അച്ഛന്റെ നാടകം വർഷങ്ങൾക്കിപ്പുറം മകന്റെ തിരക്കഥ; ഒടുവിലിപ്പോൾ ആ വെടിവെപ്പിന്റെ സമയമായിരിക്കുന്നു

അച്ഛന്റെ നാടകം വർഷങ്ങൾക്കിപ്പുറം മകന്റെ തിരക്കഥ; ഒടുവിലിപ്പോൾ ആ വെടിവെപ്പിന്റെ സമയമായിരിക്കുന്നു
Summary

1968 ൽ   അതായത് 50 വർഷങ്ങൾക്ക് മുമ്പ് കെ എം ചിദംബരൻ രചിച്ച നാടകമാണ് തുറമുഖം. അക്കാലത്തു തന്നെ ഏറെ ശ്രദ്ധേയമായ നാടകമായിരുന്നു ഇത്.   ഈ നാടകത്തെ അടിസ്ഥാനമാക്കി  നാടക അധ്യാപകനും തിരക്കഥാ കൃത്തുമായ അദ്ദേഹത്തിന്റെ മകൻ ഗോപൻ ചിദംബരൻ രചിച്ച ചലച്ചിത്ര ആവിഷ്കാരമാണ്  രാജീവ് രവി സംവിധാനം ചെയ്തു, നിവിൻ പോളി അഭിനയിക്കുന്ന തുറമുഖം.

1970-80  കാലഘട്ടങ്ങളിൽ നാടക വായനാ  സദസ്സുകളിൽ തുറമുഖം എന്ന നാടകം   വളരെ ജനപ്രിയമായിരുന്നു എന്ന് ഗോപൻ ഓർമ്മിച്ചെടുക്കുന്നു. തുറമുഖം എന്ന  നാടകത്തിന് 1973-ൽ കേരള സാഹിത്യ പരിഷത്ത് അവാർഡ് ലഭിച്ചു. എം ഗോവിന്ദൻ മാഷ്  എഡിറ്ററായിരുന്ന സംക്രമണം മാസികയിൽ ഖണ്ഡശയായിട്ടാണ് ആദ്യം തുറമുഖം നാടകം   പ്രസിദ്ധീകരിച്ചത്.  ശേഷം 1971 ലാണ് തുറമുഖം ഒരു പുസ്തകരൂപത്തിൽ അച്ചടിക്കുന്നത്. ഒടുവിൽ അത് പ്രസിദ്ധീകരിച്ചത് കോഴിക്കോടുനിന്നുള്ള പൂർണ പബ്ലിക്കേഷനായിരുന്നു.

തുറമുഖ തൊഴിലാളികളുടെ നീതിക്കു വേണ്ടിയിലുള്ള  ഉത്തരം കിട്ടാത്ത സമരങ്ങൾ പോലെത്തന്നെ  പല തവണ റിലീസിംഗ് മാറ്റിവെക്കപ്പെട്ട ചിത്രമാണ് തുറമുഖം. ഒടുവിലിപ്പോൾ ആ വെടിവെപ്പിന്റെ സമയമായിരിക്കുന്നു, മാർച്ച് 10  മുതൽ

