മനുഷ്യരെ അടിച്ചമര്‍ത്തിക്കൊണ്ടിരുന്നാല്‍ ഒരുനാള്‍ കലാപം പൊട്ടിപ്പുറപ്പെടും : രാജീവ് രവി അഭിമുഖം

മനുഷ്യരെ അടിച്ചമര്‍ത്തിക്കൊണ്ടിരുന്നാല്‍ ഒരുനാള്‍ കലാപം പൊട്ടിപ്പുറപ്പെടും : രാജീവ് രവി അഭിമുഖം
Summary

ആദിവാസികള്‍ക്ക് ഒരുതരി ഭൂമി പോലും കൊടുക്കാതെ ജനാധിപത്യം എന്ന് പറയുന്നത് എനിക്ക് ഒരു താത്പര്യവുമില്ലാത്ത ജനാധിപത്യമാണ്. ആര് അധികാരത്തില്‍ വന്നാലും ആദിവാസികള്‍ക്ക് ഒന്നും കിട്ടുന്നില്ല, അത് പോലെ തന്നെ പാവപ്പെട്ടവനും, അത് മനസിലാക്കണമെങ്കില്‍ ചരിത്രം പഠിക്കണം.

Q

'തുറമുഖ'ത്തിന് ശേഷം പൂര്‍ത്തിയായ 'കുറ്റവും ശിക്ഷ'യും കഴിഞ്ഞ വര്‍ഷം റിലീസായിരുന്നു, സഹകരിച്ചവരെല്ലാം അവരുടെ പ്രധാന ചിത്രമായി പറഞ്ഞ പ്രൊജക്ടാണ് തുറമുഖം,റിലീസിംഗിലെ കാലതാമസം പ്രേക്ഷക സ്വീകാര്യതയെ ബാധിക്കുമോ?

A

സിനിമ ചെയ്യുന്ന പ്രോസസാണല്ലോ ഫിലിംമേക്കറെ സംബന്ധിച്ചിടത്തോളം പ്രധാനമായി കാണുന്നത്. നമ്മള്‍ ചെയ്യുന്നതെല്ലാം ജനങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ടാകുമല്ലോ, പക്ഷേ എല്ലാം എല്ലാവരും കണ്ട് എന്‍ജോയ് ചെയ്യില്ല എന്നൊക്കെ എനിക്ക് അറിയാം. സത്യം പറഞ്ഞാല്‍ തുറമുഖം ആദ്യം, അതിന് ശേഷം കുറ്റവും ശിക്ഷയുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷേ കുഴപ്പമൊന്നുമില്ല, ഏത് വന്നാലും നമ്മള്‍ ചെയ്ത പണി തന്നെയല്ലേ, എപ്പോള്‍ പ്രേക്ഷകരിലെത്തുന്നു എന്നത് വിഷയമല്ല.

തുറമുഖം ചിദംബരം മാഷിന്റെ ഒരു നാടകമാണ്, അറുപതുകളില്‍ ചെയ്തത്. ഉരുവിന്റെ സഹായത്തോടെ കളക്ടീവ് ഫേസ് വണ്‍ അത് മുന്‍പ് കൊച്ചിയില്‍ നാടകരൂപത്തില്‍ തന്നെ അവതരിപ്പിച്ചിരുന്നു. ആ നാടകത്തിന് ലഭിച്ച പ്രതികരണമാണ് തുറമുഖം സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചത്. മറ്റൊന്ന് ഈ സിനിമയുടെ ബേസിക് ഐഡിയ എന്റേതല്ല. ഞാന്‍ മുന്‍പ് ചെയ്ത സിനിമകളെടുത്താല്‍ ഞാന്‍ ഒരു ഐഡിയ എടുത്ത്, കുറച്ച് നാള്‍ വര്‍ക്ക് ചെയ്ത്, പിന്നെയും വര്‍ക്ക് ചെയ്താണ് സിനിമ ചെയ്തിട്ടുള്ളൂ. ഇതങ്ങനെയല്ല, ഒരു ചലഞ്ചിംഗ് പ്രോസസായിരുന്നു. ഒന്ന് നാടകം, നാടകീയമായ മുഹൂര്‍ത്തങ്ങള്‍ അതില്‍ നിന്നാണ് സിനിമയുടെ രൂപത്തിലേക്ക് വരുന്നത്. എനിക്ക് ആക്ടേഴ്സ്, സ്പേസ് ഒക്കെയാണ് കൂടുതല്‍ എക്‌സ്പ്‌ളോര്‍ ചെയ്യാന്‍ താത്പര്യം. തുറമുഖത്തില്‍ വ്യത്യസ്തമായ ഒരു നരേറ്റീവ് ട്രൈ ചെയ്ത് നോക്കിയിട്ടുണ്ട്.

Q

ചാപ്പ സമരവും മട്ടാഞ്ചേരി വെടിവെപ്പുമെല്ലാം കേരളത്തിന്റെ സമരചരിത്രത്തില്‍ വളരെ നിര്‍ണായകമായ ഏടുകളാണ്. ചിദംബരം മാഷിന്റെ നാടകം, മകന്‍ ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥ, ഫിലിം മേക്കര്‍ എന്ന നിലയില്‍ ഇതെല്ലാം ഏതെങ്കിലും കാലത്ത് ചെയ്യണമെന്ന് നേരത്തെ ആലോചിച്ചിരുന്നോ...?

