6 ദിവസം കൊണ്ട് തിരക്കഥ; 25 ദിവസത്തെ ഷൂട്ട്;സേതുമാധവന്റെ മുള്‍ക്കിരീടത്തിന് 32 വര്‍ഷം

6 ദിവസം കൊണ്ട് തിരക്കഥ; 25 ദിവസത്തെ ഷൂട്ട്;സേതുമാധവന്റെ മുള്‍ക്കിരീടത്തിന് 
32 വര്‍ഷം
Summary

മലയാളത്തിലെ ക്ലാസിക് സൃഷ്ടികളിലൊന്നായ കീരീടം ലോഹിതദാസ് എഴുതിയത് ആറ് ദിവസം കൊണ്ടാണ്

ദാ കണ്ടോ ആ തെരുവിലാണ് സേതുമാധവന് എല്ലാം നഷ്ടപ്പെട്ടത്, സ്വപ്‌നങ്ങളും ജീവിതങ്ങളും എല്ലാം. എന്നിട്ടൊരു കിരീടം വച്ച് തന്നു.

ചെങ്കോലില്‍ തനിക്ക് എല്ലാം നഷ്ടമാക്കിയ തെരുവിലേക്ക് ജനലഴികളിലൂടെ നോക്കി സേതുമാധവന്‍ പറയുന്നതാണ് ഇത്. ആ തെരുവ് സേതുവിന് ചുറ്റുമുള്ള സമൂഹമായിരുന്നു. മാതാപിതാക്കള്‍ ആഗ്രഹിച്ചത് പോലെ സൈ്വര്യജീവിതവും ജോലിയും ഉറപ്പാക്കാന്‍ പ്രയത്‌നിച്ച ചെറുപ്പക്കാരന്‍ സമൂഹത്തിന് സ്വീകാര്യനാവുന്നത് അച്ഛന് മേല്‍ കൈവച്ച ഗുണ്ടയെ എതിരിട്ടപ്പോഴാണ്. അയാളെ വീഴ്ത്തിയപ്പോള്‍ കീരിക്കാടന്‍ ചത്തേ എന്ന് ഹൈദ്രോസിലൂടെ ആര്‍ത്ത് വിളിച്ചത് സമൂഹമായിരുന്നു. കഥാപാത്രത്തിന്റെ സൂക്ഷ്മ ഭാവതലങ്ങളിലേക്ക് പ്രവേശിക്കുന്ന, ചെറുചലനങ്ങളിലൂടെ, നോട്ടങ്ങളിലൂടെ കഥാപാത്രത്തിന്റെ ഭാവത്തെ പ്രതിനിധീകരിക്കുന്ന മോഹന്‍ലാലിന്റെ അതിഗംഭീര പ്രകടനവുമായിരുന്നു കിരീടത്തിലേത്.

1989 ജൂലൈ 7ന് പുറത്തുവന്ന കിരീടം 2020ലെത്തുമ്പോള്‍ മുപ്പത്തിയൊന്ന് വര്‍ഷത്തിത്തിലെത്തിയിരിക്കുന്നു. മോഹന്‍ലാല്‍ എന്ന നടനെ അതുവരെ കാണാത്ത തലത്തിലേക്ക് ഉയര്‍ത്തിയ സിനിമ, കീരീടം എന്ന് കേള്‍ക്കുമ്പോള്‍ സേതുമാധവനെ ആദ്യവും ലാലിനെ പിന്നീടും ഓര്‍ക്കുന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ട സിനിമ. മനുഷ്യരിലെ നിസഹായതയെ ആഴത്തില്‍ പ്രതിഫലിപ്പിക്കാനറിയുന്ന, ലോഹിതദാസ് എന്ന മനുഷ്യമനസിന്റെ ഉള്‍പ്പെരുപ്പറിയുന്ന മാസ്റ്റര്‍ സ്റ്റോറി ടെല്ലറുടെ, സിബി മലയില്‍ എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ സിനിമ.

