പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിൽ പ്രിയ സുഹൃത്തായ മോഹൻലാലിനൊപ്പം മകൾ കല്യാണി അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകൻ പ്രിയദർശൻ. എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ്. മകള്‍ കല്യാണി എന്റെ പ്രിയ സുഹൃത്ത് മോഹൻലാലിനൊപ്പം അഭിനയിച്ചു. പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും നന്ദിയെന്ന് പ്രിയദർശൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. മോഹൻലാലിനൊപ്പമുള്ള കല്യാണിയുടെ ഫോട്ടോയും പ്രിയദർശൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പ്രിയദർശൻ മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും കല്യാണി പ്രിയദർശൻ പ്രധാന റോൾ അവതരിപ്പിക്കുന്നുണ്ട്.
പൃഥ്വിരാജും കല്യാണിയും ഉൾപ്പെടുന്ന സീനായിരുന്നു ബ്രോ ഡാഡിയിൽ ആദ്യം ഷൂട്ട് ചെയ്തത്. ഉണ്ണി മുകുന്ദനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. പൃഥ്വിരാജും മുഴുനീള വേഷത്തില്‍ ചിത്രത്തിലുണ്ട്. എന്‍.ശ്രീജിത്തും ബിബിനുമാണ് ഫണ്‍ ഡ്രാമ സ്വഭാവമുള്ള സിനിമയുടെ രചന. ആന്റണി പെരുമ്പാവൂര്‍ ആണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
കേരളത്തിൽ ഷൂട്ടിംഗ് അനുമതി നൽകാത്തതിനെ തുടർന്ന് ഹൈദരാബാദിലേക്ക് ചിത്രീകരണം മാറ്റിയിരുന്നു. പിന്നീട് സർക്കാർ നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ് അനുമതി ലഭിച്ചതിനെ തുടർന്ന് കേരളത്തിലേക്ക് ഷൂട്ടിംഗ് മാറ്റുവാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതിന് ശേഷമായിരിക്കും കേരളത്തിലേക്ക് ബ്രോ ഡാഡി സംഘമെത്തുക.