
ഒരു തലമുറ തിയറ്ററുകളിൽ ആഘോഷിച്ച സിനിമകൾ വർഷങ്ങൾക്കിപ്പുറം വീണ്ടും തിയറ്ററുകളിൽ നിറഞ്ഞോടുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. മോഹൻലാൽ ചിത്രം സ്ഫടികം തുടങ്ങിവെച്ച ഈ ട്രെൻഡ് ഇപ്പോൾ ഛോട്ടാ മുംബൈയിൽ എത്തി നിൽക്കുകയാണ്. എന്നാൽ അവിടം കൊണ്ടും തീരുന്നില്ല, ട്വന്റി 20, രാവണപ്രഭു തുടങ്ങി നിരവധി സിനിമകളാണ് വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തുവാൻ കാത്ത് നിൽക്കുന്നത്. ഈ വേളയിൽ തങ്ങളുടെ പുത്തൻ റീ റിലീസ് വിശേഷങ്ങൾ ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുകയാണ് മാറ്റിനി നൗ ഉടമ സോമദത്തൻ പിള്ള.
വരാനിരിക്കുന്ന റീ റിലീസുകൾ
ട്വന്റി 20, രാവണപ്രഭു, കാലാപാനി, തേന്മാവിൻ കൊമ്പത്ത്, ഗുരു എന്നീ സിനിമകളാണ് മാറ്റിനി നൗ ഉടൻ റിലീസ് ചെയ്യുന്നതിന് പ്ലാൻ ചെയ്യുന്നത്. ഇത് കൂടാതെ ഹലോ, ദേവാസുരം എന്നീ സിനിമകളും റീ റിലീസ് ചെയ്യാൻ പദ്ധതിയുണ്ട്.
എട്ടോളം മോഹൻലാൽ ചിത്രങ്ങൾ
ട്വന്റി 20, രാവണപ്രഭു, കാലാപാനി, തേന്മാവിൻ കൊമ്പത്ത്, ഗുരു, ഹലോ, ദേവാസുരം എന്നീ സിനിമകൾ മോഹൻലാലിന്റേത് തന്നെയാണ്. ട്വന്റി 20 ആയിരിക്കും ഇനി വരുന്ന മോഹൻലാൽ റീ റിലീസ്. ഓഗസ്റ്റിലായിരിക്കും സിനിമ റിലീസ് ചെയ്യുക. രാവണപ്രഭു ഓണത്തിണ് ശേഷമായിരിക്കും എത്തുക. ഓണം റിലീസായി ഹൃദയപൂർവ്വം എത്തുന്നുണ്ടല്ലോ. ആ സിനിമയ്ക്ക് ശേഷമായിരിക്കും രാവണപ്രഭു റീ റിലീസ്.
അതിന് ശേഷം കാലാപാനി ആയിരിക്കും അടുത്ത റിലീസ്. അത് ഈ വർഷാവസാനത്തോടെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അടുത്ത വർഷം ആദ്യമായിരിക്കും തേന്മാവിൻ കൊമ്പത്ത് റീ റിലീസ് ചെയ്യുന്നത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ഗോഡ്ഫാദറും എത്തും. അടുത്ത വർഷം ഏപ്രിലിൽ ഹലോയും റിലീസ് ചെയ്യുവാനാണ് ഇപ്പോൾ ഞങ്ങൾ പദ്ധതിയിട്ടിരിക്കുന്നത്.
ദേവാസുരം എപ്പോൾ പ്രതീക്ഷിക്കാം
2026 അവസാനത്തോടെ മാത്രമായിരിക്കും ദേവാസുരം തിയേറ്ററുകളിൽ എത്തിക്കാൻ പറ്റുകയുള്ളൂ. അതിന് കുറച്ച് വർക്കുകളുണ്ട്. അതിനൊപ്പം ഞങ്ങൾ ചിത്രവും നോക്കുന്നുണ്ട്. അമേരിക്കയിൽ ചിത്രത്തിന്റെ ഒരു പ്രിന്റ് ഉണ്ടെന്ന് കേട്ടു. അത് ലഭിക്കുകയാണെങ്കിൽ ചിത്രവും റീമാസ്റ്റർ ചെയ്യും.
ദൃശ്യമികവോടെ തേന്മാവിൻ കൊമ്പത്ത്
തേന്മാവിൻ കൊമ്പത്ത് റീമാസ്റ്റർ ചെയ്യുന്ന വേളയിൽ അതിന്റെ വിഷ്വൽ കണ്ടിട്ട് ഞങ്ങൾക്ക് അതിശയം തോന്നി. അതിന്റെ നിർമ്മാതാവ് തന്നെ അതിഗംഭീര ക്യാമറാമാൻ ആയിരുന്നു. അതുകൊണ്ട് ആ സിനിമയുടെ വിഷ്വലുകൾക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. ചിത്രത്തിൽ മോഹൻലാലും ശോഭനയും ഒരു വലിയ വള്ളിയിൽ ഇരിക്കുന്ന രംഗമുണ്ട്. ആ രംഗം കണ്ടു നോക്കണം, അതിഗംഭീരമാണ്.