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നാടക വിഭാഗം  ഫാക്കൽറ്റിയായ ഗോപൻ  ചിദംബരത്തിന്റെ വാക്കുകൾ :
'മുഴുവൻ പേജുകളുമുള്ള പുസ്തകത്തിന്റെ കോപ്പി കൈയ്യിൽ ഇല്ലായിരുന്നു. കുറെ അന്വേഷിച്ചു നടന്നാണ് ഒടുവിൽ എറണാകുളം  പബ്ലിക്  ലൈബ്രറിയിൽ നിന്ന് നാടകത്തിന്റെ  ഒരു പകർപ്പ്  കണ്ടെത്താൻ സാധിച്ചത്.   നാടകം പ്രസിദ്ധീകൃതമായിട്ട്  അര നൂറ്റാണ്ട് പിന്നിട്ടെങ്കിലും അത് പുതിയ തലമുറക്കായി  വേദിയിൽ അവതരിപ്പിക്കാൻ ആഗ്രഹം തോന്നി.   കാരണം സെയ്ദു, സൈതലവി, ആന്റണി എന്നിങ്ങനെ മൂന്ന്  തൊഴിലാളികൾ കൊല്ലപ്പെട്ട 1953-ലെ മട്ടാഞ്ചേരി വെടിവെയ്പ്പിന്റെ  ചുരുക്കം സാഹിത്യരേഖകളിലൊന്നാണ് ഈ നാടകം. മാത്രമല്ല അന്നത്തെ കൊച്ചി തുറമുഖത്തിന്റെ ഭൂതകാലം വിവരിക്കുന്ന ഒരു അപൂർവ സാഹിത്യ രേഖ കൂടിയാണിത്. സംഭവങ്ങളിൽ ഉൾപ്പെട്ട യഥാർത്ഥ കഥാപാത്രങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ പോലും നാടകത്തിലുണ്ട്. അങ്ങനെ 2018  ജൂലായിൽ മട്ടാഞ്ചേരിയിൽ വെച്ച് തന്നെ നാടകം അരങ്ങേറി.  മട്ടാഞ്ചേരി ഉരു ആർട്ട് ഹാർബറിൽ  വെച്ച്  രണ്ടു ദിവസങ്ങളിലായി  തുറമുഖം നാടകം അവതരിപ്പിച്ചപ്പോൾ വലിയ സ്വീകാര്യതയാണ് അതിനു  ലഭിച്ചത്. ആ നാടകാവതരണത്തിന് ലഭിച്ച പ്രോത്സാഹനം   തുറമുഖം നാടകത്തെ അടിസ്ഥാനമാക്കിയുള്ള  തിരക്കഥയിലേക്കും രാജീവുമൊത്തുള്ള സിനിമാ ചർച്ചയിലേക്കും  നയിച്ചു.'  

അച്ഛന്റെ നാടകം വർഷങ്ങൾക്കിപ്പുറം മകന്റെ തിരക്കഥ; ഒടുവിലിപ്പോൾ ആ വെടിവെപ്പിന്റെ സമയമായിരിക്കുന്നു
മനുഷ്യരെ അടിച്ചമര്‍ത്തിക്കൊണ്ടിരുന്നാല്‍ ഒരുനാള്‍ കലാപം പൊട്ടിപ്പുറപ്പെടും : രാജീവ് രവി അഭിമുഖം

കൊച്ചിയിലെ തൊഴിലാളിവർഗത്തെ സംബന്ധിച്ചിടത്തോളം, 1953 സെപ്റ്റംബർ 15 എന്ന തീയതി വളരെ നിർണായക ദിനമായിരുന്നു. അന്തസ്സോടെ തൊഴിലെടുക്കാനുള്ള അവകാശത്തിന്  വേണ്ടി തുറമുഖത്തൊഴിലാളികൾ രക്തം ചിന്തിയ  ചരിത്ര ദിനമാണത്.
അത്രകാലം നിലനിന്നിരുന്ന പ്രാകൃതമായ തൊഴിൽ സമ്പ്രദായങ്ങളെ 53 ലെ ജനകീയ തൊഴിലാളി മുന്നേറ്റം മാറ്റിയെഴുതിച്ചു.   തുടർന്ന് തുറമുഖ പട്ടണത്തിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ  വലിയ വളർച്ച തന്നെ ഉണ്ടാകാൻ ഇത് കാരണമായി.  തൊഴിലാളികൾക്ക് ചെമ്പ് നാണയങ്ങൾ പോലുള്ള   'ചാപ്പ’  എറിഞ്ഞ്  തൊഴിൽ നൽകുന്ന വൃത്തികെട്ട രീതിക്കെതിരായ  വൻ പ്രതിഷേധവും മുദ്രാവാക്യങ്ങളും ഉയർന്നതായിരുന്നു 1953 സെപ്റ്റംബർ 15 ലെ തുറമുഖ തൊഴിലാളി സമരം.

