ദൃശ്യമികവിന്റെ പത്ത് വർഷങ്ങൾ

ജോർജ്ജു കുട്ടിയും കുടുംബവും, പാറേപ്പള്ളിയിലെ ധ്യാനവും, ആ​ഗസ്റ്റ് രണ്ടാം തീയതിയും ജോർജ്ജുകുട്ടി രാജാക്കാടുകാരെ എങ്ങനെ അവരറിയാതെ കള്ളസാക്ഷ്യം പറയാൻ പഠിപ്പിച്ചുവോ അതേ മെത്തേഡിൽ മലയാളിയെ ജീത്തു ജോസഫ് പഠിപ്പിച്ചെടുക്കുകയായിരുന്നു. ആ​ഗസ്റ്റ് രണ്ടിന് എവിടെ പോയിരുന്നു എന്നൊരു ചോദ്യം വന്നാൽ ധ്യാനത്തിന് എന്ന് ഉത്തരം പറയാനറിയാത്ത മലയാളികളുണ്ടാവില്ല. ഒരു സാധാ​രണ മധ്യ വ​ർ​​ഗ മലയാളി കുടുംബത്തിന്റെ കഥ പറയുന്നൊരു ചിത്രമെന്ന പ്രതീതിയിൽ കവിഞ്ഞൊന്നും ട്രെയ്ലറോ പുറത്തിറങ്ങിയ ആദ്യ ​ഗാനമോ ദൃശ്യം എന്ന ചിത്രം നൽകിയിരുന്നില്ല. കടമുറിയുടെ ഷട്ടർ വലിച്ചടയ്ക്കും പോലെ ഇമ ചിമ്മി അടയ്ക്കുന്നൊരു മോഹൻലാൽ ഭാവം ആ സിനിമയിലൂടെ നൽകാൻ പോകുന്നത് അക്കാലം വരെ മലയാള സിനിമ വ്യവസയം കണ്ട ഏറ്റവും വലിയ ഹിറ്റാണെന്നും ഒരാൾക്കും അന്ന് തിരിച്ചറിയാനും കഴിഞ്ഞിട്ടുണ്ടാവില്ല. ആദ്യ ദിന പ്രദർശനത്തിന് തിരക്ക് കുറവായിരുന്ന ദൃശ്യം എന്ന ചിത്രം പിന്നീട് സൃഷ്ടിച്ചത് മലയാളം ഇൻഡസ്ട്രിയെ തന്നെ പാൻ ഇന്ത്യൻ തലത്തിൽ ഓർക്കാൻ പോകുന്നൊരു സിനിമയും അത് തീർത്ത റെക്കോർഡുമായിരുന്നു. 150 ദിവസം വരെ തിയറ്ററിലോടിയ ജീത്തു ജോസഫിന്റെ ഭാഷയിലെ ആ ചെറിയ കുടുംബ ചിത്രം അന്ന് ഓടിക്കയറുന്നത് മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രം എന്ന നേട്ടത്തിലേക്കാണ്. ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് 75 കോടിയോളം നേടിയ ദൃശ്യം പിന്നീട് റീമേക്ക് ചെയ്യപ്പെടുന്നത് ത്രില്ലർ ചിത്രങ്ങളുടെ തലതൊട്ടപ്പൻ എന്ന് വരെ സിനിമ പ്രേമി‌കൾ സംബോധന ചെയ്യുന്ന കൊറിയൻ ഉൾപ്പടെ എട്ട് ഭാഷകളിലേക്കും. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട് ഇന്ത്യൻ ഭാഷാ ചിത്രവും ദൃശ്യമായിരിക്കാം.

അബദ്ധത്തിൽ സംഭവിക്കുന്ന ഒരു കൊലപാതകം. അഥവാ ഇൻവോളന്ററി മാൻസ്ലോട്ടർ. ആ കൊലപാതകത്തെ മറച്ചുപിടിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യർ, അല്ലെങ്കിൽ ഒരു കുടുംബം. നിലനിൽപ്പിന് വേണ്ടിയുള്ള അവരുടെ നെട്ടോട്ടം. ഇതൊരു പുതിയ തീമല്ല പ്രത്യേകിച്ചും ഭാഷാതീതമായി സിനിമകളെ കാണുന്ന മലയാളി എന്ന വലിയൊരു ജനവിഭാ​ഗത്തിന് മുന്നിൽ. വൈയക്തിക നീതിബോധത്തിലൂന്നിയാണ് ആ കൊലപാതകം. കൊലയാളിയെ വിട്ടുകൊടുത്താൽ കുടുംബമപ്പാടെ തകരുമെന്ന ബോധ്യത്തിൽ കുടുംബനാഥൻ നീതിപാലക സംവിധാനത്തിനും നിയമത്തിനും മുന്നിൽ ആ ക്രൈമിനെ മറച്ചുവെക്കാൻ നടത്തുന്ന നീക്കം.