എന്തുകൊണ്ടാണ് മോഹൻലാൽ സിനിമകൾ കൂടുതലായും റീ റിലീസ് ചെയ്യുന്നത്
മോഹൻലാൽ സിനിമകൾക്ക് റിപ്പീറ്റ് ഓഡിയൻസ് കൂടുതലുണ്ട്. മമ്മൂട്ടിയുടെ വല്യേട്ടൻ, ഒരു വടക്കൻ വീരഗാഥ എന്നീ സിനിമകൾ റീമാസ്റ്റർ ചെയ്തിരുന്നു. വല്യേട്ടൻ മമ്മൂട്ടി ആരാധകർക്ക് വേണ്ടി മാത്രം ചെയ്തതാണ്. എന്നാൽ ഒരു വടക്കൻ വീരഗാഥ വീണ്ടും തിയറ്ററിൽ കാണാൻ ഒരുപാടുപേർ ആഗ്രഹിച്ച സിനിമയാണ്. എന്നാൽ ആ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചില്ല. അതിൽ നിന്ന് മനസ്സിലായത് എന്തെന്നാൽ മമ്മൂട്ടി ചിത്രങ്ങൾക്ക് റിപ്പീറ്റ് ഓഡിയൻസ് ഇല്ല, മോഹൻലാൽ, ദിലീപ് സിനിമയ്ക്കാണ് അത്തരം പ്രേക്ഷകരുള്ളത്. ഇപ്പോൾ താളവട്ടം, കിലുക്കം ഒക്കെ വന്നു കഴിഞ്ഞാൽ മികച്ച സ്വീകാര്യത ലഭിക്കാൻ സാധ്യതയുണ്ട്.
ജോജിയും നിശ്ചലും നന്ദിനിയും വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തുമോ
കിലുക്കം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ പഴയ പല സിനിമകളും പോലെ കിലുക്കത്തിന്റെയും പ്രിന്റ് കിട്ടാനില്ല. പലരോടും അന്വേഷിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിലെ പ്രിന്റ് കൊണ്ടേ ഗുണമുള്ളൂ. നമ്മുടെ നാട്ടിലെ പ്രിന്റുകൾ ഉപയോഗിക്കാൻ കഴിയുകയില്ല. കാലാവസ്ഥ വലിയൊരു വിഷയം തന്നെയാണ്.
റീമാസ്റ്റർ ചെയ്യുമ്പോഴുള്ള വെല്ലുവിളി
ഒരു സിനിമ ചെയ്യുന്നത് പോലെ തന്നെയാണ് റീമാസ്റ്ററിങ് പ്രോസസും, ഷൂട്ടിങ് ഇല്ലന്നേയുള്ളൂ. നെഗറ്റീവ് അല്ലെങ്കിൽ പ്രിന്റ് എടുത്ത് 4 കെ സ്കാൻ ചെയ്യും. ആർ ആർ, റീ റെക്കോർഡിങ് ഉൾപ്പടെ അതിന്റെ സൗണ്ടിന്റെ പരിപാടികൾ നമ്മൾ ചെയ്യും. അതിന് ശേഷം 4 കെ അറ്റ്മോസ്, 5.1, 7.1 എന്നീ മൂന്ന് രീതികളിലും മിക്സ് ചെയ്യും. പണ്ട് തിയറ്ററിൽ സിനിമ കാണുമ്പോൾ സ്ക്രീനിൽ നിന്ന് മാത്രമേ ശബ്‍ദം കേൾക്കുകയുള്ളൂ. എന്നാൽ ഇപ്പോൾ എല്ലാ സറൗണ്ടിങ്ങിൽ നിന്നും ശബ്‍ദം വരും. ഓരോ ഡയലോഗ് ഓരോ സറൗണ്ടിങ്ങിലാണ് പോകുന്നത്.
ഉദാഹരണത്തിന് ഒരു സിനിമയിൽ നെടുമുടി വേണു മോളെ എന്ന് വിളിക്കുമ്പോൾ സ്‌ക്രീനിൽ നിന്നായിരിക്കും ശബ്‍ദം കേൾക്കുന്നത്. എന്നാൽ അതിന് ശോഭനയുടെ മറുപടി ചിലപ്പോൾ പുറകിൽ നിന്നായിരിക്കും കേൾക്കുക. സിനിമയുടെ സൗണ്ട് മിക്സ് ചെയ്യുന്ന സമയം നമ്മൾ തീരുമാനിക്കണം ഏതൊക്കെ ശബ്ദം എവിടെ നിന്ന് വരണമെന്നത്. അതിനായി ഏറെ സമയം ചെലവഴിക്കേണ്ടി വരും. അത് നല്ല രീതിയിൽ ചെയ്താൽ ഗുണമുണ്ടാകും.