‘എനിക്കേറ്റ മുറിവുകളിൽ നിന്നുള്ള എന്റെ അതിജീവനമാണ് അപ്പുറം’; IFFK-യിൽ തന്നെ ചിത്രം വരുന്നത് നിയോഗം; ഇന്ദു ലക്ഷ്മി അഭിമുഖം

‘എനിക്കേറ്റ മുറിവുകളിൽ നിന്നുള്ള എന്റെ അതിജീവനമാണ് അപ്പുറം’;  IFFK-യിൽ തന്നെ ചിത്രം വരുന്നത് നിയോഗം; ഇന്ദു ലക്ഷ്മി അഭിമുഖം
Published on

'നിള' എന്ന ആദ്യ ചിത്രത്തിന് ശേഷം ഇന്ദു ലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അപ്പുറം'. കെഎസ്എഫ്ഡിസി നിർമ്മിച്ച നാല് ചിത്രങ്ങളിൽ ഒന്നായിരുന്നു നിള. നിളയുടെ നിർമ്മാണ സമയത്ത് താൻ കെഎസ്എഫ്ഡിസി ചെയർമാനിൽ നിന്നും നേരിട്ട പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് ഇന്ദു രംഗത്ത് വന്നിരുന്നു. നിളയിൽ ഞാൻ നേരിട്ടത് തുടരേയുള്ള അബ്യൂസ് ആയിരുന്നു. അതിന്റെ ഓരോ ഘട്ടത്തിലും മാനസികമായി തളർത്തുന്ന കാര്യങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും ഇന്ദു പറയുന്നു. എന്നാൽ രണ്ടാം ചിത്രം 'അപ്പുറം', അതിൽ നിന്നെല്ലാമുള്ള ഹീലിംഗ് ആണ്. ചിത്രം ഐഎഫ്എഫ്കെ-യിൽ തിരഞ്ഞെടുക്കപ്പെട്ട വേളയിൽ ഇന്ദു ലക്ഷ്മി ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

Menstrual myth - എന്നതിൽ സിനിമ എടുക്കുക എന്നത് ഒരു സാഹസമാണ്, മതവികാരം കൂടിയാണല്ലോ ഒരു തരത്തിൽ. പൊതുജനത്തിൽ നിന്ന് ലഭിച്ചേക്കാവുന്ന തിരിച്ചടി പ്രതീക്ഷിച്ചിരുന്നോ?

ഇത് മതവികാരം എന്ന് പൂർണ്ണമായി പറയാൻ സാധിക്കില്ല. ഇതൊരു ദുരചാരത്തിന് എതിരെയാണ്. അത് രണ്ടും തമ്മിൽ കൺഫ്യൂസ്ഡ് ആയിപ്പോകാറുണ്ട്. അവിടെയാണ് സാധാരണ പ്രശ്‌നം വരുന്നത്. മതം വേറെ അനാചാരം വേറെ. ഈ സിനിമയിൽ കാണിച്ചിരിക്കുന്നത് ഹൈന്ദവ വിശ്വാസത്തിൽ ഉള്ള കാര്യങ്ങളല്ല. ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ ഇത് മനസ്സിലാക്കി, സ്ക്രിപ്ചെഴ്സ് ഒക്കെ വായിച്ച ആളാണ്. എന്റെ ഊർജ്ജം എന്ന് പറയുന്നത് ആ തിരിച്ചറിയാലുകൾ തന്നെയായിരുന്നു. സിനിമയിൽ ആണെങ്കിലും മതത്തിന്റെതായ ചിഹ്ന്ങ്ങൾ ഒന്നും ഉപയോഗിച്ചിട്ടില്ല. അത് ബോധപൂർവം ഒഴിവാക്കിയതാണ്. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്തരുത് എന്ന് ചിന്തിച്ചു കൊണ്ട് തന്നെ. അതിന് ധൈര്യം എന്നതിനപ്പുറത്തേക്ക് എനിക്കത് ഒരു പ്രശ്നമായി തോന്നിയില്ല. സാഹസം എന്ന് ഇപ്പോൾ കേൾക്കുമ്പോഴാണ് ആലോചിക്കുന്നത്.

