ബോക്സ് ഓഫീസിനെ മുട്ടു കുത്തിച്ച മോഹൻലാൽ

2017 ഇന്ത്യൻ സിനിമയുടെ ​ഗെയിം ചേയ്ഞ്ചറായ ബഹുബലിയുടെ അവസനഭാ​ഗം റിലീസിനെത്തുന്നു. ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലും ആൾ ടൈം റെക്കോർഡ് സൃഷ്ടിച്ച ആ രാജമൗലി ചിത്രത്തിന് അന്ന് ഒരൊറ്റ സ്റ്റേറ്റിൽ നിന്നം മാത്രം അവിടുത്തെ നിലനിർക്കുന്ന റെക്കോർഡിനെ മറികടക്കാൻ സാധിക്കുന്നില്ല. പ്രഭാസ് നായകനായി എത്തിയ ആ ബ്രഹ്മാണ്ഡ ചിത്രം അന്ന് മുട്ട് മടക്കുന്നത് മലയാളത്തിന്റെ മോഹൻലാൽ ചിത്രം പുലിമുരുകന് മുന്നിലാണ്.

ഞാൻ വെല്ലുവിളിക്കുകയാണ് ഇവിടുത്തെ ആർട്ടിസ്റ്റുകളെ, മലയാളത്തിൽ 100 കോടി രൂപ തിയറ്റർ ഷെയർ വന്ന ഒരൊറ്റ പടം നിങ്ങൾ എനിക്ക് കാണിച്ചു തരൂ. മലയാള സിനിമാ സംഘടനകൾ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഉയർന്നു കേട്ട ഒരു വെല്ലുവിളി ആണ് ഇത്. ഇതാ ആ വെല്ലുവിളിക്ക് രണ്ട് മാസം തികയും മുമ്പ് മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രം ഇൻഡസ്ട്രിയിൽ 100 കോടി ഷെയർ നേടിയിരിക്കുന്നു. ആ​ഗോള ബോക്സ് ഓഫീസിൽ 242 കോടിയും കടന്ന് എമ്പുരാൻ ഇൻഡസ്ട്രി ഹിറ്റ് അടിച്ചിരിക്കുന്നു.

ഇൻഡസ്ട്രി ഹിറ്റുകളും റെക്കോർഡുകളും മോഹൻലാൽ എന്ന നടന് ഒരു പുതിയ കാഴ്ചയല്ല. മലയാളത്തിലെ ആദ്യത്തെ ഓസ്കർ എൻട്രിയും ആദ്യത്തെ 50 കോടിയും ആദ്യത്തെ 100 കോടിയും ആദ്യത്തെ 100 കോടി തിയറ്റർ ഷെയറും മോഹൻലാലിന്റെ പേരിലാണ്. ഒരു സ്റ്റേറ്റിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമകളെയാണ് നമ്മൾ ഇൻഡസ്ടറി ഹിറ്റ് വിശേഷിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ട്, ചിത്രം, കിലുക്കം, മണിച്ചിത്രത്താഴ്, നരസിംഹം, ട്വന്റി ട്വന്റി, ദൃശ്യം, പുലിമുരുകൻ തുടങ്ങി അതിൽ ഏറ്റവും കുടുതൽ ഇൻഡസ്ട്രി ഹിറ്റുകൾ മോഹൻലാലിന്റെ പേരിലാണ്. 2000 ത്തിൽ നരസിംഹം, 2001 രാവണപ്രഭു, 2003 ൽ ബാലേട്ടൻ, 2013 ൽ ​ദൃശ്യം, 2016 ൽ പുലിമുരുകൻ, 2019 ൽ ലൂസിഫർ ഒടുവിൽ ഇന്ന് 2025 ൽ എമ്പുരാൻ വരെ, അതാത് വർഷത്തെ ഏറ്റവും വലിയ ഹിറ്റുകൾ ആ മനുഷ്യനിൽ നിന്നാണ്. തുടരെ തുടരെ പരാജയ ചിത്രങ്ങൾ വരുമ്പോഴും തിരിച്ചു വരവിൽ മോഹൻലാലിനോളം ബോക്സ് ഓഫീസിൽ ഇളക്കം സൃഷ്ടിക്കാൻ മലയാള സിനിമയിൽ മറ്റൊരു നടനില്ലെന്നതാണ് വാസ്തവം.

