ആരാണ് നഞ്ചമ്മക്ക് പകരമെത്തിയ ദര്‍ശനം മോഗുളയ്യ, കിന്നെരയിലെ ഭീംലനായക് മാജിക്

ആരാണ് നഞ്ചമ്മക്ക് പകരമെത്തിയ ദര്‍ശനം മോഗുളയ്യ, കിന്നെരയിലെ ഭീംലനായക് മാജിക്

അയ്യപ്പനും കോശിയും എന്ന സിനിമയുടെ ട്രെയിലറിനെക്കാള്‍ തരംഗം സൃഷ്ടിച്ചത് 'കലക്കാത്ത സന്ദനമേറെ വെഗുവോക പുത്തിറുക്കോ' എന്ന് തുടങ്ങുന്ന നാടന്‍ ശീലുകളിലുള്ള ഇതേ സിനിമയിലെ പാട്ടായിരുന്നു. അയ്യപ്പനും കോശിയും ഒരു സാദാ മാസ് പടമാവില്ലെന്ന സൂചന പ്രേക്ഷകര്‍ക്ക് കിട്ടിയതും ഈ പാട്ടിനൊപ്പമുള്ള വിഷ്വലുകളിലൂടെയാണ്. അട്ടപ്പാടിയിലെ ആദിവാസി മനുഷ്യരുടെ ഹൃദയതാളമുള്ള വരികളും ശൈലിയും ആലാപനവുമായിരുന്നു കലക്കാത്ത എന്ന പാട്ടിന്റെ ആകര്‍ഷണം.

മുഖ്യധാര അതുവരെ പരിഗണിക്കാതിരുന്ന നഞ്ചമ്മ എന്നും നഞ്ചിയമ്മ എന്നും വിളിക്കുന്ന ആദിവാസി കലാകാരിയാണ് ആലാപന ശൈലികൊണ്ടും ഗോത്രസംഗീത്തിന്റെ വേരാഴം കൊണ്ടും കലക്കാത്ത സന്ദനമേറെ എന്ന പാട്ടിനെ ഹൃദയഹാരിയാക്കിയത്. നഞ്ചമ്മയുടെ ഫോക് ശൈലിക്ക് ചേര്‍ന്ന മികച്ച കോമ്പസിഷന്‍ ജേക്സ് ബിജോയിയില്‍ നിന്നുമുണ്ടായി. അയ്യപ്പനും കോശിയും പുറത്തിറങ്ങിയ ശേഷവും ഈ പാട്ടിനും നഞ്ചമ്മക്കും ആരാധകരേറെയുണ്ടായി.

തെലുങ്കിലെ മെഗാതാരം പവന്‍ കല്യാണ്‍ നായകനായി അയ്യപ്പനും കോശിയും ഭീംലനായക് ആയി റീമേക്ക് ചെയ്യപ്പെട്ടപ്പോള്‍ നഞ്ചമ്മയുടെ കലക്കാത്ത എന്ന പാട്ടിന് പകരമെത്തിയത് മറ്റൊരു ഫോക്ക് ഫീലുള്ള പാട്ടാണ്. ദര്‍ശനം മോഗുളയ്യയുടെ കിന്നെരയുടെ മാന്ത്രികതയും സവിശേഷമായ ആലാപനവും സമന്വയിക്കുന്ന ഭീംലനായക് ടൈറ്റില്‍ സോംഗ്. ആരാണ് നായകന്‍ ഭീംല നായക് എന്ന് വിവരിക്കുന്നതാണ് ഈ ഗാനം. ഭീംലയുടെ ഊരും പേരും താവഴികളും സവിശേഷതകളുമെല്ലാം പാടുന്നൊരു ഗാനം. പവന്‍ കല്യാണിന്റെ ഭീംലനായക് ഗാനം പുറത്തുവന്നതിന് ശേഷം ടോളിവുഡ് മാധ്യമങ്ങളും ദര്‍ശന്‍ മോഗുളയ്യക്ക് പിന്നാലെയാണ്.

