അലെജാൻഡ്രോ ജൊഡൊറോവസ്കി: ഒരു നട്ടപ്പാതിരാ സിനിമാക്കാരന്‍

അലെജാൻഡ്രോ ജൊഡൊറോവസ്കി: ഒരു  നട്ടപ്പാതിരാ  സിനിമാക്കാരന്‍
Summary

ഞാൻ എവിടെയും സ്വീകരിക്കപ്പെട്ടില്ല. കാരണം ബൊളീവിയയിൽ ഞാനൊരു റഷ്യൻ ആയിരുന്നു. ചിലിയിൽ ഒരു ജൂതൻ. മെക്സിക്കോയിൽ ഫ്രഞ്ചുകാരൻ. ഇപ്പോൾ അമേരിക്കയിൽ ഒരു മെക്സിക്കൻ.

അലെജാൻഡ്രോ ജൊഡൊറോവസ്കി

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഫ്രഞ്ച് സര്‍റിയലിസ്റ്റ് സിനിമയുടെ പ്രചാരകനും വക്താവുമായ അലെജാൻഡ്രോ ജൊഡൊറോവസ്കിയുടെ അഞ്ച് സിനിമകൾ റെട്രോസ്പെക്ടീവ് വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. എല്‍ ടോപ്പോ, 'ദി ഡാന്‍സ് ഓഫ് റിയാലിറ്റി', 'സാന്റ സാങ്ക്രേ', 'ദി ഹോളി മൗണ്ടന്‍', 'എന്‍ഡ്‌ലെസ്സ് പോയട്രി' എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

ന്യൂയോർക്ക്, 1971. പുലർച്ചെ ഒരു മണിയോടടുത്താണ് ജോൺ ലെനൻ യോക്കോ ഓനോയ്‌ക്കൊപ്പം എട്ടാം അവന്യൂവിലെ എൽജിൻ തിയേറ്ററിൽ മൂന്നാം തവണ ഒരു സിനിമ കാണാന്‍ കാത്തിരിക്കുകയാണ്. അത് അലെജാൻഡ്രോ ജൊഡൊറോവസ്കിയുടെ എൽ ടോപ്പോ (El Topo,1970) എന്ന സിനിമയായിരുന്നു. ഹാള്‍ നിറഞ്ഞു. സിനിമയുടെ ടിക്കറ്റ് വലിയ തോതില്‍ വിറ്റുപോയി. ചിലര്‍ പത്തോളം തവണ സിനിമ കണ്ടു. ഒരു പെൺകുട്ടി ഈ സിനിമ 21 തവണ കണ്ടുവത്രേ. പുകയുടെ കട്ടിയുള്ള മേഘം സ്‌ക്രീനിനെ മറയ്ക്കുന്നു. തുടര്‍ന്ന് സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള വിചിത്രദൃശ്യങ്ങൾ. ലെനന്‍ സിനിമ കാണുകയായിരുന്നില്ല, അനുഭവിക്കുകയായിരുന്നു.

വെസ്റ്റേണ്‍ ശൈലിയിലാണ് സിനിമ. മരുഭൂമിയിലൂടെ കുതിരയോടിക്കുന്ന കറുത്ത വസ്ത്രമണിഞ്ഞ ഒരാൾ, നഗ്നനായ ഒരു കൊച്ചുകുട്ടി അയാളുടെ പുറകിൽ പറ്റിപ്പിടിച്ച് ഇരിക്കുന്നു. അയാള്‍ തലയ്ക്കു മുകളിൽ കറുത്ത കുട തുറന്നു പിടിച്ചിരിക്കുന്നു. കൈകളില്ലാത്ത ഒരു മനുഷ്യൻ കാലുകളില്ലാത്ത മനുഷ്യനെ നിർവാണത്തിലേക്ക് കൊണ്ടുപോകുന്നു. ചത്ത വെളുത്ത മുയലുകളാൽ ചുറ്റപ്പെട്ട ഒരു മിസ്റ്റിക്. തന്റെ അമാനുഷിക ഷൂട്ടിംഗ് കഴിവ് ഉപയോഗിച്ച് ഒരു പട്ടണത്തെ സാഡിസ്റ്റ് കേണലിന്റെ ഭരണത്തിൽ നിന്ന് എല്‍ടോപ്പോ മോചിപ്പിക്കുന്നു. തുടർന്ന് അദ്ദേഹം തന്റെ മകനെ സന്യാസിമാര്‍ക്ക് ഒപ്പമാക്കി യാത്ര തുടരുന്നു. കേണല്‍ അടിമയാക്കി വെച്ചിരുന്ന ഒരു സ്ത്രീയെ അയാൾ മോചിപ്പിക്കുന്നു. തുടര്‍ന്ന് അവളെയും കൂട്ടി യാത്രയാവുന്നു.

നാല് നിഗൂഢ തോക്കുധാരികളെ നേരിടാൻ മരുഭൂമിയിലേക്ക് സവാരി ചെയ്യാൻ സ്ത്രീ അയാളെ പ്രേരിപ്പിക്കുന്നു. എല്ലാ തോക്കുധാരികളും മരിക്കുന്നു. വെടികൊണ്ട എല്‍ടോപ്പോയെ വിരൂപരായ ഒരു കൂട്ടം മനുഷ്യർ ഒരു ഗുഹയിലേക്ക് വലിച്ചിഴയ്ക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അയാൾ ഉണരുന്നു. ഈ മനുഷ്യര്‍ക്ക് അവരുടെ ശാരീരികപരിമിതികൾ കാരണം ഗുഹയ്ക്ക് വെളിയിൽ കടക്കാൻ കഴിയുന്നില്ല. ബോധം വന്ന എൽടോപ്പോ അവരെ രക്ഷപ്പെടാൻ സഹായിക്കുന്നു.