നിവിൻ പോളിയും സുദേവും തുറമുഖം സിനിമയിൽ
നിവിൻ പോളിയും സുദേവും തുറമുഖം സിനിമയിൽ

അന്നത്തെ ചാപ്പ സമ്പ്രദായത്തിനെതിരെ, എല്ലാവർക്കും തൊഴിൽ വേണമെന്ന  മുദ്രാവാക്യം മുഴക്കി തൊഴിലാളികൾ സമരം തുടങ്ങി.  രണ്ടര മാസം പിന്നിട്ടിട്ടും നീതി ലഭിക്കാതെ കണ്ട്  തൊഴിലാളികൾ സപ്തംബർ 15 ന്  ബസാർ റോഡിൽ ചെന്ന്ചേരുന്ന, ചക്കരയിടുക്ക് പോസ്റ്റോഫീസിനു സമീപം സംഘടിച്ചു നിന്നു.  ഉജ്ജ്വലമായ മുദ്രാവാഖ്യങ്ങളുയർന്നു. തൊഴിലാളികൾ ഒത്തൊരുമയോടെ ധീരമായി നിലകൊണ്ടു. ഇടിവണ്ടികളിൽ  തോക്കുകളുമായി എത്തിയ സായുധ പോലീസ് തൊഴിലാളികളെ വളഞ്ഞു. മരണം  മുന്നിൽ കണ്ടിട്ടും തൊഴിലാളികൾ പിരിഞ്ഞുപോയില്ല. നീതി ലഭിക്കുംവരെ സമരം ചെയ്യുമെന്നവർ മുദ്രാവാക്യം മുഴക്കി ഒരു മെയ്യായി നിന്നു.
നിർദാക്ഷിണ്യം പോലീസ്  വെടിയുതിർത്തു.  മൂന്ന് തൊഴിലാളികളുടെ രക്തസാക്ഷിത്വത്തിലും കുറേപേരുടെ പരിക്കുകളിലുമാണ് അത് കലാശിച്ചത്. തൊഴിലാളികൾ പലവഴിക്ക്  പോയ ശേഷവും പോലീസ് അതിക്രമം തുടർന്നു. കൊച്ചി തുറമുഖത്ത് നിന്ന് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന,  പ്രകടനത്തിൽ ഇല്ലാതിരുന്ന, തൊഴിലാളികളെ വരെ അർദ്ധരാത്രിയിൽ പോലീസ്  മർദ്ദിച്ചു.

രാജീവ് രവി, ബി. അജിത്കുമാർ,​ഗോപൻ ചിദംബരം
രാജീവ് രവി, ബി. അജിത്കുമാർ,​ഗോപൻ ചിദംബരം


കെ എം ചിദംബരൻ  തുറമുഖം നാടകത്തിൽ  ഈ ചരിത്രം തന്മയത്വത്തോടെ   ആവിഷ്കരിച്ചിട്ടുണ്ട്. അതിന്റെ സത്തയും ആത്മാവും ഒട്ടും ചോർന്നുപോകാതെയാണ് മകൻ ഗോപൻ ചിദംബരനും  ചലച്ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥക്കു ശേഷം വളരെ സമയമെടുത്താണ് ഗോപൻ ചിദംബരൻ തുറമുഖം രാജീവ് രവിക്കുവേണ്ടി എഴുതിയത്. ചിത്രം പൂർത്തീകരിച്ചിട്ട് രണ്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും പലവിധ കാരണങ്ങളാൽ പ്രേക്ഷകരിലേക്കെത്താൻ വൈകിക്കൊണ്ടേയിരുന്നു.  തുറമുഖ തൊഴിലാളികളുടെ നീതിക്കു വേണ്ടിയിലുള്ള  ഉത്തരം കിട്ടാത്ത സമരങ്ങൾ പോലെത്തന്നെ  പല തവണ റിലീസിംഗ് മാറ്റിവെക്കപ്പെട്ട ചിത്രമാണ് തുറമുഖം. ഒടുവിലിപ്പോൾ ആ വെടിവെപ്പിന്റെ സമയമായിരിക്കുന്നു, മാർച്ച് 10  മുതൽ തീയറ്ററുകളിൽ.

Related Stories

No stories found.
logo
The Cue
www.thecue.in