ആറ് ദിവസം കൊണ്ട് തിരക്കഥ, 25 ദിവസത്തെ ഷൂട്ട്

മലയാളത്തിലെ ക്ലാസിക് സൃഷ്ടികളിലൊന്നായ കീരീടം ലോഹിതദാസ് എഴുതിയത് ആറ് ദിവസം കൊണ്ടാണ്. നാട്ടില്‍ പറഞ്ഞുകേട്ടൊരു കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സേതുമാധവനെയും കീരിക്കാടന്‍ ജോസിനെയും സൃഷ്ടിച്ചതെന്ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ ലോഹിതദാസ് പറഞ്ഞിട്ടുണ്ട്. റൗഡി കേശവന്‍ എന്നയാളാണ് കീരിക്കാടന്‍ ജോസിലേക്കുള്ള പ്രചോദനം. 25 ദിവസം കൊണ്ട് ചിത്രീകരിച്ച സിനിമയാണ് കിരീടം. കൃപാ ഫിലിംസിന്റെ ബാനറില്‍ കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേര്‍ന്നാണ് നിര്‍മ്മാണം. സിനിമ ചരിത്രമായപ്പോള്‍ ഉണ്ണി എന്ന് വിളിപ്പേരുള്ള എന്‍ കൃഷ്ണകുമാര്‍ കിരീടം ഉണ്ണിയായി. വിതരണ കമ്പനിയുടെ പേര് കിരീടം റിലീസ് എന്നുമായി. ഇരുപത്തിമൂന്നര ലക്ഷമാണ് ചെലവ്. മോഹന്‍ലാലിന് പ്രതിഫലം നാല് ലക്ഷം.

ആക്ഷന്‍ ഹീറോയില്‍ നിന്ന് കണ്ണീര്‍പ്പൂവായ സേതുവിലേക്ക്

തുടര്‍ച്ചയായി ആക്ഷന് പ്രാധാന്യമുള്ള സിനിമകള്‍ ചെയ്ത മോഹന്‍ലാലിന് താരം എന്ന നിലയിലും നടന്‍ എന്ന നിലയിലും വന്‍ വഴിത്തിരിവൊരുക്കിയ ചിത്രവുമാണ് കിരീടം. ഭൂമിയിലെ രാജാക്കന്‍മാര്‍, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകന്‍ തുടങ്ങിയ സിനിമകളിലൂടെ അമാനുഷിക നായക കഥാപാത്രങ്ങളിലൂടെ കയ്യടി നേടിയ മോഹന്‍ലാലിനെ സര്‍വ്വം തകര്‍ന്നുപോയ നിസഹായ നായകനായി എല്ലാക്കാലത്തേക്കും പ്രേക്ഷകരിലെത്തിച്ചു സിബി മലയിലും ലോഹിതദാസും. സേതുവിന് കിട്ടിയ അനുകമ്പയുടെ ചെറിയൊരംശം പോലും ലഭിച്ച നായക കഥാപാത്രങ്ങളെ മലയാള സാഹിത്യം പോലും സൃഷ്ടിച്ചില്ലെന്നാണ് കല്‍പ്പറ്റ നാരായണന്‍ പിന്നീട് ലോഹിതദാസ് അനുസ്മരണത്തിനായി എഴുതിയത്.

മോഹന്‍ലാല്‍ എന്ന താരത്തെ മറന്ന് സേതുമാധവന്‍ എന്ന നായകനെ വരവേല്‍ക്കുന്ന പ്രേക്ഷകരെയാണ് കിരീടം സൃഷ്ടിച്ചത്. സേതു മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി. കഥാപാത്രങ്ങളിലേക്ക് ഉള്ളാഴ്ന്ന് പ്രവേശിക്കുന്ന അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാല്‍ നടത്തി അതിഗംഭീര പകര്‍ന്നാട്ടമായും ചിത്രത്തിലെ അഭിനയം വിലയിരുത്തപ്പെട്ടു.