വിചിത്രദൃശ്യങ്ങള്‍ നിറഞ്ഞതാണ്‌ സിനിമ. പുരുഷശബ്ദത്തില്‍ സംസാരിക്കുന്ന സ്ത്രീ. ഭക്ഷണവും വെള്ളവും ആവശ്യമുള്ളപ്പോൾ, എൽടോപ്പോ സ്ത്രീയുടെ പാദങ്ങൾ അകത്തിവെച്ച്‌ അവയ്ക്ക് താഴെയുള്ള മണലിൽ നിന്ന് മുട്ടകൾ കുഴിച്ചെടുക്കുന്നു. പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട്‌ അയാള്‍ ഒരു പാറയിലേക്ക് വെടിവെച്ചപ്പോൾ പാറയില്‍ നിന്ന് വെള്ളം പുറത്തുവരുന്നു. കാലില്ലാത്തവനെ ചുമക്കുന്ന കൈയില്ലാത്ത മനുഷ്യൻ. ചിത്രശലഭത്തിന്റെ വലയുമായി പോരാടുന്ന ഒരു പോരാളി. റഷ്യൻ റൗളറ്റിന്റെ മാതൃകയിൽ പ്രാര്‍ത്ഥന നടത്തുന്ന കൃസ്തീയദേവാലയം. ചൈനീസ് തത്ത്വചിന്ത, സെൻ ബുദ്ധമതം, ജ്യോതിഷം, സൂഫിസം, യൂറോപ്യൻ സർറിയലിസം, ടാരോ.. മരിജുവാന പകരുന്ന അനുഭൂതിയിലേക്ക് ലെനന്‍ പ്രവേശിച്ചു. എന്നാല്‍ 'ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ല, അതില്ലാതെ തന്നെ എനിക്ക് ലഹരിയുണ്ട്'എന്നാണ് ജൊഡൊറോവസ്കി പിന്നീട് പറഞ്ഞത്. 'ഒരു വ്യക്തി തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സിനിമ നിര്‍മ്മിക്കാൻ ഞാൻ ആഗ്രഹിച്ചു. മാനസികമാറ്റം സൃഷ്ടിക്കാൻ, ജ്ഞാനോദയത്തിലെത്താൻ. ഇത് എൽ.എസ്.ഡി. ഇല്ലാത്ത എൽഎസ്ഡിയാണ്' എന്നാണ് സിനിമയെക്കുറിച്ച് ജൊഡോറോസ്കി പിന്നീട് പറഞ്ഞത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഫീച്ചർ സിനിമയാണ് എല്‍ ടോപ്പോ. ഈ സിനിമയുടെ നിർമാണം, രചന, സംവിധാനം, എഡിറ്റിംഗ്, സംഗീതം ഒക്കെ നിർവഹിച്ചത് ജൊഡൊറോവസ്കി തന്നെയായിരുന്നു. മാത്രവുമല്ല, പ്രധാന കഥാപാത്രമായി അഭിനയിച്ചതും അദ്ദേഹം തന്നെ. (ജൊഡൊറോവസ്കിയുടെ മകനാണ് കുട്ടിയായി അഭിനയിച്ചത്. ജൊഡൊറോവസ്കിയുടെ പില്‍ക്കാല സിനിമകളിലും മകന്‍ അഭിനയിച്ചിട്ടുണ്ട്).

El Topo/The Mole / El Topo
El Topo/The Mole / El Topo

മെക്സിക്കോയിലെ സിനിമാവ്യവസായം ജൊഡൊറോവസ്കിയേയും സിനിമയെയും അങ്ങേയറ്റം നിന്ദിക്കുകയും പുച്ഛിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് അദ്ദേഹം അമേരിക്കയിൽ എത്തുന്നത്. 1968-ലെ വിദ്യാർഥിപ്രക്ഷോഭം, വിയറ്റ്നാം യുദ്ധം, അശാന്തവും അസ്വസ്ഥവുമായ രാഷ്ട്രീയ കാലാവസ്ഥ, പോപ്‌ സംസ്കാരം, ശൂന്യതാവാദം, ബീറ്റിൽസ്, റോക് ആന്റ് റോൾ, ഹിപ്പിസം, ഫ്രീ സെക്സ്, ആത്മീയത. അപ്പോൾ അവിടത്തെ സാമൂഹ്യരാഷ്ട്രീയരംഗം വളരെയധികം പ്രക്ഷുബ്ധമായിരുന്നു. അതു പോലെ കലാസാംസ്കാരിക രംഗത്തും വ്യവസ്ഥാപിതമായതിന് എതിരെയുള്ള കാറ്റ് ശക്തിയായി വീശുന്നുണ്ടായിരുന്നു. വിശേഷിച്ച് യുവജനങ്ങളുടെ ചിന്താരീതികൾ വൻ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്നു. Counter culture, avant garde, underground എന്നിങ്ങനെ വ്യവസ്ഥിതിയോട് കലഹിക്കുന്ന നിരവധി ഗ്രൂപ്പുകൾ അന്നവിടെ പ്രബലമായിരുന്നു. ഇത്തരം ഗ്രൂപ്പുകളിലെ പ്രശസ്തരുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ചങ്ങാത്തം.

അവിടെ വച്ച് അവാങ് ഗാർദ്, അണ്ടർ ഗ്രൌണ്ട് സിനിമാ പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിത്വമായിരുന്ന Ben Barenholtz എന്ന വിതരണക്കാരൻ ഈ സിനിമയിൽ ആകൃഷ്ടനായി. ഇദ്ദേഹമാണ് ഈ രംഗത്തുള്ള പ്രമുഖരായ 'ഭ്രാന്തന്മാർ' രാത്രികളിൽ ഒത്തു ചേരുന്ന തീയേറ്ററില്‍ പാതിരാസിനിമയായി (Midnight movie) എല്‍ടോപ്പോ പ്രദർശിപ്പിച്ചത്. ഏതാണ്ട് ഒരു വർഷത്തോളം സിനിമ ഈ തിയേറ്ററിൽ ഓടിയത്രേ! വിദ്യാർഥികൾ, അത്യന്താധുനികർ, അസ്തിത്വ വാദികൾ, ഹിപ്പികൾ, രാഷ്ട്രീയത്തിലെ തീവ്രവാദികൾ, മയക്കു മരുന്ന് ഉപയോഗിക്കുന്നവർ എന്നിവരെ സിനിമ വളരെയധികം ആകർഷിക്കുകയും അവർക്കിടയിൽ വലിയ ചർച്ചാവിഷയമാവുകയും ചെയ്തു. ലെനന്‍, ഓനോ എന്നിവരെക്കൂടാതെ Bob Dylan, Sam Fuller, Peter Fonda, Dennis Hopper തുടങ്ങിയ പ്രശസ്തരും സിനിമയുടെ ആരാധകരായി. സിനിമ ഒരു കൾട്ട്ഹിറ്റ്‌ ആയിത്തീർന്നു. അങ്ങനെ പാതിരാസിനിമാ പ്രസ്ഥാനത്തെ (Midnight film movement) ജ്വലിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ച സിനിമയായി എല്‍ടോപ്പോ മാറി.

സിനിമയിൽ ഭ്രമിച്ചുവശായ ലെനൻ തന്നെ മുൻകൈയെടുത്ത് ബീറ്റിൽസിന്റെ അംഗങ്ങൾ ചേർന്ന് സ്ഥാപിച്ച Apple Corps എന്ന കമ്പനിയെക്കൊണ്ട് അമേരിക്കയിൽ സിനിമ വിതരണം ചെയ്യാനുള്ള സംവിധാനങ്ങൾ ഏര്‍പ്പാടാക്കി. കൂടാതെ ജൊഡൊറോവസ്കിക്ക് ഇഷ്ടമുള്ള സിനിമയുണ്ടാക്കാനായി ഒരു മില്യൺ നൽകണമെന്ന് ജോൺ ലെനൻ തന്റെ മാനേജരോട് പറയുകയും ചെയ്തു.

