കുടുംബം എന്ന നരബലിസ്ഥലം

കുടുംബം എന്ന നരബലിസ്ഥലം
Published on

ഒരു മനുഷ്യവ്യക്തിത്വത്തിന്റെ പ്രതിനിധാനവും പ്രസക്തിയും എന്താണ്? അവള്‍ക്ക് അവളായിരിക്കാനും പരിമിതസ്ഥലി(മിനിമം സ്‌പെയിസ്) കളിലെങ്കിലും സ്വാഛന്ദ്യത്തോടെ ജീവിക്കാനും സാധ്യമാവില്ലെങ്കില്‍; അവളെ സംരക്ഷിക്കുന്നത് എന്ന ഭാവേന നിര്‍ണയിക്കുന്ന കുടുംബത്തിന്റെയും സമുദായത്തിന്റെയും സമീപസ്ഥ സമൂഹത്തിന്റെയും പൊതുലോകത്തിന്റെയും നിയന്ത്രണത്തിലും വിലയിരുത്തലിലും എന്ത് നീതിയാണുള്ളത് എന്ന ചോദ്യമാണ് ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്ന സിനിമ ഉന്നയിക്കുന്ന പ്രശ്‌നം. മനുഷ്യസ്ത്രീ എന്ന പ്രാഥമിക സ്വത്വവും കുടുംബവ്യക്തിത്വവും സമുദായ വ്യക്തിത്വവും സാമൂഹിക വ്യക്തിത്വവും മാത്രമല്ല, അവളുടെ ശരീര-മനോനിലകള്‍ തന്നെ അവളുടേതടക്കം ആരുടെയും നിയന്ത്രണങ്ങളില്‍ കുടുക്കിയിടാനാവില്ല എന്ന തിരിച്ചറിവാണ് ഈ സിനിമ മുന്നോട്ടു വെക്കുന്നത്.

മരണവുമായി മുഖാമുഖം നില്‍ക്കുക എന്നത് ഏതു മനുഷ്യരുടെയും നിയോഗമാണ്. ബോധാബോധങ്ങളില്‍ മരണം അനുഭവിച്ചുകൊണ്ടാണ് നമ്മളോരോരുത്തരുടെയും മനസ്സും ശരീരവും ജീവിതം തള്ളി നീക്കിക്കൊണ്ടിരിക്കുന്നത്. മരിക്കണം എന്നോര്‍മ്മ വരുമ്പോള്‍, പ്രയാസപ്പെടുകയും ശീലമെന്ന നിലയിലും അല്ലാതെയും അത് വിസ്മരിക്കുമ്പോള്‍ ഊര്‍ജ്ജസ്വലരാവുകയും ചെയ്യുന്നവരാണ് ശരാശരി മനുഷ്യര്‍. ഏതൊരു ജീവിതവും ദു:ഖത്തിനും ആനന്ദത്തിനുമിടയില്‍ സാധാരണത്വങ്ങള്‍ ഉള്ളതുകൊണ്ടാണ് നമ്മുടെ മനസ്സ് നോര്‍മലായി നമ്മെ താങ്ങിനിര്‍ത്തുകയും പ്രതിഫലിപ്പിക്കുകയും ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത്.

ഇതിന്റെ ക്രമം തെറ്റുമ്പോള്‍ എല്ലാം തകിടം മറിയുന്നു. മരുന്നും ഉപദേശങ്ങളും ശ്രദ്ധയുമായി ഈ ക്രമരഹിതരെ പരിചരിക്കാന്‍ കുടുംബാംഗങ്ങളും മറ്റും പരിശ്രമിക്കുമെങ്കിലും, അതിനിടയില്‍ അവരുടെയും നില അവതാളത്തിലാവുകയും കാര്യങ്ങള്‍ നിയന്ത്രണാതീതമായി മാറുകയും ചെയ്യുന്നു. സൂക്ഷ്മമായി നോക്കുമ്പോള്‍, പല മനുഷ്യരിലും പല കുടുംബങ്ങളിലും ഇത്തരം വിഷമാവസ്ഥകള്‍ കാണാനാകും.