തിലകന് വേണ്ടി തിരുവനന്തപുരത്തേക്ക്

കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായര്‍ തിലകന്റെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്. മോഹന്‍ലാല്‍-തിലകന്‍ ഓണ്‍സ്‌ക്രീന്‍ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂര്‍ത്തങ്ങളുടേതുമാണ് ഈ സിനിമ. ചാണക്യന്‍, വര്‍ണം എന്നീ സിനിമകളുടെ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ആദ്യഘട്ടത്തില്‍ തിലകന്‍ നിരസിച്ച വേഷമാണ് കിരീടത്തിലെ അച്യുതന്‍ നായര്‍. പാലക്കാട് നെന്മാറയും ചിറ്റൂരും ചിത്രീകരിക്കാന്‍ ആലോചിച്ച സിനിമ തിലകന്‍ വേണമെന്ന നിര്‍ബന്ധത്താല്‍ തിരുവനന്തപുരത്തേക്ക് മാറ്റി. വര്‍ണ്ണം ലൊക്കേഷനിലെ ചെറു ഇടവേളകള്‍ പോലും ഉപയോഗപ്പെടുത്തി തിലകന്‍ കിരീടം ലൊക്കേഷനിലേക്ക് ഓടിയെത്തിയെന്നാണ് സിബി മലയില്‍ ഇതേക്കുറിച്ച് പറഞ്ഞത്. തിലകന് പകരം മറ്റൊരാളെ ചിന്തിക്കാനാകുമായിരുന്നില്ലെന്നാണ് സംവിധായകന്‍ ഇതേക്കുറിച്ച് പറയുന്നത്.

തിലകന്‍ എത്തിയപ്പോള്‍ ലൊക്കേഷനില്‍ ചാറ്റല്‍ മഴ. പെട്ടെന്ന് തന്നെ കത്തി താഴെയിടെടാ എന്ന രംഗവും ക്ലൈമാക്‌സും ചിത്രീകരിച്ചു. വൈകിട്ടായതിനാല്‍ സേതു കരയുന്ന രംഗം ലൈറ്റ് കിട്ടാനായി ടോപ് ആംഗിളില്‍ ചിത്രീകരിക്കുകയായിരുന്നുവെന്ന് സിബി മലയില്‍.

വൈകാരിക തീവ്രതയുടെ കത്തി താഴെയിടെടാ, പില്‍ക്കാലത്ത് ട്രോള്‍

കത്തി താഴെയിടെടാ, നിന്റച്ഛനാടാ പറയുന്നത് എന്ന രംഗം സിനിമയില്‍ നിന്ന് മിമിക്രി വേദികളിലും, ട്രോളുകളില്‍ എത്തിയത് ഹാസ്യമായാണ്. എന്നാല്‍ മലയാളത്തിലെ വൈകാരിക തീവ്രതയുള്ള മികച്ച രംഗങ്ങളിലൊന്നാണ് ഈ സംഭാഷണം ഉള്‍പ്പെടുന്ന കീരീടത്തിലെ ക്ലൈമാക്‌സ്. കത്തി താഴെയിടെടാ എന്ന സീന്‍ ചിത്രീകരിക്കുന്ന ദിവസം തിലകന്‍ വര്‍ണ്ണം ലൊക്കേഷനിലായിരുന്നു. ആര്യനാട് കിരിടം ചിത്രീകരിക്കുമ്പോള്‍ വഞ്ചിയൂരില്‍ വര്‍ണം ലൊക്കേഷനിലായിരുന്നു തിലകന്‍. നിര്‍മ്മാതാവ് കിരീടം ഉണ്ണി തിലകനെ കൊണ്ടുവരാന്‍ വാഹനവുമായി വര്‍ണം ലൊക്കേഷനില്‍ കാത്തിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ തിലകന്‍ എത്തിയപ്പോള്‍ ലൊക്കേഷനില്‍ ചാറ്റല്‍ മഴ. പെട്ടെന്ന് തന്നെ കത്തി താഴെയിടെടാ എന്ന രംഗവും ക്ലൈമാക്‌സും ചിത്രീകരിച്ചു. വൈകിട്ടായതിനാല്‍ സേതു കരയുന്ന രംഗം ലൈറ്റ് കിട്ടാനായി ടോപ് ആംഗിളില്‍ ചിത്രീകരിക്കുകയായിരുന്നുവെന്ന് സിബി മലയില്‍.