സർക്കസ് കോമാളി, പാവകളിക്കാരൻ, മൈം കലാകാരൻ, നാടകകാരൻ, കോമിക് എഴുത്തുകാരൻ, ടാരോ റീഡർ, മനോരോഗചികിത്സകൻ, മത-ആത്മീയ തത്വസംഹിതാ ജ്ഞാനി (ഇത്തരം കാര്യങ്ങളുടെ പ്രായോഗികാനുഭവം ഉള്ളയാൾ), സിനിമാ സംവിധായകൻ. ജൊഡൊറോവസ്കിയെ എങ്ങിനെയാണ് വിശേഷിപ്പിക്കുക? ഒരു ബഹുമുഖ പ്രതിഭ? നാട്ടുനടപ്പ് അനുസരിച്ചുള്ള അർത്ഥത്തിൽ ഈ വിശേഷണം അദ്ദേഹത്തിന് ചേരുമെങ്കിലും ഇതിലും കൂടുതൽ വിശേഷണപദങ്ങൾ കൊണ്ട് അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു പ്രത്യേക ചട്ടക്കൂട്ടിൽ ഒതുക്കാൻ കഴിയാത്ത, വന്യവും വിചിത്രവുമായ ഭാവനനയാൽ നമ്മെ പ്രകോപിപ്പിക്കുന്ന ബഹുമുഖപ്രതിഭ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം എന്ന് തോന്നുന്നു.

അദ്ദേഹത്തിന്റെ ഹോളി മൗണ്ടൻ (Holy Mountain, 1973) നിരവധി വ്യാഖ്യാനങ്ങൾക്ക് സാധ്യത ഒരുക്കുന്നു. പാഠങ്ങളും ഉപപാഠങ്ങളുമായി പല അടരുകൾ ഉള്ളതാണ് സിനിമ. മാന്ത്രികൻ തന്റെ മാന്ത്രികവടി ചുഴറ്റി തൊപ്പിക്കുള്ളിൽ നിന്ന് ഓരോ തൂവാലകൾ പുറത്തെടുക്കുന്നത് പോലെ. ദൃശ്യങ്ങൾ പലപ്പോഴും അസംബന്ധവും മതിഭ്രമവുമായി നമുക്ക് അനുഭവപ്പെട്ടേക്കാമെങ്കിലും അവയ്ക്കിടയിൽ കൃത്യമായ രാഷ്ട്രീയവും തത്വചിന്തയും പ്രവർത്തിക്കുന്നുണ്ട്. സിനിമ ആത്യന്തികമായി യുദ്ധത്തിനും അധിനിവേശത്തിനും ഉപഭോഗ തൃഷ്ണയ്ക്കും സ്ഥാപനവൽക്കരിക്കപ്പെട്ട മതത്തിനുമൊക്കെ എതിരാണ്. ഭരണകൂടം, സൈന്യം, വാണിജ്യം, സ്വത്വം, സിനിമ എന്നിവയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തകർക്കുന്നതോടൊപ്പം പരിഹസിക്കുകയും ചെയ്യുന്നു. (നേരിട്ടുള്ള മതദൈവനിന്ദ കാരണം കത്തോലിക്കാപള്ളി സിനിമയ്ക്ക് എതിരായിരുന്നു. മെക്സിക്കൻ ഭരണകൂടത്തിന്റെ സ്ഥിതിയും ഇതുതന്നെ ആയിരുന്നു. യൂണിഫോം ധരിച്ച പട്ടാളക്കാർ പൗരന്മാരെ കൂട്ടക്കൊല ചെയ്യുന്നതാണ് അവരെ ചൊടിപ്പിച്ചത്. സിനിമയ്ക്കെതിരെ ജനകീയ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുകയുണ്ടായി). ഇത്തരത്തിൽ വിചിത്രസ്വഭാവമുള്ള ഒരു സിനിമ വിഭാവനം ചെയ്യുന്ന വേളയിൽ അതിന്റെ സൃഷ്ടാവ് ഒരു പ്രത്യേക മാനസികാവസ്ഥയിലൂടെ കടന്നുപോയിരിക്കും. തന്റെ സ്വപ്നങ്ങളെ, അനുഭവങ്ങളെ, ചിന്തകളെ ഒക്കെ സ്രഷ്ടാവ് സിനിമയിൽ സന്നിവേശിപ്പിക്കുകയാണല്ലോ. മറ്റു വാക്കുകളിൽ പറഞ്ഞാൽ തന്നെത്തന്നെ സൃഷ്ടിയിൽ അർപ്പിക്കുന്നു. ആത്മസമർപ്പണം. ഒരു തരത്തിലുള്ള ബലി എന്ന് പറയാം. അത്തരത്തിലുള്ള ഒരു സിനിമ കാണുമ്പോൾ നാം പ്രേക്ഷകർ സ്രഷ്ടാവ് കടന്നുപോയ സങ്കീർണാവസ്ഥയുടെ മുഴുവൻ അല്ലെങ്കിലും ഒരു ചെറിയ അംശത്തിലൂടെയെങ്കിലും കടന്നു പോകേണ്ടിയിരിക്കുന്നു.

നിലവിലുള്ള സിനിമയും പ്രേക്ഷകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംവിധായകന്റെ അഭിപ്രായം ഇപ്രകാരം: 'The film industry is raping us. They are fucking us, and they are killing us. If you go to a picture and you are already an idiot, you see the picture and have a lot of fun, and you come out as idiotic as you were. Unchanged'. കാലിഡോസ്കോപ്പിൽ പരസ്പര ബന്ധമില്ലാതെ ചിതറിക്കിടക്കുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങളിൽ മുത്തശ്ശിക്കഥ പോലുള്ള ഒരു 'കഥ' ഉണ്ട്. അൽക്കെമിസ്റ്റ് ഒരു സംഘത്തെ വിശുദ്ധ പർവ്വതത്തിലേക്ക്‌ അമരത്വം കൈവരിക്കാനായി നയിക്കുന്നു. അതിനുള്ള തയ്യാറെടുപ്പ്, യാത്ര, അന്ത്യം-ഇതാണ് സിനിമ എന്ന് പറയാം. ഈ സംഭവങ്ങളിലൂടെ മതപരവും ആത്മീയവും മനശാസ്ത്രപരവുമായ തത്വസംഹിതകൾ വ്യാഖ്യാനിക്കുന്നു.

