരുഷത്തിന്റെ മാതൃകയുമെന്ന് കഥയിൽ പരാമർശിക്കുന്നുണ്ട്. സ്വന്തം അച്ഛനെ ആദര്ശവല്ക്കരിക്കുന്നിടത്ത്, അച്ഛനിൽ നിന്ന് ജേയ്‌മി വ്യാഖ്യാനിച്ചെടുത്ത നീതിശാസ്ത്രത്തിന്റേതായ ചില സങ്കേതങ്ങളുണ്ട് - അതിൽ സ്ത്രീകളെക്കുറിച്ചും മറ്റുമുള്ള സദാചാരയുക്തികളും പെടും.
ജേയ്‌മിയുടെ സ്വഭാവരൂപീകരണത്തിലെ ആധാരശിലകളിൽ ആദ്യത്തേത് അവന് തന്റെ അച്ഛനിൽ നിന്നും ലഭിച്ച ഇത്തരം കോഡുകൾ തന്നെയാവണം. അച്ഛന്റെ കഥാപാത്രം കാലക്രമേണ തന്റെ സദാചാരയുക്തിയെ മറച്ചുപിടിക്കാൻ പാകപ്പെട്ടിട്ടുണ്ട് എന്നത് ഒരുവേള അയാൾതന്നെ വ്യക്തമാക്കുന്നുണ്ട്. എങ്കിലും, കുഞ്ഞുങ്ങൾ നമ്മുടെ ഉള്ളിന്റെയുള്ളിലെ ഏതു ഗൂഢമായ കോഡുകളെയും ഡീകോഡ് ചെയ്തെടുക്കാൻ കഴിവുള്ളവരാണ്. ജെയ്മിയുടെ ഉള്ളിലെ വിഭ്രമാത്മക ലോകത്തെ ചികഞ്ഞെടുത്ത്, അവൻ എന്തിന് തന്റെ സമപ്രായക്കാരിയായ ഒരു പെൺകുട്ടിയെ അത്രമേൽ ക്രൂരമായി കൊലപ്പെടുത്തിയെന്നത് മനസ്സിലാക്കാൻ ശ്രമിക്കുന്ന (ഒരു സ്ത്രീയായ) സൈക്കോളജിസ്റ്റിനെപ്പോലും അവൻ ഭയപ്പെടുത്തുന്നുണ്ട്. എന്നാൽ, ജെയ്മിയുടെ മൂല്യബോധം രൂപപ്പെടുന്നത് അയാളുടെ അച്ഛനിൽനിന്നുമാത്രമാണോ എന്നതിനുള്ള ഉത്തരം അവന്റെ സ്കൂളിലെ അനിയന്ത്രിതമായ അന്തരീക്ഷവും, അവിടത്തെ കുട്ടികൾക്കിടയിലെ വിനിമയങ്ങളും, അവന്റെ സോഷ്യൽ മീഡിയയിലെ ഇടപെടലുകളുമെല്ലാം വ്യക്തമാക്കുന്നുണ്ട്. യഥാർത്ഥത്തിൽ തങ്ങളുടെ മകന്റെ ലോകം എന്തായിരുന്നു, അവൻ ഉൾക്കൊള്ളുന്ന മൂല്യങ്ങൾ എന്തായിരുന്നു എന്നതിനെകുറിച്ചൊന്നും തന്നെ തങ്ങൾക്ക് കൃത്യമായ ധാരണയില്ലായിരുന്നു എന്ന തിരിച്ചറിവിൽ അവന്റെ പഴയ മുറിയിലെ കിടക്കയിൽ മുഖമമർത്തി കരയുന്ന അച്ഛനും, പൊതുസമൂഹത്തിനും കുടുംബത്തിനും മുൻപിൽ കരയാതെ, വേദനമുഴുവൻ കടിച്ചമർത്തുന്ന അമ്മയും ആധുനികസമൂഹത്തിലെ മനുഷ്യാവസ്ഥയുടെ വലിയ രൂപകങ്ങളാണ്.
വർത്തമാനകേരളത്തിലെ യുവതലമുറയുടെ കഥകൾ എത്രയോ നമ്മൾ കേൾക്കുന്നതാണ്.. ഞാനുൾപ്പെടെയുള്ള പഴയതലമുറയ്ക്കുണ്ടായിരുന്ന ഭയവും വിധേയത്വവും ഇന്നത്തെ കുഞ്ഞുങ്ങളിൽ ഇല്ലാതായതാണോ യഥാർത്ഥപ്രശ്നം? ആധുനിക തലമുറയെ കുറ്റംപറയുന്നവർ അത്ര മഹാനുഭാവന്മാരായിരുന്നോ/ആണോ നമ്മളൊക്കെ എന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. ഭയപ്പെടുത്തിയല്ല കുഞ്ഞുങ്ങളിൽ ബഹുമാനവും സഹവർത്തിത്വവും വളർത്തേണ്ടത് - മറിച്ച് സുരക്ഷിതത്വവും, സ്നേഹവും, സഹാനുഭൂതിയും, അനുകമ്പയും എന്തെന്ന് അവർ തിരിച്ചറിയുന്നിടത്തുനിന്നാണ് പരസ്പര ബഹുമാനവും, സഹവർത്തിത്വവും ജനിക്കേണ്ടതെന്നാണ് എന്റെ വിശ്വാസം. അതിനാദ്യം സ്നേഹവും, കരുണയും, സഹാനുഭൂതിയുമൊക്കെ കുഞ്ഞുങ്ങൾ ആദര്ശവല്ക്കരിക്കുന്ന അവരുടെ രക്ഷിതാക്കൾക്കുണ്ടാവണം (അധ്യാപകർക്കും). കുഞ്ഞുങ്ങൾക്ക് യാതൊരു അരക്ഷിതത്വവും കൂടാതെ എന്തും തുറന്നുപറയാനുള്ള ഇടമാവണം "രക്ഷിതാക്കൾ" എന്നത്. പുറംലോകത്തുനിന്നും ലഭിക്കുന്ന മൂല്യങ്ങളിൽ ഉൾക്കൊള്ളേണ്ടത് ഏത്, തള്ളിക്കളയേണ്ടത് ഏത് എന്ന് തിരിച്ചറിയാനുള്ള ബോധവും ബോധ്യവും ഒരു പരിധിവരെയെങ്കിലും പാരന്റിങ് എന്ന പ്രക്രിയയുടെ ഫലമാണ് എന്നുതന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്.
അഡോളസൻസ് മുഴുവൻ കണ്ടുതീർന്ന ശേഷം ഞാനും എന്റെ പങ്കാളിയും ഷോക്കേറ്റ പോലെ കുറേ നേരം സ്ക്രീൻ നോക്കി മിണ്ടാതിരുന്നു... കുഞ്ഞുങ്ങളെ അടുത്തിരുത്തി, ഇടയ്ക്കിടെ അവരോടു പറയാറുള്ളതൊക്കെ ഒന്നുകൂടെ ഓർമ്മിപ്പിച്ചു, എന്തിനും അവർക്ക് ഞങ്ങളുണ്ടെന്ന് അടിവരയിട്ട് ആവർത്തിച്ചു.. പിന്നീട്, അവരെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ ശ്രമിച്ചു, ശരിക്കും ഉറങ്ങാനായില്ലെങ്കിലും..