പാരമ്പര്യങ്ങളും കുടുംബപശ്ചാത്തലങ്ങളും സൃഷ്ടിക്കുന്ന വിഷാദരോഗങ്ങളാണ് ചിലപ്പോള്‍, വ്യക്തികളുടെ മനസ്സിനെ താളം തെറ്റിക്കുന്നതെങ്കില്‍; മറ്റു കാരണങ്ങളും ഉണ്ടാകാറുണ്ട്. മനശ്ശാസ്ത്ര ചികിത്സകളും മരുന്നുകളും മറ്റും ഏറെ വികസിച്ചെങ്കിലും ആത്മഹത്യയിലേയ്ക്ക് വ്യക്തികളെ നയിക്കുന്ന പല ഘടകങ്ങളും നമുക്കിടയില്‍ സജീവമാണ്.

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ആണ്‍പോരിമകളും (അതിന്റെ പെണ്‍ പടയാളികളും) ആഭിചാരങ്ങളും ദുരാചാരങ്ങളും ചടങ്ങുകളും തറവാടിത്തം പോലത്തെ പാഴ് വര്‍ത്തമാനങ്ങളും ഇത്തരം മനുഷ്യാവസ്ഥകളെ നിര്‍മ്മിച്ചെടുക്കുകയും പിന്നീട് കൂടുതല്‍ ദുരിതപൂര്‍ണമാക്കുകയും മരണത്തിലേയ്ക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ട്. ജീവിച്ചിരിക്കുന്നവരെ തന്നെ ആത്മാഭിമാനം നഷ്ടപ്പെട്ട വെറും ജന്തുക്കളാക്കി മാറ്റുന്ന യാഥാസ്ഥിതികത്വങ്ങള്‍, നമ്മുടെ ഓരോ വ്യക്തിത്വങ്ങളെയും കുടുംബങ്ങളെയും മാത്രമല്ല കേരളസമൂഹത്തെ ആകെ തന്നെ ബാധിക്കുന്ന വിധത്തില്‍ സജീവമാണ് ഇപ്പോഴും. ജാതകം, ജാതി, കുടുംബമഹിമ, എന്നിങ്ങനെയുള്ള ജീര്‍ണതകള്‍ മനുഷ്യാധുനികതയെയും സ്വാതന്ത്ര്യബോധത്തെയും ജീവിത വാഞ്ഛകളെയും അപ്രസക്തമാക്കിക്കൊണ്ട് സദാ പ്രവര്‍ത്തനക്ഷമമായി നിലക്കൊള്ളുന്നു.

സ്ത്രീയുടെ ആര്‍ത്തവകാല ശരീരശുദ്ധി എന്നത്; രാഷ്ട്രത്തിന്റെ ഭരണഘടനയ്ക്കും സുപ്രീം കോടതിയടക്കമുള്ള നീതിന്യായ വ്യവസ്ഥയ്ക്കും ഭരണകൂടത്തിനും സാമൂഹികതയ്ക്കും ആധുനികതയ്ക്കും കലയ്ക്കും സംസ്‌ക്കാരത്തിനും സ്വാതന്ത്ര്യബോധത്തിനും അതീതമായി തീരുമാനിക്കപ്പെടാന്‍ പോന്ന വിധത്തില്‍ അതിയാഥാസ്ഥിതികത്വവും പിന്തിരിപ്പന്‍ ആശയാധികാരവും ചേര്‍ന്ന്‌ കേരളത്തെ വരിഞ്ഞു മുറുക്കിയത് നാമെല്ലാവരും ക്ഷമയോടെ സഹിച്ചു. അതിന്റെ വീറുകള്‍, സമൂഹത്തിലുണ്ടാക്കിയ ക്ഷതങ്ങളും വ്രണങ്ങളും പരിഹരിക്കപ്പെടാതെ തുടരുന്നു. യഥാര്‍ത്ഥത്തില്‍, പാരമ്പര്യനാട്യത്തിന്റെ ദുര്‍മന്ത്രവാദങ്ങള്‍ പുകപടലങ്ങളായി കേരളത്തിനു മേല്‍ മൂടപ്പെട്ടിരിക്കുകയാണ്.

