
സത്യജിത് റേയുടെ പഥേര്‍ പഞ്ചാലിയില്‍ കാര്‍മേഘത്തിന് മഞ്ഞുതുള്ളിയില്‍ ജനിച്ചതുപോലൊരു പെണ്‍കുട്ടിയുണ്ട്. കുസൃതിച്ചിരിയുമായി മഴയത്ത് മതിമറന്നു നൃത്തം ചെയ്ത് മരണത്തിലേക്ക് നടന്ന് പോയ ദുര്‍ഗ എന്ന ആ പെണ്‍കുട്ടിയുടെ മുഖം സിനിമ കണ്ടു തീര്‍ന്നിട്ടും ഒരു വിങ്ങല്‍ പോലെ മനസ്സില്‍ ഉടക്കി നില്‍ക്കുന്നുണ്ടായിരുന്നു. ദാരിദ്ര്യത്തിന്റെ ദൈന്യത പേറുന്ന ദുര്‍ഗയുടെ മുഖത്തും കുസൃതി നിറഞ്ഞ ചലനങ്ങളിലും മാത്രം കണ്ണ് നട്ടിരിക്കുകയിരുന്നു സിനിമയില്‍ അവളുള്ള നേരങ്ങളിലെല്ലാം. ദുര്‍ഗ എന്ന കഥാപാത്രത്തിന്റെ ബാല്യകാലത്തിന്റെ രണ്ട് ഘട്ടങ്ങള്‍ രണ്ട് കുഞ്ഞഭിനേത്രികളിലൂടെയാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അതില്‍ മുതിര്‍ന്ന പെണ്‍കുഞ്ഞായ ദുര്‍ഗയെ അനശ്വരമാക്കിയത് ഉമാ ദാസ് ഗുപ്ത എന്ന നടിയാണ്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഈ നടി ആരാണ് എന്ന് മനസുകൊണ്ട് പോലും ചിന്തിപ്പിക്കാത്ത വിധം തീക്ഷ്ണമായിരുന്നു അവളുടെ അഭിനയ പാടവം.
തന്റെ ആദ്യസിനിമയില്‍ തന്നെ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടുകയും അതോടൊപ്പം പഥേര്‍ പാഞ്ചാലിക്ക് ശേഷം സിനിമയില്ലാത്ത ഒരു ജീവിതം തിരഞ്ഞെടുക്കുകയും ചെയ്ത ഉമാദാസ് എല്ലാവരെയും അമ്പരപ്പിച്ചു. സാവധാനം, എന്നാല്‍ തികച്ചും കണക്കു കൂട്ടിക്കൊണ്ട് സിനിമാ ലോകത്തിന് അജ്ഞാതമായ മേഖലകളിലേക്ക് നീങ്ങുകയായിരുന്നു അവര്‍. ദീര്‍ഘനാളായി ക്യാന്‍സര്‍ എന്ന രോഗത്തോട് പൊരുതി 2024 നവംബര്‍ 18ന് തന്റെ 84-ാമത്തെ വയസ്സില്‍ ഉമാദാസ് ഗുപ്ത അന്തരിച്ചിട്ടും ദുര്‍ഗ മരണമില്ലാതെ മനസ്സില്‍ തന്നെ തുടരുന്നത്, ഒരുപക്ഷേ അജ്ഞാതമാക്കി വെച്ച അവരുടെ ജീവിതവും ആദ്യ സിനിമയിലൂടെ നമ്മില്‍ നിന്നൊന്നും അടര്‍ത്തി മാറ്റാനാകാത്ത ജീവിതത്തിന്റെ പച്ചയായ നൊമ്പര കാഴ്ചകള്‍ ദുര്‍ഗയിലൂടെ പകര്‍ന്നു തന്നത് കൊണ്ടുമാവാം.
