ഈസ്റ്റ് കോസ്റ്റ് വിജയൻ ഞങ്ങളുടെ തലമുറയുടെ നൊസ്റ്റാൾജിയ

ഈസ്റ്റ് കോസ്റ്റ് വിജയൻ ഞങ്ങളുടെ തലമുറയുടെ നൊസ്റ്റാൾജിയ
Summary

ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് 'കള്ളനും ഭഗവതിയും' എന്ന ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണൻ, ബംഗാളി നടി മോക്ഷ, അനുശ്രീ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മാർച്ച് 31നാണ് തിയേറ്ററുകൾ എത്തിയിരിക്കുന്നത്. കള്ളനായ മാത്തപ്പന്റെയും ഭഗവതിയുടെയും കഥയാണ് ചിത്രം എന്നാണ് ട്രെയ്ലർ അടക്കം നൽകുന്ന സൂചന. സംഗീതത്തിന് വലിയ പ്രധാന്യമുള്ള ചിത്രത്തിൽ മൂന്ന് പാട്ടുകൾക്ക് പുറമെ, പന്ത്രണ്ട് പരമ്പരാഗത ശ്ലോകങ്ങളും ഉൾപ്പെടുന്നതായി ചിത്രത്തിന്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജ് പറയുന്നു. തന്റെ ജനറേഷന്റെ നൊസ്റ്റാൾജിയായിരുന്ന 'ഈസ്റ്റ് കോസ്റ്റ് വിജയൻ' എന്ന ബാനറിൽ പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് രഞ്ജിൻ രാജ് ക്യു സ്റ്റുഡിയോയോട്.

ഈസ്റ്റ് കോസ്റ്റ് വിജയൻ എന്ന നൊസ്റ്റാൾജിയ...

എന്റെയൊക്കെ പ്ലസ്ടു, കോളേജ് കാലഘട്ടങ്ങളെയും പ്രണയത്തെയുമെല്ലാം കണക്ട് ചെയ്യുന്ന പാട്ടുകളായിരുന്നു ഈസ്റ്റ് കോസ്റ്റ് വിജയൻ സാറിന്റെ പാട്ടുകൾ. 'ഓർമ്മയ്ക്കായ്, ഇത്രമേൽ എന്നെ നീ' എന്നിവ അതിൽ എടുത്തുപറയണം. എന്റെ മാത്രമല്ല, എന്റെ തലമുറയിലുള്ളവരുടെയും അതിന് മുൻപുള്ളവരുടെയും നൊസ്റ്റാൾജിയയാണത്. അവരുടെ പ്രണയത്തെ തൊട്ടുണർത്തിയ വരികളായിരുന്നു, ഏറ്റുപാടാൻ പറ്റുന്നവയായിരുന്നു ആ പാട്ടുകൾ.

പന്ത്രണ്ട് രാഗങ്ങളിൽ പന്ത്രണ്ട് ശ്ലോകങ്ങൾ...

എന്റെ സീനീയേഴ്സിന്റെ ഒപ്പം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ അവസരം ലഭിച്ചത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണ്. 'കള്ളനും ഭഗവതി'യും എന്ന ചിത്രത്തിലേക്ക് വന്നാൽ, മ്യൂസിക്കിന് വലിയ പ്രാധാന്യമുള്ള സിനിമയാണിത്. മൂന്ന് പാട്ടുകൾക്ക് പുറമെ, പശ്ചാത്തല സംഗീതവും, വിവിധ രാഗങ്ങളിലുള്ള പന്ത്രണ്ടോളം ശ്ലോകങ്ങൾക്കും ഈ സിനിമയിൽ മ്യൂസിക് ചെയ്തിട്ടുണ്ട്. അതിൽ ഭൂരിഭാഗവും പാടിയിട്ടുള്ളത് മധു ബാലകൃഷ്ണൻ സാറാണ്. 9 പാട്ടുകളാണ് അദ്ദേഹം പാടിയിരിക്കുന്നത്.