A

ഓരോ സ്ഥലത്തിന്റെയും അവിടെയുള്ള മനുഷ്യരുടെയുമെല്ലാം ചരിത്രം എന്നെ വല്ലാതെ ആകര്‍ഷിക്കുന്നതാണ്, പക്ഷേ ഈ ചരിത്രം നമ്മള്‍ തപ്പിപ്പോയാലേ കിട്ടൂ. 1953ല്‍ നടന്ന ഈ തൊഴിലാളി സമരവും അതിനോട് അനുബന്ധിച്ച് നടന്ന വെടിവെപ്പുമൊന്നും യഥാര്‍ത്ഥത്തില്‍ എറണാകുളത്ത് ജനിച്ച് വളര്‍ന്ന ഞാന്‍ പോലും ഇത് അറിയുന്നത് ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാം കണ്ടപ്പോഴാണ്. മട്ടാഞ്ചേരിയിലെ തൊഴിലാളി വെടിവെപ്പ് എന്നൊരു റഫറന്‍സ് കാണുന്നത് അമ്മ അറിയാനിലാണ്. അവിടത്തെ മതിലുകളില്‍ തറച്ച വെടിയുണ്ടകളുടെ പാടുകള്‍ വരെ ആ സിനിമയില്‍ കാണിക്കുന്നുണ്ട്. അപ്പോള്‍ നമ്മള്‍ വിചാരിക്കും, അയ്യോ ഇങ്ങനൊരു സംഭവം, അതും 1953ല്‍.... അത്ര പിറകോട്ടൊന്നുമല്ല, സ്വാതന്ത്ര്യത്തിന് ശേഷമാണ്, എന്നിട്ടും ആ ചരിത്രം പോലും മറച്ചുവെയ്ക്കപ്പെട്ടിരിക്കുകയാണ്. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഭജിക്കപ്പെടുന്നതിന് മുന്‍പുണ്ടായതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന സമയത്ത്. സിപിഐയും സിപിഐഎമ്മും ഇല്ല, അന്ന് ഒറ്റ കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമേയുള്ളൂ. ലോറന്‍സ് സഖാവൊക്കെ സജീവമായി ഉള്ള സമയമാണ്, ഇടപ്പള്ളി കേസിന് തൊട്ട് പിന്നാലെ, എന്നിട്ടും ഈ ചരിത്രം നമ്മുടെ കാലത്തെ മനുഷ്യര്‍ക്ക് പോലും കൃത്യമായി അറിയില്ല, കാരണമെന്താണെന്ന് വെച്ചാല്‍ ഇത് അവിടത്തെ പാവപ്പെട്ടവരുടെയും അവിടത്തെ തൊഴിലാളി വര്‍ഗത്തിന്റെയും ചരിത്രമാണ്. കൊച്ചി രാജാവിന്റെയും, എന്തിന് ഡച്ചുകാര്‍ കൊച്ചിപാലം കത്തിച്ച കഥകളൊക്കെ നമുക്ക് അറിയാം, പക്ഷേ ഈ നാട്ടിലെ സമര ചരിത്രവും ഇവിടെ എത്ര പേര്‍ മരിച്ചു എന്ന കണക്കും ആര്‍ക്കും അറിയില്ല.

സാധാരണ പിറകോട്ടുള്ള കാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ ബ്രിട്ടീഷുകാരുടെ കൃത്യമായ റിപ്പോര്‍ട്ട് കിട്ടും, എന്ത് സംഭവിച്ചു എന്ന കളക്ടറുടെ റിപ്പോര്‍ട്ടുണ്ടാവും, അല്ലെങ്കില്‍ പൊലീസിന്റെ റിപ്പോര്‍ട്ടുണ്ടാവും, ഇവിടെ ഇതിന്റെ ഒരു റിപ്പോര്‍ട്ടുമില്ല, ചരിത്ര രേഖകളുമില്ല. പൊലീസിന്റെ ഭാഗത്ത് നിന്നുമില്ല, അധികാരികളുടെ ഭാഗത്ത് നിന്നുമില്ല.

കൊച്ചി യഥാര്‍ത്ഥത്തില്‍ അതിലും വലിയ സംഭവങ്ങള്‍ കണ്ടിട്ടുള്ള സ്ഥലമാണ്. ബ്രിട്ടീഷുകാര്‍ ഡച്ചുകാരുടെ കോട്ട കത്തിച്ച് കളഞ്ഞതും യുവരാജാവ് മരിക്കുകയുമൊക്കെ ഉണ്ടായിട്ടുണ്ട്, ഇഷ്ടം പോലെ ചോര ഒഴുകിയിട്ടുള്ള സ്ഥലമാണ്. പക്ഷേ ഈ ഒരു ചരിത്രം, അതും അധികം പഴയതല്ലാത്ത മറച്ചുവെക്കപ്പെട്ട ചരിത്രം അത് പുറത്ത് കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് മാത്രമല്ല, മട്ടാഞ്ചേരിയില്‍ ഈ വന്ന ആള്‍ക്കാര് പലരും (എക്സോഡസില്‍) പലായനത്തില്‍ വന്ന ആള്‍ക്കാരാണ്, മട്ടാഞ്ചേരി പഴയൊരു നഗരമാണല്ലോ, അങ്ങോട്ട് മലപ്പുറം ഭാഗത്ത് നിന്നും കൊല്ലത്ത് നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നുമെല്ലാം മലബാര്‍ കലാപം (മാപ്പിള റെബലിയന്‍ ) കഴിഞ്ഞിട്ട്, അവിടെ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യര് ഓടിവന്നിരിക്കുന്ന സ്ഥലങ്ങളാണിതെല്ലാം, മട്ടാഞ്ചേരിക്ക് അങ്ങനൊരു ചരിത്രമുണ്ട്. പിന്നെ ചരിത്രം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ, ചരിത്രം പഠിച്ചാലേ നമുക്ക് രാഷ്ട്രീയപരമായിട്ട് ഒരു നിലപാടെടുക്കാന്‍ പറ്റൂ. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കൃത്യമായിട്ട് മനസിലാക്കണമെങ്കില്‍ നമ്മള്‍ പിറകിലോട്ട് പോകണം. പിറകിലേക്ക് പോയി അതൊരു ബാഗേജായിട്ട് കൊണ്ടു നടക്കുക എന്നല്ല, അതൊരു മുദ്രാവാക്യം പോലെ ഉപയോഗിക്കണം, അതൊരു മൂലധനം ആക്കണം. അത് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ചരിത്രം പഠിക്കുക എന്നുള്ളത് ബേസിക്കായിട്ടുളള ഒരു കാര്യമാണ്.

