'സിനിമയെ റിവ്യു ചെയ്യാൻ പറ്റില്ലെന്ന് പറയാൻ ആർക്കും കഴിയില്ല'; വിമർശനമാണ് സിനിമ എന്ന വ്യവഹാരത്തെ സൃഷ്ടിക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണൻ

'സിനിമയെ റിവ്യു ചെയ്യാൻ പറ്റില്ലെന്ന് പറയാൻ ആർക്കും കഴിയില്ല'; വിമർശനമാണ് സിനിമ എന്ന വ്യവഹാരത്തെ സൃഷ്ടിക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണൻ

സിനിമ റിവ്യു ചെയ്യാൻ പാടില്ലെന്ന് ആർക്കും പറയാൻ അവകാശമില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ. ഒരാൾ സിനിമ കണ്ടിറങ്ങി അടുത്ത നിമിഷം മുതൽ അയാൾക്ക് ആ സിനിമയെക്കുറിച്ച് അഭിപ്രായം പറയാൻ അവകാശമുണ്ട്. സാഹിത്യം വിമർശനത്തെ സൃഷ്ടിക്കുന്നത് പോലെ വിമർശനം സിനിമയെയും സൃഷ്ടിക്കുന്നുണ്ട് എന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. അതേ സമയം തിയറ്റർ റിവ്യൂസിന്റെ കാര്യത്തിൽ തീരുമാനം എടുത്തിരിക്കുന്നത് പ്രൊഡ്യൂസേഴ്സും തിയറ്റേഴ്സ് എക്സിബിറ്റേഴ്സും ചേർന്നാണെന്നും തിയറ്റർ റിവ്യൂസിന്റെ പുറകിൽ വലിയ സാമ്പത്തിക വിനിമയം നടക്കുന്നുണ്ടെന്ന് തിരിച്ചറിവിലാണ് അത്തരം ഒരു തീരുമാനം നിർമാതാക്കളും തിയറ്റേഴ്സ് എക്സിബിറ്റേഴ്സും ചേർന്നെടുത്തതെന്നും അത് ഫെഫ്കയുടെ തീരുമാനം അല്ലെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ബി ഉണ്ണികൃഷ്ണൻ പറഞ്ഞത് :

ഒരു പ്രൊഡക്ടിനെ റിവ്യു ചെയ്യാൻ പറ്റില്ല എന്ന് ഒരിക്കലും നമുക്ക് പറയാൻ പറ്റില്ല. വിമർശനം പാടില്ല എന്ന് പറയാൻ പറ്റുമോ? ഒരിക്കലും പറയാൻ പറ്റില്ല, അതിന് സമയ പരിധിയില്ല. പിന്നെ ഈ തിയറ്റർ റിവ്യൂസിന്റെ കാര്യത്തിൽ തീരുമാനം എടുത്തിരിക്കുന്നത് പ്രൊഡ്യൂസേഴ്സാണ്, ‍ഞങ്ങൾ അല്ല. പ്രൊഡ്യൂസേഴ്സും തിയറ്റേഴ്സ് എക്സിബിറ്റേഴ്സും ചേർന്ന എടുത്ത തീരുമാനമാണ് അത്. അതെന്ത് കൊണ്ടെന്നാൽ അതിന്റെ പുറകിൽ വലിയ സാമ്പത്തിക വിനിമയം നടക്കുന്നുണ്ടെന്ന് തിരിച്ചറിവിലാണ് അവർ അത് വേണ്ടാ എന്ന് വച്ചത്. ഇത് സംഘടിപ്പിക്കുന്നത് നമ്മൾ തന്നെയാണ്. നിർമാതാക്കൾ തന്നെയാണ് ഇതിന് പെെസ നൽകുന്നത്. പക്ഷേ അതിനകത്ത് ഇതിൽ പെടാത്ത ഒരാൾ വന്ന് സിനിമയെക്കുറിച്ച് മോശം പറയുമ്പോൾ അതും ചിലപ്പോൾ ഇതിനകത്ത് കയറി പോകും. അങ്ങനെ മൂന്ന് ഇൻസിഡന്റ് അവിടെ ചൂണ്ടിക്കാണിക്കപ്പെട്ടു. അപ്പോഴാണ് തിയറ്റർ റിവ്യൂസ് പൂർണ്ണമായും നമുക്ക് മറ്റിവയ്ക്കാം എന്ന ചിന്ത വന്നത്. പക്ഷേ ഒരു സിനിമ കണ്ട് കഴിഞ്ഞ് ഇറങ്ങുന്ന മൊമെന്റ് മുതൽ ആളുകൾക്ക് അതിനെക്കുറിച്ച് അഭിപ്രായം പറയാം. അഭിപ്രായം പറയാൻ പാടില്ല എന്ന് നമുക്ക് പറയാൻ എന്താണ് അവകാശം. വിമർശനം എന്ന് പറയുന്നത്, അല്ലെങ്കിൽ റിവ്യു എന്ന് പറയുന്നത് ആർക്കും പറയാവുന്നതാണ്. കുറച്ച് സൈദ്ധാന്തികമായി പറയുകയാണെങ്കിൽ സാഹിത്യം വിമർശനത്തെ സൃഷ്ടിക്കുന്നത് പോലെ സിനിമ വിമർശനത്തെ സൃഷ്ടിക്കുന്നത് പോലെ വിമർശനം സാഹിത്യത്തെയും സൃഷ്ടിക്കുന്നുണ്ട്. വിമർശനം സിനിമയെയും സൃഷ്ടിക്കുന്നുണ്ട്. വിമർശം എന്നൊരു ഡിസിപ്ലിനാണ് സിനിമ എന്ന് പറയുന്ന വേറൊരു ഡിസ്കോഴ്സിന് ഇന്ന് നമ്മൾ തിരിച്ചറിയുന്ന ഒരു സ്വഭാവം കൊടുക്കുന്നത്. വിമർശനമാണ് സിനിമ എന്ന് പറയുന്ന വ്യവഹാരത്തെ നിർമിക്കുന്നത്. അത് ഇല്ലായെന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരു ​ഗ്രോത്തുമുണ്ടാകില്ല. അതിന് യാതൊരു വിധ സംശയവുമില്ല.

റിവ്യു ബോംബിങ്ങ് എന്ന് പ്രശനത്തിനോടനുബന്ധിച്ച് ഫെഫ്കയിൽ അംഗത്വമുള്ള പി ആർ ഒ-മാർക്കു പുറമെ ഇനി ഒരു ചിത്രത്തിന്റെ പ്രൊമോഷനുമായി നിർമ്മാതാക്കൾ കരാറിൽ ഏർപ്പെടേണ്ടെന്ന് ഫെഫ്കയും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തിരുന്നു. സിനിമ റിവ്യുകൾക്ക് വിലക്കോ, സമയപരിധിയോ ഏർപ്പെടുത്തുന്ന ഒരു ജനാധിപത്യ-സംവാദ വിരുദ്ധ നിലപാടിനോടും തങ്ങൾക്ക് യോജിപ്പില്ലെന്ന് മുമ്പ് ഫെഫ്ക അറിയിച്ചിരുന്നു. എന്നാൽ, റിവ്യു എന്ന പേരിൽ ബോഡി ഷെയിമിങ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങൾ നല്കി സിനിമയേയും അതിൽ പ്രവർത്തിച്ചവരേയും അപകീർത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനൽ പ്രവർത്തങ്ങൾ കണ്ടില്ലെന്ന് വെയ്ക്കാൻ ഇനി സാധിക്കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in