1955ലാണ് സത്യജിത്ത് റേ സംവിധാനം ചെയ്ത പഥേര്‍ പാഞ്ചാലി എന്ന വിഖ്യാത ചലച്ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. അതിനുമുമ്പ് 40 വര്‍ഷത്തിലധികമുള്ള സിനിമ ചരിത്രം ഇന്ത്യയ്ക്ക് പറയാനുണ്ടെങ്കിലും അന്നുവരെ ഇന്ത്യന്‍ പ്രേക്ഷകര്‍ കണ്ട സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു പഥേര്‍ പാഞ്ചാലി. അയഥാര്‍ത്ഥ വാദങ്ങളില്‍ നിന്നും വ്യതിചലിച്ച് യാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിച്ചുകൊണ്ട് അതിവൈകാരികത തൊട്ടുതീണ്ടാത്ത ഇന്ത്യയിലെ ആദ്യത്തെ സിനിമ. ദാരിദ്ര്യം കാര്‍ന്നുതിന്നുന്ന ഒരു ബംഗാളി കുടുംബത്തിന്റെ അതിജീവനത്തിന്റെ പച്ചയായ കഥ. പശ്ചാത്തലങ്ങളുടെയും പശ്ചാത്തല സംഗീതത്തിന്റെയും കയ്യടക്കമുള്ള നേര്‍ത്ത ആവിഷ്‌കാരവും അതിഭാവുകത്വവും അതിനാടകീയതയും കലരാത്ത അഭിനയ മുഹൂര്‍ത്തങ്ങളും മിതത്വമുള്ള സംഭാഷണങ്ങളും കൊണ്ട് കടഞ്ഞെടുത്തൊരു സിനിമ.
അതിനാടകീയത നിറഞ്ഞ സംഭാഷണങ്ങളും പശ്ചാത്തല സംഗീതവുമൊക്കെ കണ്ടു പരിചയിച്ച സിനിമാസ്വാദകര്‍ക്ക് പഥേര്‍ പാഞ്ചാലിയിലെ സര്‍ബജയയും ഹരിഹറും ദുര്‍ഗയും അപ്പുവും അടങ്ങുന്ന ഒരു ചെറിയ ബംഗാളി കുടുംബത്തിന്റെ വേദനിപ്പിക്കുന്ന കഥയും അതിന്റെ ആവിഷ്‌കാരവും ഒരു പുതിയ അനുഭവമായിരുന്നു. അഭിനയത്തിലും സംഭാഷണത്തിലും യാതൊന്നും ഒളിച്ചുവയ്ക്കാതെ, സുഖവും ദുഃഖവും നിരാശയും പ്രത്യാശയും മറയില്ലാതെ പ്രേക്ഷകരുമായി പങ്കുവെച്ച യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു പഥേര്‍ പാഞ്ചാലി.
സിനിമയുടെ എല്ലാ മേഖലകളിലും ഒട്ടും മുന്‍പരിചയമില്ലാത്ത ഒരു സംഘത്തെ ആയിരുന്നു സത്യജിത് റേ പഥേര്‍ പാഞ്ചാലിക്ക് വേണ്ടി തെരഞ്ഞെടുത്തത്. സാധാരണ നടീനടന്മാരായിരുന്നു അഭിനേതാക്കള്‍ പലരും. അവരെയൊക്കെ വിശ്വവിഖ്യാതമായ ഒരു ചലച്ചിത്രത്തിനു വേണ്ടി റേ രൂപപ്പെടുത്തിയെടുത്തത് എങ്ങനെ എന്നത് ഇപ്പോഴും ഒരു അത്ഭുതമാണ്. തന്റെ സിനിമകളിലൂടെ സ്ത്രീ മനസ്സിന്റെ ഉള്‍ത്തടങ്ങളെ ശക്തമായി ആവിഷ്‌കരിക്കാന്‍ സത്യജിത് റേ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ദുര്‍ഗയുടെ അമ്മ സര്‍ബജയ അടക്കം കരുത്തരായ ആത്മാഭിമാനമുള്ള സ്ത്രീകള്‍ സത്യജിത് റേ സിനിമകളുടെ വിശിഷ്ടമായ പ്രത്യേകതയാണ്.
സത്യജിത് റേ ദുര്‍ഗയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു പെണ്‍കുട്ടിയെ തേടിക്കൊണ്ടിരിക്കുമമ്പോള്‍ ഉമ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. ഉമ അന്ന് സ്‌കൂള്‍ നാടകങ്ങളില്‍ ഒക്കെ അഭിനയിക്കുമായിരുന്നു. അന്ന് അവള്‍ക്ക് 12 വയസ്സ്. സത്യജിത് റേയുടെ അസിസ്റ്റന്റ് ആശിഷ് ബര്‍മ്മനാണ് ഭാവോദ്ദീപകമായ വലിയ കണ്ണുകള്‍ ഉള്ള ഉമയെ കണ്ടെത്തി സത്യജിത്ത് റേയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്. അന്ന് അവള്‍ ഒരു പച്ചയുടുപ്പും മുത്തുമാലയും ആണ് ധരിച്ചിട്ടുണ്ടായിരുന്നത്. ദുര്‍ഗ ഒരു ദരിദ്രനായ ബ്രാഹ്‌മണന്റെ മകളാണ്, അവള്‍ക്ക് ഈ മുത്തുമണി മാല ആവശ്യമില്ല എന്ന് ഒരു ചെറുപുഞ്ചിരിയോടെ ഉമയുടെ മുഖത്ത് നോക്കി പറഞ്ഞുകൊണ്ട് സത്യജിത്ത് റേ ദുര്‍ഗയായി അവളെ തിരഞ്ഞെടുക്കുകയായിരുന്നു.
കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഫുട്‌ബോള്‍ ക്ലബ്ബായ മോഹന്‍ ബഗാനിലെ പ്രശസ്ത ഫുട്‌ബോള്‍ കളിക്കാരന്‍ പോള്‍ട്ടു ദാസ്ഗുപ്തയാണ് ഉമയുടെ അച്ഛന്‍. മകളുടെ സിനിമാ ജീവിതം എന്നത് ഒരു ഇടത്തരം മധ്യവര്‍ഗ ബംഗാളി ആയിരുന്ന അദ്ദേഹത്തിന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും ഇല്ലായിരുന്നു. സത്യജിത് റേയുടെ ആദ്യത്തെ മുഴുനീള ഫീച്ചര്‍ സിനിമയായതിനാല്‍ അദ്ദേഹത്തെക്കുറിച്ച് വലിയ ധാരണകള്‍ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് തന്നെ ഉമയെ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന റേയുടെ ആവശ്യങ്ങളെ പോള്‍ട്ടു ദാസ് നിരസിച്ചു കൊണ്ടേയിരുന്നു. പോള്‍ട്ടു ദാസിന്റെ നീരസങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയത് ഉമയുടെ മൂത്ത സഹോദരിയാണ്.
പ്രശസ്തനായ ബംഗാളി എഴുത്തുകാരന്‍ ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ പഥേര്‍ പാഞ്ചാലി എന്ന വിഖ്യാതമായ ക്ലാസിക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമയെന്ന് അവര്‍ പോള്‍ട്ടു ദാസിനെ ബോധിപ്പിച്ചു. മറ്റു പല സിനിമാ സൃഷ്ടാക്കളുടെയും പരാജയ ശ്രമങ്ങള്‍ക്കു ശേഷം സത്യജിത് റേയ്ക്ക് വേണ്ടി മാത്രം പഥേര്‍ പാഞ്ചാലിയുടെ മൂലഗ്രന്ഥം പങ്കുവയ്ക്കാന്‍ വിഭൂതിഭൂഷന്റെ ഭാര്യ സമ്മതിച്ചതും തുടര്‍ന്ന് അവര്‍ സിനിമയില്‍ പുതുമുഖ താരങ്ങള്‍ക്കായി തിരച്ചില്‍ തുടങ്ങിയതുമൊക്കെ ഉമയുടെ സഹോദരി വിവരിക്കുന്നു. ബംഗാളിലെ പ്രശസ്തനായ എഴുത്തുകാരന്‍ സുകുമാര്‍ റേയുടെ മകനാണ് സത്യജിത്ത് റേ എന്നുകൂടി അവര്‍ പോള്‍ട്ടു ദാസിനെ ഓര്‍മിപ്പിച്ചു.
1952 അവസാനമാണ് പഥേര്‍ പാഞ്ചാലിയുടെ ചിത്രീകരണം ആരംഭിക്കുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ടും കയ്യില്‍ കരുതിവെച്ച കുറച്ചു പണം എടുത്താണ് അന്ന് റേ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണത്തിന് മുമ്പ് ദുര്‍ഗയായി ഉമയെ പരിവര്‍ത്തനപ്പെടുത്താന്‍ രസകരവും സമര്‍ത്ഥവുമായ ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു റേ. യാതനകള്‍ അനുഭവിക്കുന്ന ദരിദ്ര ബ്രാഹ്‌മണ ദമ്പതികളുടെ മകളായ ദുര്‍ഗയുടെ വേഷം ആ സാഹചര്യത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ചിട്ടപ്പെടുത്താന്‍ സത്യജിത്ത് റേ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ ബ്ലൗസ് ഇല്ലാത്ത മുട്ടുവരെയുള്ള സാരി ഉടുക്കാനും മുടി പുറകില്‍ ബണ്‍ പോലെ ഉയര്‍ത്തിക്കെട്ടാനും അവളെ പഠിപ്പിച്ചു. അദ്ദേഹം തന്റെ സ്റ്റില്‍ ക്യാമറയില്‍ ആ രൂപത്തിലുള്ള അവളുടെ ചിത്രങ്ങളെടുത്തു. അവളുടെ മഴ നനഞ്ഞ മുഖം എങ്ങനെയുണ്ടാകും എന്നറിയാന്‍ മുഖത്തേക്ക് വെള്ളത്തുള്ളികള്‍ തെറിപ്പിച്ച് അതിന്റെ ചിത്രങ്ങളെടുത്തു.