ഏന്‍ഷ്യന്റ് ഇന്ത്യ എന്ന് പറഞ്ഞാല്‍ പുരാണങ്ങളിലെ ഹിന്ദുയിസത്തെ കേന്ദ്രീകരിച്ച് മാത്രമല്ല, ഏന്‍ഷ്യന്റ് ഇന്ത്യ എന്ന് പറയുന്നത് വലിയ വൈവിധ്യങ്ങളടക്കമുണ്ടായിരുന്ന മനോഹരമായ ഒരിടമായിരുന്നു. ഇതിനെക്കുറിച്ചൊന്നും നമ്മള്‍ പഠിക്കുന്നില്ല. നമ്മള്‍ നേരെ ഗുപ്ത എമ്പയറും, ചോള സാമ്രാജ്യവുമെല്ലാമാണ് പഠിക്കുന്നത്. അതുപോലെ മട്ടാഞ്ചേരിക്കാരെക്കുറിച്ച് കേരളത്തില്‍, അല്ലെങ്കില്‍ എറണാകുളത്തെല്ലാം പറഞ്ഞാല്‍ തന്നെ ഒരിതുണ്ട്, മട്ടാഞ്ചേരിക്കാരെന്നാല്‍ ഗുണ്ടകള്‍ എന്ന മട്ടിലാണ്. അന്നയും റസൂലിലും അതിന്റെയൊരു പാര്‍ട്ടുണ്ട്. മനുഷ്യരെ ഇങ്ങനെ ഗെറ്റോവല്‍ക്കരിക്കുന്ന പരിപാടി.

@ajjojiphotography
മട്ടാഞ്ചേരി സംഭവം നടന്നതിന് ശേഷം, പി.ജെ ആന്റണി ഒരു ലോറിയെടുത്ത് അതിന്റെ മുകളില്‍ കയറിനിന്ന് മെഗാഫോണും വെച്ച് ഒരു പാട്ട് പാടിക്കൊണ്ട് ആ തെരുവുകള്‍ മുഴുവനും പോയിരുന്നു. ജനങ്ങള്‍ റോഡിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു. പാവപ്പെട്ടവന്റെയും, അടിച്ചമര്‍ത്തപ്പെട്ടവന്റെയും ഒരു സ്പൊണ്ടേനിയസ് മൂവ്മെന്റായിരുന്നു. അതുകൊണ്ട് തന്നെ അതില്‍ വയലന്‍സും വന്നു. കത്തിയുമായിട്ടാണ് എല്ലാവരും ഇറങ്ങിയത്.
Q

അന്നയും റസൂലിലെ പാട്ടുകളില്‍ കൊച്ചിയുടെ ഈ പറഞ്ഞ ചരിത്രവും ഭൂതകാലവും കടന്നുവരുന്നുണ്ട്, തൊഴിലാളികളിലൂടെ ചരിത്രവും എക്‌സ്‌പോര്‍ട്ടിംഗ് ഒക്കെ ആ പാട്ടില്‍ വരുന്നുണ്ടല്ലോ, തുറമുഖം രാഷ്ട്രീയ പ്രസക്തിയോടെ തന്നെ ചെയ്യാനാണോ ശ്രമിച്ചത്. സിനിമ എങ്ങനെയാണ് സമകാലീനമാകുന്നത്. ഒരു ബൃഹദ് ആഖ്യാന സാധ്യതയുള്ള ചരിത്ര സംഭവം ഫിക്ഷണല്‍ സ്വഭാവമില്ലാതെ അവതരിപ്പിക്കുക പ്രയാസമല്ലേ?,

A

ഈ വെടിവെപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മൂന്ന് രക്തസാക്ഷികളുണ്ട്, അത് കൂടാതെ എത്രപേര്‍ മരിച്ചിട്ടുണ്ടാവും, നമ്മള്‍ ചരിത്രമന്വേഷിച്ച് അവിടെ ചെല്ലുമ്പോള്‍ കേള്‍ക്കുന്ന കഥകള്‍ ഭീകരമാണ്, ഫിക്ഷനേക്കാള്‍ വലുതായിട്ടുള്ള കഥകളാണ് കേള്‍ക്കുന്നത്. അതാണ് ഇങ്ങനൊരു സിനിമ ചെയ്യാന്‍ എനിക്കൊരു ധൈര്യം തന്നത്, ഞാന്‍ പറയുന്നത് അന്ന് അവിടെ മരിച്ചുവീണിരിക്കുന്നത് മൂന്നല്ല, അനേകമായിരിക്കും. ലോറന്‍സ് സഖാവ് പറയുന്നത്, സഖാവ് ഇടപ്പള്ളിയില്‍ ഇടി കൊണ്ട് ചികിത്സയില്‍ കിടക്കുകയായിരുന്നു, അവിടെ നിന്ന് ചെറിയ വള്ളമെടുത്ത് തുഴഞ്ഞ് ഇപ്പുറത്തേക്ക് വന്നു. പുള്ളി പറഞ്ഞത് അങ്ങോട്ടേക്ക് അടുക്കാന്‍ പറ്റിയില്ലെന്നാണ്. മുഴുവന്‍ തീ ആയിരുന്നു എന്നാണ് പറഞ്ഞത്. അത്രയും വലിയ കലാപമായിരുന്നു അന്ന് നടന്നത്.

മട്ടാഞ്ചേരി സംഭവം നടന്നതിന് ശേഷം, പി.ജെ ആന്റണി ഒരു ലോറിയെടുത്ത് അതിന്റെ മുകളില്‍ കയറിനിന്ന് മെഗാഫോണും വെച്ച് ഒരു പാട്ട് പാടിക്കൊണ്ട് ആ തെരുവുകള്‍ മുഴുവനും പോയിരുന്നു. ജനങ്ങള്‍ റോഡിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു. പാവപ്പെട്ടവന്റെയും, അടിച്ചമര്‍ത്തപ്പെട്ടവന്റെയും ഒരു സ്പൊണ്ടേനിയസ് മൂവ്മെന്റായിരുന്നു. അതുകൊണ്ട് തന്നെ അതില്‍ വയലന്‍സും വന്നു. കത്തിയുമായിട്ടാണ് എല്ലാവരും ഇറങ്ങിയത്. ഇന്നത്തെ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ ശ്രീലങ്കയില്‍ നടന്നത് ഇതുപോലൊരു അപ് റൈസിംഗ് ആണ് മനുഷ്യനെ ഒരുപാട് കോര്‍ണര്‍ ചെയ്ത് കഴിഞ്ഞാല്‍, അടിച്ചമര്‍ത്തിക്കൊണ്ടേയിരുന്നാല്‍ ഏതെങ്കിലും ഒരു ദിവസം കലാപം പൊട്ടിപ്പുറപ്പെടാം. മനുഷ്യന് ഏറ്റവും കുറഞ്ഞത് ഭക്ഷണവും ബേസിക് കാര്യങ്ങളും സ്റ്റേറ്റ് കൃത്യമായിട്ട് കൊടുക്കണം, ആദിവാസികള്‍ക്ക് ഒരുതരി ഭൂമി പോലും കൊടുക്കാതെ ജനാധിപത്യം എന്ന് പറയുന്നത് എനിക്ക് ഒരു താത്പര്യവുമില്ലാത്ത ജനാധിപത്യമാണ്. ആര് അധികാരത്തില്‍ വന്നാലും ആദിവാസികള്‍ക്ക് ഒന്നും കിട്ടുന്നില്ല, അത് പോലെ തന്നെ പാവപ്പെട്ടവനും, അത് മനസിലാക്കണമെങ്കില്‍ ചരിത്രം പഠിക്കണം.

