Mohanlal as Common Man

മോൺസ്റ്റർ, എലോൺ എന്നീ സിനിമകൾ തിയറ്ററുകളിലെത്തിയപ്പോൾ സാധാരണ പ്രേക്ഷകർക്കൊപ്പം കടുത്ത ആരാധകർ കൂടി ആശങ്കയോടെ പറഞ്ഞു, മോഹൻലാലിലെ താരത്തിനും നടനും തിരഞ്ഞെടുപ്പുകൾ പിഴച്ചുകൊണ്ടേയിരിക്കുന്നു. നാല് പതിറ്റാണ്ടിലേറെയായി മോഹൻലാലിലെ നൈസർ​ഗിക പ്രകടനങ്ങളുടെ പല താളങ്ങൾ കണ്ടുകൊണ്ടേയിരുന്ന പ്രേക്ഷകർക്കും അതേ സംശയമുണ്ടായി. ഒരുപക്ഷെ മോഹൻലാലിലെ നടൻ എന്നോ നഷ്ട്ടപെട്ടു, അയാൾക്കിനിയൊരു തിരിച്ചുവരവുണ്ടാകില്ല എന്ന് അവരിൽ പലരും ഉറപ്പിച്ചു.

നേരിലെ മോഹൻലാലിൻറെ വിജയ്മോഹൻ ഒരു സ്റ്റെമെന്റ്റ് ആയി തന്നെ അവശേഷിക്കുന്നു. തന്നിലെ നടന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും ഇനിയും ഒരുപാട് സൂക്ഷ്മാഭിനയത്തിന്റെ തട്ടകങ്ങൾ തനിക്ക് മുന്നിൽ തുറന്നുകിടക്കുന്നുണ്ടെന്നും മോഹൻലാൽ വീണ്ടും തെളിയിക്കുന്നു. മോഹൻലാൽ വിസ്മയങ്ങളുടെ അവസാനിക്കാത്ത ഖനിയാണ്. അണ്ടർപ്ലേയിലൂടെയും സാധാരണക്കാരന്റെ കുപ്പായമണിഞ്ഞും ഇനിയും മോഹൻലാലിനെ നടൻ നമ്മുക് മുന്നിലെത്തും എന്ന ഉറപ്പാണ് വിജയ്‌മോഹൻ നമുക്ക് നൽകുന്നത്.

മീശ പിരിച്ചും മുണ്ടുമടക്കി കുത്തിയും പഞ്ച് ഡയലോഗുകളിലൂടെയും, ഭാവാഭിനയ വൈവിധ്യം കൊണ്ടും ഒരു ജനതയുടെ തന്നെ ആവേശമായി മാറിയ നടൻ. എന്നാൽ അമാനുഷികതയില്ലാത്ത, ആൾക്കൂട്ടത്തിന്റെ ആരവമോ അതിനായകനോ അല്ലാത്തൊരു മോഹൻലാൽ ഉണ്ട്. ആണത്ത അഹന്തയുടെ കെട്ടുപാടുകൾ ഇല്ലാതെ, സൂപ്പർനായക പരിവേഷം അഴിച്ചുവെച്ച് മണ്ണിലേക്കിറങ്ങിയ കഥാപാത്രങ്ങൾ. അയാൾ ഉള്ളുലച്ച് പൊട്ടിക്കരയാറുണ്ട്, പുറത്തറിയിക്കാതെ ഉള്ളാലെ വിങ്ങാറുണ്ട്. ആ വരവുകളിലൊക്കെയും മലയാളി അകമേയും പുറമേയും വിങ്ങിയിട്ടുണ്ട്, പൊട്ടിക്കരഞ്ഞിട്ടുണ്ട്, അയാളുടെ കഷ്ട നഷ്ടങ്ങളത്രയും ‍ഞങ്ങളുടേത് കൂടിയെന്ന് ആവർത്തിച്ചിട്ടുണ്ട്.

നേര് വിജയിക്കുമ്പോൾ മലയാളിയിലെ സാധാരണക്കാരനെ അയാളുടെ തോൽവികളെയും, ആശങ്കകളെയും എല്ലാ കാലത്തും പ്രതിനിധീകരിക്കുന്നൊരു മോഹൻലാൽ കഥാപാത്രം കൂടിയാണ് വിജയിക്കുന്നത്. അതിനൊപ്പം മോഹൻലാൽ എന്ന നടന്റെ അണ്ടർപ്ലേ റോളുകളിലൊന്ന് കൂടി വിജയം വരിക്കുകയാണ്. . പേരിൽ വിജയമോഹൻ എന്നുണ്ടെങ്കിലും പരാജയങ്ങൾ പാരമ്യത്തിൽ തന്നിലേക്ക് വലിച്ചടച്ച വാതിലുകളുള്ള വലിയ വീട്ടിലാണ് നേരിലെ പരാജിതനായ നായകൻ. പുറത്ത് നിന്നൊരാളെത്തി വാതിൽ തുറക്കുമ്പോൾ മാത്രമാണ് പുറത്തെ വെട്ടം അയാളിലേക്ക് പതിയുന്നത്. കഥയിലുടനീളം അയാൾക്ക് പിൻവാങ്ങലുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. എതിര്ഭാഗം വക്കീലിന്റെ വാദങ്ങൾക്ക് മുന്നിൽ വിജയപ്രതീക്ഷകൾ മങ്ങി തലകുനിച്ച് നിൽക്കേണ്ടി വന്നിട്ടുണ്ട്. തീപ്പൊരി സംഭാഷണങ്ങൾ വർഷിക്കുന്ന വക്കീൽ അല്ല അയാൾ, ഒരു യൂബർ കാറിൽ വന്നിറങ്ങുന്ന വിജയ്‌മോഹനിൽ അണ്ടർപ്ലേയുടെ പുതിയ മാനങ്ങൾ മോഹൻലാൽ നമുക്കായി കാഴ്ചവെക്കുന്നു.

