മണിച്ചിത്രത്താഴ് പ്രിയപ്പെട്ട സിനിമ, ഭൂതകാലത്തിന്റെ ഏറ്റവും വലിയ ഇൻസ്പിരേഷൻ മമ്മൂക്കയുടെ തനിയാവർത്തനമാണെന്ന് രാഹുൽ സദാശിവൻ

മണിച്ചിത്രത്താഴ് പ്രിയപ്പെട്ട സിനിമ, ഭൂതകാലത്തിന്റെ ഏറ്റവും വലിയ ഇൻസ്പിരേഷൻ മമ്മൂക്കയുടെ തനിയാവർത്തനമാണെന്ന് രാഹുൽ സദാശിവൻ

ഹൊറർ സിനിമകളിൽ കഥാപാത്രങ്ങളുടെ ഇമോഷൻസ് പ്രേക്ഷകർക്ക് കണ്ക്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് സംവിധായകൻ രാഹുൽ സദാശിവൻ. ഇമോഷൻസിന് ഏറെ പ്രാധാന്യമുള്ളത് കൊണ്ട് തന്നെ മണിച്ചിത്രത്താഴ് എന്ന സിനിമ തനിക്ക് പ്രിയപ്പെട്ടതാണെന്നും ഇമോഷണൽ രം​ഗങ്ങൾ പ്രേക്ഷകനെ ഹുക്ക് ചെയ്താൽ മാത്രമേ കഥാപാത്രം രക്ഷപെടണം എന്ന് പ്രേക്ഷകന് തോന്നുകയുള്ളൂ എന്നും രാഹുൽ സദാശിവൻ പറയുന്നു. മുൻ ചിത്രമായ ഭൂതകാലം എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഇൻസ്പിരേഷൻ മമ്മൂട്ടി ചിത്രം തനിയാവർത്തനമാണെന്നും ചിത്രത്തിലെ കഥാപാത്രം നേരിടുന്ന സോഷ്യൽ സ്റ്റി​ഗ്മ തന്നെയാണ് ഭൂതകാലത്തിനെ പ്രധാന കഥാപാത്രങ്ങളും നേരിടുന്നത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ സദാശിവൻ പറഞ്ഞു.

രാഹുൽ സദാശിവൻ പറഞ്ഞത്:

ഹൊറർ സിനിമയ്ക്ക് ഇമോഷൻസ് കണക്ടാവണം എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതു കൊണ്ടാണ് ഇന്നും എന്റെ പ്രിയപ്പെട്ട ചിത്രമായി മണിച്ചിത്രത്താഴ് മനസ്സിൽ നിൽക്കുന്നത്. ഭൂതകാലം എന്ന സിനിമയിലും ഇമോഷൻസിലാണ് കുറേക്കൂടി ഫോക്കസ് ചെയ്തിരിക്കുന്നത്. അവരുടെ ആ മെന്റൽ സ്റ്റേറ്റ് നമ്മൾ സ്ട്രോങ്ങായിട്ട് വച്ചു കഴിഞ്ഞാൽ ബാക്കി എല്ലാ ഫാക്ടേഴ്സും ഇതിന് സപ്പോർട്ടാവും. ഭ്രമയു​ഗത്തിലും ഇതുപോലെയാണ്. ഭ്രമയു​ഗത്തിൽ തേവന്റെ വീക്ഷണത്തിലൂടെയാണ് സിനിമ ട്രാവൽ ചെയ്യുന്നത്. ആ സിനിമയിൽ തന്നെ ഏറ്റവും ഇമോഷണൽ പോയിന്റ് വന്നിരിക്കുന്നത് ആ അമ്മയെക്കുറിച്ച് സംസാരിക്കുന്നതാണ്. ഒരു മുറിയിൽ ഭരണിയൊക്കെ വച്ചിട്ട് അവർ രണ്ട് പേരും കൂടി സംസാരിക്കുന്ന ​രം​ഗമാണ് ആകെയുള്ളൊരു ഇമോഷണൽ രം​ഗം. കാരണം നമുക്ക് അത്രമാത്രമേ പറയാനുള്ളൂ. അതിനുള്ളിൽ പ്രേക്ഷകൻ ഹുക്ക് ചെയ്യുക. അയ്യോ ഇവൻ രക്ഷപെടണം എന്ന് പ്രേക്ഷകന് തോന്നണം.

സിറ്റുവേഷൻ എത്രമാത്രം പേഴ്സണലാക്കാൻ സാധിക്കുമോ അത്രത്തോളം പേഴ്സണലാക്കിയാൽ മാത്രമേ ഒരു സിനിമ കുറച്ചു കൂടി യൂണിവേഴ്സലാകാൻ പറ്റുകയുള്ളൂ എന്ന് എനിക്ക് തോന്നി. ‍ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട് എനിക്ക് ഭൂതകാലത്തിന്റെ ഏറ്റവും വലിയ ഇൻസ്പിരേഷൻ എന്ന് പറയുന്നത് മമ്മൂക്കയുടെ തനിയാവർത്തനം എന്ന സിനിമയാണ്. അതിലുള്ള ഒരു സോഷ്യൽ സ്റ്റി​ഗ്മ. അത് എങ്ങനെ ആ ക്യാരക്ടർ ഫേസ് ചെയ്യുന്നു എന്ന് പറയുന്നത്. അത് പോലെ തന്നെയാണ് വിനുവും ആശയും എന്ന ഈ രണ്ട് കഥാപാത്രങ്ങളും ഫേസ് ചെയ്യുന്ന ഈ സോഷ്യൽ സ്റ്റി​ഗ്മ, ഇവരെ ആരും വിശ്വസിക്കുന്നില്ല എന്ന് പറയുന്നത്. അവരുടെ റെസല്യൂഷനാണ് ഈ കഥ.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭ്രമയു​ഗം. ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വെെറ്റിൽ പ്രദർശനത്തിനെത്തിയ ചിത്രം റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ ആ​ഗോള ബോക്സിൽ അമ്പത് കോടി നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഫെബ്രുവരി 15 ന് റിലീസ് ചെയ്ത ചിത്രത്തിന് മലയാളത്തിന് പുറമെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്.നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഭീഷ്മ പർവ്വം, കണ്ണൂർ സ്‌ക്വാഡ് എന്നീ സിനിമകൾക്ക് ശേഷം 50 കോടി ക്ലബ്ബിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. അടിമ ചന്തയിൽ നിന്ന് ഓടി രക്ഷപെട്ട് സ്വന്തം വീട്ടിലെത്തിച്ചേരാൻ ശ്രമിക്കുന്ന പാണൻ കുലത്തിൽ പെട്ട അർജുൻ അശോകന്റെ കഥാപാത്രം വഴിതെറ്റി ഒരു മനക്കലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

Related Stories

No stories found.
logo
The Cue
www.thecue.in