സാധാരണക്കാരൻ ഹീറോയാവുക എന്നത് എല്ലായ്പ്പോഴും പ്രേക്ഷകന് ഒരു അഡ്രിനാലിൻ റഷ് കൊടുക്കാൻ ഏറ്റവും അനുയോജ്യമായ മാർ​ഗമാണ്. അങ്ങനെ നോക്കുമ്പോൾ വെറും നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രം അവകാശപ്പെടാൻ കഴിയുന്നൊരു കോമൺ മാൻ ഒരു സിസ്റ്റത്തെ തന്നെ മുഴുവനായി കബളിപ്പിക്കുകയും ആ സിസ്റ്റത്തിന്റെ തന്നെ സംരക്ഷണം നേടിയെടുക്കുകയുമാണെങ്കിലോ? 2013 ഡിസംബർ 19ന് ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ദൃശ്യം എന്ന മോഹൻലാൽ ചിത്രം ഒരു നോർമൽ ഫാമിലി ഡ്രാമ സ്വഭാവത്തിൽ കഥ പറഞ്ഞു തുടങ്ങി സീറ്റ് എഡ്ജ് ത്രില്ലർ ശൈലിയിൽ മലയാളത്തിലെ വാണിജ്യ സിനിമകളിൽ പുതിയൊരു ട്രെൻഡിന് തുടക്കമിടുകയായിരുന്നു. ഫെസ്റ്റിവൽ സീസണുകളിൽ മാസ് മസാലാ ആക്ഷൻ സിനിമകളും മാസ് എന്റർടെയിനറുകളും വിജയം ആവർത്തിക്കുന്ന പതിവിനെയും വഴിതിരിച്ചുവിടുകയായിരുന്നു ദൃശ്യം. നൂറ് തവണ ആവർത്തിച്ച് ഉച്ചരിക്കപ്പെട്ട ഒരു നുണയിൽ ഒരു കുറ്റകൃത്യത്തിന് കള്ള സാക്ഷി പറയുകയാണെന്ന് ആ പറയുന്ന മനുഷ്യന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ഒരു നാടിനെ മുഴുവൻ.. കോടതിയും പോലീസും മാധ്യമങ്ങളും ഉൾപ്പടെയുള്ള ഒരു വലിയ സിസ്റ്റത്തെ മുഴുവൻ തന്റെ മാസ്റ്റർ പ്ലാനിന്റെ അനുയായികളാക്കി മാറ്റുന്നൊരു നാലാം ക്ലാസുകാരൻ. അത്തരത്തിലൊരു കോമൺ മാൻ ഹീറോ സക്സസ് സ്റ്റോറിയായിരുന്നു ദൃശ്യം.

എല്ലാ ഭാഷകളിലും സിനിമ ഹിറ്റ്, പാൻ ഇന്ത്യൻ എന്ന് മലയാള സിനിമ കേൾക്കുന്നതിനും എത്രയോ കാലം മുമ്പാണ് ഇതെന്ന് ഓർക്കണം.. ക്ലെെമാക്സിൽ വീണ്ടുമൊരു ഓപ്പണിം​ഗ് ത്രെഡ് ബാക്കി നിർത്തി അവസാനിക്കുന്ന ചിത്രത്തിന് പിന്നീടൊരു രണ്ടാം ഭാ​ഗവും.. വർഷം പത്ത് തികയ്ക്കുന്നുണ്ട് ദൃശ്യം എന്ന ഫിനോമിന മലയാള സിനിമയിൽ. അതിന് ശേഷം വന്നതും ഇനി വരാനിരിക്കുന്നതുമായ എല്ലാ ത്രില്ലർ ചിത്രങ്ങളുടെയും ബെഞ്ച് മാർക്ക് എന്നത് ഈ പത്ത് വർഷത്തിലും ദൃശ്യമാണ് എന്നതും ശ്രദ്ധേയമാണ്. മലയാളത്തിൽ ഇപ്പോഴും അവസാനിക്കാത്ത ത്രില്ലർ ട്രെൻഡ് സെറ്ററിന് തുടക്കമിട്ടതും ജോർജ്കുട്ടിയും ജീത്തു ജോസഫുമാണ്.