The Holy Mountain
The Holy Mountain

സിനിമ തുടങ്ങുമ്പോൾ നമ്മെ നോക്കിയിരിക്കുന്ന രണ്ടു സ്ത്രീകളെയാണ് നാം കാണുന്നത്. അടുത്ത ഷോട്ടിൽ അവർ വജ്രാസനത്തിൽ ഇരിക്കുന്നതായി നാം കാണുന്നു. മന്ത്രങ്ങളും മണിയൊച്ചയും ശംഖ ധ്വനിയും കൊണ്ട് മുഖരിതമായ അന്തരീക്ഷം. കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച ഒരു പുരുഷൻ. അയാളുടെ മുഖം മുഴുവൻ നമുക്ക് കാണാൻ കഴിയുന്നില്ല. ഒരു അനുഷ്ഠാന കർമത്തിൽ ഏർപ്പെട്ടിരിക്കുന്നത് പോലെ അയാളുടെ പ്രവർത്തി. അയാള്‍ സ്ത്രീകളുടെ തല മുണ്ഡനം ചെയ്യുന്നു. വസ്ത്രങ്ങൾ വലിച്ചു കീറി അവരെ നഗ്നരാക്കുന്നു. കഥാപാത്രങ്ങൾ എല്ലാത്തിന്റെയും ഉടമസ്ഥാവകാശം ത്യജിച്ചു കൊണ്ട് ഭൗതികാനുഭവ സീമകൾക്ക് അതീതമായ ആത്മീയമായ അവസ്ഥയിലേക്ക് ഉയരാൻ തയ്യാറെടുക്കുകയാണോ? നമ്മുടെ ഈഗോ, ഭൂതകാലം, ആനന്ദം, വേദന, സ്വന്തം എന്ന് തൊന്നുന്നതൊക്കെയും ത്യജിച്ചു കൊണ്ട്, എല്ലാ ഭാരങ്ങളും ഇറക്കിവച്ചു കൊണ്ട്, ശൂന്യമായി സിനിമ അവതരിപ്പിക്കുന്ന ആത്മീയ യാത്രയിൽ കഥാപാത്രങ്ങൾക്കൊപ്പം പങ്കുചേരാൻ ആവശ്യപ്പെടുകയാണോ? സിനിമയുടെ പ്രേക്ഷകർ എന്ന നിലയിൽ നമ്മോട് അതുവരെ നാം പിന്തുടർന്ന് വന്ന സിനിമാ സംസ്കാരത്തെ, കാലാ കാലമായി നാം ചുമന്നു കൊണ്ട് നടക്കുന്ന ആസ്വാദനത്തിന്റെ ഭാണ്ഡം ഇറക്കി വെച്ച് ഒരു ക്ളീൻ സ്ലേറ്റ് പോലെ സിനിമ കാണാൻ ആവശ്യപ്പെടുകയാണോ?

ഇത്തരത്തിലുള്ള ദൃശ്യങ്ങളും, യോഗാത്മകവും മതപരവുമായ ചിഹ്നങ്ങളും സൂചനകളും കൊണ്ട് സമൃദ്ധമാണ് സിനിമ. വളരെ ചെറുപ്പം മുതൽ തന്നെ മതം, തത്ത്വജ്ഞാനം, മനഃശാസ്‌ത്രം എന്നീ മേഖലകളിൽ അതീവ തത്പരനായിരുന്നു ജൊഡൊറോവസ്കി. കുറേക്കാലം ഒരു സെൻ ബുദ്ധിസ്റ്റ് സന്യാസിയുടെ ശിഷ്യനുമായിരുന്നു അദ്ദേഹം. യോഗയും ധ്യാനവും പരിശീലിച്ചിട്ടുണ്ട്. ടാരോ കാർഡുകളെക്കുറിച്ച് (ചില മദ്ധ്യേഷ്യൻ മെഡിറ്ററേനിയൻ രാജ്യങ്ങളിൽ ഭാവി പ്രവചനം നടത്താൻ ഉപയോഗിക്കുന്ന ചീട്ടുകൾ) പഠിക്കുന്നതിനായി നിരവധി വർഷങ്ങൾ നീക്കിവച്ച അദ്ദേഹം ഈ സമ്പ്രദായത്തെ പുനഃസംവിധാനം ചെയ്ത് അതിൽ നിന്ന് psychomagic, psychogenealogy, initiatic massage എന്നീ മേഖലകളിൽ ചികിത്സാരീതികൾ വികസിപ്പിക്കുകയും ചെയ്തു. ഇത്തരം ചികിത്സാപദ്ധതികളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം നിരവധി പുസ്തകങ്ങൾ എഴുതുകയും അതുപോലെ മതം, തത്ത്വജ്ഞാനം, മനഃശാസ്ത്രം എന്നീ വിഷയങ്ങളിൽ നിരവധി ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഈ വിഷയങ്ങളിൽ അദ്ദേഹം നിരവധി അഭിമുഖങ്ങളും കൊടുത്തിട്ടുണ്ട്. നിരവധി സമയം ഈ വിഷയങ്ങളിൽ ക്ളാസ്സ് എടുക്കുന്നതിനും ഇത്തരം പ്രശ്നങ്ങളിൽ ആളുകൾക്ക് ഉപദേശം കൊടുത്ത് സഹായിക്കുന്നതിനുമായി അദ്ദേഹം വിനിയോഗിക്കുന്നു.

ഈ മേഖലകളിൽ ഔപചാരികമായി ഇത്രമാത്രം ജ്ഞാനമുള്ള ഒരാളുടെ സിനിമ ഇത്തരത്തിൽ ആയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. താൻ കടന്നു പോയിട്ടുള്ള ആത്മീയാനുഭവങ്ങളെ ദൃശ്യങ്ങളാക്കി പരിവർത്തിപ്പിക്കുകയാണ് അദ്ദേഹം. El Topo എന്ന സിനിമയിൽ അത് ആഴത്തിലുള്ള സെൻ അനുഭവങ്ങളാണെങ്കിൽ Holy Mountain--ൽ ഗുർജീഫ് / സൂഫിസത്തിന്റെ അനുഭവങ്ങളാണ്. Tusk എന്ന സിനിമയിലാകട്ടെ തന്ത്രയുടെയും ചക്രയുടെയും ഭാരതീയ അനുഭവങ്ങളാണ്. ജൊഡൊറോവസ്കി പറയുന്നത് ശ്രദ്ധിക്കുക: “What I am doing is making my masterwork, which is my soul. To make a picture, for me is to make myself. When I say myself, I mean the big self. What I am seeking is to make the experience and then turn it into a picture”.