ക്യാമറ ചെയ്യാന്‍ വേണ്ടി പലയിടങ്ങളിലും പോകുമ്പോള്‍, ഓരോ സ്ഥലങ്ങളിലും കുറച്ച് നാള്‍ നേരത്തെ പോയി, അവിടെയുള്ള ആളുകളെയെല്ലാം കണ്ട്, പരിചയപ്പെട്ട്, അവിടത്തെ കാര്യങ്ങളെല്ലാം പഠിക്കാന്‍ ശ്രമിച്ച്, അത് നമ്മുടെ ഒരു ശീലമാകും. ഈ ഒബ്സര്‍വേഷന്‍ എനിക്ക് ഇഷ്ടമുള്ള ഒരു പരിപാടിയാണ്. നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്ന സമയം ഞാന്‍ മഹാരാഷ്ട്രയിലെ കര്‍ജത്ത് എന്ന ഗ്രാമത്തിലാണ്, കലുത്തിയ എന്നൊരു ആദിവാസി ഗ്രാമത്തിലാണ്. ബോംബെയില്‍ നിന്ന് രണ്ട് മണിക്കൂര്‍ ദൂരമേയുള്ളൂ. പക്ഷേ ആര്‍ക്കും ഈ സ്ഥലമറിയില്ല. ഇതൊരു ആദിവാസി വില്ലേജാണ്, നഗരങ്ങളാല്‍ ചുറ്റപ്പെട്ട ഒരു കൊച്ചു ഗ്രാമം. ഇവിടെയുള്ളവര്‍ പക്ഷേ പുറത്തൊന്നും പോകില്ല, ഞങ്ങള്‍ക്ക് ഇവിടെ മതിയെന്നാണ് പറയുന്നത്. നഗരങ്ങള്‍ ഇങ്ങോട്ട് വരുകയാണ്, ഇവരങ്ങോട്ട് പോവുകയല്ല, ലാന്‍ഡ് എന്‍ക്രോച്മെന്റാണ് നടക്കുന്നത്.

Q

മുമ്പ് ചെയ്തിട്ടില്ലാത്ത നരറ്റിവ് തുറമുഖത്തില്‍ ട്രൈ ചെയ്‌തെന്ന് പറഞ്ഞല്ലോ, അത് ഏത് തരത്തിലാണ്? സിനിമ എന്ന രീതിയില്‍ എങ്ങനെയാണ് തുറമുഖത്തെ സമീപിച്ചത്?

A

അത് നിങ്ങളാണ് പറയേണ്ടത്, ഞാനെന്തൊക്കേയോ ശ്രമിച്ചിട്ടുണ്ട്. അത് നിങ്ങള്‍ കണ്ടിട്ട് അഭിപ്രായം പറയുമ്പോഴായിരിക്കും അതിലൊരു ക്ലാരിറ്റി എനിക്ക് കിട്ടുക. ശരിക്കും ഒരു പരീക്ഷണമാണ്, ഒരു നാടകമെടുത്ത് സ്‌ക്രിപ്റ്റാക്കി ചെയ്യുന്നു എന്നുള്ളത്. അതില്‍ തന്നെ ഒരു സ്ഥലത്ത് നടന്ന റിയല്‍ സംഭവം, അതിലേക്ക് നാടകീയമായ മുഹൂര്‍ത്തങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അതിന്റെ ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടാണ് പറയേണ്ടത്. എനിക്കെന്തായാലും ഈ സിനിമ ചെയ്യാന്‍ നല്ല പണിയുണ്ടായിരുന്നു. പ്രളയം കഴിഞ്ഞാണ് തുറമുഖം തുടങ്ങുന്നത്. പിന്നീട് കൊറോണ, പല പല കാരണങ്ങള്‍ കൊണ്ട് സ്ട്രെസ്ഫുള്‍ ആയ പരിപാടിയായിരുന്നു എനിക്ക് ഈ സിനിമ. പക്ഷേ അത്ര തന്നെ എന്‍ജോയ് ചെയ്ത പ്രോസസുമാണ്. ഇനി പ്രേക്ഷകര്‍ സിനിമ കണ്ട് പറഞ്ഞാലേ ഞാന്‍ ചെയ്തതെന്തെന്ന് എനിക്കും മനസിലാകൂ.. എപ്പോഴും അങ്ങനെയാണല്ലോ, ഒരു ഇന്റര്‍പ്രെറ്റേഷന്‍ ഉണ്ടാകുമ്പോഴാണല്ലോ നമുക്കൊരു ക്ലാരിറ്റി കിട്ടൂ.

പോസ്റ്റ് പ്രൊഡക്ഷന്റെ ഓരോ ഘട്ടത്തിലടക്കം ഞാനിപ്പോഴും തുറമുഖം കണ്ട് കൊണ്ടേയിരിക്കുകയാണ്. എനിക്ക് അത് കണ്ട് കണ്ട് കണ്ട് അതിലെ എല്ലാ ബിറ്റും അറിയാം. അതെന്താണ് എവിടെയാണ് ഏല്‍ക്കുക, ഇംപാക്ട് ഉണ്ടാക്കുക എന്ന് പ്രേക്ഷകരില്‍ നിന്ന് മനസിലാക്കുമ്പോഴാണ് ഞാന്‍ ചെയ്തതിന്റെ ഒരു റിസല്‍ട്ട് എനിക്ക് കിട്ടുക. എന്തായാലും ഇതൊരു ലേണിഗ് പ്രോസസ് ആയിരുന്നു. ഓരോ പ്രാവശ്യം സിനിമ ചെയ്യുമ്പോഴും എന്തെങ്കിലും ഒരു സാധനം ട്രൈ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പൂര്‍ണമായിട്ടും മെയിന്‍സ്ട്രീം നരേറ്റീവ്ലേക്ക് പോകാന്‍ എനിക്ക് പറ്റുന്നില്ല, സംവിധാനം ചെയ്യുമ്പോള്‍ എനിക്ക് അത് ബുദ്ധിമുട്ടാണ്. അത് ഞാന്‍ ക്യാമറയില്‍ ചെയ്തോളാം(ചിരിക്കുന്നു).