വിജയൻ സാറിന് ഇഷ്ടപ്പെടും വരെ മാറ്റിപ്പാടും

വളരെയധികം കഷ്ടപ്പെട്ടാണ് രാഗങ്ങൾ തെരഞ്ഞെടുത്തത്. ഇതിൽ സന്തോഷ് വർമ്മ എന്ന ലിറിസിസ്റ്റിന്റെയും വിജയൻ സാറിന്റെയും വലിയ റിസേർച്ചിന്റെ പങ്കാളിത്തമുണ്ട്. കർണാടിക് മ്യൂസിക്കിലും രാഗങ്ങളിലുമുള്ള അറിവാണ് ഈ റിസർച്ചിന് ഏറ്റവും ആവശ്യമായി വരുന്നത്. ഒരോ രാഗവും പാടിക്കൊടുത്ത് വിജയൻസാറിന് തൃപ്തിവരുന്നതുവരെ മാറ്റിയെടുത്താണ് അവസാന പന്ത്രണ്ട് രാഗങ്ങളിലേക്ക് എത്തിയത്.

എല്ലാവരുടെയും ഗുഡ് ബുക്കിൽ കയറാനാകില്ല...

കലാപരമായിട്ടുള്ള ഏത് മേഖലയിലും അടിസ്ഥാനപരമായി വേണ്ട ഇന്ധനം മോട്ടിവേഷനും ഇൻസ്പിരേഷനുമാണ്. നമ്മൾ ചെയ്യുന്ന സംഗീതം അംഗീകരിക്കപ്പെടണം, അതിനുള്ള മനസ് ഓഡിയൻസിനും ഇൻഡസ്ട്രിക്ക് അകത്തുള്ളവർക്കും ഉണ്ടാകണം. നല്ലതിനെ നല്ലത് എന്ന് പറയുന്നവർ ഉണ്ടാകണം. എല്ലാവരുടെയും നല്ല ബുക്കിൽ കയറാൻ ചിലപ്പോൾ സാധിച്ചെന്ന് വരില്ല. എന്നാൽ സിനിമയോട് ചേർന്നുനിൽക്കുന്ന മ്യൂസിക് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന് അംഗീകാരവും അഭിനന്ദനവും ലഭിക്കണം.

ജോസഫ് ചെയ്യുമ്പോൾ ആ സിനിമയ്ക്ക് ആവശ്യമുള്ള അപ്രോച്ചും മാളികപ്പുറം ചെയ്യുമ്പോൾ ആ സിനിമയ്ക്ക് ആവശ്യമുള്ള അപ്രോച്ചുമാണ് സ്വീകരിച്ചത്. അവിടെ ഏതെങ്കിലും ഒരു വിഭാഗം മ്യൂസിക്കാണ് അൾട്ടിമേറ്റ് എന്നൊന്നുമില്ല. ഒരു പാട്ട് ചെയ്യുമ്പോൾ ആ പാട്ടിന് അനിയോജ്യമായ കലാകാരൻ ആയിരിക്കണം പാടേണ്ടത് എന്ന ലക്ഷ്യം മാത്രമേയുള്ളൂ. അതിനെയാണ് ഞാനെന്നും പൂർണ്ണതയായി കണക്കാക്കുന്നത്. വലിയ ഗായകർ പാടുന്നു എന്നതിലുപരി എന്റെയൊരു പ്രൊഡക്ട് പൂർണതയിൽ പുറത്തേക്കു വരുന്നതിലാണ് എനിക്ക് എക്സൈറ്റ്മെന്റുണ്ടാവുക. പാടുന്നത്- പുതിയ ആളായിരുന്നാലും, അന്നുവരെ യാതൊരു റെക്കോർഡിംഗ് എക്സ്പീരിയൻസ് ഇല്ലാത്ത ഒരാളായിരുന്നാലും, അയാളെയാണ് ആ പാട്ടിന് ആവശ്യമെങ്കിൽ അത് കണ്ടെത്തുന്നതോടെ എന്നിലെ മ്യുസിഷൻ ഹാപ്പിയാകും.

ചവിട്ടുപടിയായത് സീരിയലുകൾ...

സിനിമയ്ക്ക് മുൻപ് കിട്ടിയ അവസരങ്ങളിൽ പലതും ജിംഗിൾസൊക്കെ ചെയ്യാനായിരുന്നു. ആ സമയത്ത് ഒരുപാട് ചാനലുകൾക്ക് വേണ്ടി ഞാൻ പ്രൊമൊ സോങ്സും മറ്റും ചെയ്തിട്ടുണ്ട്. ആ ചാനലുകളിലെ സീരിയലുകളുടെ ബാഗ്രൗണ്ട് സ്‌കോറിന് വേണ്ടിയും അവർ സമീപിക്കും. എല്ലാ എപ്പിസോഡുകൾക്കും അത്തരത്തിൽ ബാഗ്രൗണ്ട് മ്യൂസിക് ആവശ്യം വരില്ല. ഒരു പത്ത് എപ്പിസോഡിനുള്ളത് മതിയാകും. അത് കട്ട് ആൻഡ് പേസ്റ്റ് ചെയ്താണ് മറ്റ് എപ്പിസോഡുകളിൽ ഉപയോഗിക്കുക.