കുടുംബമഹിമകളുടെയും തറവാടിത്തത്തിന്റെയും പേരില്‍ കെട്ടിയുണ്ടാക്കുന്ന തടവറകളാണ് യഥാര്‍ത്ഥത്തില്‍ പല വീടകങ്ങളും. അതിനകത്തെ ജീവിതങ്ങള്‍ മരണത്തെക്കാള്‍ ദുരിതമയവും മരണം അതിലേറെ വലിയ ദുരന്തവുമായി മാറുന്നുണ്ട്. ഇതാണ് ചിത്ര(മിനി ഐജി)യുടെ ജീവിതത്തിലും മരണത്തിലും സംഭവിക്കുന്നത്. ഏക മകള്‍ ജാനകിയെ അമ്മയുടെ മൃതദേഹം പോലും കാണാന്‍ പഴഞ്ചന്‍ ആണധികാരം അനുവദിക്കുന്നില്ല. അവളുടെ അഛന്‍ വേണു (ജഗദീഷ്) നിസ്സഹായനാവുന്നു. അയാള്‍ അധ്യാപകനും പുരോഗമനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനുമാണ്. എല്ലാം വെറുതെയാവുന്നു.

മരണാസന്നതയും മരണാനന്തരതയും മുമ്പ് പലപ്പോഴും നമ്മുടെ സിനിമ പ്രമേയമാക്കിയിട്ടുണ്ട്. എന്നാല്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഇന്ദുലക്ഷ്മിയുടെ അപ്പുറം. മരണം 'ആഘോഷിക്കുന്ന' വീട്ടുകാരും നാട്ടുകാരും മാറിയിരുന്ന് മദ്യപിക്കുന്നത് സാധാരണമാണ്. ഇത്തരം സദസ്സില്‍, മരിച്ചവരെയും അതില്‍ സങ്കടപ്പെടുന്നവരെയും പരിഹസിക്കുന്നതും സാധാരണം. ഇത്തരം വാക്കുകളും ആചാരങ്ങളുടെ ഭാഗമാണോ എന്ന ഈ മനുഷ്യാധമരോടുള്ള വേണുവിന്റെ ചോദ്യം അവരുടെ മാത്രമല്ല, ഇതൊക്കെ അനുവദിക്കുന്ന നമ്മുടെയും നെഞ്ചു കീറുന്നതാണ്.

കുടുംബമഹിമയുടെ ദുരഭിമാനം നീണ്ടു നില്ക്കുന്ന നരബലിയാണ് അതിലെ അംഗങ്ങള്‍ക്കുമേല്‍ വിധിച്ചിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍, കലാലയ പഠനം നിഷേധിക്കുകയും മരിച്ചപ്പോള്‍ അവരാഗ്രഹിച്ചതു പോലെ ഹിമാലയത്തില്‍ ചിതാഭസ്മം ഒഴുക്കണമെന്ന ആഗ്രഹം സാധിച്ചുകൊടുക്കാതെ ദുര്‍മന്ത്രവാദത്തിന്റെ ഇരുണ്ട പാതാളങ്ങളിലേയ്ക്ക് അവരെ കുത്തിത്താഴ്ത്തുകയും ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനെതിരായ മകളുടെ പൊരുതല്‍, വരും കാല കേരളത്തെ ഭാവന ചെയ്‌തെടുക്കുന്നു.

മുതിര്‍ന്ന നടനായ ജഗദീഷിന്റെയും സംവിധായിക കൂടിയായ മിനി ഐജിയുടെയും പ്രകടനം കഥാപാത്രങ്ങള്‍ക്കനുയോജ്യമായ വിധത്തില്‍ മികച്ചതാണ്. എന്നാല്‍, ജാനകിയായെത്തുന്ന അനഘ രവിയുടെ അഭിനയമാണ് എടുത്തു പറയേണ്ടത്. ജിയോ ബേബിയുടെ കാതലിലും ന്യൂനോര്‍മല്‍ എന്ന ഹ്രസ്വചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അനഘയുടെ മികച്ച കഥാപാത്രാവതരണമാണ് അപ്പുറത്തിലുള്ളത്. നിരാശയുടെ പടുകുഴിയില്‍ മരണം വരിക്കാനായി സദാ തയ്യാറായി നില്‍ക്കുന്ന അമ്മയുടെ മകളായും; കൗമാരക്കാരി എന്ന നിലയ്ക്ക് തന്റെ സ്ത്രീ ശരീരം പ്രശ്‌നബാധിതമാണെന്ന അധികാരത്തിട്ടൂരമിറക്കുന്ന അമ്മാമന്‍ അക്രമികളുടെ ഇടയില്‍ ഇരയായുമുള്ള പ്രിയയുടെ നിസ്സഹായതകള്‍ മനസ്സിനെ പിടിച്ചുലയ്ക്കുന്ന വിധത്തില്‍ അനഘ സാക്ഷാത്ക്കരിച്ചു. ആ അര്‍ത്ഥത്തില്‍ അപ്പുറം ഇന്ദുലക്ഷ്മിയുടെ മാത്രമല്ല, അനഘ രവിയുടെയും സിനിമയാണ്.