Q

അന്നയും റസൂലും ഇറങ്ങിയ സമയത്ത് സ്ലോ പേസ് എന്നത് തിയറ്ററുടമകളുടെ പരാതിയായിരുന്നു. സിനിമാറ്റിക് റിയലിസം ആ സിനിമയുടെ തിയറ്റര്‍ സ്വീകാര്യതയെയും ബാധിച്ചിരുന്നു. ഡിവിഡി ഇറങ്ങിയ സമയത്ത് അന്നയും റസൂലും മലയാളത്തിന്റെ ഒരു പുതിയ താളം തന്നെയായിട്ട് പരിചയപ്പെടുന്ന സാഹചര്യമുണ്ടായി. പോസ്റ്റ് കൊവിഡ് വീണ്ടും ലാഗ്-സ്പീഡ് എന്നത് തിയറ്റര്‍ സ്വീകാര്യതയുടെ മാനദണ്ഡമായി നില്‍ക്കുന്നില്ലേ?

A

ഒരു മനുഷ്യന്‍ ഒരു സാധനം പതുക്കെ കണ്ടാസ്വദിക്കുക എന്നൊക്കെ പറഞ്ഞാല്‍, അത് പുതിയ കാര്യമല്ല. ഒരു മനുഷ്യന്‍ പ്രകൃതി നോക്കിയിരിക്കുക, അല്ലെങ്കില്‍ ഒരു മലയിലേക്ക് നോക്കിയിരിക്കുക എന്നതെല്ലാം കാലങ്ങളായി നമ്മുടെ പൂര്‍വികരെല്ലാം ചെയ്തിരുന്ന കാര്യമാണ്. പലരും കാട്ടിലെല്ലാം പോയിരിക്കുമായിരുന്നു. ശബരിമലയില്‍ പോകുന്നതെല്ലാം അതിന്റെ ഭാഗമായിരുന്നു. നമ്മളെല്ലാം ഒന്ന് സ്ലോ ഡൗണ്‍ ചെയ്യേണ്ട ആവശ്യമില്ലേ... ചെറുതായിട്ട്. എപ്പോഴും സിനിമയില്‍ ലാര്‍ജര്‍ ദാന്‍ സംഭവങ്ങള്‍ മാത്രം മതിയോ. നമുക്കുള്ള ചരിത്രത്തിന്റെയും പ്രശ്നം അത് തന്നെയല്ലേ.. രാജാക്കന്മാരുടെ, പണക്കാരുടെ ചരിത്രമാണല്ലോ ഭൂരിഭാഗം ഉള്ളത്. പണമുള്ളവനാണല്ലോ അവന്റെ കഥയെഴുതിപ്പിക്കുന്നത്, പാവപ്പെട്ടവനെക്കുറിച്ച് ഈ ചരിത്ര രേഖകളിലൊന്നും ഒന്നുമില്ല. ആ കാലഘട്ടത്തിലെ മനുഷ്യര്‍ എങ്ങനെയാണ് ജീവിച്ചത് എന്ന് ഒരു രേഖയിലുമില്ല. സാധാരണ ഒരു കേരളീയന്‍, അല്ലെങ്കില്‍ ഒരു ഇന്ത്യക്കാരന്‍ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നൊന്നും അറിയില്ല.. അതുകൊണ്ട് ഡോക്യുമെന്റേഷന്‍ പ്രധാനപ്പെട്ടതാണ്. നമുക്ക് ചുറ്റുമുള്ളത് പരമാവധി റിയലായിട്ട് ഡോക്യുമെന്റ് ചെയ്യുക, കുറച്ച് ഫിക്ഷനെല്ലാം ഉള്‍പ്പെടുത്താം. അതൊക്കെയാണ് എന്റെ മനസിലുള്ള ഐഡിയ.

Q

ഒരു കാലഘട്ടത്തെ റീക്രിയേറ്റ് ചെയ്യുകയാണല്ലോ. ആര്‍ട്ടിലും പ്രൊഡക്ഷന്‍ ഡിസൈനിലുമെല്ലാം ഇതേ പ്രോസസ് ആണല്ലോ. കഥ പറയുന്ന കാലത്തോട് നീതി പുലര്‍ത്തുക എന്നത് വിഷ്വല്‍ ഡിസൈനില്‍ അല്ലെങ്കില്‍ സമഗ്രതയില്‍ എത്രത്തോളം പ്രാവര്‍ത്തികമാകും, അല്ലെങ്കില്‍ അത് എത്രത്തോളം സാഹസികമാണ്?