സിനിമയുടെ മൊത്തത്തിൽ ഉള്ള ഘടനയിൽ ഇത് മാത്രമല്ല പറഞ്ഞ് പോകുന്നത്. ഇത് മാത്രം ലൗഡ് ആക്കാനും ഞാൻ ഇഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് അതിന്റെ ഒരു ക്ലോസ് ഷോട്ട് പോലും ഇല്ല. ഞാൻ വിശ്വസിക്കുന്ന ഒരു ഫിലോസഫി തന്നെയാണത്. അതുകൊണ്ട് അതൊരു റിബൽ ആയി എനിക്ക് തോന്നിയിട്ടില്ല എന്നതാണ് സത്യം.

നിളയിൽ നിന്ന് അപ്പുറത്തിലേക്കുള്ള ജേർണി

നിളയിൽ ഞാൻ നേരിട്ടത് തുടരേയുള്ള അബ്യൂസ് ആയിരുന്നു. അതിന്റെ ഓരോ ഘട്ടത്തിലും മാനസികമായി തളർത്തുന്ന കാര്യങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. കെഎസ്എഫ്ഡിസിയിൽ ഉള്ള അധികാരികൾക്ക് ഒരു ഗ്യാസ്‌ലൈറ്റിങ് ടെൻഡൻസി ഉണ്ട്. നമ്മളോട് തെറ്റ് ചെയ്തിട്ട് നമ്മളാണ് തെറ്റ് ചെയ്തത് എന്ന് വരുത്തി തീർക്കാനുള്ള ഒരു എഫർട്ട് ഉണ്ടായിരുന്നു. നിരന്തരം അതൊരു ട്രോമ ആയിരുന്നു. കെഎസ്എഫ്ഡിസിയുടെ ചെയർമാൻ ആണെങ്കിലും എപ്പോഴും പറയുന്നത് നിങ്ങൾക്ക് ഇത് ചെയ്യാൻ സാധിക്കില്ല എന്നാണ്. നിങ്ങൾ ആർട്ടിസ്റ്റ് അല്ല, നിങ്ങളൊക്കെ മീഡിയോക്കർ സംസ്കാരത്തിൽ നിന്ന് വരുന്നതാണ് എന്നൊക്കെ പറഞ്ഞ് നമ്മുടെ ആത്മവിശ്വാസം കെടുത്തുന്ന സംഭാഷണങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. അവിടെയുള്ള സ്റ്റാഫുകൾ ആണെങ്കിലും കളിയാക്കലും, പേഴ്സ്ണൽ ടാർഗറ്റിങ്ങും ആയിരുന്നു. ഇതിലൂടെയൊക്കെയാണ് നിള തീർത്തെടുത്തത്.

ഈ മുറിവുകളിൽ നിന്ന് എനിക്ക് അതിജീവിക്കണം എന്നുണ്ടായിരുന്നു. മറ്റൊരു സിനിമ ചെയ്യണം എന്നുണ്ടായിരുന്നു. ഞാൻ ഇവിടെ നിലനിൽക്കുന്നുണ്ട് എന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്തണമായിരുന്നു.

ഹൃദയത്തിന്റെ ഉള്ളിൽ ഞാൻ ഒരു പെൺകുട്ടി തന്നെയായിരുന്നു. എന്റെ വളർച്ചയുണ്ട്. അതിലുണ്ടാകുന്ന മുറിവുകൾ പൂർണ്ണമായും ഉണങ്ങാതെയാണ് മറ്റു കാര്യങ്ങളിലേക്ക് നമ്മൾ കടക്കുന്നത്. ജാനകി എന്ന കഥാപാത്രം എന്റെ പ്രായത്തിൽ എത്തുമ്പോൾ അവൾക്ക് ഇതുപോലെ ഒരു അക്രമം നേരിടേണ്ടി വരികയാണെങ്കിൽ അവൾ തീർച്ചയായും ഉണങ്ങാത്ത ആ മുറിവിലേക്ക് തിരിച്ചു പോകും. അതാണ് ‘അപ്പുറം’. വളരെ ആത്മകഥാപരമായ ഒരു നരേറ്റീവ് ആണ്. ഇതിലുള്ള പല കാര്യങ്ങളും റിയൽ ലൈഫിൽ നടന്നിട്ടുള്ളതാണ്. ഉള്ളിന്റെ ഉള്ളിലുള്ള ആ മുറിവിൽ നിന്ന് പുറത്തു വന്ന ഒരു വികാരമാണ് അപ്പുറം.

അപ്പുറം എന്ന പേരിലേക്ക്...