നാക്ക് പുറത്തേക്ക് നീട്ടിക്കൊണ്ട് കളിയാക്കുന്ന തരത്തിലുള്ള ഉമയുടെ കുട്ടിത്തമുള്ള മുഖത്തിന്റെ ചിത്രങ്ങള്‍ വരെ അദ്ദേഹം തന്റെ ക്യാമറയില്‍ എടുത്തുവച്ചു. എത്ര മനോഹരമായിട്ടാണ് അദ്ദേഹം ഉമയെ പിരിമുറുക്കങ്ങള്‍ ഉണ്ടാക്കാത്ത രീതിയില്‍ ശാന്തമായി തന്റെ കഥാപാത്രത്തോട് ചേര്‍ത്തുവച്ചത്. അതുകൊണ്ടുതന്നെ ഉമ മാത്രമല്ല മറ്റെല്ലാ കഥാപാത്രങ്ങളും എത്രമാത്രം സ്വാഭാവികമായിട്ടാണ് പഥേര്‍ പാഞ്ചാലിയില്‍ അഭിനയിച്ചിരിക്കുന്നത്. പഥേര്‍ പാഞ്ചാലിയുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗ് ദുര്‍ഗയും അപ്പുവും കാശപുഷ്പങ്ങള്‍ നിറഞ്ഞ വയലില്‍ വച്ച് കലഹിക്കുകയും ഒത്തു തീര്‍പ്പിലെത്തുകയും ആദ്യമായി ഒരു ട്രെയിന്‍ നേരില്‍ കാണുകയും ചെയ്യുന്ന രംഗമായിരുന്നു. മുന്‍കൂട്ടി അഭിനയിപ്പിച്ചു നോക്കാതിരുന്നിട്ട് കൂടി കുട്ടികള്‍ വളരെ സ്വഭാവികമായി ആ രംഗം അഭിനയിച്ചു എന്ന് റേ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
തന്റെ കഥാപാത്രത്തിന്റെ വൈകാരിക വ്യതിയാനങ്ങളും കഥാപാത്രം ആവശ്യപ്പെടുന്ന ശരീരഭാഷയിലെ മാറ്റങ്ങളുമൊക്കെ ഉമ അയത്‌നലളിതമായി വശമാക്കിയിരുന്നു. തന്റെ സഹോദരന്‍ അപ്പുവിനോടുള്ള ആഴത്തിലുള്ള വാല്‍സല്യം പാല്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന അവന്റെ ചുണ്ട് തുടച്ചുകൊണ്ടും മുടി ചീകിക്കൊണ്ടും വാത്സല്യത്തോടെ തലോടി കൊണ്ടും അതിമനോഹരമായി അവള്‍ പ്രകടിപ്പിച്ചു. കൊടുങ്കാറ്റും പേമാരിയുമായി പ്രകൃതിസംഹാര താണ്ഡവം ആടുന്ന രാത്രിയില്‍ നിസ്സഹായ അമ്മയുടെ മുന്നില്‍വച്ച് ദുര്‍ഗ മരണപ്പെടുന്ന കാഴ്ച പഥേര്‍ പാഞ്ചാലി കണ്ടവരൊന്നും ഒരിക്കലും മറക്കുകയില്ല. ദുര്‍ഗയുടെ ബാല്യത്തിന്റെ ഊഷ്മളവും അതേ സമയം ഹൃദയഭേദകവുമായ നിമിഷങ്ങള്‍ ഈ സിനിമയുടെ കാതലാണ്. ദാരിദ്ര്യത്തോടുള്ള കുടുംബത്തിന്റെ പോരാട്ടങ്ങള്‍ അവളുടെ കഥാപാത്രവും പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു. അയല്‍വാസിയുടെ തോട്ടങ്ങളില്‍ നിന്ന് പഴവും മറ്റും മോഷ്ടിക്കുന്നത് പോലെയുള്ള കളിയും വികൃതിയും നിറഞ്ഞ സ്വഭാവത്തിന് ദുര്‍ഗയെ അവളുടെ അമ്മ സര്‍ബജയ പലപ്പോഴും ശകാരിക്കും, കഷ്ടപ്പാടുകള്‍ക്കിടയിലും ദുര്‍ഗയുടെ അപുവും പങ്കിട്ട സ്വപ്നങ്ങള്‍ ആര്‍ദ്രവും സാഹസികതകള്‍ നിറഞ്ഞതുമായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഉദ്ദേശിച്ചതുപോലെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സത്യജിത്ത് റെയ്ക്ക് സാധിച്ചില്ല. പ്രൊഡക്ഷന്‍ മാനേജര്‍ ആയിരുന്ന അനില്‍ ചൗധരി സ്വരൂപിച്ച പണം കൊണ്ട് കാലതാമസം ഉണ്ടായെങ്കിലും ചിത്രീകരണം മുന്നോട്ടുപോയി. പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെയാണ് ഒടുവില്‍ ഈ ചിത്രം പൂര്‍ത്തിയാകുന്നത്.
പഥേര്‍ പാഞ്ചാലി പുറത്തിറങ്ങി 25 വര്‍ഷം കഴിഞ്ഞപ്പോള്‍ രാജ്യസഭംഗമായിരുന്ന നടി നര്‍ഗീസ് ഇന്ത്യന്‍ ദാരിദ്ര്യം വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തുകൊണ്ട് ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തുകയാണ് സത്യജിത്ത് റേ ചെയ്തത് എന്ന് അവര്‍ ആരോപിച്ചു. ഇന്ത്യന്‍ ജീവിതത്തിന്റെ പ്രകാശമാനമായ മുഖവും എല്ലാ ദുരിതങ്ങളെയും അതിജീവിച്ചുകൊണ്ട് പ്രകാശിച്ചു നില്‍ക്കുന്ന മനുഷ്യബന്ധങ്ങളുമാണ് പഥേര്‍ പാഞ്ചാലി അനാവരണം ചെയ്യുന്നത് എന്ന് മൃണാള്‍സന്‍ അടക്കമുള്ള കലാകാരന്മാര്‍ അന്ന് ആ പ്രസ്താവനക്കെതിരെ രംഗത്ത് വന്നുകൊണ്ട് ചൂണ്ടിക്കാട്ടി. പലവിധ പ്രതിസന്ധികള്‍ക്കിടയിലും പഥേര്‍ പാഞ്ചാലി കാന്‍ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപെടുകയും ആ ചലച്ചിത്രോത്സവത്തില്‍ ഏറ്റവും നല്ല 'മനുഷ്യരേഖ'യായി അംഗീകരിക്കപ്പെടുകയും ചെയ്തു.
സിനിമയോടൊപ്പം തന്നെ ഉമാ ദാസ് ഗുപ്തയുടെ കഥാപാത്രം പരക്കെ പ്രശംസിക്കപ്പെട്ടു. അവളുടെ കഥാപാത്രം പഥേര്‍ പാഞ്ചാലിയുടെ ഏറ്റവും അവിസ്മരണീയമായ ഘടകങ്ങളിലൊന്നായി ഇന്നും തുടരുകയും ചെയ്യുന്നു. ബാല്യത്തിന്റെ നിഷ്‌കളങ്കതയും, പ്രതിരോധവും കയ്‌പേറിയ സൗന്ദര്യവും ഉള്‍ക്കൊള്ളുന്ന ദുര്‍ഗ എന്ന കഥാപാത്രത്തിന് ശേഷം നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടും പിന്നീട് ആ നടി അഭിനയ ജീവിതത്തില്‍ തുടര്‍ന്നില്ല. അതെന്തുകൊണ്ട് എന്ന് ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം പലരും കൗതുകത്തോടെ ആലോചിച്ചു. ഉമയുടെ അസാധാരണമായ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അവരുടെ പാരമ്പര്യം,
വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ ചിന്ത, വ്യക്തിപരമായ പൂര്‍ത്തീകരണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത ഇവയെല്ലാം അവരുടെ ഹ്രസ്വകാല പ്രശസ്തിയുടെ സീമകള്‍ക്കപ്പുറം വ്യാപിക്കുന്നത് വ്യക്തമാകും.ഒരുപക്ഷേ ഉമാ ദാസിന്റെ പരിഗണനകളുടെ മുന്‍പന്തിയില്‍ സിനിമയെക്കാള്‍ ഉപരി മേല്‍പ്പറഞ്ഞ കാരണങ്ങളൊക്കെയാകാം. ദുര്‍ഗയും അപ്പുവും ആ കഥാപാത്രങ്ങള്‍ അല്ലാതെ മറ്റേതെങ്കിലും ഒരു കഥാപാത്രമായി കാണാന്‍ സത്യജിത് റേ ആഗ്രഹിച്ചിരുന്നില്ല എന്നതും സ്മരണീയമാണ്. സത്യജിത് റേയുടെ മറ്റൊരു സിനിമകളിലേക്കും ഉമയെ വിളിച്ചില്ല എന്നൊരു പരിഭവവും എവിടെയോ വായിച്ച ഒരു ഓര്‍മ്മയുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം 2022 ല്‍ ഉമാ ദാസ് കൗശിക് ഗാംഗുലി രചനയും സംവിധാനവും നിര്‍വ്വഹിച്ച ബംഗാളി ചിത്രമായ ലോക്കി ചേലെയില്‍ മുഖം കാണിക്കുകയുണ്ടായി.
1940ലാണ് ഉമാദാസ് ഗുപ്തയുടെ ജനനം. കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ജോഗാമായാ ദേവി കോളേജിലാണ് ഉമാ ദാസ് ഗുപ്ത ബിരുദം പൂര്‍ത്തിയാക്കിയത്. വിവാഹശേഷം ഉമാദാസ് സെന്‍ എന്ന നാമത്തിലേക്ക് അവര്‍ മാറിയിരുന്നു. 1984 മുതല്‍ 2000 വരെ കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ വിദ്യാപീഠത്തിലെ നഴ്‌സറിയിലും പ്രൈമറി വിഭാഗത്തിലും സ്‌കൂള്‍ അധ്യാപികയായിരുന്നു. ഒടുവില്‍ 84ാം വയസ്സില്‍ കൊല്‍ക്കത്തയിലെ വീട്ടില്‍ വച്ച് ഉമാദാസ് മരണത്തിന് കീഴടങ്ങി. കൊല്‍ക്കത്തയിലെ കിയോരതല ശ്മശാനത്തില്‍ സംസ്‌കരിച്ചതോടെ അവരീ മണ്ണില്‍ നിന്ന് യാത്രയായി. അവിസ്മരണീയമായ ഒരു കഥാപാത്രം ഇന്ത്യന്‍ സിനിമ ലോകത്തിന് സമ്മാനിച്ച അഭിനേത്രിയായിട്ടും അവരുടെ പേര് നമ്മുടെ ചിരപരിചിതരുടെ പട്ടികയില്‍ ഇല്ല. ഈ നടി ഏതാണെന്ന് ചിന്തിച്ച് നമ്മുടെയൊക്കെ മനസ്സിനെ ദുര്‍ഗ എന്ന കഥാപാത്രത്തില്‍ നിന്ന് വഴിതിരിച്ചു വിടാന്‍ അന്നത്തെ ആ 12 വയസ്സുകാരിക്ക് ഇന്നും കഴിഞ്ഞിട്ടില്ല. അവരെന്നും ദുര്‍ഗ തന്നെയാണ്.
സ്ത്രീ സുരക്ഷയിലും സ്ത്രീ പദവിയിലും ഏറെ മുന്നില്‍ ഉണ്ടായിരുന്ന നാടാണ് ബംഗാള്‍. എന്നാല്‍ ഇന്ന് അവിടത്തെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് രാജ്യമാകെ ആശങ്കയുണ്ട്. വംഗനാട്ടില്‍ ഇന്നും ദുര്‍ഗമാര്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണോ എന്ന നിരാശാജനകമായ ചോദ്യവും ഉണ്ട്. ദുര്‍ഗ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ ഇന്ത്യന്‍ സിനിമാലോകത്തെ ആകെ പിടിച്ചുലച്ച ഉമാദാസ് ഗുപ്തയുടെ മരണം ഇന്ന് വീണ്ടും വംഗനാട്ടിലെ സ്ത്രീ ജീവിതത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകട്ടെ.