മേൽ വിവരിച്ച ആമുഖത്തെ തുടർന്ന് സർറിയൽ സ്വഭാവമുള്ള കുറേ നിശ്ചലദൃശ്യങ്ങൾ. ഒരു വലിയ കണ്ണ്. പ്രപഞ്ചത്തിന്റെ മോഡലുകൾ. വാതിലുകൾ ഓരോന്നായി തുറക്കപ്പെടുമ്പോൾ പ്രകടമാകുന്ന താക്കോൽ. കൈപ്പത്തി. പുതപ്പിച്ചു കിടത്തിയിരിക്കുന്ന ശവത്തിന്റെ ഡമ്മികൾ. അറ്റു വീണ കൈ. മയിൽപ്പീലി. ഒരു പാമ്പിന്റെ രൂപം. ദൃശ്യങ്ങൾ യന്ത്ര-തന്ത്ര അനുഷ്ഠാനങ്ങളെ ഓർമ്മിപ്പിക്കുന്നു. സ്വന്തം വിസർജ്യത്തിലും ചെളിയിലും പൊതിഞ്ഞ് നിലത്ത് വീണുകിടക്കുന്ന ഒരു മനുഷ്യനെ പിന്നീട് നാം കാണുന്നു. ഇത് കള്ളൻ. ക്രിസ്തു സദൃശൻ. മുഖം മുഴുവൻ ഈച്ച നിറഞ്ഞിരിക്കുന്നു. അടുത്ത് ടാരോ കാർഡുകൾ. തവള. സിംഹമാണോ പുലിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു മൃഗം അടുത്തുനിന്ന് ഗർജ്ജിക്കുന്നു. അയാൾക്ക്‌ അടുത്തേക്ക്‌ ഓടിയെത്തുന്ന നഗ്നരായ കുട്ടികൾ. അവരുടെ ജനനേന്ദ്രിയത്തിന് പച്ച നിറം. പിന്നെ അവർ കള്ളനെ ചുമന്ന് നടക്കുന്നു. പിന്നെ കുരിശിലേറ്റുന്നു. കല്ലെറിയുന്നു. കുരിശിൽ നിന്ന് ബന്ധന മുക്തനായ കള്ളൻ കൈകാലുകൾ പാതിയിൽ നഷ്ടപ്പെട്ട ഒരു കുള്ളനുമായി ചങ്ങാത്തത്തിൽ ആകുന്നു. പിന്നീട് കുള്ളനെയും ചുമന്ന്‌ കൊണ്ട് അയാൾ ഒരു നഗരത്തിലൂടെ സഞ്ചരിക്കുന്നു. അത് വിചിത്രക്കാഴ്ച്ചകളുടെ ഒരു നീണ്ട ഘോഷയാത്രയാകുന്നു. മനുഷ്യരുടെ ചോരയൊലിക്കുന്ന നഗ്ന ശരീരങ്ങൾ നിറച്ച വാഹനം. തൊലി പൊളിച്ച, ചോരയൊലിക്കുന്ന ഭീമാകാരത്തിലുള്ള ഗൗളികളുടെ കുരിശു രൂപങ്ങളും വഹിച്ചുള്ള പട്ടാളക്കാരുടെ കുരിശു യാത്ര. പട്ടാളക്കാർ വിദ്യാർഥികളെ കൂട്ടക്കൊല ചെയ്യുന്നതിന്റെയും സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതിന്റെയും ഫോട്ടോ വളരെയധികം ഉല്ലാസത്തോടെ എടുക്കുന്ന വിദേശികളായ ഉല്ലാസ യാത്രികർ. പള്ളിയിൽ ആരാധനയ്ക്ക് പകരം ഗ്യാസ് മാസ്ക് ധരിച്ച തോക്കേന്തിയ പട്ടാളക്കാരുടെ കൂടെ നൃത്തം ചെയ്യുന്ന ജനങ്ങൾ. വെടിയേറ്റ നെഞ്ചിൽ നിന്ന് പറന്നുയരുന്ന പക്ഷികൾ. ഒരു വൃദ്ധൻ തന്റെ ഒരു കണ്ണ് പിഴുതെടുത്ത് കുട്ടിയുടെ ഉള്ളം കയ്യിൽ വെക്കുന്നു, ഒരിറ്റു പോലും രക്തം കിനിയാതെ. Christ for sale എന്ന ബോർഡ്. കന്യാ സ്ത്രീയായി വേഷം ധരിച്ച പുരുഷനും കൂടെയുള്ള റോമൻ പടയാളികളും മദ്യ ലഹരിയിൽ കള്ളനെ ലഹരിക്ക്‌ അടിമപ്പെടുത്തിയതിനുശേഷം കള്ളന് ക്രിസ്തുവുമായുള്ള സാദൃശ്യം കാരണം കൗപീന ധാരിയായ കള്ളനെ പ്ളാസ്സ്റ്റർ കൊണ്ട് പൊതിഞ്ഞ് ഉണ്ടാക്കിയ ഡൈയിൽ നിന്ന് നിർമിച്ച ക്രിസ്തുവിന്റെ അനേകം ഊർധ്വകായ പ്രതിമകൾ വിൽപ്പനയ്ക്ക് വെക്കുന്നു. ചോരപുരണ്ട് വികൃതമായ ക്രിസ്തു രൂപത്തെ കെട്ടിപ്പിടിച്ച് (അക്ഷരാർത്ഥത്തിൽ കിടക്ക പങ്കിടുന്നതായി തോന്നിപ്പിക്കും വിധത്തിൽ) ഉറങ്ങുന്ന പോപ്പ്. കശാപ്പു ചെയ്യപ്പെടുന്ന മൃഗങ്ങൾ. നിരവധി ചത്ത മീനുകൾ.

ഏഴുപേരെ, ഓരോരുത്തരെയായി, കള്ളൻ (പ്രേക്ഷകർക്ക്‌) ഡോക്യുമെന്ററിയിൽ എന്ന പോലെ പരിചയപ്പെടുത്തുന്നു. അവർ ഏഴു ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു. അവരുടെ ഗ്രഹങ്ങൾക്ക്‌ ഉണ്ടെന്ന് വിചാരിക്കുന്ന സ്വഭാവങ്ങളുടെ ഏറ്റവും നീചമായ വശം അവരിൽ പ്രകടമാണ്. ലോകത്തിലെ ഏറ്റവും ശക്തരായ വ്യവസായികളും രാഷ്ട്രീയക്കാരുമാണ് ഇവർ. മനുഷ്യന്റെ ബാഹ്യരൂപത്തെ പരിവർത്തിപ്പിക്കാനുള്ള മാസ്കുകളും പാഡുകളും നിർമ്മിക്കുന്ന ഒരാൾ. നിഷ്കളങ്കരായ മനുഷ്യരെ കുറ്റവാളികളാക്കി മാറ്റാനായി മയക്കു മരുന്ന് നിർമ്മിക്കുന്ന ഒരാൾ. കുട്ടികളെ ഭാവി യുദ്ധത്തിൽ പൊരുതാൻ സന്നദ്ധരാക്കുന്ന തരത്തിലുള്ള യുദ്ധക്കളിപ്പാട്ടങ്ങൾ നിർമ്മിക്കാനായി ഗവണ്മെന്റ് കണക്കുകൾ ഉപയോഗിക്കുന്ന ഒരാൾ. പോലീസുകാരെ കൂടുതൽ ശക്തിയോടെ മുന്നോട്ടു നയിക്കാൻ അവരെ ഷണ്ഡന്മാരാക്കുന്ന പോലീസ് മേധാവി. വീടുകൾക്ക് പകരം ശവപ്പെട്ടി മാതൃകയിലുള്ള ഉറങ്ങാനുള്ള അഭയസ്ഥാനം നിർമ്മിക്കുന്ന ആർക്കിടെക്റ്റ്. തന്റെ ഭാര്യയ്ക്ക് ലൈംഗിക ഉത്തേജനം അനുഭവപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ കച്ചവട തീരുമാനങ്ങൾ എടുക്കുന്ന അന്ധനായ മെത്ത ഉത്പാദകൻ. കുരിശിന്റെയും മെനോറയുടെയും (ഏഴു ശാഖകൾ ഉള്ള ദിവ്യമായ വിളക്ക്. ജൂഡായിസവുമായി ബന്ധപ്പെട്ടത്) ബുദ്ധന്റെയും രൂപത്തിൽ എല്ലാ ജാതി മതസ്ഥർക്കും വേണ്ടിയുള്ള തോക്കുകളും യുവജനങ്ങൾക്കുവേണ്ടി ഗിത്താറിന്റെ മാതൃകയിലുള്ള തോക്കുകളും ഉൽപ്പാദിപ്പിക്കുന്ന ഒരാൾ. ചുവന്ന പെയിന്റ് അടിച്ച സ്ത്രീകളുടെ നഗ്നമായ പൃഷ്‌ഠം ക്യാൻവാസിൽ അമർത്തപ്പെടുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങൾ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന ഒരാൾ. സ്ത്രീകൾക്കായുള്ള റോബോട്ട് സമാനമായ സെക്സ് മെഷിൻ നിർമ്മിക്കുന്ന ഒരാൾ.