അപ്പുറം എന്ന് പറയുമ്പോൾ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഒരു അദർസൈഡ് ഉണ്ട്. ഒന്ന് പ്രകടമായ വശവും, മറ്റേത് നമുക്ക് കാണാൻ സാധിക്കാത്തതും. കൂടാതെ ചിത്രയുടെ ഒരു യാത്രയുണ്ടല്ലോ. ആ യാത്രയിൽ ചിത്ര എത്തിച്ചേരുന്ന ഒരിടം. ആ ഇടത്തെയും സൂചിപ്പിക്കുന്നതാണ് ‘അപ്പുറം’.

ഇവിടെയുള്ള പ്രശ്നങ്ങൾക്കപ്പുറത്തേക്ക് അവർ വേണം എന്ന് വിചാരിച്ച ഒരിടത്തേക്ക് എത്തി. റിയാലിറ്റിയ്ക്ക് അപ്പുറത്ത് നമ്മൾ ഒക്കെ പോകണം എന്നാഗ്രഹിക്കുന്ന ഇടമുണ്ടല്ലോ. അങ്ങനെയുള്ള ഒരു തോന്നലിൽ ഉണ്ടായ പേരാണ്.

‘എനിക്കേറ്റ മുറിവുകളിൽ നിന്നുള്ള എന്റെ അതിജീവനമാണ് അപ്പുറം’;  IFFK-യിൽ തന്നെ ചിത്രം വരുന്നത് നിയോഗം; ഇന്ദു ലക്ഷ്മി അഭിമുഖം
കുടുംബം എന്ന നരബലിസ്ഥലം

മരണം ഒരാളുടെ അവകാശം ആണ് എന്ന കാഴ്ചപ്പാട്?

എക്സ്പ്ലിസിറ്റ്ലി ഞാനത് പറഞ്ഞിട്ടില്ല. പക്ഷെ ചിത്രയുടെ അവസ്ഥ അതാണ്. ജാനകി ആണെങ്കിലും അത് ഉൾക്കൊള്ളുകയാണ്. പരമാവധി പിടിച്ചുനിർത്താൻ ശ്രമിച്ചു, പക്ഷെ ഇതാണ് ചിത്രയുടെ ചോയ്സ്. അമ്മയുടെ മരണശേഷം ഇനി എനിക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നാണ് ജാനകി ചിന്തിക്കുന്നത്. റിയൽ ലൈഫിൽ എനിക്ക് അനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷെ ഈ പൂജയും ആചാരങ്ങളും ഉണ്ടായിരുന്നു. എനിക്ക് എന്തെങ്കിലും ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിക്കാറുണ്ട്.

കഥാപാത്രങ്ങളിൽ നിന്ന് അഭിനേതാക്കളിലേക്ക്

ചിത്ര എന്ന കഥാപാത്രത്തിലേക്ക് മിനി ചേച്ചിയെ ഞാൻ ഓൾറെഡി കണ്ടിരുന്നു. മിനി ഐജി ഡിവോഴ്സ് എന്ന സിനിമയുടെ സംവിധായിക കൂടെയാണ്. ഒരുപാട് വർഷത്തെ തിയറ്റർ എക്സ്പീരിയൻസ് ഉള്ള ഒരാളാണ്. നിളയിലും ചേച്ചി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതുകോണ്ട് തന്നെ ഒരു അഭിനേതാവ് എന്ന നിലയിൽ അവരെ അറിയാം. കെഎസ്എഫ്ഡിസിയുടെ ഓർഗനൈസേഷണൽ ഹാരസ്മെന്റിന്റെ മറ്റൊരു ഇര കൂടെയാണ് മിനി ഐജി. നമ്മുടെ വേദനകൾ കൊണ്ട് ഞങ്ങൾ കണക്റ്റഡ് ആണ്. നിരന്തരമായി ഒരു ഇൻഫീരിയർ ആർട്ടിസ്റ്റ് ആണ് എന്നൊക്കെ കേട്ടുകൊണ്ടിരുന്ന ഒരാളാണ്. പക്ഷെ എനിക്കവരിലെ അഭിനേതാവിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു.

