മോഹൻലാൽ - വിസ്മയങ്ങളുടെ അവസാനിക്കാത്ത ഖനി

ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദ സഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിനെ തേടിയെത്തിയിരിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ അങ്ങ് അത്ഭുതപ്പെട്ട് പോകുന്നൊന്നുമില്ല, കാരണം അതെപ്പോഴും മോഹൻലാലിന് അടുത്തുകൂടി സഞ്ചരിക്കുകയായിരുന്നു. ഇത് അൽപം നേരത്തെ ആയിരുന്നെങ്കിൽ പോലും ഞാൻ അത്ഭുതപ്പെടില്ല. ‌മോഹൻലാലിന്റെ പുരസ്കാര നേട്ടത്തിൽ സംവിധായകൻ ഫാസിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നത് ഇങ്ങനെയാണ്. ഫാൽക്കെ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടന് ഇതിനും മുമ്പേ അയാൾ അത് അർഹിച്ചിരുന്നുവെന്ന് പറയുകയാണ് ഒരു സംവിധായകൻ. അദ്ദേഹം അത് പറയുമ്പോൾ ഒരു മോഹൻലാൽ ആരാധകൻ അല്ലെന്നിരിക്കില്ലും നിങ്ങൾക്ക് അതിനോട് യോജിക്കുകയല്ലാതെ മറ്റു മാർ​ഗങ്ങളില്ല.

1986 എന്ന ഒറ്റ വർഷത്തിൽ 34 - 36 സിനിമകളോളം റിലീസിനെത്തിയ കാലമുണ്ട് മോഹൻലാലിന്. ​ഗോപാലകൃഷ്ണ പണിക്കരെയും, ടിപി ബാല​ഗോപാലനെയും വിൻസെന്റ് ​ഗോമസിനെയും, സോളമനെയും, വിനുവിനെയും കുറ്റബോധത്തിന്റെ പശ്ചാത്താപത്തിന്റെയും ഉള്ളിലകപ്പെട്ട് പോയ ഹരിദാസിനെയും സർവകലാശാലയിലെ ലാലേട്ടനെയും സാ​ഗർ ഏലിയാസ് ജാക്കിയെയും എല്ലാം ആ ഒരൊറ്റ വർഷത്തിലാണ് ആ മനുഷ്യൻ മലയാളത്തിന് സമ്മാനിച്ചിട്ട് പോയത്. ഒന്നോർത്ത് നോക്കൂ. ഒരറ്റത്ത് നിന്ന് മറ്റേതോ ഒരു അറ്റത്ത് നിൽക്കുന്ന കഥപാത്രങ്ങളാണ് ഇവയെല്ലാം. ഒരോന്നിലും ഓരോ മോഹൻലാൽ ഭാവങ്ങൾ. കുഞ്ഞിക്കുട്ടൻ ആശാനായി മോഹൻലാൽ ഒരു പരകായ പ്രവേശം നടത്തിയപ്പോൾ വാനപ്രസ്ഥത്തിന് 5 മിനിറ്റോളം നീണ്ട സ്റ്റാണ്ടിം​ഗ് ഓവേഷനാണ് കാൻസ് ഫിലിം ഫെസ്റ്റിവലിൽ ലഭിച്ചത്. സദയത്തിൽ മതിഭ്രമം ഒരു മനുഷ്യ മനസ്സിനെ കീഴടക്കുന്ന എക്സ്റ്റാറ്റ് മൊമെന്റിനെ കണ്ണിലെ ഒരു തിളക്കം കൊണ്ട് അവതരിപ്പിച്ച ലാൽ, പ്രണയത്തിനെ അതിന്റെ പരകോടിയിൽ വരച്ചിട്ടൊരു ലാൽ, മറവി എന്ന അവസ്ഥയെ ഇനിയൊരാൾക്കും ആവർത്തിക്കാനാവാത്ത വിധം അതിന്റെ ഏറ്റവും തീവ്രതയിൽ ജീവിച്ചു കാണിച്ചൊരു ലാൽ. സ്ക്രീനിൽ മോഹൻലാൽ സ്നേഹിക്കുമ്പോൾ അവിടെ സ്നേഹിക്കപ്പെടുന്നത് താനാണ് എന്ന് തോന്നിപ്പിക്കുന്ന മായാജാലം. മലയാളിയുടെ പ്രണയഭാവത്തിന് പതിറ്റാണ്ടുകൾക്കിപ്പുറവും മോഹൻലാലിന്റെ കണ്ണിറുക്കിച്ചിരിക്കുന്ന മുഖം. കോമഡിയുടെ രാജാക്കന്മാർക്കൊപ്പം ഒപ്പത്തിനൊപ്പം നിൽക്കുന്ന ഹ്യുമർ ടൈമിം​ഗ്. സ്ക്രീൽ സ്വയം കരയാതെ കാണിയെ കരയിപ്പിക്കുന്ന ലാൽ. അങ്ങനെ അങ്ങനെ എത്ര എണ്ണിയാലൊടുങ്ങാത്ത ലാലിനെ മലയാളം കണ്ടു.