അത്തരം പ്രോജക്ടുകളാണ് പലപ്പോഴും എനിക്ക് ലഭിച്ചിരുന്നത്. സീരിയൽ വർക്കൗട്ട് ആകാൻ ശരിക്കും വലിയ മാസ് മ്യൂസിക്കുകളൊക്കെ ആവശ്യമാണ്. അത്രയും സൗൺഡിംഗും സ്ട്രിംഗ്സും യൂസ് ചെയ്യേണ്ടി വരും. അതുകൊണ്ടുതന്നെ വിഷ്വൽ എന്തായിരുന്നാലും മ്യൂസിക്കാലിറ്റി വലുതാക്കാൻ അത് സഹായിക്കും. പലപ്പോഴും സീക്വൻസുകൾ എങ്ങനെ വർക്കൗട്ടാക്കാം എന്ന് പഠിക്കാനായി ലഭിച്ച ചവിട്ടുപടിയായിരുന്നു സീരിയലുകൾ. സംഗീതത്തിലെ പഠനത്തിൽ എന്നെ അത് വളരെ സഹായിച്ചിട്ടുണ്ട്.

ജോസഫിലെ 'പൂമുത്തോളെ...'

ആദ്യകാലത്തൊക്കെ ചെയ്യുന്ന പാട്ടുകൾ 'പൂമുത്തോളെ' എന്ന ജോസഫിലെ ഗാനവുമായി കമ്പേറ് ചെയ്യപ്പെടാറുണ്ടായിരുന്നു. പിൽക്കാലത്ത് സ്വയം പ്രൂവ് ചെയ്ത് അതിൽ മാറ്റമുണ്ടാക്കി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ചെയ്തതിൽ എനിക്കേറ്റവുമിഷ്ടപ്പെട്ട പാട്ട് അതാണോ എന്ന് ചോദിച്ചാൽ അതായിരിക്കില്ല, എന്നാൽ ജോസഫിന് ആവശ്യമായ ഗാനമായിരുന്നു അത്.

എന്നാൽ അതാണ് എന്റെ അൾട്ടിമേറ്റ് ക്രിയേഷനെന്നോ, അതിലപ്പുറം എനിക്ക് ചെയ്യാനാകില്ലെന്നോ ഞാൻ വിശ്വസിക്കുന്നില്ല. അതിന് ശേഷമാണ് കാണെകാണെയും കർണൻ നെപ്പോളിയൻ ഭഗത് സിംഗ് ഒക്കെയെത്തിയത്. ആ ചിത്രങ്ങളിലൂടെ ലഭിച്ച അംഗീകാരങ്ങളുണ്ട്. കാവൽ പോലൊരു മാസ് പടം ചെയ്യാൻ കഴിഞ്ഞു, പത്താം വളവും, നൈറ്റ് ഡ്രൈവും, മാളികപ്പുറവുമെല്ലാം ചെയ്യാൻ കഴിഞ്ഞു. ഇതിൽ ചിലപ്പോൾ സിനിമ തിയറ്ററിൽ വിജയിച്ചില്ല, എങ്കിൽപ്പോലും മ്യൂസിക് ഹിറ്റാവുന്നതിന് ഞാൻ സാക്ഷിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ ജോസഫിലെ പാട്ടുമായൊരു താരതമ്യത്തിന് ഇന്ന് പ്രസക്തിയുണ്ടെന്ന് തന്നെ കരുതുന്നില്ല.

ഇൻസ്റ്റഗ്രാം റീൽസാണ് ഇപ്പോൾ പാട്ടുകളെ തിരിച്ചുകൊണ്ടുവരുന്നത്...