ന്യൂ നോർമൽ എന്ന ഷോർട് ഫിലിമിൽ ആണ് ഞാൻ അനഘയെ കാണുന്നത്. ആ പെർഫോർമൻസ് എനിക്ക് വേണം. കൂടാതെ കഥയുടെ സെൻസിറ്റിവിറ്റി കൂടെ മനസ്സിലാക്കാൻ പറ്റണം എന്നുണ്ടായിരുന്നു. ഞാൻ അനഘയെ കണ്ട് കഥ പറഞ്ഞു കഴിഞ്ഞപ്പോൾ അനഘയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. ഇതെനിക്ക് ചെയ്യാൻ പറ്റുമോ എന്ന സംശയമായിരുന്നു അനഘയ്‌ക്ക് ഉണ്ടായിരുന്നത്. അതെനിക്ക് വിട്ടു തന്നേക്കൂ, ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു.

ജഗദീഷ് സാറിന്റെ കാര്യത്തിൽ ആ സട്ടിൽ പെർഫോമൻസ് നൽകാൻ ഒരു സീനിയർ എക്സ്പീരിയൻസ്ഡ് ആർട്ടിസ്റ്റിനെ സാധിക്കൂ എന്നെനിക്കറിയാമായിരുന്നു. പക്ഷെ എന്റെ ഒരു ബഡ്ജറ്റ് മനസ്സിലാക്കുന്ന ആളും ആകണമായിരുന്നു.

ഞാൻ ജഗദീഷ് സാറിനെ പോയി കണ്ടു, അദ്ദേഹത്തിന് സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടു. മിക്കവാറും എന്റെ ഇൻട്യൂഷൻ ആണ് എന്നെ തീരുമാനങ്ങളിലേക്ക് എത്തിക്കുന്നത്. ജഗദീഷ് സാറിനെ കണ്ടപ്പോൾ എനിക്ക് വേണുവിനെ കാണാൻ പറ്റി. സെൽഫ് പ്രൊഡ്യൂസ് ചെയ്യുന്നത് കൊണ്ട് അത് റിസ്ക് ആണ് എന്നാണ് സാർ ആദ്യം പറഞ്ഞത്. തിയട്രിക്കൽ റിലീസ് ഒന്നും ഒരു ഉറപ്പും ഇല്ലല്ലോ. എനിക്ക് സാറിനെ അല്ലാതെ മറ്റൊരാളെ ആലോചിക്കാൻ പറ്റുന്നില്ലായിരുന്നു. അങ്ങനെ ഞാൻ സാറിനെ വിളിച്ചു പറഞ്ഞു, സാറിന് പറ്റുന്ന ഡേറ്റ്സിൽ നമുക്ക് ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെയാണ് ഈ കഥാപാത്രങ്ങളിലേക്ക് എത്തുന്നത്.

CSPACE എന്ന ഒടിടിയിൽ സിനിമ കാണാൻ സാധിക്കുന്നില്ല എന്ന വാർത്ത

ഇത് നമുക്ക് പറയാനേ പറ്റൂ. ഞാൻ അന്ന് തന്നെ മന്ത്രിയോട് അടക്കം എല്ലാവരോടും പ്രോപ്പർ ആയി ടെസ്റ്റ്‌ ചെയ്യണം പ്ലാറ്റ്ഫോം എന്ന്. ഒടിടി ഒരുപാട് വലിയ പ്ലേയേഴ്സ് ഉള്ള സ്പേസ് ആണ്. അവിടേക്ക് ഗവണ്മെന്റിന്റെതായ ഒരു പ്ലാറ്റ്ഫോം വരുമ്പോൾ ടെക്നിക്കൽ സൈഡ് ഉറപ്പുവരുത്തണം എന്ന് അന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു. അതെല്ലാം നോക്കുന്നത് ഷാജി എൻ കരുൺ ആണ് എന്നാണ് പറഞ്ഞിരുന്നത്. വാട്ടർ ടാങ്ക് ഒരിടത്ത് ലീക്ക് ചെയ്യുമ്പോൾ അവിടെ സിമന്റ് ഒട്ടിക്കുക, മറ്റൊരിടത്ത് ലീക്ക് ആകുമ്പോൾ അവിടെ ഒട്ടിക്കുക എന്ന കണക്കെ ആണ് ഇപ്പോൾ നടക്കുന്നത്. ഈ സിസ്റ്റത്തിന് ഒരു സ്റ്റബിലിറ്റി വേണം. അതിലുള്ള സിനിമകൾ ഒക്കെയും ആളുകൾ ആ ഒടിടിയ്ക്ക് നൽകിയത് ആ സിനിമകൾ ആളുകൾ കാണും എന്ന് പ്രതീക്ഷിച്ചു കൊണ്ടാണ്. നിള പ്ലേ ആകുന്നതിന് ഇടക്ക് വച്ച് നിന്ന്, വീണ്ടും പേയ്‌മെന്റ് ചോദിക്കുകയാണ്. പെയ്മെന്റിലേക്ക് വന്നാൽ ഒരു സിനിമ ഒരു തവണ കാണാൻ 75 രൂപ എന്നതാണ് കണക്ക്. അങ്ങനെ ആണെങ്കിൽ ആളുകൾ കാണില്ല. ഇത് മാറണം. അത് മറ്റും എന്ന് പ്രതീക്ഷിക്കുന്നു.