ഇന്ദുലക്ഷ്മി
ഇന്ദുലക്ഷ്മി

ഇന്ദുലക്ഷ്മിയുടെ ഒന്നാമത്തെ ഫീച്ചറായ നിള(2023)യിലും ഒരു കുടുംബ-വിഷമവൃത്തത്തെയാണ് വരച്ചു കാട്ടിയിരുന്നത്. ക്ലീഷേ ആയി തോന്നാവുന്ന, മകനെ നോക്കാൻ സാവകാശമില്ലാതെ ജോലിയിൽ മുഴുകുന്ന ഭിഷഗ്വരയായ അമ്മ; അവരെ മുഴുവൻ സമയം ശുശ്രൂഷിക്കാനാവാതെ അമേരിക്കയിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് നടത്തുന്ന ഏക മകൻ; ദേഷ്യക്കാരിയായ വീട്ടുനഴ്സ്; കാരുണ്യം ഏറ്റുവാങ്ങി പഴം റേഡിയോ നേരെയാക്കുന്ന നൊസ്റ്റാൽജിക്ക് വൃദ്ധൻ- ഈ കഥാപാത്രങ്ങൾക്കായി പ്രത്യേക കാസ്റ്റിംഗ് ഡിസൈൻ ആവശ്യമില്ലാതെ തന്നെ നിയോഗിക്കാവുന്ന ശാന്തികൃഷ്ണ, വിനീത്, മിനി ഐ ജി, മാമുക്കോയ എന്നീ അഭിനേതാക്കൾ. ഈ വിഷമവൃത്തരൂപത്തിനുള്ളിലാണ് ഇന്ദുലക്ഷ്മി, വിസ്മയകരമായ ഒരു ആഖ്യാനം നെയ്തു ചേർത്തത്. കുടുംബം അല്ലെങ്കിൽ വീട് എന്നത് അബോളിഷ് ചെയ്യപ്പെട്ടാലും പ്രതിരോധിക്കേണ്ടതില്ല, എന്നാൽ മനുഷ്യൻ/മനുഷ്യത്വം എന്നീ പ്രതിഭാസങ്ങൾ സുപ്രധാനമാണെന്നും അവയുടെ അടിസ്ഥാനപരമായ സ്നേഹ-സൗമ്യ രക്ഷാ പ്രവർത്തനങ്ങൾ ഭൂമിയെ മാത്രമല്ല പ്രപഞ്ചത്തെ തന്നെ നിർവചിക്കുന്നുവെന്നുമുള്ള പ്രമേയമാണ് നിള എന്ന സിനിമയുടെ കരുത്ത്. പുറം ജീവിതങ്ങളെയും അതിന്റെ ബഹുത്വാകർഷണങ്ങളെയും കൊണ്ടാടിയ പതിനായിരക്കണക്കിന് ആൺ സിനിമകൾ കൊണ്ട് നാം ആനന്ദിച്ചു കഴിഞ്ഞു. അകം പ്രപഞ്ചങ്ങളുടെ മനുഷ്യാന്തരികതകളിലേയ്ക്ക് ചൂഴ്ന്നു ചൂഴ്ന്നു ചെല്ലാനുള്ള പെൺ പരിശ്രമങ്ങൾക്ക് നല്ലൊരു മാതൃകയാണ് നിള. അമ്മ, മാതൃബിംബം എന്നെല്ലാം വാഴ്ത്തിപ്പാടി, സ്‌ത്രൈണ വ്യക്തിത്വത്തെയും ജീവിതത്തെയും തടവിലിടുന്ന യാഥാസ്ഥിതികത്വത്തെയും ഗതാനുഗതമായ പാരമ്പര്യത്തെയും ചോദ്യം ചെയ്തു എന്നതു തന്നെയാണ് നിളയുടെ പ്രസക്തി. മാത്രമല്ല, സ്ത്രീയുടെ തൊഴില്‍ ജീവിതത്തെ ഏറ്റവും പ്രസക്തം എന്ന രീതിയില്‍ സാധൂകരിക്കാനും നിളയുടെ ആഖ്യാനം ഉദ്ദേശിക്കുന്നുണ്ട്. സാധാരണ സ്ത്രീയുടെ കുടുംബാന്തര ജീവിതത്തെ മഹത്വവത്ക്കരിക്കുകയാണ് സിനിമ ചെയ്തു പോരുന്നത്. ഇത് സമൂഹത്തിലും കുടുംബത്തിനകത്തും സ്ത്രീയുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കുന്നു. ഈ കുറ്റത്തില്‍ നിന്നുള്ള ഒരു വേര്‍പെടല്‍ അല്ലെങ്കില്‍ മറുപടിയാണ് നിളയിലെ ഡോക്ടര്‍ മാലതി എന്ന കഥാപാത്രത്തിന്റെ ഭാവുകത്വം. ഈ സിനിമയിലെ ഒരു മുഖ്യ കഥാപാത്രത്തിന്റെ ശബ്ദം മാത്രമേ നാം കേള്‍ക്കുന്നുള്ളൂ. ആ ശബ്ദത്തിലൂടെ അവരുടെ ജീവിത വീക്ഷണം, പ്രായോഗികമായ അവസ്ഥ, അതിനെക്കുറിച്ചെല്ലാം ഡോക്ടര്‍ മാലതി എന്ന മുഖ്യ കഥാപാത്രത്തിന്റെ നിലപാട് എന്നിവയെല്ലാം നാം തിരിച്ചറിയുന്നു. സിനിമ എന്നത് ദൃശ്യത്തിന്റെ മാത്രമല്ല ശബ്ദത്തിന്റെ കൂടി കലയാണെന്ന വാസ്തവം മികച്ച രീതിയില്‍ ഇവിടെ സ്ഥാപിക്കപ്പെട്ടു. കിടപ്പുരോഗികള്‍ കേരള സമൂഹത്തിലും വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറെ പ്രയാസകരമായ നിത്യജീവിതമാണ് അവര്‍ അനുഭവിക്കേണ്ടി വരുന്നത്. എന്നാല്‍, ആ ജീവിതത്തിലും ഭാവനയുടെയും ഓര്‍മ്മയുടെയും സംഗീതത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും സാമീപ്യത്തിന്റെയും ഉദാരതയുടെയുമെല്ലാം നൂറുനൂറാകാശങ്ങള്‍ തുറക്കാനുണ്ടെന്ന ആഹ്ലാദകരമായ യാഥാര്‍ത്ഥ്യം കൂടി നിള സമര്‍ത്ഥിക്കുന്നു.