എന്നാൽ ആരാധകവൃന്ദങ്ങളെ തൃപിതിപ്പെടുത്തുന്ന മാസ്സ് കഥാപാത്രങ്ങൾക്കും മുകളിൽ, നേരിലെ വിജയ്‌മോഹനും മുകളിൽ സാധാരണക്കാരനെ പ്രതിനിധീകരിച്ച് അയാൾ പ്രേക്ഷകരെ പലപ്പോഴായി വിസ്മയിപ്പിച്ചിട്ടുണ്ട്. നാടോടിക്കാറ്റിൽ കാശില്ലാതെ നട്ടംതിരിഞ്ഞ് ദാസൻ മണ്ണെണ്ണക്കുപ്പിയുമായി മീനയുടെയും ശോഭനയുടെയും വീട്ടിലെത്തുന്ന ഘടത്തിൽ നിസഹായ ആ സാധാരണക്കാരനെ കണ്ടിട്ടുണ്ട്. ​സ്വന്തം അമ്മ മരിച്ചത് കത്തിലൂടെ അറിയുന്ന തൊഴില്‍ രഹിതനായ ദാസനെ ഇന്നും റിലേറ്റ് ചെയ്യാന്‍ ഇവിടുത്തെ മധ്യവര്‍ഗ്ഗ പ്രവാസി മലയാളിക്ക് സാധിക്കുന്നുണ്ട്. ഗാന്ധിന​ഗർ സെക്കൻഡ് സ്ട്രീറ്റിലും ടിപി ബാല​ഗോപാലൻ എം.എയിലും ഉണ്ണികളേ ഒരു കഥ പറയാം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ഒപ്പം എന്നീ സിനിമകളിലെല്ലാം ജീവിതത്തിന്റെ പല കോണുകളിലായി തരിച്ച് നിൽക്കുന്ന അതിനായകത്വമില്ലാത്തൊരു മോഹൻലാലിനെ പ്രേക്ഷകർ കണ്ടു. രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞെത്തുന്ന അനിയത്തിക്ക് നേരെ മുഷിഞ്ഞ അന്‍പത് രൂപ നോട്ട് ചുരുട്ടിപ്പിടിപ്പിക്കുന്ന ബാലഗോപാലന്‍ ഇന്നിന്റെ പ്രതീകമാണ്. മധ്യവര്‍ഗ്ഗ മലയാളിയായി അയാള്‍ സ്‌ക്രീനിലെത്തുന്ന സമയങ്ങളിലെല്ലാം ഏത് കാലഘട്ടത്തിലെയും യുവാക്കള്‍ക്ക് അയാളില്‍ സ്വയം അവരെ തന്നെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അയാള്‍ സംസാരിച്ച സിനിമകളിലൊക്കെയും തോറ്റുപോകുന്ന, വ്യവസ്ഥിതി വില്ലനാവുന്ന, അതില്‍ സ്വയം പ്രതീക്ഷ കൈവിട്ട് പോകുന്ന സധാരണക്കാരനുണ്ട്. അയാളുടെ ശരീരം പോലും ഒരു ശരാശരിക്കാരന്റേതായിരുന്നു. 80 90 കാലഘട്ടത്തിലെ സത്യൻ അന്തിക്കാട്, പ്രിയദർശൻ സിനിമകളിലൂടെ മോഹൻലാൽ സാധാരണക്കാരിലേക്ക് അസാധാരണത്വം ഇല്ലാതെ ഇറങ്ങിച്ചെന്നു. വെള്ളാനകളുടെ നാടിലെ കോൺട്രാക്ടർ സി പി ആയും, നാടോടിക്കറ്റിലെ ദാസനായും, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ സേതുയായും അയാൾ കൂടുവിട്ട് കൂടുമാറ്റം പലപ്പോഴായി ചെയ്തുകഴിഞ്ഞു.