രണ്ടാം സിനിമ തരുന്ന പ്രതീക്ഷ

രണ്ടാം സിനിമ എനിക്ക് ഹീലിംഗ് പ്രോസസ് ആയിരുന്നു. ചെറിയൊരു കാലയളവിലാണ് സിനിമ ചെയ്തത്. ഈ സിനിമ എനിക്കൊരു പ്രതീക്ഷിയാണ്. ഐഎഫ്എഫ്കെയിൽ സെലക്ഷൻ ആയത് കൊണ്ട് എനിക്കത് സ്ക്രീൻ ചെയ്യാൻ പറ്റി. അതും ഒരു നിയോഗമാണ്. കെഎസ്എഫ്ഡിസി തിയറ്ററുകളിൽ തന്നെ എന്റെ ഈ സിനിമ വരുന്നു എന്നത് എനിക്ക് ഒരു സൈക്കിൾ കമ്പ്ലീറ്റ് ചെയ്യുന്ന ഫീലിംഗ് ആണ്. പക്ഷെ ഇതിന്റെ മറുപുറം എന്താണ് എന്ന് വച്ചാൽ ഞാൻ ഇപ്പോഴും ടാർഗറ്റഡ് ആണ്. മറ്റൊരു സിനിമ ചെയ്ത് ഇത്രയും ദൂരം നടന്നു വന്നിട്ടും ഞാൻ ഇവരെ പറ്റി വീണ്ടും പറയണം എന്നുള്ള അവസ്ഥയിലേക്ക് ഇവർ കാര്യങ്ങൾ എത്തിക്കുന്നുണ്ട് എന്നതാണ്.

കെഎസ്എഫ്ഡിസി - യുടെ ഈ പദ്ധതി മാതൃകാപരമാകേണ്ടതായിരുന്നില്ലേ?

സിനിമ ചെയ്ത് തുടങ്ങുമ്പോൾ തന്നെ നമുക്ക് കഴിവില്ല എന്നാണ് പറയുന്നത്. ഒരു കുട്ടിയോട് നിരന്തരം നീ നന്നാവില്ല എന്ന് പറഞ്ഞ് ആ കുട്ടിയെ നശിപ്പിച്ചു കളയുക എന്ന ഒരു പോളിസി ഉണ്ടല്ലോ. അതുപോലൊരു സ്റ്റാൻഡ് ആണ് ഇവർ എടുക്കുന്നത്. കെഎസ്എഫ്ഡിസിയിൽ സിനിമ ചെയ്യാൻ അവസരം കിട്ടുമ്പോഴല്ല എന്റെ ജേർണി തുടങ്ങുന്നത്. അവർ കാണാത്ത ഒരു യാത്രയും എനിക്കുണ്ടായിട്ടുണ്ട്. അവിടെ സിനിമ ചെയ്ത ശേഷം ഇപ്പോഴും തെറാപ്പി എടുക്കുന്നവർ ഉണ്ട്, ഫിനാൻഷ്യലി ബ്രോക്ക് ആയവർ ഉണ്ട്. ഈ പ്രോജക്ടിന്റെ ഉദ്ദേശം അല്ലെങ്കിൽ ലക്ഷ്യം ഇതായിരുന്നില്ല. നമുക്ക് തരുന്ന ഔദാര്യവുമല്ല ഈ പ്രൊജക്റ്റ്‌. അധികാരികളുടെ മനോവൈകൃതം ആണ് ഇതിങ്ങനെ ആക്കിയത്.