പേടിയും മടുപ്പും വേവലാതികളും ദുസ്വപ്‌നങ്ങളുമായാണ് അപ്പുറത്തിലെ കഥാപാത്രം ചിത്ര ഓരോ ദിവസവും തള്ളിനീക്കുന്നത്. ഭര്‍ത്താവോ മകളോ അവള്‍ക്ക് സാന്ത്വനമാകുന്നില്ല. അത് അവരുടെ എന്തെങ്കിലും പെരുമാറ്റവ്യത്യാസമോ ദുസ്വഭാവമോ കാരണമല്ല. സ്‌കൂളില്‍ ഒന്നാം സ്ഥാനക്കാരിയായിട്ടും സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പഠിക്കാന്‍ അനുവദിക്കാത്ത സ്വന്തം പിതാവിന്റെ തീരുമാനം തനിക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതിനെ ഓര്‍ത്തോര്‍ത്ത് തന്റെ ജീവിതം ആകെ പാഴായിപ്പോയെന്ന തോന്നല്‍ ബോധാബോധത്തെ നിര്‍ണയിക്കുന്നതുകൊണ്ടാണ് ചിത്ര അത്തരമൊരു മാനസികക്കെണിയില്‍ കുടുങ്ങുന്നത്. വാസ്തവത്തില്‍ അത് കുടുംബക്കെണി തന്നെയാണ്.