വേർസറ്റാലിറ്റിക്ക് ഏറ്റവും നച്ചുറൽ ആയ ഒരു ഭാവം നൽകിയ നടൻ. തന്റെ തോളിന്റെ ചെറിയൊരു ചരിവിനെ ആർക്കും പകരം വയ്ക്കാത്ത അടയാളമാക്കി മാറ്റിയ പ്രതിഭ. കുറവ് എന്ന് പലകാലം പലപേർ കുറ്റപ്പെടുത്തിയ ആ ചരിവിനെ കാല​ഗതിയിൽ വലിയൊരു തലമുറയെക്കൊണ്ട് അനുകരിപ്പിച്ച പഠിപ്പിച്ച അയാളുടെ സൂപ്പർസ്റ്റാർ പവർ.

2025 ലെ മോഹൻലാൽ എഫക്ടിനെക്കുറിച്ച് പറഞ്ഞു തുടങ്ങും മുമ്പേ അത്ര കാലപ്പഴക്കം ചെന്നിട്ടില്ലാത്ത ഒരു കഥ നിങ്ങളറിഞ്ഞിരിക്കണമെന്ന് എനിക്ക് തോന്നി. കഴിഞ്ഞ വർ‌ഷം, അതായത് 2024 അവസാനിക്കുമ്പോൾ കേരളാ ബോക്സ് ഓഫീസ് കളക്ഷൻ പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്ത് പോലും മോഹൻലാൽ എന്ന നടന്റെ പേരോ സിനിമയോ ഉണ്ടായിരുന്നില്ല. പരാജയ കാലത്ത്, പലതവണത്തെപ്പോലെ തന്നെ അന്നും ബോക്സ് ഓഫീസിലെ അയാളുടെ പ്രതാപകാലം അവസാനിച്ചെന്ന് ശ്രൂതി പരന്നു, കളിയാക്കലുകൾ ഉയർന്നു. പക്ഷേ പ്രതീക്ഷ നഷ്ടപ്പെടാതെ 2025 അയാളുടേതായിരിക്കുമെന്ന് സോഷ്യൽ മീഡിയയിൽ വിളിച്ച് പറഞ്ഞ് ആ പരാജയത്തിലും അയാൾക്കൊപ്പം ഒരു വലിയ കൂട്ടം മനുഷ്യർ ഇവിടെ നില കൊണ്ടു. 2025 ൽ തന്നെ ചേർത്തു പിടിച്ച ആ വലിയ കൂട്ടത്തിന് നടുവിലേക്ക് അയാൾ തിരിച്ചെത്തി. ഒറ്റ വർഷത്തിൽ രണ്ട് 200 കോടി ക്ലബ്ബുകൾ സ്വന്തമാക്കുന്ന ആദ്യത്തെ മലയാള നടൻ ആയി, ആ വർ‌ഷത്തെ ഇൻഡസ്ട്രി ഹിറ്റ് സൃഷ്ടിച്ചു. ഇപ്പോൾ അതാ ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ഫാൽക്കെ പുരസ്കാരം നേടുന്ന ആദ്യത്തെ മലയാള അഭിനേതാവ് ആയി. പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി, രണ്ടാമത്തെ കേരളീയനായി.

9 സ്റ്റേറ്റ് അവാർഡ്, 5 ദേശീയ അവാർഡ്, ലെഫ്റ്റനന്റ് കേണൽ, ഡബിൾ ഡോക്ടറേറ്റ്, ബ്ലാക്ക് ബെൽറ്റ്‌, ഗിന്നസ് വേൾഡ് റെക്കോർഡ്, പത്മശ്രീ, പത്മഭൂഷൺ തുടങ്ങി മോഹൻലാലിന്റെ പുരസ്കാര നിര നമുക്ക് എണ്ണിയൊടുങ്ങാനാവാത്ത വിധം അങ്ങനെ നീണ്ടു കിടക്കും. 47 വർഷം നീണ്ട അഭിനയ ജീവിതത്തിൽ 360 ഓളം ചിത്രങ്ങൾ, അതിൽ തന്നെ 100 ചിത്രങ്ങളോളം മറ്റുഭാഷകളിൽ റീമേക്ക് ചെയ്യപ്പട്ട നടൻ.