എന്നാൽ യാത്ര പുരോഗമിക്കവെ പലരും ഭൗതിക ജീവിതത്തിന്റെ പ്രലോഭനങ്ങൾ, അവരുടെ ഉള്ളിൽ കുടികൊള്ളുന്ന നീചമായ ഭീതിയും ഉല്‍ക്കണ്ഠയും ഒരു മായക്കാഴ്ച പോലെ കാണുന്നു. യാത്ര ആരംഭിക്കുമ്പോൾ ഉപേക്ഷിച്ചതൊക്കെ സ്വപ്നത്തിൽ എന്നോണം അവരെ പിന്തുടരുന്നു. ചില കാഴ്ചകൾ ഇപ്രകാരം: നഗ്നമായ പുരുഷ ശരീരത്തിൽ അറപ്പുണ്ടാക്കുന്ന വിധത്തിലുള്ള വിഷച്ചിലന്തികൾ കൂട്ടത്തോടെ ഇഴഞ്ഞു നടക്കുന്നു. അയാൾ നിലവിളിക്കുന്നു. പശുക്കൾ ഇണചേരുന്ന ദൃശ്യം കണ്ട് ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുന്ന സ്ത്രീ. തുടർന്ന് അവർ കാളയുടെ രേതസ്സിൽ അഭിഷിക്തയാകുന്നു. ഒരാൾ വളരെ വന്യമായി ഡ്രമ്മിൽ അടിക്കുന്നു. അപ്പോൾ രണ്ടു നായ്ക്കൾ അങ്ങേയറ്റം അക്രമാസക്തരായി പോരടിക്കുന്നു. കഴുത്തറുത്ത, ചോരയൊലിക്കുന്ന അനേകം കോഴികളെ തലകീഴായി തൂക്കിയിട്ടിരിക്കുന മരത്തിനു മുകളിൽ ചോര പുരണ്ട വാളേന്തിയ ഭീകര രൂപിയായ ഒരു സ്ത്രീയെ കാണുന്ന നഗ്നനായ പുരുഷൻ. വളരെ ആകസ്മികമായി പുരുഷന്റെ ലിംഗം സ്ത്രീ ചോരപുരണ്ട വാളുകൊണ്ട് ഛേദിക്കുന്നു. മുകളിൽ നിന്ന് വർഷിക്കപ്പെടുന്ന സ്വർണ നാണയങ്ങളുടെ മഴയിൽ ഉന്മത്തനായി ഒരാൾ. പാതി സ്ത്രീയുടെയും പാതി പുരുഷന്റെയും മുഖമുള്ള ഒരു വിചിത്ര രൂപം. മുഖത്തിന്റെ പാതി ഭാഗത്ത് നീണ്ട താടിയും മീശയും. സ്ത്രീയുടെ സ്തനങ്ങളും പുരുഷന്റെ ജനനേന്ദ്രിയവും. അടുത്ത ഷോട്ടിൽ സ്തനങ്ങളുടെ സ്ഥാനത്തുള്ള പുലി മുഖത്തുനിന്ന് പാൽ വളരെ ശക്തിയോടെ മുന്നിലുള്ള പുരുഷന്റെ നേർക്ക്‌ ചീറ്റുന്നു.

സർറിയലിസ്റ്റ് സ്വഭാവമുള്ള ദൃശ്യങ്ങളുടെ ഒരു കുത്തൊഴുക്കാണ് സിനിമ എന്ന് പറയാം. എന്നാൽ സിനിമയെ ഇത്തരത്തിൽ ഒരു പ്രത്യേക കലാ സിദ്ധാന്തത്തിന്റെ ചട്ടക്കൂടിലേക്ക്‌ ഒതുക്കുമ്പോൾ ദൃശ്യങ്ങൾ പകരുന്ന അപാരമായ കാഴ്ചാനുഭാവത്തെ ലഘൂകരിക്കുകയാവും.

അക്കാലത്ത് പ്രബലമായിരുന്ന ദാദായിസം, സർ റിയലിസം, അനാർക്കിസം, ഹിപ്പിസം, മയക്കു മരുന്ന്, അസംബന്ധ നാടകവേദി, ക്രൂരതയുടെ നാടകവേദി, താരോ, സെൻ ബുദ്ധിസം, മിസ്റ്റിസിസം, ഷാമനിസം തുടങ്ങിയ ചിന്താപദ്ധതികളെ സംവിധായകൻ സ്വാംശീകരിക്കുകയോ പലതിലും ഭാഗഭാക്കാവുകയോ ചെയ്തിട്ടുണ്ട്.

തന്റെ ഗുരുവിന്റെ നിർദേശ പ്രകാരം ജൊഡൊറോവസ്കി ലിയോനോറാ കാരിംഗ് ടണ്‍ (Leonora Carrington) എന്ന സർറിയലിസ്റ്റ് പെയിന്ററുടെ അസ്സിസ്റ്റന്റായി പ്രവർത്തിച്ചു. സർറിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ആന്ദ്രെ ബർട്ടനെ നേരിൽ കാണാനും സംവാദത്തിൽ ഏർപ്പെടാനും ജൊഡൊറോവസ്കിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ ബർട്ടനെ ഒരു ‘യഥാസ്ഥിതികനായ സർറിയലിസ്റ്റ്’ ആയി മാത്രമാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. ഈ നിരാശയിൽ നിന്ന് ജന്മമെടുത്തതാണ് സ്പാനിഷ് നാടകകൃത്തായ ഫെർനാണ്ടോ അറബൽ (Fernando Arrabal), ചിത്രകാരനും എഴുത്തുകാരനുമായ റോളണ്ട് ടോപപോർ (Roland Topor) എന്നിവർക്കൊപ്പം ചേർന്ന് ജൊഡൊറോവസ്കി സ്ഥാപിച്ച പാനിക് മൂവ്മെന്റ് (Paanic Movement). തനിക്ക് പ്രചോദനമായ സിനിമാ സംവിധായകൻ ലൂയി ബുന്വേലിന്റെ ആശയങ്ങളും ആന്റൻ ആർത്താഡിന്റെ ക്രൂരതയുടെ നാടക വേദിയുടെ സങ്കൽപ്പങ്ങളും സമന്വയിപ്പിച്ചുകൊണ്ട് സാമ്പ്രദായിക സർറിയലിസ്റ്റ് ആശയങ്ങളിൽ നിന്ന് മുന്നോട്ട് കുതിച്ച് കുറേക്കൂടി അസംബന്ധവും യുക്തി രഹിതവുമായ തലത്തെ പ്രാപിക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്‌ഷ്യം. ഈ പ്രസ്ഥാനത്തിന്റെ അരങ്ങിലെ അവതരണങ്ങൾ പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നു. അക്രമാസക്തിയും മൃഗീയതയുമാണ് ഈ പ്രകടനങ്ങളുടെ മുഖമുദ്ര. അരങ്ങിൽ വച്ച് മുയലിനെ കൊല്ലുക, തേനിൽ കുളിച്ച നഗ്നസ്ത്രീ, ഭീമാകാരമായ യോനി, പ്രദർശനം നടന്നു കൊണ്ടിരിക്കവേ ജീവനുള്ള നിരവധി ആമകളെയും ബദാം നിറച്ച ടിന്നുകളെയും പ്രേക്ഷകർക്കിടയിലേക്ക് വലിച്ചെറിയുക, രണ്ടു പാമ്പുകളെ കഴുത്തിൽ തൂക്കിയിട്ട ജൊഡൊറോവസ്കി നഗ്നനാക്കപ്പെടുകയും ചമ്മട്ടികൊണ്ട് നഗ്ന ശരീരത്തിൽ അടിക്കപ്പെടുകയും ചെയ്യുന്നു. ഈ സ്വാധീനം ഹോളി മൗണ്ടൻ എന്ന സിനിമയിലും കാണാം.