എന്റെ വർഷം കഴിഞ്ഞ് അടുത്ത വർഷത്തിലേക്കുള്ള എഗ്രിമെന്റിൽ അവിടെ നടക്കുന്ന കാര്യങ്ങൾ പുറത്തു പറയരുത് എന്ന് തന്നെ എഴുതിയിട്ടുണ്ട്. പറഞ്ഞാൽ നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പറയുന്നുണ്ട്. അതുകൊണ്ട് ഇനി ആരും ഇത് പുറത്ത് പറയും എന്നും തോന്നുന്നില്ല. ഇത് ജനാധിപത്യപരമല്ല.

നല്ല രീതിയിൽ നടത്തിയാൽ ഇനിയും വരാനിരിക്കുന്ന വർഷങ്ങളിൽ തുടർന്ന് പോകണം ഈ പ്രൊജക്റ്റ്‌ എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. മറ്റു സംസ്ഥാനങ്ങൾക്ക് പോലും മാതൃകയാകേണ്ട പദ്ധതി ആണിത്. മനുഷ്യത്വമില്ലാതെ പെരുമാറാതെ, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെ ജോലി ചെയ്യാൻ സമ്മതിച്ചാൽ മതി. തലപ്പത്തിരിക്കുന്ന ഒരാളുടെ കാഴ്ചപ്പാടാണ് ഇത് മുഴുവൻ മലിനമാക്കുന്നത്.

സിനിമ കോൺക്ലേവ് തലപ്പത്തേക്ക് കെഎസ്എഫ്ഡിസി ചെയർമാൻ തന്നെ വരുമ്പോൾ

സിനിമ കോൺക്ലേവിന്റെ തലപ്പത്തത് ഇദ്ദേഹം തന്നെ വരുന്നതിൽ ഒരു വൈരുധ്യം ഉണ്ട്. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും ഇതിനെ പറ്റി സംസാരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്ന സമയത്ത് ഞാൻ ജർമനിയിൽ ആണ്. പക്ഷെ ഞാൻ മിണ്ടാതിരുന്നാൽ എത്തിക്കലി അത് ശരിയാവില്ല എന്നത് കൊണ്ടാണ് ഞാൻ പ്രതികരിച്ചത്. എനിക്ക് നിശബ്ദയാകാൻ സാധിക്കില്ലായിരുന്നു. അദ്ദേഹത്തെ കോൺക്ലേവിന്റെ ചുമതല ഏൽപ്പിക്കുന്നത് ഒരു തെറ്റായിട്ടാണ് എനിക്ക് തോന്നുന്നത്.

അപ്പുറം ഐഎഫ്എഫ്കെയിൽ എത്തുമ്പോൾ?

എവിടെയെങ്കിലും ഒരു വലിയ സ്‌ക്രീനിൽ ഈ സിനിമ കാണിക്കണം എന്ന ആഗ്രഹം ഞങ്ങളുടെ ഉള്ളിൽ ഉണ്ടായിരുന്നു. ഇതിന് മുൻപുള്ള ഫെസ്റ്റിവൽസിൽ കിട്ടാതിരിക്കുമ്പോൾ ഇതൊരു മോശം സിനിമയല്ല എന്ന് എനിക്കറിയാമായിരുന്നു. ഇത് ആളുകളിലേക്ക് എത്തും എന്ന ധൈര്യം ഉണ്ടായിരുന്നു. നമ്മുടെ ഫെസ്റ്റിവലിൽ തന്നെ വന്നു എന്നത് ഇരട്ടി മധുരം. എനിക്ക് മാത്രമല്ല, മുഴുവൻ ക്രൂവിനും. പ്രതീക്ഷയുടെ ഒരു കണിക ബാക്കി നിൽക്കുന്ന പോലെയാണ് ഇത്. കുറെ ആയിട്ട് സന്തോഷിക്കാൻ പേടിയാണ്. പക്ഷെ ഐഎഫ്എഫ്കെയുടെ റിസൾട്ട് വന്നപ്പോൾ ഞാൻ എല്ലാവരോടും പറയുകയായിരുന്നു ഞാൻ സന്തോഷിക്കാൻ അർഹയാണ് എന്ന്. എനിക്ക് ഈ സന്തോഷം വേണം.

ഇനിയിത് ആളുകൾ കാണുമ്പോൾ ഉണ്ടാകുന്ന റിസപ്‌ഷൻ ആലോചിച്ച് ഒരു ഉത്കണ്ഠയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in