A

നമ്മള്‍ ഇതൊക്കെ വളരെ പണ്ടേ തന്നെ ബ്യൂട്ടിഫുളളായിട്ട് ചെയ്തിട്ടുണ്ട്. ഈ ഉത്സവ് കണ്ടിട്ടുണ്ടോ, ഗിരീഷ് കര്‍ണാടിന്റെ. അശോക് മേഹ്ത ഷൂട്ട് ചെയ്ത്, ബ്യൂട്ടിഫുള്ളായിട്ട് ആ സമയത്തെ കഥ പറഞ്ഞതാണ്. നല്ല ഭംഗിയില്‍, വേണ്ട രീതിയില്‍ മിനിമലിസ്റ്റിക് സംഗതിയായിട്ടാണ് ചെയ്തത്. എന്നാല്‍ പുരാണങ്ങളിലും സംസ്‌കൃത ലിറ്ററേച്ചറിലുമെല്ലാമുള്ള കോസ്റ്റിയൂമൊക്കെ ഉള്‍പ്പെടുത്തി ചെയ്തിട്ടുള്ള സിനിമയുമാണ്. അതെല്ലാം നമ്മള്‍ ചെയ്തിട്ടുണ്ടെന്നേ... ഭാരത് ഏക് ഖോജ്, ശ്യാം ബനഗല്‍ ചെയ്ത് സീരീസ്. സിനിമ എന്നും ലാര്‍ജര്‍ ദാന്‍ ലൈഫ് ഇമേജസ് ആള്‍ക്കാരെ കാണിക്കുകയാണ്. അതില്ലെങ്കില്‍ ഇതില്ല എന്നത് ശരിയാണ്. പക്ഷേ ഒരു ബാലന്‍സ് ഉണ്ടാവണം. നമുക്ക് ചെയ്യാവുന്നത് ചെറിയ റോളാണ്. നമ്മള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ചെയ്ത് വെയ്ക്കുക. പറ്റാവുന്നത്ര ട്രൈ ചെയ്യുക. അത് എത്രത്തോളം സക്സസാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമേ അറിയൂ. നമ്മള്‍ ചെയ്തതെല്ലാം ആളുകള്‍ കണ്ട്, അതിനോട് പ്രതികരിച്ച്, അത് ഇന്റര്‍പ്രെറ്റ് ചെയ്ത് വരുമ്പോഴേക്കും ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുക്കും. ഞാന്‍ ചെയ്തുവെക്കുന്നതൊന്നും ചിലര്‍ കാണണമെന്നില്ല, ചിലപ്പോള്‍ ചിലര്‍ പലതും കണ്ടെന്നുമിരിക്കും. അത്തരത്തില്‍ ഇന്റ്രസ്റ്റിംഗ് ആയിട്ടുള്ള ഒരു മീഡിയമാണത്. അപ്പോള്‍ പരമാവധി സത്യസന്ധമായി നമുക്ക് ചുറ്റുമുള്ളത് ചെയ്ത് വെയ്ക്കുക എന്നേ ഉള്ളൂ.

Q

രാജീവ് രവി എന്ന ഛായാഗ്രാഹകന്റെ ഫിലിമോഗ്രഫി നോക്കുമ്പോള്‍ തെലുങ്കില്‍ അല്ലു അര്‍ജുന്റെ സിനിമ, ഹിന്ദിയില്‍ അക്ഷയ്കുമാര്‍ ചിത്രം, പോസ്റ്റ് പാന്‍ഡമിക് സിനാരിയോയില്‍ ഏറ്റവും എക്സിപിരിമെന്റലായ സമയമായിട്ട് കൂടി, സോ കോള്‍ഡ് കോസ്റ്റിയം ഡ്രാമ എന്ന് പറയുന്ന ഒരു കണ്‍വന്‍ഷണല്‍ രീതിയില്‍ ഷോ ബിസിനസിന് വേണ്ടിയിട്ടുള്ള സിനിമകളാണല്ലോ അപ്പുറത്ത് ചെയ്യുന്നതും അധികം സമയം ചെലവഴിക്കുന്നതും...?

A

ഒന്ന്, മനുഷ്യന് ജോലിയെടുക്കാതെ ജീവിക്കാന്‍ പറ്റില്ല, ഏത് മനുഷ്യനായാലും, ജോലിയെടുത്താലേ നമുക്ക് ഇഷ്ടമുള്ളത് മറുവശത്ത് ചെയ്യാന്‍ പറ്റുകയുള്ളൂ.

Q

മൂലധനം എന്നതാണോ?

A

മൂലധനം മാത്രമല്ല, അതിന്റെ പ്രിവിലേജ് എന്താണെന്ന് വെച്ചാല്‍, ഞാന്‍ കേരളത്തില്‍ വന്നാല്‍ എനിക്കിഷ്ടമുള്ളത് ചെയ്യാം. എന്നെ ആരും അങ്ങനെ തടയുന്നില്ല. എനിക്ക് ആള്‍ക്കാരോട് ഉത്തരം പറയേണ്ട കാര്യവുമില്ല, അത്തരത്തിലൊരു സപ്പോര്‍ട്ട് സിസ്റ്റം എനിക്കതില്‍ നിന്ന് കിട്ടുന്നുണ്ട്. ഞാന്‍ ഒരു ക്രാഫ്റ്റ് പഠിച്ചിട്ടുള്ള ഒരാളാണ്. എന്റെ അച്ഛന്‍ 50-60 വയസ് വരെ ജോലി ചെയ്തയാളാണ്. കൃത്യമായിട്ട് എല്ലാ ദിവസവും രാവിലെ ഓഫീസില്‍ പോകുന്നയാള്‍. പുളളിക്കിഷ്ടപ്പെട്ടിട്ടൊന്നും ആയിരിക്കില്ല പക്ഷേ രാവിലെ പോയി ജോലി ചെയ്ത് വരും, നമുക്ക് ചുറ്റുമുള്ള സാധാരണ മനുഷ്യര് എല്ലാവരും ചെയ്യുന്നില്ലേ അത്. നമ്മള് പണിയെടുത്തുകൊണ്ടിരിക്കുക, അതിനൊപ്പം പറ്റാവുന്ന, ആഗ്രഹങ്ങള്‍ ഉള്ള കാര്യങ്ങള്‍ കൂടി ചെയ്യും.

പിന്നെ ഞാന്‍ ക്യാമറമാന്‍ എന്ന നിലയില്‍ ചെയ്യുമ്പോള്‍ ഡയറക്ടര്‍ പറയുന്നതെന്താണോ, അവര്‍ പറയുന്ന ഏസ്തറ്റിക്കാണ് ഞാന്‍ റീക്രിയേറ്റ് ചെയ്യേണ്ടത്. അല്ലാതെ എന്റെ ഇമേജസൊന്നും ഞാന്‍ അവിടെ പിച്ച് ചെയ്യേണ്ട ആവശ്യമില്ല. അത് ഒരു സംവിധായകന്റെ കലയല്ലേ. സിനിമ എന്ന് പറയുന്നത് ഫിലിം മേക്കറുടെ മനസിലെ വിഷ്വല്‍ നരേറ്റീവാണ്. മനസില്‍ വരുന്നതല്ല അയാള്‍ ഉണ്ടാക്കിയെടുക്കുന്ന നരേറ്റീവാണ്. ടെക്‌നീഷ്യന്‍ എന്ന നിലയില്‍ ഞാന്‍ മറ്റൊരു സംവിധായകന് വേണ്ടി ഒരു ജോലി ചെയ്തുകൊടുക്കുന്നു. അതില്‍ തെറ്റില്ലെന്നാണ് എന്റെ വിശ്വാസം.