ഈ സിനിമയ്ക്ക് സയൻസ് ഫിക് ഷന്റെ സ്വഭാവമുള്ളതായി തോന്നാം. പലരും ഈ സിനിമയെ ഈ ഗണത്തിൽ ചേർത്തിരിക്കുന്നതായും കാണാം. എന്നാൽ സയൻസ് ഫിക് ഷൻ സിനിമകളിൽ സ്പെഷ്യൽ എഫെക്റ്റുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഇതിലൂടെയാണ് നമ്മെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യവിസ്മയങ്ങൾ സൃഷ്ടിക്കുന്നത്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ കമ്പ്യൂട്ടർ ഗ്രാഫിക്കുകളിലൂടെ ഇത് കൂടുതൽ വിസ്മയകരമായി അവതരിപ്പിക്കാൻ കഴിയുന്നു. എന്നാൽ ജൊഡൊറോവസ്കി അത്തരത്തിലുള്ള എഫെക്റ്റുകളോ ക്യാമറാ ചലനങ്ങളോ ഉപയോഗിച്ച് നമ്മെ പേടിപ്പിക്കുകയോ ദൃശ്യങ്ങൾക്ക് വിചിത്ര സ്വഭാവം കൊടുക്കുകയോ ചെയ്യുന്നില്ല. അത് അദ്ദേഹത്തിന്റെ ലക്ഷ്യവുമല്ല. മറിച്ച് നാല്പതു വർഷങ്ങൾക്ക് മുമ്പ് സാങ്കേതികത ഇന്നത്തെ പോലെ വികസിതമല്ലാതിരുന്ന അവസ്ഥയിൽ വളരെ ശ്രമകരമായി സെറ്റുകളുടെ പ്രത്യേക ഡിസൈനിങ്ങിലൂടെ, കഥാപാത്രങ്ങളുടെ വേഷ ഭൂഷാദികളിലൂടെ, മുഖത്തെഴുത്തിലൂടെയും ശരീരത്തിലെ ചിത്രപ്പണികളിളൂടെയുമാണ് അദ്ദേഹം ദൃശ്യങ്ങൾക്ക് വിചിത്ര സ്വഭാവം കൈവരുത്തുന്നത്. മതാത്മകവും യോഗാത്മകവുമായ വ്യജ്ഞിപ്പിക്കലുകളും പ്രതീകങ്ങളും സംഭവങ്ങളും കൊണ്ട് ബഹുലമായതും അതിശയിപ്പിക്കുന്ന തരത്തിലുള്ള വിശദവും സങ്കീർണവും നിറ സമൃദ്ധവുമായ കൂറ്റൻ സെറ്റുകളും നൂറു കണക്കിന് എക്സ്ട്രാകളും നിരവധി പക്ഷി മൃഗാദികളും ഉള്ളതുമായ സിനിമയിൽ ഇത്തരം കാര്യങ്ങളെ വിജയകരമായി കൈകാര്യം ചെയ്തിരിക്കുന്നു എന്നതിൽ നിന്നു തന്നെ സംവിധായകന്റെ കഴിവ് പ്രകടമാക്കുന്നു. തന്റെ ഭാവനയിലെ സിനിമ പരിപൂർണമായും സ്ക്രീനിൽ സാക്ഷാത്ക്കരിക്കാനുള്ള മാർഗം എന്ന നിലയിൽത്തന്നെ ആയിരിക്കണം അദ്ദേഹം സ്വയം തന്നെ സിനിമയുടെ രചന നിർവഹിക്കുകയും ആൽക്കെമിസ്റ്റായി അഭിനയിക്കുകയും കള്ളന്റെ ശബ്ദം ഡബ്ബ് ചെയ്യുകയും ചെയ്യുന്നതോടൊപ്പം സംഗീതം, എഡിറ്റിംഗ്, സെറ്റിന്റെയും കൊസ്റ്റ്യൂമിന്റെയും ഡിസൈനിംഗ് എന്നിവയിൽ പങ്കാളിയാവുകയും ചെയ്തത്

ബൊളീവിയയിൽ ജനിച്ചു. ചിലിയിൽ ജീവിച്ചു. പാരീസിൽ കലാ പ്രവർത്തനം നടത്തി. മെക്സിക്കോയിൽ നൂറിൽ പരം നാടകങ്ങൾ അവതരിപ്പിച്ചു. ഇപ്പോൾ അമേരിക്കയിൽ ജീവിക്കുന്നു. എന്നാൽ ഞാൻ എവിടെയും സ്വീകരിക്കപ്പെട്ടില്ല. കാരണം ബൊളീവിയയിൽ ഞാനൊരു റഷ്യൻ ആയിരുന്നു. ചിലിയിൽ ഒരു ജൂതൻ. മെക്സിക്കോയിൽ ഫ്രഞ്ചുകാരൻ. ഇപ്പോൾ അമേരിക്കയിൽ ഒരു മെക്സിക്കൻ.

അലെജാൻഡ്രോ ജൊഡൊറോവസ്കി

അമരത്വം തേടി ഇറങ്ങിയവർക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ കാത്തിരിക്കുന്ന, സാധാരണ രീതിയിലുള്ള ക്ലൈമാക്സ്‌ കാത്തിരിക്കുന്ന നമ്മുടെ എല്ലാ പ്രതീക്ഷകളും സിനിമയുടെ അന്ത്യത്തിൽ അട്ടിമറിക്കപ്പെടുന്നു, താൻ പടുത്തുയർത്തിയ ചീട്ടുകൊട്ടാരം ജാലവിദ്യക്കാരൻ ഒരു കൈ ചലനത്തിലൂടെ നിലം പൊത്തിക്കുന്നതു പോലെ. ഒപ്പം സിനിമയുടെ മായികതയും തകർക്കപ്പെടുന്നു.