വലിയ ആരവങ്ങളില്ലാതെ ഒരു സാധാരണ കുടുംബ സിനിമ എന്ന പ്രതീതിയോടെ തിയറ്ററുകളിൽ എത്തിയ ദൃശ്യം എന്ന മോഹൻലാൽ ചിത്രമാണ് മലയാള സിനിമയെ 50 കോടി ക്ലബ്ബ് എന്ന അപൂവ്വമായ നേട്ടത്തിലേക്ക് ആദ്യമായി കൈ പിടിച്ചു കയറ്റുന്നത്. അമാനുഷികതയില്ലാത്ത സാധരാണക്കാരനായ ഒരു മനുഷ്യനായി മോഹൻലാൽ തകർത്താടിയ ദൃശ്യം മലയാളത്തിന്റെ ആദ്യ 50 കോടി ക്ലബും ഇൻഡസ്ടറി ഹിറ്റും ആയിരുന്നു.

വിഷു, ഓണം, റംസാൻ, ക്രിസ്മസ് ഈ നാല് സീസണിലാണ് മലയാള സിനിമയുടെ മാർക്കറ്റ് ഉണരുന്നത്. അതുകൊണ്ട് തന്നെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്നതും റെവന്യൂ ഉണ്ടാകുന്നതും ഈ കാലയളവിലാണ്. എന്നാൽ ആ മാതൃകയെ തകർത്തെറിഞ്ഞ ഒരു നോൺ ഫെസ്റ്റിവ് ചിത്രമായിരുന്നു പുലിമുരുഗൻ. ഒക്ടോബർ ഏഴിന് തിയറ്ററിലെത്തിയ പുലിമുരുഗൻ മലയാള സിനിമയുടെ സർവകാല റെക്കോർഡ് ആയ 100 കോടി ക്ലബ് ആണ് അന്ന് നമുക്ക് പരിചയപ്പെടുത്തുന്നത്. 85 തിയറ്ററുകളിലായി 350 ഓളം സ്‌ക്രീനുകളിൽ 630 ഷോ കളിച്ച ചിത്രം കേരളത്തിലെ അന്നത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ ആയ 4.05 കോടി നേടി റെക്കോർഡിട്ടു.

പിന്നീട് 2019 ൽ പൃഥ്വിരാജിന്റെ ആ​ദ്യ സംവിധാന സംരഭമായി ലൂസിഫർ തിയറ്ററുകളിലെത്തി. കേരളത്തിൽ മാത്രം 400 ഓളം സ്‌ക്രീനിൽ ഇറങ്ങിയ ചിത്രം മൂവ്വായിരത്തോളം സ്‌ക്രീനുകളിൽ worldwide റിലീസ് ചെയ്ത് ചരിത്രമാകുകയും ചെയ്തു. യു എ ഇ യിൽ 744 സ്‌ക്രീനുകളിൽ എത്തിയ ചിത്രം ആ സമയത്തെ റെക്കോർഡ് റിലീസ് ചിത്രമായിരുന്നു.

എന്നാൽ പുലിമുരുകന്റെ ആ ഇൻഡസ്ട്രി റെക്കോർഡ് തകർക്കാൻ പിന്നീട് മലയാള സിനിമയ്ക്ക് കാത്തിരിക്കേണ്ടി വന്നത് നീണ്ട ഏഴ് വർഷമാണ്. അതിനിടെയിൽ മോഹൻലാൽ എന്ന നടന്റെ കരിയറിൽ പല താളപ്പിഴകളും സംഭവിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട മോഹൻലാലിലെ

അഭിനയ പ്രതിഭ മങ്ങി തുടങ്ങിയെന്നും ഇനി തിരിച്ചു വരവില്ലെന്നും അഭിപ്രായങ്ങളുയർന്നു. 2023 ലും 24 ൽ യഥാക്രമം 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങൾ മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റ് ആയി. പുതിയ തലമുറയുടെ കാലത്തേക്ക് മലയാള സിനിമ ചരിച്ചു തുടങ്ങി. പക്ഷേ ആ സിനിമകൾക്കൊന്നും തിയറ്ററിൽ ഒരു 100 കോടി തിയറ്റർ ഷെയർ എന്ന നേട്ടത്തിലേക്ക് സഞ്ചരിക്കാൻ കഴിഞ്ഞില്ല. മലയാള സിനിമ ചരിത്രത്തിൽ അത് എഴുതി ചേർക്കാൻ വീണ്ടും നമുക്കൊരു മോഹൻലാൽ ചിത്രം വേണ്ടി വന്നു. കേരളാ ബോക്സ് ഓഫീസിന്റെ ഡൈനാമിക്‌സുകളെ നിർദാക്ഷണ്യം മാറ്റിയെഴുതാൻ ആദ്യ ദിന ഓപ്പണിം​ഗ് കളക്ഷനിൽ റെക്കോർഡ് തീർക്കാൻ നമുക്ക് ഇന്നും ഒരു മോഹൻലാൽ ചിത്രം വേണം. ആരോ പറഞ്ഞത് പോലെ നമുക്കൊരൊറ്റ മോഹൻലാൽ അല്ലേ ഉള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in