Q

തുറമുഖത്തിലേക്ക് വന്ന് കഴിഞ്ഞാല്‍ സിനിമാറ്റോഗ്രഫി കൂടി രാജീവ് രവിയാണ്. വലിയ പ്രൊഡക്ഷന്‍ ഡിസൈനാണ്, ഒരു പീരീഡ് റീക്രിയേറ്റ് ചെയ്യുന്നു, വലിയ ചരിത്രമാണ്, ഇന്‍വെസ്റ്റ്മെന്റില്‍ പോലും ഇതുവരെ ചെയ്തതില്‍ വലുപ്പമുള്ള സിനിമയാണ്. ക്യാമറ കൂടി ചെയ്യാം എന്ന ഡിസിഷന്‍ എങ്ങനെ വന്നതാണ് ?

A

മധു (മധു നീലകണ്ഠന്‍) തിരക്കായിരുന്നു, ആ സമയത്ത് അവനുണ്ടാവില്ല എന്ന് അറിഞ്ഞപ്പോള്‍ പിന്നെ ഞാന്‍ തന്നെ ചെയ്യാമെന്ന് തീരുമാനിച്ചു, എല്ലാം സെറ്റായിക്കഴിഞ്ഞപ്പോള്‍, അങ്ങനെ സംഭവിച്ച് പോയതാ. ബുദ്ധിമുട്ടുള്ള കാര്യമാണ് ഇനി ഞാനങ്ങനെ ചെയ്യില്ല..

Q

അത് എക്സ്പ്ലെയിന്‍ ചെയ്യുകയാണെങ്കില്‍, എന്താണ് അതില്‍ ബുദ്ധിമുട്ട്? കോണ്‍ഫ്‌ളിക്ട് വരുമോ?

A

കോണ്‍ഫ്ലിക്റ്റല്ല, കോണ്‍സന്‍ട്രേഷന്‍ മാറും, ക്യാമറ വര്‍ക്കിന് കുറെ പണിയുണ്ട്, ക്യാമറ വര്‍ക്കിന്റെ കോണ്‍ട്രിബ്യൂഷന്‍സ് ഇല്ലാണ്ടായിപ്പോകും. ഞാന്‍ ഫുള്‍ ടൈം ഇതില്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ സിനിമാട്ടോഗ്രഫിയുടെ വളരെ മൈന്യൂട്ടായിട്ടുള്ള ചില പരിപാടികളൊക്കെ എനിക്ക് മിസാകും. ക്യാമറ ചെയ്യുക എന്ന് വെച്ചാല്‍ ക്യാമറയുടെ പുറകില്‍ ഇരിക്കുകയല്ല, ഞാന്‍ അനുരാഗിന്റെ കൂടെ ചെയ്യുമ്പോള്‍ എന്താണെന്ന് വെച്ചാല്‍ എന്റെ ഭാഗം ഞാന്‍ ടേക് കെയര്‍ ചെയ്യും. ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഒരു റിലേഷന്‍ഷിപ്പാണ്. ക്യാമറമാന്‍ എപ്പോഴും വേണം, ആ കാര്യത്തില്‍ സംശയമില്ല. ഞാനിപ്പോള്‍ ചെയ്യുന്ന സിനിമകളിലാണെങ്കില്‍ പോലും സംവിധായകരായിട്ട് എനിക്ക് നല്ല ബന്ധമാണ്. സംവിധായകരും ഞാനും നല്ല പോലെ സുഹൃത്തുക്കളുമാകും. അതായത് ഞാന്‍ സംവിധാനം ചെയ്യുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒരു ക്യാമറമാന്‍ ഇല്ലേ, ഞാന്‍ ക്യാമറ ചെയ്യുമ്പോള്‍ മറ്റൊരു ഫിലിം മേക്കര്‍ക്ക് വേണ്ടി അതാകാന്‍ ഞാന്‍ ശ്രമിക്കും. അങ്ങനൊരു ക്യാമറമാന്‍ ആകാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതും.

Q

ഇനിയാണെങ്കിലും സ്വന്തം സിനിമയ്ക്ക് ക്യാമറ ചെയ്യാനില്ല എന്നല്ലേ?

A

അടുത്തൊന്നും ഉണ്ടായിരിക്കില്ല, എനിക്ക് അങ്ങനെ വളരെ പേഴ്സണലായിട്ട്, കോണ്‍ഫിഡന്റാണെന്ന് തോന്നുന്ന സിനിമകളേ ചെയ്യൂ. അതും വലിയ സ്‌കെയില്‍ ഒരിക്കലും ചെയ്യില്ല.

Q

അന്നയും റസൂലിന് ശേഷമാണ് ക്യാമറക്ക് വേണ്ടി അഭിനയിച്ച് ശീലിച്ചത് മാറ്റിയതെന്ന് പറഞ്ഞിട്ടുണ്ട്. രാജീവ് രവിയുടെ സിനിമകളിലേക്ക് ആക്ടേഴ്‌സ് വരുമ്പോള്‍ അവര്‍ മുമ്പ്് ചെയ്തിട്ടില്ലാത്ത തലത്തിലേക്ക് പെര്‍ഫോര്‍മന്‍സ് പോകാറുണ്ട്. ആക്ടേഴ്‌സിനെ എങ്ങനെയാണ് ഉപയോഗിക്കുന്നത്?

A

ഞാന്‍ തുടര്‍ച്ചയായി സിനിമ ചെയ്തിരുന്ന ആളാണല്ലോ. വൈഡാണെങ്കിലും ക്ലോസപ്പ് ആണെങ്കിലും വ്യൂ ഫൈന്‍ഡറിലൂടെ കാണുന്നത് ഇമോഷനാണ്. അതാണ് കാണുന്നയാള്‍ക്കും കിട്ടേണ്ടത്. വൈഡ് ഷോട്ട് കാണുമ്പോള്‍ നമുക്ക് എന്തോ ഒരു സാധനം തോന്നും, അത് എന്താണെന്ന് ഡിഫൈന്‍ ചെയ്യാന്‍ പറ്റില്ല, പക്ഷേ അത് പിക്ക് ചെയ്യണം, ആ ഷോട്ട്.