ഒരു മേശക്ക് ചുറ്റുമിരിക്കുന്ന പുതച്ചു മൂടിയ കുറെ രൂപങ്ങളാണ് മല മുകളിൽ എത്തുന്ന അമരത്വ കാംക്ഷികൾ കാണുന്നത്. എന്നാൽ ആ രൂപങ്ങൾ വെറും ഡമ്മികൾ. അവരെ നയിച്ച ആൽക്കെമിസ്റ്റ് മാത്രമാണ് അക്കൂട്ടത്തിൽ ജീവനുള്ള ഒരേ ഒരാൾ എന്നറിയുമ്പോൾ അവർ അമ്പരക്കുന്നു. (സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും കാണപ്പെടുന്ന ആക്ഷേപ ഹാസ്യത്തിന്റെ മഹത്തായ ഉദാഹരണമാണ് ഈ രംഗം). ആൽക്കെമിസ്റ്റ് പൊട്ടിച്ചിരിക്കുന്നു. അനശ്വരത തേടി എത്തിയവരുടെ പരിതാപകരമായ അവസ്ഥ ഓർത്താണോ? അല്ല, തന്നെ അന്ധമായി പിന്തുടർന്നവരെ (ഒപ്പം പ്രേക്ഷനെയും) വിഡ്ഢികളാക്കി എന്ന് ഓർത്താണോ? തുടർന്ന് ആൽക്കമിസ്റ്റ് / ജൊഡൊറോവസ്കി തന്നെ പിന്തുടർന്നവരോട് / പ്രേക്ഷകരോട് ഇപ്രകാരം പറയുന്നു: അമരത്വം പ്രാപിച്ചില്ലെങ്കിലും നാം യാഥാർത്ഥ്യത്തെ അഭിമുഖീകരിച്ചു. ഇത് യാഥാര്‍ത്ഥ്യമാണോ? അല്ല, ഇതൊരു സിനിമയാണ്. തുടർന്ന് ക്യാമറ സൂം ചെയ്യാൻ അദ്ദേഹം നിർദ്ദേശിക്കുന്നു. അപ്പോൾ ക്യാമറയും സിനിമ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാങ്കേതിക പ്രവർത്തകരേയും (cinematic apparatus) നാം കാണുന്നു. അങ്ങിനെ സിനിമയ്ക്കും പ്രേക്ഷകർക്കും ഇടയിലുള്ള നാലാം ചുമർ തകർത്തു കൊണ്ട് സിനിമയെയും യാഥാർത്ഥ്യത്തെയും കുറിച്ച് പ്രേക്ഷകരെ ബോധാവാന്മാരാക്കുന്നു. പ്രേക്ഷകരെ ഒളിഞ്ഞുനോട്ടക്കരാക്കി മാറ്റാതെ സിനിമയിൽ പങ്കാളികളാക്കുന്നു. യഥാർത്ഥ ജീവിതം നമ്മെ കാത്തു നില്ക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ആൽക്കമിസ്റ്റ് /സംവിധായകൻ മറ്റുള്ളവർക്കൊപ്പം മലയിറങ്ങുന്നു. അവർക്കൊപ്പം ജീവിതത്തിലേക്ക് / യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു പോയി പ്രേക്ഷകർക്കും അമരത്വം വരിക്കാനുള്ള രഹസ്യങ്ങൾ സ്വയം തേടാം. സിനിമ ജീവിതത്തോടുള്ള സമീപനമാണോ മാറ്റുന്നത്, അല്ല, ജീവിതം സിനിമയോടുള്ള സമീപനമോ?

റഷ്യൻ (ജൂത ഉക്രേനിയൻ) കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകനായി 1929--ൽ ചിലിയിലെ ടോകാപ്പിൽ ജൊഡൊറോവസ്കി ജനിച്ചു. ചെറുപ്പം തൊട്ടു തന്നെ സാഹിത്യത്തിൽ, പ്രത്യേകിച്ച് കവിതയിൽ തത്പരനായിരുന്ന അദ്ദേഹം തന്റെ പതിനാറാമത്തെ വയസ്സിൽ ആദ്യത്തെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോളേജിൽ മനഃശാസ്‌ത്രവും തത്വശാസ്‌ത്രവും പഠിക്കാനായി ചേർന്നുവെങ്കിലും പാതിയിൽ നിർത്തി തനിക്ക് ഇഷ്ടപ്പെട്ട മേഖലയായ നാടകം, പ്രത്യേകിച്ച് മൈം പഠിക്കുന്നതിനായി ഒരു സർക്കസ് കമ്പനിയിൽ ചേർന്നു. പിന്നീട് സ്വന്തം നാടക ഗ്രൂപ്പ്‌ ഉണ്ടാക്കുകയും അതിനുവേണ്ടി നാടകങ്ങൾ എഴുതുകയും ചെയ്തു. ഇതിലും സംതൃപ്തനാവാതെ അദ്ദേഹം പാരീസിലേക്ക്‌ പോയി. അവിടെ പ്രശസ്ത മൈം കലാകാരനായ Marcel Marceau--യുടെ സംരക്ഷണത്തിൽ മൈം പരിശീലിച്ചു.

ജൊഡൊറോവസ്കി സ്വയം എങ്ങിനെയാണ് പരിചയപ്പെടുത്തുന്നത് എന്നു നോക്കാം: ബൊളീവിയയിൽ ജനിച്ചു. ചിലിയിൽ ജീവിച്ചു. പാരീസിൽ കലാ പ്രവർത്തനം നടത്തി. മെക്സിക്കോയിൽ നൂറിൽ പരം നാടകങ്ങൾ അവതരിപ്പിച്ചു. ഇപ്പോൾ അമേരിക്കയിൽ ജീവിക്കുന്നു. എന്നാൽ ഞാൻ എവിടെയും സ്വീകരിക്കപ്പെട്ടില്ല. കാരണം ബൊളീവിയയിൽ ഞാനൊരു റഷ്യൻ ആയിരുന്നു. ചിലിയിൽ ഒരു ജൂതൻ. മെക്സിക്കോയിൽ ഫ്രഞ്ചുകാരൻ. ഇപ്പോൾ അമേരിക്കയിൽ ഒരു മെക്സിക്കൻ.

തോമസ്‌ മന്നിന്റെ പ്രശസ്തമായ 'മാറ്റിവെക്കപ്പെട്ട തലകൾ' എന്ന കൃതിയെ അടിസ്ഥാനമാക്കി 1957--ൽ The Severed Heads എന്ന ലഘു ചിത്രം സംവിധാനം ചെയ്തു. ആദ്യത്തെ ഫീച്ചർ സിനിമയായ Fando & Lis 1968--ൽ Acapulco Film Festival--ൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ പ്രേക്ഷകർ പ്രകോപിതരാവുകയും തിയ്യറ്ററിനകത്ത് ഭയങ്കരമായി ബഹളം വെക്കുകയും പ്രദർശനം അലങ്കോലപ്പെടുകയും ചെയ്തതിന്റെ ഫലമായി സംവിധായകന് തിയേറ്റർ വിടേണ്ടി വന്നു. തുടർന്ന് മെക്സിക്കോയിൽ സിനിമ നിരോധിക്കപ്പെടുകയുണ്ടായി. Tusk, Santa Sangre, The Rainbow Thief എന്നിവയാണ് മറ്റു സിനിമകൾ. The Dance of Reality എന്ന ആത്മകഥാപരമായ സിനിമ 2013--ൽ കാൻ മേളയിൽ Directors’ Fortnight-- ൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ പ്രേക്ഷകർ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് വൻ ആരവത്തോടെ കൈയ്യടിച്ച് സിനിമയെ സ്വീകരിക്കുകയുണ്ടായി. Endless Poetry കാന്‍ മേളയിൽ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

Related Stories

No stories found.
logo
The Cue
www.thecue.in