
തുടരും സിനിമയുടെ റിലീസിന് മുമ്പ് മോഹൻലാൽ ഒരു സീനിൽ അഭിനയിച്ചപ്പോൾ കട്ട് പറയാൻ മറന്നുപോയതായി തരുൺ മൂർത്തി പറഞ്ഞിരുന്നു. ഏതായിരുന്നു ആ സീന‍്‍ എന്ന് വിശദീകരിക്കുകയാണ് സംവിധായകൻ. ഷൺമുഖന‍്‍ പൂര‍്ണമായും തകർന്നു പോകുന്ന ബാത്ത് റൂം സീനിൽ ഒരു ഘട്ടത്തിൽ മോഹൻലാൽ വാ പൊത്തി കരഞ്ഞുകൊണ്ട് വെള്ളം നിറഞ്ഞ നിലത്തേക്ക് തെന്നി വീണുവെന്നും അത് അബദ്ധം പറ്റി വഴുതിവീണതാണോ, അപകടം പറ്റിയതാണോ എന്ന് താൻ ഭയന്നുപോയിരുന്നുവെന്നും തരുൺ മൂർത്തി. ക്യു സ്റ്റുഡിയോഅഭിമുഖത്തിലാണ് തരുൺ മൂർത്തി ഇക്കാര്യം പറയുന്നത്.
തരുൺ മൂർത്തി പറഞ്ഞത്
ബാത്ത് റൂം സീനിൽ ഞാൻ ലാലേട്ടന് കൊടുത്ത ബ്രീഫിംഗ് ഈ സിനിൽ മുഴുവൻ നനഞ്ഞാണ് ചെയ്യേണ്ടത്, മുഖം പൊത്താതെ കരയണം എന്നാണ് സീനിന് തൊട്ട് മുമ്പ് ഞാൻ പറഞ്ഞത്. ഷൺമുഖൻ പൂർണമായും തകർന്ന് പോകുന്ന സീൻ,കരച്ചിൽ പുറത്തേക്ക് കേൾക്കരുത് എന്ന ബ്രീഫിൽ റഫറൻസ് മ്യൂസിക് വച്ചാണ് ഷൂട്ട്, എന്താണ് ലാലേട്ടൻ ചെയ്യാൻ പോകുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല. ഓരോ കഥാപാത്രത്തിന്റെയും പേര് വിളിച്ചാണ് ഞാൻ മുമ്പും ആക്ഷൻ എന്ന് പറയാറുള്ളത്. ബെൻസ് ആക്ഷൻ എന്ന് പറഞ്ഞു, ആ സീനിന് വേണ്ടി റഫറൻസ് മ്യൂസിക് വരുന്നു
ലാലേട്ടൻ പെർഫോം ചെയ്ത് തുടങ്ങുന്നു. മുകളിലേക്ക് നോക്കി കരഞ്ഞ് ബാത്ത് റൂം ഭിത്തിയിൽ പിടിച്ച ശേഷം വാ പൊത്തി കരയുകയാണ്.
ശോഭന മാമിന്റെ മകനെക്കുറിച്ചുള്ള ചോദ്യം ക്യാമറക്ക് പിന്നിൽ നിന്ന് ഞാൻ ചോദിക്കുന്നുണ്ട്, ആ ചോദ്യത്തിന് പിന്നാലെ ശബ്ദം പുറത്തുകേൾക്കാതെ പൊട്ടിക്കരയുകയാണ് ഷൺമുഖനായി ലാലേട്ടൻ. തൊട്ടടുത്ത നിമിഷം ഞാൻ കാണുന്നത് കാൽ തെന്നി താഴേക്ക് വീഴുന്നതാണ് ലാലേട്ടന്അപകടം പറ്റിയോ എന്നാണ് ഞാൻ പെട്ടെന്ന് പേടിയോടെ ചിന്തിച്ചത്. അബദ്ധത്തിൽ നിലത്തെ വെള്ളത്തിൽ
തെന്നി വീണെന്ന ചിന്തയിൽ കട്ട് വിളിക്കാനായി മൈക്ക് എടുത്തു. പെർഫോർമൻസ് അവിടെയും ലാലേട്ടൻ തുടരുകയാണ്. എനിക്കടുത്ത് നിന്നിരുന്ന പ്രകാശ് വർമ്മയാണ് അപ്പോൾ എന്റെ തോളിൽ പിടിച്ച് ഇങ്ങനെ പറയുന്നത്, ഇതാണ് നിനക്ക് ലാലേട്ടൻ നിനക്ക് തരുന്ന ഗിഫ്റ്റ്, കോ ഡയറക്ടർ ബിനു പപ്പുവും അപ്പോൾ പറഞ്ഞു, കിട്ടി മോനേ എന്ന്. ആ സീനിന് ശേഷം കണ്ണ് നിറഞ്ഞു നിൽക്കുന്ന ക്യാമറമാൻ ഷാജിയേട്ടനെയാണ് ഞാന‍് കണ്ടത്.