കടാവർ, യുഗി എന്നിങ്ങനെ രണ്ട് സിനിമകൾ ഇതിനകം തമിഴിൽ ചെയ്ത് കഴിഞ്ഞു. രണ്ട് ചിത്രങ്ങളിലെയും പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുഗിയിലെ .. ഗാനം ട്രെൻഡിംഗായിരുന്നു. യുഗി തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെപോയ ചിത്രമായിരുന്നു, എന്നാൽ പിന്നീട് ഒടിടിയിൽ എത്തിയപ്പോൾ എല്ലാ ഓൺലൈൻ ഓഡിയോ പ്ലാറ്റ്ഫോമുകളിലും അത് ട്രെൻഡിംഗ് ലിസ്റ്റിലുൾപ്പെട്ടു. ഇൻസ്റ്റഗ്രാം റീൽസിൽ കൂടിയാണ് സത്യത്തിൽ ആ പാട്ട് തിരിച്ചുവരവ് നടത്തിയത്. തിയറ്റിൽ നേടിയതിന്റെ നാലിരട്ടിയോളം പോപ്പുലാരിറ്റിയും സ്വന്തമാക്കി. ഇത്തരത്തിൽ ഓഡിയോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കൂടുതൽ ജനകീയമാകുന്നതോടെ എല്ലാ പാട്ടിനും ഒരു സ്ഥാനം ലഭിക്കുന്നുണ്ട്. എല്ലാ എഫേർട്ടും ശ്രദ്ധിക്കപ്പെടാനുമുള്ള സാധ്യതയും വർദ്ധിക്കുന്നുണ്ട്.

നാട്ടു നാട്ടു ഒരു പക്കാ ഇന്ത്യൻ സോങ്...

ഒരു ഇന്ത്യൻ ഗാനം ഓസ്‌കാർ നേടുമ്പോൾ ആ ഫ്രട്ടേണിറ്റിയുടെ ഭാഗമായ ഒരു മ്യുസിഷനെന്ന നിലയ്ക്ക് എനിക്കും അഭിമാനകരമായ നിമിഷമാണത്. സൗത്ത് ഇൻഡസ്ട്രിക്ക് മികച്ച സംഗീതം നൽകിയ കീരവാണി സാറിലൂടെയാണ് ആ പുരസ്‌കാരം എത്തിയിരിക്കുന്നത്. ഒരു പക്കാ ഇന്ത്യൻ സോങ് തന്നെയാണ് 'നാട്ടു നാട്ടു'. ഇന്ത്യൻ കൾച്ചറിന്റെ അംശമുള്ള, നേറ്റിവിറ്റിയുടെ എല്ലാ ഘടകങ്ങളും ചേർത്തുകൊണ്ടുള്ള ആ ഗാനത്തിന് ഓസ്‌കാർ ലഭിക്കുന്നത് സന്തോഷകരമായ മുഹൂർത്തം തന്നെയാണ്.

കീരവാണിക് കാർപെന്റേഴ്സാണ്, രഞ്ജിൻ രാജിന്?

മ്യൂസിക്കിനോട് അഭിരുചിയുള്ള ഒരു വ്യക്തി സംഗീതജ്ഞനാകുന്ന പ്രൊസസിൽ അവരെ കൂടുതലും സ്വാധീനിച്ചിട്ടുണ്ടാകുക അവർ ചെറുപ്പത്തിൽ കേട്ട മ്യൂസിക്കായിരിക്കും. എന്നെ സംബന്ധിച്ച് അത് മലയാളം, തമിഴ്, ഹിന്ദി ക്ലാസിക്സാണ്. എന്റെ ബേസ് അതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇളയരാജയും എംഎസ് വിശ്വനാഥനും കർണാടിക്കിൽ ബാലമുരളി കൃഷ്ണപ്പോലുള്ളവരുടെയും ഫാനായിരുന്നു ഞാൻ. പിൽക്കാലത്ത് മ്യൂസിക് പ്രൊഡക്ഷനിലേക്കും പ്രോഗാമിലേക്കും എത്തിയപ്പോൾ മൈക്കിൾ ജാക്സനും കോൾഡ് പ്ലേയുമായി ഫോളോ ചെയ്യുന്നത്. അത്തരത്തിൽ ഒരുപാട് പേരുടെ ഇൻഫ്ളുവൻസുകളിലൂടെയാണ് നമുക്ക് മ്യൂസിക്കിനോടുള്ള മനോഭാവം രൂപപ്പെടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in