പ്രണയഗാനത്തിന് പകരം വിരഹഗാനമായി കണ്ണീര്‍പ്പൂവ്

കീരീടത്തില്‍ കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനത്തിന് പകരം ഒരു പ്രണയഗാനമായിരുന്നു ആദ്യം ആലോചിച്ചത്. കൈതപ്രത്തിന്റെ രചനയില്‍ ജോണ്‍സണ്‍ ഈ ഗാനം ചിട്ടപ്പെടുത്തി റെക്കോര്‍ഡിംഗും നടത്തിയിരുന്നു. സേതുമാധവനും ദേവിയും തമ്മിലുള്ള പ്രണയതീവ്രത ചിത്രീകരിക്കാനായിരുന്നു ഈ പാട്ട്. ഈ ഗാനത്തിനായി കുറച്ച് രംഗങ്ങളും ഷൂട്ട് ചെയ്തു. ഇത് സിനിമയുടെ കഥാപരിസരത്തിന് ചേര്‍ന്ന് പോകില്ലെന്ന് മനസിലാക്കി പാട്ട് ഒഴിവാക്കുകയായിരുന്നുവെന്ന് സിബി മലയില്‍. ഈ പാട്ടിനായി ഷൂട്ട് ചെയ്ത ചില സീനുകള്‍ കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനരംഗത്തില്‍ ഉപയോഗിച്ചു. കമ്പോസിഷനില്‍ തന്നെ ആദ്യം ചിട്ടപ്പെടുത്തിയ റൊമാന്റിക് സോംഗിന്റെ താളം താഴ്ത്തിപ്പിടിച്ചാണ് കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി ഒരുക്കിയതെന്ന് സിബി മലയില്‍. കണ്ണീര്‍പ്പൂവ് ഗാനം ചിത്രീകരിക്കാന്‍ സമയം കിട്ടാത്തതിനാല്‍ നേരത്തെ ചിത്രീകരിച്ച രംഗങ്ങള്‍ കൂടി എഡിറ്റിംഗ് ടേബിളില്‍ ഉള്‍പ്പെടുത്തി. സേതുമാധവന്‍ നീണ്ട വഴിയിലൂടെ നടക്കുന്ന രംഗം ചെന്നൈയില്‍ അത് പോലൊരു വഴി കണ്ട് പിടിച്ച് അവസാനം ഷൂട്ട് ചെയ്യുകയായിരുന്നു.

മുള്‍ക്കിരീടമാണ് ആ കീരീടം

ജീവിതം മുഴുവന്‍ കരിനിഴല്‍ വീഴ്ത്തിയ മനുഷ്യനെ അടിച്ചുവീഴ്ത്തിയപ്പോള്‍ സേതുവിന്റെ തലയില്‍ സമൂഹം വച്ച മുള്‍ക്കിരീടം. തട്ടിമാറ്റിയിട്ടും മാറാത്ത കിരീടം. ശിരസൊപ്പം വീണു തകരുന്ന കിരീടങ്ങള്‍. വാടി വീഴുന്ന കിനാവിന്റെ പൂക്കള്‍. അടരാടാന്‍ അറിയാതെ ആയുധമില്ലാതെ അയാള്‍. ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളാകെ തകര്‍ത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസില്‍ ഉറച്ചുപോയ മുള്‍ക്കിരീടം ആണ് ലോഹിതദാസ് കിരീടം എന്ന ടൈറ്റില്‍ ആക്കി മാറ്റിയത്. ഐ വി ശശിയുടെ മമ്മൂട്ടി ചിത്രത്തിനായി ആദ്യം പരിഗണിച്ച പേരായിരുന്നു കിരീടം. പിന്നീട് ആ സിനിമയുടെ പേര് മുക്തി എന്നാക്കിയപ്പോള്‍ കീരീടം മോഹന്‍ലാല്‍ ചിത്രത്തിന് പേരായി. രണ്ടാം ഭാഗം ചിന്തിച്ചപ്പോള്‍ ചെങ്കോല്‍ എന്നുമായി.