ഈ പാട്ടിനും സിനിമക്കും മുമ്പേ തന്നെ തെലങ്കാനയുടെ ഹൃദയവേരുകള്‍ പതിഞ്ഞ കലാകാരനായിരുന്നു മോഗുളയ്യ.

എന്താണ് കിന്നെര മാജിക് ?

ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് ആര്‍ക്കൈവ്സിലെത്തിയ ഇന്ത്യയിലെ ഒരു ആദിവാസി വിഭാഗത്തിന്റെ തനത് സംഗീതോപകരണം. വീണയോട് സാമ്യമുള്ള എന്നാല്‍ സമാനതകളില്ലാത്ത വിസ്മയ സംഗീതം പൊഴിക്കുന്ന കിന്നെര. മുള കൊണ്ട് നിര്‍മ്മിക്കുന്ന ഈ ഉപകരണത്തില്‍ സംഗീതമാറ്റൊലികള്‍ക്കായി ഉപയോഗിക്കുന്നത് ഉണങ്ങിയതും പൊള്ളയായതുമായ മത്തങ്ങകളാണ്. പണ്ട്കാലത്ത് മനുഷ്യരുടെ മുടി അല്ലെങ്കില്‍ മൃഗങ്ങളുടെ ഞരമ്പുകളാണ് സ്ട്രിങുകള്‍ക്കായി ഉപയോഗിച്ചിരുന്നത്. ഇത് പിന്നീട് ലോഹം ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ തുടങ്ങി.

തെലങ്കാനയിലും ആന്ധ്രയിലുമായി വ്യാപിച്ചുകിടന്നിരുന്ന നല്ലമല വനമേഖലയില്‍ താമസിച്ചുവന്ന ചെഞ്ചു ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന സംഗീതം കാലങ്ങള്‍ക്കൊപ്പം അവരുടെ സാംസ്‌കാരിക ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. കിന്നെര സംഗീതത്തിന്റെ ഉത്ഭവം എഡി നാലാം നൂറ്റാണ്ടിലാണെന്നാണ് കരുതപ്പെടുന്നത്. ചെഞ്ചു ഗോത്രവിഭാഗം ഉപയോഗിച്ചിരുന്ന കിന്നെര, ദക്കാളി ആദിവാസി വിഭാഗത്തിലേക്കെത്തിയത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ്.

കിന്നെരയില്‍ നിന്നുണ്ടാകുന്ന വിസ്മയ സംഗീതത്തിന്റെ മാന്ത്രികശക്തിയെ കുറിച്ച് ഒരുപാട് നാടോടികഥകള്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ ഇന്നും പ്രചാരത്തിലുണ്ട്. പണ്ട് ചെഞ്ചു വിഭാഗത്തിലെ ഒരു സ്ത്രീ അവരുടെ ഭര്‍ത്താവ് കിന്നെരയില്‍ മീട്ടുന്ന മനോഹര സംഗീതം ആസ്വദിച്ച് കൊണ്ട് പച്ചക്കറിയരിയവെ, സ്വയം മറന്ന് തന്റെ കുഞ്ഞിനെയും എടുത്ത് മുറിച്ചു എന്നതാണ് ഇതില്‍ ഒന്ന്. ഇതുമൂലം കിന്നെരയുടെ ഉപയോഗം തന്നെ ആ ഗോത്രവിഭാഗം വിലക്കിയെന്നാണ് പറയുന്നത്.

ആരാണ് ദര്‍ശനം മോഗുളയ്യ?

തെലങ്കാനയിലെ അമ്രാബാദ് ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ അവുസാല കുന്ത ഗ്രാമത്തിലെ ദര്‍ശന്‍ മോഗുളയ്യക്ക് മാത്രമാണ് ഇന്ന് തെലങ്കാനയില്‍ 12 കമ്പികളുള്ള കിന്നരെ സംഗീതം വശമുള്ളത്. കിന്നെരയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ കുറിച്ച് അറിയില്ലെങ്കിലും, അതിന്റെ സംഗീതത്തിനൊപ്പം തന്റെ പ്രൗഢഗംഭീര ശബ്ദവുമുപയോഗിച്ച് ആളുകളെ വിസ്മയിപ്പിക്കുകയാണ് ദര്‍ശനം മോഗുളയ്യ.