നമ്മള്‍ ഒരു ആക്ടറെ കാണുമ്പോള്‍ അവരുടെ മനസിലുള്ള ഇമോഷന്‍ പിക്ക് ചെയ്യാന്‍ പറ്റണം, ലൈറ്റിന്റെ ഉപയോഗം കൊണ്ടോ, ആമ്പിയന്‍സ് കൊണ്ടോ, ലെന്‍സിംഗ് കൊണ്ടോ, മൂവ്മെന്റ് കൊണ്ടോ, അല്ലെങ്കില്‍ ഒരു നോട്ടം കൊണ്ടോ, ചില സാധനങ്ങള്‍ കിട്ടും,. ഇത് കിട്ടുമ്പോള്‍ നമുക്ക് മനസിലാകും. കമ്മ്യൂണിക്കേറ്റ് ചെയ്യും, ആക്ടറും ക്യാമറയുമായിട്ട് വല്ലാത്ത കമ്മ്യൂണിക്കേഷനുണ്ട്. എനിക്ക് പല ആക്ടേഴ്സായിട്ട് പല എക്സ്പീരിയന്‍സുകളുണ്ട്. നമ്മളറിയാതെ മാഗ്‌നറ്റ് പോലെ നമ്മള്‍ അവരുടെ അടുത്തേക്ക് പോയിപ്പോകും.

ഞാന്‍ ഒരു ആക്ടറിന്റെ അടുത്ത് പോയി തൊട്ടടുത്തായി ലെന്‍സ് വെച്ചിട്ട് പറഞ്ഞിട്ടുണ്ട്, അയാം റിയലി സോറി, എബൗട്ട് ഇറ്റ് എന്ന്, ഇവര്‍ ചെയ്യുന്ന ഇമോഷനെല്ലാം ഭയങ്കര പവര്‍ഫുള്‍ ഇമോഷനായിരിക്കും, ചെറിയ മൂവ്മെന്റൊക്കെ, നമ്മള്‍ പിന്നെല്ലാം മറന്ന് പോകും. അങ്ങനത്തെ അഭിനേതാക്കളുണ്ട്. ഇത് ഗ്രാസ്പ് ചെയ്യുക എന്നുള്ളതിലാണ് എന്റെ സിനിമാറ്റോഗ്രഫി എന്നെ ഹെല്‍പ്പ് ചെയ്തിരിക്കുന്നത്..

ഞാന്‍ അനുരാഗിന്റെയെല്ലാമൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ എന്‍ജോയ് ചെയ്യുന്നത് ആക്ടറിന്റെ ഫ്രീഡമാണ്. ആക്ടറെ വെറുതെ വിടുകയാണ്. തിരിഞ്ഞും മറിഞ്ഞും കളിക്കാന്‍ പറ്റുന്നൊരു സ്പേസ് കൊടുക്കുകയാണ്. ആ സ്പേസുമായിട്ട് ഇന്ററാക്ട് ചെയ്യുമ്പോഴാണ് Mise-en-scène ഉണ്ടാകുന്നത്. അപ്പോഴാണ് ഇമോഷന്‍ പുറപ്പെട്ട് വരുക, അതിങ്ങനെ ആ സ്ഥലത്ത് ഒരു മണം പോലെ, ഫ്രാഗ്രന്‍സ് പോലെ ഇങ്ങനെ കിടക്കും.

നമ്മള്‍ ഡോക്യുമെന്ററി ഷൂട്ടിനൊക്കെ പോയാല്‍ ഒരു സ്ഥലത്ത് ജനക്കൂട്ടമല്ലേ ഉണ്ടാവുക, അവിടെ അതുണ്ടാക്കിയെടുക്കുക എന്ന് പറഞ്ഞാലുള്ള ഒരു ചലഞ്ചുണ്ടല്ലോ, അത് കാപ്ചറ് ചെയ്യുക, പിടിച്ചെടുക്കുക, തര്‍ക്കോവിസ്‌കി പറഞ്ഞ വാക്കില്ലേ... 'സ്‌കള്‍പ്ട്ടിംഗ് ടൈം', അതിന്റെ അര്‍ഥം ഇതാണെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്, പണ്ടൊക്കെ വായിച്ച് തള്ളിയപ്പോള്‍ ഇതൊന്നും അറിയില്ലായിരുന്നു. സ്‌കള്‍പ്ട്ടിംഗ് ടൈം എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ ഫിലിം മേക്കിംഗാണ്.

Q

നിവിനിലേക്ക് എത്തുന്നത് എങ്ങനെയാണ്.

A

കണ്‍വിന്‍സിങ്ങ് ആയിട്ടുള്ള ഒരു ശരീര പ്രകൃതം. ഒരു മട്ടാഞ്ചേരിക്കാരന്റെ പ്രകൃതം. നമ്മുക്ക് ഉള്ളവരെല്ലാം ബ്രില്ല്യന്റ് ആക്ടേഴ്സ് അല്ലേ. നമ്മുടെ സിനിമ ശരിക്കും ബെറ്റര്‍ ആകുന്നതിന്റെ കാരണം അവരല്ലേ. അവരെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. വളരെ ഫ്ലെക്സിബിളായിട്ടുള്ള പിള്ളേരാ... അതില്‍ സംശയമൊന്നുമില്ല എനിക്ക്. എനിക്ക് എല്ലാവരെയും ഇഷ്ടമാണ്.

Q

കമ്മട്ടിപ്പാടത്തിന്റെ എക്സ്റ്റന്‍ഡഡ് വെര്‍ഷന്‍ എവിടെയാണെന്നത് ?

A

അതിന്റെ റൈറ്റ്സ് ഗ്ലോബല്‍ മീഡിയ എന്നൊരു കമ്പനിക്കാണ്. അവരുടെ പെര്‍മിഷനില്ലാതെ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. എന്റെ കൈയ്യില്‍ സാധനമിരിക്കുന്നുണ്ട്, എന്നെ പലരും അപ്രോച്ച് ചെയ്യുന്നുമുണ്ട്, ഞാന്‍ അവരായിട്ടും നേരിട്ട് കണക്ട് ചെയ്യുന്നുണ്ട്. പക്ഷേ ഇവര് ഇപ്പോള്‍ അനങ്ങുന്നില്ല. ആ കമ്പനിയില്‍ തന്നെ കുറച്ച് പ്രശ്നങ്ങളുണ്ടായെന്ന് തോന്നുന്നു. അവരാരേലും മുന്നോട്ട് വരുകയാണെങ്കില്‍ എന്റെ കൈയ്യില്‍ മെറ്റിരിയലിരിപ്പുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in