ഏയ് ഓട്ടോയിലെ സുന്ദരിയെയും ഡ്രൈവർ സുധിയേയും മലയാളികൾക്ക് അത്രപെട്ടെന്ന് മറക്കാനാവില്ല. ഭക്ഷണത്തിന്റെ മുന്നിൽനിന്ന് അപമാനിതനായി ഇറങ്ങിപ്പോകുന്ന സുധിയെ കലങ്ങിയ കണ്ണുകളോടെയാകും നമ്മൾ കണ്ടത്. കാലമത്രയും മരുപ്പച്ചയിൽ അഭയം തേടി സ്വന്തം നാട്ടിൽ ഒരു ബിസിനെസ്സ് തുടങ്ങി ബാക്കിയുള്ള കാലം തന്നെ സ്നേഹിക്കുന്നവർക്കിടയിൽ കഴിയാൻ വരുന്ന വരവേൽപ്പിലെ ഗൾഫ് മോട്ടോർസ് ഉടമ മുരളിയും അയാളുടെ പ്രതിസന്ധികളും ഏതൊരു സാധാരണക്കാരന്റെ പ്രശ്നം കൂടിയായി മാറുന്നു. സ്വന്തം കുടുംബത്തിനായി രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന മിഥുനത്തിലെ സേതുമാധവനും ബാലേട്ടനിലെ അത്താണിപറമ്പിൽ ബാലചന്ദ്രനുമൊക്കെ മലയാളിക്ക് പ്രിയപെട്ടതാകുന്നത് അവ കാഴ്ചക്കാരന്റെ ജീവിതത്തിന്റെ നേര്കാഴ്ചകൂടിയാകുന്നത് കൊണ്ടാണ്‌, ഒപ്പം താരപ്രഭയുടെ കെട്ടുപാടുകളിലാതെ മോഹൻലാലാലെന്ന പ്രതിഭയുടെ അനായാസ അഭിനയം കൊണ്ടുമാണ്. വെറും ആറാം ക്ലാസുകാരന്റെ ബുദ്ധിയല്ല എന്ന് ജോർജ്കുട്ടിയെ വിശേഷിപ്പിക്കുമ്പോഴും അയാളവിടെ അമാനുഷികനല്ല, ഒരു കുടുംബനാഥനാണ് ഒരച്ഛനാണ്‌. അത് അവതരിപ്പിക്കുന്നത് മോഹൻലാൽ കൂടിയാകുമ്പോൾ അതീന് പൂർണത കൈവരിക്കാൻ ഒരുപാട് താമസമുണ്ടാകില്ല.

സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഊന്നി കഥാപാത്രങ്ങളും അടിമുടി ഇളകിയാടി പെർഫോം ചെയ്യുന്ന മോഹൻലാലിനെയാണ് സിനിമകളിൽ എക്കാലവും ആഘോഷിച്ചതെങ്കിലും അത്ര തന്നെ ത്രസിപ്പിക്കുന്ന സട്ടിൽ ആയ കഥാപാത്രങ്ങളും പെർഫോർമൻസും മോഹൻലാലിന്റേതായുണ്ട്.മുഖം, സദയം, സീസൺ, വാസ്തുഹാര, മായാമയൂരത്തിലെ കൃഷ്ണനുണ്ണി തുടങ്ങിയ അണ്ടർപ്ലേ കൊണ്ട് സൂക്ഷ്മാഭിനയ ശേഷി കൊണ്ട് മോഹൻലാൽ അനുപമമമാക്കിയ കഥാപാത്രങ്ങളും സിനിമകളും നിരവധിയുണ്ട്. വിജയമോഹൻ ആ ലീ​ഗിലേക്കാണ് പ്രവേശിക്കുന്നത്. i am not fit for the case എന്ന് വിജയ്‌മോഹൻ പറയുമ്പോൾ ആ മുഖത്ത് എന്നോ പിൻവാങ്ങിയ, തളർന്ന ഒരു അഭിഭാഷകനെ കാണാനാകും. ചിത്രത്തിനുള്ളനീളം മറ്റുള്ളവരെ അവരുടെ മുഴുവൻ പൊട്ടൻഷ്യൽ പ്രകടിപ്പിക്കാൻ അനുവദിച്ച് മോഹൻലാൽ ഒരു പിൻസീറ്റ് കാഴ്ചക്കാരനാകുന്നുണ്ട്. എന്നാൽ കൃത്യമായ ഇടവേളകളിൽ തന്റെ കഥാപാത്രത്തിനാവശ്യമായ ഉയർത്തെഴുന്നേൽപ്പും വിജയങ്ങളും അയാൾക്കുണ്ടാക്കുന്നുണ്ട്. കണ്ടുശീലിച്ച കോർട്ട് റൂം സിനിമകളിൽ നിന്നുമാറി വളരെ പക്വവും യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന കഥയിൽ ജീത്തു ജോസഫ് മോഹൻലാലെന്ന നായകനെ പ്രതിഷ്ട്ടിച്ചപ്പോൾ അണ്ടർപ്ലേയ് കൊണ്ടും സൂക്ഷാഭിനയം കൊണ്ടും മറ്റൊരു മികച്ച കഥാപാത്രം മോഹൻലാൽ തനതായ ശൈലിയിൽ സൃഷ്ട്ടിക്കുകയുണ്ടായി.

Related Stories

No stories found.
logo
The Cue
www.thecue.in