മലയാളത്തിലെ ആദ്യത്തെ ഓസ്കർ എൻട്രിയും ആദ്യത്തെ 50 കോടിയും 100 കോടിയും 200 കോടിയും മോഹൻലാലിന്റെ പേരിലാണ്. ഏറ്റവും കുടുതൽ ഇൻഡസ്ട്രി ഹിറ്റുകളും ആ പേരിനൊപ്പം തന്നെ.

ബോക്സ് ഓഫീസും കോടി കണക്കുകളും മാറ്റിവെയക്കാം. ഒരു മോ​ഹൻലാൽ സിനിമ കണ്ട് കരായത്ത, ചിരിക്കാത്ത, നൊമ്പരപ്പെടാത്ത സർവ്വോപരി അത്ഭുതപ്പെടാത്ത ഒരാളെങ്കിലും നമുക്കുണ്ടാകുമോ? മലയാളത്തിന്റെ ഏറ്റവും വലിയ പോപ്പ് കൾച്ചർ ഐക്കൺ മോഹൻലാൽ ആണെന്ന് അവകാശപ്പെട്ടാൽ സമ്മതിച്ച് നൽകാതെ നമുക്ക് നിവൃത്തിയുണ്ടോ?

2025 അയാൾടെ കാലമല്ലേ എന്ന് പറയുമ്പോഴും നിരന്തരമായി വേട്ടയാടുന്നൊരു വലിയ കൂട്ടത്തിന് നടുവിലാണ് മോഹൻലാൽ ഇറങ്ങി നിൽക്കുന്നത്. ഒരു പരസ്യ ചിത്രത്തിൽ തന്റെയുള്ളിലെ സ്ത്രൈണതയെ വരച്ച് കാട്ടിയപ്പോഴും, മലയാളത്തിലെ ഏറ്റവും വലിയൊരു റിയാലിറ്റി ഷോയിൽ ക്വീർ കമ്മ്യൂണിറ്റിയെ ചേർത്ത് പിടിച്ചതിനും മോഹൻലാലിനെ വെറുക്കാത്ത മനുഷ്യരില്ല. പലകാലങ്ങൾക്ക് മുമ്പേ മലയാളിയുടെ സൗന്ദര്യ സങ്കൽപ്പത്തിന് മേലെ Beauty lies in flesh not in bones എന്നൊരു സ്റ്റേറ്റ്മെന്റ് പറഞ്ഞു വച്ച മോഹൻലാൽ കാലത്തിനൊപ്പം സഞ്ചരിക്കാതെ മറ്റെന്തു ചെയ്യുമെന്നാണ്.

മസ്ക്യുലിനിറ്റിയെ അതിന്റെ പീക്കിൽ അവതരിപ്പിച്ച് കയ്യടി വാങ്ങിയ, ഇന്നും ഒന്ന് മീശ പിരിച്ചിറങ്ങിയാൽ മലയാളികൾ ഒന്നാകെ മുട്ടുമടക്കി പോകുന്നൊരു ഓറ സ്വന്തമായി കാത്തുവെയ്ക്കുമ്പോഴും തെരഞ്ഞെടുപ്പുകളിൽ യാതൊരുവിധ ജഡ്ജമെന്റും നടത്താത്ത ഒരു അഭിനേതാവ്. ക്യാമറ ഓൺ ആക്കി ആക്ഷൻ പറഞ്ഞു തുടങ്ങിയാൽ പിന്നീട് കാണി കാണുക ഒരു മായാജാലക്കാരനെയാണ്. ആവറേജ് റെസ്പോൺസ് നേടുന്നൊരു ചിത്രം പോലും കേരളാ ബോക്സ് ഓഫീസിനെ വിറപ്പിക്കുന്ന മോഹൻലാൽ എഫക്ടിന് പിന്നിലുള്ള സൂത്രത്തെക്കുറിച്ച് ചോദിച്ചാൽ അയാൾക്ക് ഇന്നും അത് അ‍ജ്ഞാതമാണ്. രഞ്ജിപ്പണിക്കർ വിശേഷിപ്പിക്കുന്നത് പോലെ വിസ്മയങ്ങളുടെ അവസാനിക്കാത്ത ഖനിയാണ് മോഹൻലാൽ. തരുൺ മൂർത്തി തന്റെ സ്ക്രീന്റെ അവസാനത്തിൽ എഴുതി കാണിക്കും പോലെ മലയാളത്തിന്റെ മോഹൻലാൽ തുടരുകയാണ്. അതിശയിപ്പിച്ചും ആവേശം കൊള്ളിച്ചും മലയാള സിനിമയെ അയാൾ ലോകത്തിന് മുന്നിൽ സമർപ്പിക്കുകയാണ്. ഓൺ സ്ക്രീനിൽ ആ വിസ്മയത്തിന് നമ്മുടെ തലമുറ സാക്ഷ്യം വഹിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in