കൊറോണക്കാലത്ത് ഒടിടി റിലീസായിരുന്നിട്ട് പോലും ആമസോൺ പ്രെെമിൽ ട്രെന്റിം​ഗിൽ എത്തുന്നതും രണ്ടാം ​ഭാ​ഗത്തിന്റെ റീമേക്കുകൾ മറ്റ് ഇൻഡസ്ട്രികളിലും ഒരേ പോലെ ഹിറ്റ് ചാർട്ടിൽ ഇടം നേടുന്നതും ദൃശ്യം എന്ന ചെറിയ വലിയ ചിത്രത്തിന്റെ മികവ് തെളിയിക്കുന്നതാണ്. റിലീസിന് ശേഷം പത്ത് വർഷങ്ങൾക്കിപ്പുറവും ഈ സിനിമ ചർച്ച ചെയ്യപ്പെടുന്നുണ്ട്, എല്ലാ ആ​ഗസ്റ്റ് രണ്ടിനും മലയാളി ജോർജ്ജുകുട്ടിയുടെ കുടുംബത്തെയും വരുൺ പ്രഭാകറിനെയും ഓർക്കുന്നുണ്ട്. സിനിമയിൽ ഇൻസ്പയറായി അതിനൊപ്പം ദൃശ്യം മോഡൽ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച ക്രെെമുകളും സംഭവിച്ചിട്ടുണ്ട്. ജോർജുകുട്ടി എന്ന നാലാം ക്ലാസുകാരൻ അയാളുടെ കുടുംബത്തിനായി ഏതറ്റം വരെയും പോകട്ടെയെന്ന് ചിന്തിക്കുന്ന പ്രേക്ഷകസമൂഹം അതിന് എതിർധ്രുവത്തിൽ നിൽക്കുന്ന വനിതാ ഐപിഎസ് ഓഫീസറും ഭർത്താവായ ഐഎഎസ് ഓഫീസറും തോൽക്കണമെന്ന് ആ​ഗ്രഹിക്കുന്നതും ഡോണ്ട് അണ്ടർഎസ്റ്റിമേറ്റ് പവർ ഓഫ് എ കോമൺമാൻ സക്സസ് തിയറി വച്ചാണ്.

മലയാളത്തിലെ കമേഴ്സ്യൽ സിനിമകളിലെ ബ്രില്യന്റ് തിരക്കഥകളിലൊന്നുമാണ് ദൃശ്യം. ഒരേ താളത്തിൽ പോകുന്നൊരു ഫാമിലി ഡ്രാമയിലേക്ക് സസ്പെൻസ് ത്രില്ലറിന്റേതായ ഹിന്റ് ഡ്രോപ്പുകളും മുന്നേറുമ്പോൾ മുറുക്കം കൂടുന്ന രീതിയിയിൽ ട്വിസ്റ്റുകൾ ഉൾച്ചേർത്ത മേക്കിം​ഗും ദൃശ്യം എന്ന സിനിമയെ മലയാള സിനിമയിൽ പുതിയൊരു ഫോർമുല തന്നെയാക്കി മാറ്റി. കർമ്മയോദ്ധ, ലോക്പാൽ, ലേഡീസ് ആൻഡ് ജെന്റിൽമാൻ തുടങ്ങിയ തുടർച്ചയായ പരാജങ്ങൾക്ക് ശേഷം രാജാക്കാട്ടുകാരൻ കേബിൾ ഓപ്പറേറ്റർ ജോർജുകുട്ടിയായ മോഹൻലാൽ തിയറ്ററുകളിലേക്ക് തിരിച്ചെത്തുന്നത് അതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോർഡുകളത്രയും പഴങ്കഥയാക്കി ഇൻഡസ്ട്രി ഹിറ്റിനൊപ്പമാണ്. ഫാമിലി ഡ്രാമ- ഹ്യൂമർ ടോണിലുള്ള സിനിമകളിലൂടെ സഞ്ചരിച്ച ജീത്തു ജോസഫ് മലയാള സിനിമയിലെ ഏറ്റവും വിപണിമൂല്യമുള്ള സംവിധായകനായും ദൃശ്യത്തോടെ മാറി.

എനിക്കുറപ്പുണ്ട് ഈ നിമിഷം മുതൽ നമ്മുടെ അടുത്ത വരവിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് അയാൾ ഒരു തരത്തിൽ പറഞ്ഞാൽ അത് തന്നെയല്ലേ അയാൾക്കുള്ള ശിക്ഷയും എന്ന് ​ഡയലോ​ഗിലാണ് ചിത്രം അവസാനിക്കുന്നത്. ജീവിതത്തിന്റെ നിസ്സാഹയതയിൽ എന്തും ചെയ്യാൻ‌ പോന്ന ഒരു സാധാ​രണക്കാരനും അയാളുടെ ചെറുത്തു നിൽപ്പുകളും വിജയവുമെല്ലാം ഭാഷഭേദമന്യേ പ്രേക്ഷകരെ ത്രസിപ്പിച്ച ഈ പത്ത് വർഷത്തിനിപ്പുറം, ദൃശ്യം 3 എന്ന പ്രൊജക്ടിന് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകരുണ്ട്.. ആ വലിയ പ്രേക്ഷക വൃന്ദം തന്നെയാണ് ദൃശ്യം ഫിനോമിന എന്തെന്ന ചോദ്യത്തിനുള്ള ഉത്തരവും.

Related Stories

No stories found.
logo
The Cue
www.thecue.in