കുട്ടികളുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ലൈംഗികതയും വ്യക്തിജീവിതവും സമ്പൂര്‍ണമായി നിയന്ത്രണവിധേയമാക്കുന്ന ക്രൂരാധികാര പദ്ധതിയെയാണ് നാം കുടുംബം, അച്ചടക്കം, സ്‌നേഹം, സദാചാരം, കണ്‍കണ്ട ദൈവമായി കരുതേണ്ട പിതാവ് തുടങ്ങിയ സംസ്‌ക്കാര രൂപങ്ങളിലൊളിപ്പിക്കുന്നത്. അതായത്, ചിത്രയെ മാനസിക രോഗിയാക്കുന്നത് അവരുടെ ശാരീരികമായ പ്രശ്‌നമോ ഇപ്പോഴത്തെ ദാമ്പത്യ കുടുംബത്തിലെ എന്തെങ്കിലും അസ്വാരസ്യമോ അല്ല. ശിശുവും ബാലികയും കൗമാരക്കാരിയും യുവതിയും ആയ അവസ്ഥകളില്‍ പരുവപ്പെടുത്തിയെടുക്കുന്നതിനു വേണ്ടി, ജാതിയുടെയും കുടുംബമാഹാത്മ്യത്തിന്റെയും ആചാരങ്ങളുടെയും മന്ത്രതന്ത്രങ്ങളുടെയും വിശ്വാസങ്ങളുടെയും കീഴ് വഴക്കങ്ങളുടെയും മറ്റും മറ്റും പേരില്‍ അവളിലേയ്ക്ക് കുത്തിനിറച്ച മനുഷ്യത്വവിരുദ്ധതയും സര്‍ഗചൈതന്യനിരാസവുമാണ്. മനുഷ്യരെ അവരുടെ സ്വപ്‌നങ്ങളില്‍ നിന്നും പ്രത്യാശകളില്‍ നിന്നും പിന്തിരിപ്പിച്ച് പ്രയോജനമാത്രശരീരമാക്കി മനുഷ്യരല്ലാതാക്കുന്ന ഒരു നരബലിസ്ഥലമായി കുടുംബം എന്ന രക്ഷാധികാരം ജീര്‍ണമായിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ലളിതവും സുതാര്യവും ആയ പ്രതിപാദനരീതിയാണ് അപ്പുറത്തില്‍ സംവിധായിക സ്വീകരിക്കുന്നത്. എന്നാല്‍, പ്രമേയത്തിന്റെ സംഘര്‍ഷാത്മകത ആഖ്യാനത്തിന്റെ വിപരീതദിശയിലാണ് സന്നിവേശിപ്പിച്ചിരിക്കുന്നത്. അതായത്, ചിത്രയുടെ മരണശേഷം നാം അടുത്തു പരിചയപ്പെടുന്ന അവരുടെ പരമ്പരാഗതഭവനത്തിനകത്തെ അമ്മയും അച്ഛനുമടക്കമുള്ള ബന്ധുക്കളും അയല്‍ക്കാരുമടങ്ങുന്ന മനുഷ്യരൂപങ്ങള്‍, അവരുടെ പെരുമാറ്റങ്ങള്‍, പിടിവാശികള്‍, ദുരധികാരപ്രയോഗങ്ങള്‍ എന്നിവ ചിത്രയുടെ മരണപൂര്‍വ ജീവിതത്തിന്റെ അസാധ്യതകളെ നിര്‍വചിക്കുന്നു. മനുഷ്യര്‍ക്ക് മനുഷ്യരായി ജീവിക്കാന്‍ സാധിക്കാത്ത വിധത്തില്‍ സ്വന്തം മാതാപിതാക്കളടക്കമുള്ള കുടുംബക്കാരും ബന്ധുക്കളും ഓരോ വ്യക്തികളെയും ചലിക്കുന്ന തടവറയ്ക്കകത്താക്കി ജീവഛവങ്ങളാക്കി ജീര്‍ണിപ്പിക്കുകയാണ് ചെയ്യുന്നത്. നടുക്കുന്ന ഈ യാഥാര്‍ത്ഥ്യത്തെ അനാവരണം ചെയ്യുന്നതിലൂടെ അപ്പുറം മനുഷ്യകാലത്തെയും അതിന്റെ ലോകത്തെയും എന്നെങ്കിലും നമുക്ക് ആര്‍ജ്ജിക്കെടുക്കാനായി ആരംഭിക്കേണ്ടതായ മാറ്റിയെഴുത്തുകളെ നിര്‍ണയിക്കുകയാണ് ചെയ്യുന്നത്.. ചിത്ര പറയുന്നതു പോലെ എല്ലാം വീണ്ടും ഒന്നാരംഭിച്ചിരുന്നെങ്കില്‍ എന്നു കരുതാവുന്ന വിധത്തില്‍ മനുഷ്യരുടെ ജീവിതങ്ങള്‍ പാഴായിപ്പോവുന്നതിനെക്കുറിച്ചുള്ള സങ്കടങ്ങളാണ് ഇന്ദുലക്ഷ്മി ആവിഷ്‌ക്കരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in