പരസ്യവാചകങ്ങളിലെ സേതുവും ജോസും

താരങ്ങള്‍ക്ക് പകരം കഥാപാത്രങ്ങളെ ആഘോഷിച്ച പരസ്യവാചകമായിരുന്നു കിരീടത്തിന്റേത്. ആറടി ഉയരവും മുട്ടോളം നീണ്ട കൈകളും കരിങ്കല്ലിന്റെ കാഠിന്യവുമുള്ള മനസുമായി കീരിക്കാടന്‍ ജോസ്. മുറിച്ചിട്ടാല്‍ മുറി കൂടുന്ന ജോസ്, തട്ടിമാറ്റിയിട്ടും മാറാത്ത കിരീടവുമായി സേതുമാധവന്‍. ഇതായിരുന്നു ആദ്യ പരസ്യവാചകം. ശിരസൊപ്പം വീണു തകരുന്ന കിരീടങ്ങള്‍. വാടി വീഴുന്ന കിനാവിന്റെ പൂക്കള്‍. അടരാടാന്‍ അറിയാതെ ആയുധമില്ലാതെ അയാള്‍ ഇതായിരുന്നു പിന്നീട് ഇറങ്ങിയ പരസ്യവാചകം. അച്ഛന്റെ പാദം തൊട്ടുവണങ്ങി, അമ്മയോട് അന്ത്യയാത്രാമൊഴിയും ചൊല്ലി, ചുടലക്കളത്തിലേക്ക് യാത്രയാകുന്ന പൊന്നോമന മകന്‍.

സംവിധായകന് ചെങ്കോല്‍

കിരീടത്തെക്കാള്‍ സംവിധായകന്‍ എന്ന നിലയില്‍ പ്രിയപ്പെട്ടത് ചെങ്കോല്‍ ആണെന്ന് സിബി മലയില്‍ ദ ക്യൂ മാസ്റ്റര്‍ സ്‌ട്രോക്ക് അഭിമുഖത്തില്‍ പറയുന്നുണ്ട്. 'കീരീടത്തില്‍ നിന്ന് ചെങ്കോലില്‍ എത്തുമ്പോള്‍ സേതുമാധവന്‍ എനിക്ക് പൂര്‍ണമായും പരിചിതനാണ്. എനിക്ക് കിരീടത്തേക്കാള്‍ കൂടുതല്‍ ഇമോഷണലി ഇഫക്ടീവായി ചെയ്ത സിനിമ ചെങ്കോല്‍ ആണ് എന്നാണ് സംവിധായകന്‍ എന്ന നിലയില്‍ തോന്നിയിട്ടുള്ളത്. സേതുമാധവന്‍ കടന്നുപോയ ദുരിതപര്‍വമുണ്ട്. ഉദാഹരണത്തിന് എടുത്തുപറയാനാകുന്ന സിന്‍. സേതുമാധവന്‍ ലോഡ്ജില്‍ നിന്ന് തന്റെ ജീവിതം തകര്‍ന്നുപോയ തെരുവിലേക്ക് നോക്കുന്നുണ്ട്. പിന്നീട് മുറിയിലെ കണ്ണാടിയില്‍ മുഖത്തെ മുറിപ്പാട് നോക്കുന്ന സീന്‍ ഉണ്ട്. ഞാന്‍ കണ്‍സീവ് ചെയ്തതിനേക്കാള്‍ മോളില്‍ ലാല്‍ എന്ന ആക്ടര്‍ ചെയ്തിട്ടുണ്ട്. ആ സിനിമയുടെ ന്യൂക്ലിയസ് പോയിന്റ് അതാണ്.'