2015ല്‍ ഉഗാഡി പുരസ്‌കാരം നല്‍കിയാണ് തെലങ്കാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചത്. കൂടാതെ അദ്ദേഹത്തെ കുറിച്ചുള്ള ഒരു പാഠഭാഗവും സാമൂഹിക പഠന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അദ്ദേഹത്തിന്റെ സാമൂഹിക-സാമ്പത്തിക അവസ്ഥയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നതാണ് വസ്തുത.

സാമ്പത്തികബുദ്ധിമുട്ടുകള്‍ മൂലമാണ് അദ്ദേഹം ഹൈദരാബാദിലേക്ക് താമസം മാറ്റിയത്. ചേരിയിലെ ഒരു കുടിലിലാണ് താമസം, മകന്‍ ദിവസക്കൂലി ചെയ്തും, പെണ്‍മക്കള്‍ മാലിന്യം ശേഖരിച്ചുമാണ് കുടുംബം കഴിയുന്നത്. ഇതിനിടെയാണ് അയ്യപ്പനും കോശിയും തമിഴ് റീമേക്കിലെ ഭീംലനായക് ഗാനം ദര്‍ശന്‍ മോഗുളയ്യയെ തേടിയെത്തിയത്.

ദക്കാളി ബാലമ്മ

കിന്നെര സംഗീതത്തെ കുറിച്ച് പറയുമ്പോള്‍ ഒഴിച്ചുകൂടാനാകാത്ത പേരാണ് ദക്കാളി ബാലമ്മ. മോഗുളയ്യയെ കൂടാതെ ദക്കാളി സമുദായത്തിലെ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് കിന്നെര വായിക്കാനറിയാവുന്നത്. ഇവരില്‍ ഒരാളായിരുന്നു ദക്കാളി ബാലമ്മ, കിന്നെര വായിക്കുന്ന ഒരേയൊരു സ്ത്രീ കൂടിയായിരുന്നു അവര്‍.

വികാരാബാദ് ജില്ലയിലെ ചെറുഗ്രാമമായ മമ്പാപൂരായിരുന്നു ദക്കാളി ബാലമ്മയുടെ സ്വദേശം. 95-ാം വയസില്‍ അനായാസമായി കിന്നെര വായിക്കുകയും നാടോടി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്ന ബാലമ്മയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിട്ടുണ്ട്.

സംഗീതത്തിന്റെ പേരില്‍ നിരവധി അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോഴും, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഒരു കുടിലിലായിരുന്നു അവരുടെ താമസം. 2018ല്‍ മരണമടയുമ്പോള്‍ അവര്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഉണ്ടായിരുന്നില്ല. അവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ഗ്രാമവാസികള്‍ ചേര്‍ന്നാണ് പണം സ്വരൂപിച്ചത്.

'ആഡാ ഗാഡു ഈഡ ഗാഡു, പുട്ടിനാഡു പുലിപ്പിള്ള'

രാമജോഗയ ശാസ്ത്രിയുടെ വരികളില്‍ എസ്. തമന്‍ ആണ് ഭീംല നായക് ടൈറ്റില്‍ സോംഗ് കമ്പോസ് ചെയ്തിരിക്കുന്നത്. തമനൊപ്പം ശ്രീകൃഷ്ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവരും ദര്‍ശന്‍ മോഗുളയ്യയും അല്‍ഫോണ്‍സുമാണ് പാടിയിരിക്കുന്നത്. പ്രോഗ്രാം ചെയ്തിരിക്കുന്നതും തമന്‍ തന്നെ. പവന്‍ കല്യാണിന്റെ 50-ാം ജന്മദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ടൈറ്റില്‍ സോംഗ് പുറത്തുവിട്ടത്.

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന 'ഭീംല നായക്' 2022ല്‍ ആരാധകര്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. പവന്‍ കല്യാണിനെ കൂടാതെ റാണ ദഗുബാട്ടി, നിത്യ മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in