മോഹന്‍ലാലും സിബി മലയിലും ചേര്‍ന്നൊരുക്കിയ ആക്ഷന്‍

കിരീടം ക്ലൈമാക്‌സ് മലയാളത്തിലെ ഏറ്റവും മികച്ച ക്ലൈമാക്‌സ് രംഗങ്ങളിലൊന്നാണ്. റിയലിസ്റ്റിക് സീന്‍ കൊറിയോഗ്രഫിയുടെ ചാരുതയുള്ള രംഗം. മോഹന്‍ലാലും സംവിധായകന്‍ സിബി മലയിലും ചേര്‍ന്നാണ് ഈ സംഘട്ടന രംഗം ചിത്രീകരിച്ചത്. ആക്ഷന്‍ ഡയറക്ടര്‍ ഉണ്ടായിരുന്നെങ്കിലും സിനിമാറ്റിക് ഫൈറ്റ് വേണ്ടെന്ന നിര്‍ബന്ധത്തില്‍ മോഹന്‍ലാലും സിബി മലയിലും ആക്ഷന്‍ സംവിധാനം ഏറ്റെടുത്തു.

വിതരണക്കാര്‍ അവിശ്വസിച്ച ക്ലൈമാക്‌സ്

നായകന്റെ തോല്‍വിയും കീഴടങ്ങലും തിയറ്ററുകളില്‍ വിജയിക്കില്ലെന്ന അഭിപ്രായം സ്‌ക്രിപ്ട് ചര്‍ച്ചാ വേളയില്‍ വിതരണത്തിന് താല്‍പ്പര്യപ്പെട്ട ആളുകള്‍ക്ക് ഉണ്ടായിരുന്നുവെന്ന് സിബി മലയില്‍. കിരീടം കഥ രൂപപ്പെട്ട ഘട്ടത്തില്‍ തന്നെ പൂര്‍ണവിശ്വാസമുണ്ടായിരുന്നു. ലോഹിതദാസിന്റേത് യൂണിവേഴ്‌സല്‍ ആക്‌സപറ്റന്‍സ് ഉള്ള ഒരു പ്രമേയമായിരുന്നു. വാണിജ്യസ്വീകാര്യതയെക്കുറിച്ച് ഒട്ടും ആശങ്കയില്ലായിരുന്നു. മലയാളത്തിലെ ലക്ഷണമൊത്ത തിരക്കഥയായിരുന്നു കിരീടത്തിന്റേത്. ആ നിലയ്ക്ക് ആ സിനിമയെ എക്‌സിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞെന്നാണ് വിശ്വാസം. നാടുവാഴികളാണ് അതിന് മുമ്പ് മോഹന്‍ലാല്‍ ചെയ്ത സിനിമ. ആക്ഷന്‍ ഹീറോ ലെവലില്‍ പ്രതിഷ്ഠിക്കപ്പെട്ട ഘട്ടവുമാണ്. ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജിലൊരു സാധാരണക്കാരനെയാണ് കിരീടത്തില്‍ അവതരിപ്പിച്ചത്. പ്രതിയോഗിക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്ന നായകനാണ് കിരീടത്തിലേത്. അന്നുവരെയുള്ള കമേഴ്‌സ്യല്‍ സിനിമകളുടെ രൂപഘടനയില്‍ നിന്നും ചില വ്യത്യാസങ്ങള്‍ ഉണ്ട്. ക്ലൈമാക്‌സ് സ്‌ക്രിപ്ട് വായനയിലൊക്കെ ചിലര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. സേതുവിന് ഹീറോയിസം ഇല്ലെന്ന വിമര്‍ശനമുണ്ടായിരുന്നു. മോഹന്‍ലാലിനെയാണ് അവരില്‍ പലരും കണ്ടത്. അതിനെയൊക്കെ പ്രതിരോധിച്ച ലോഹിതദാസിന്റെ നിലപാട് കൂടെയാണ് വിജയം കണ്ടത്.

വിജയം ആഘോഷിക്കാനാകാതെ സംവിധായകനും തിരക്കഥാകൃത്തും

കിരീടം റിലീസ് ചെയ്ത് പതിനഞ്ചാം ദിവസം ദശരഥം ചിത്രീകരണം തുടങ്ങിയിരുന്നു. സിബി മലയിലും ലോഹിതദാസും മോഹന്‍ലാലും ദശരഥം ചിത്രീകരിക്കുമ്പോഴാണ് കേരളത്തില്‍ കിരീടം പ്രേക്ഷകര്‍ ആഘോഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in