'പ്രേമലു ആദ്യം പ്ലാൻ ചെയ്തത് സൂപ്പർ ശരണ്യയിലെ സോനയുടെ സ്പിൻ ഓഫായി'; ഗിരീഷ് എഡി

'പ്രേമലു ആദ്യം പ്ലാൻ ചെയ്തത് സൂപ്പർ ശരണ്യയിലെ സോനയുടെ സ്പിൻ ഓഫായി'; ഗിരീഷ് എഡി

പ്രേമലു എന്ന ചിത്രം ആദ്യം പ്ലാൻ ചെയ്തിരുന്നത് സൂപ്പർ ശരണ്യയിലെ സോന എന്ന കഥാപാത്രത്തിന്റെ സ്പിൻ ഓഫായാണെന്ന് സംവിധായകൻ ​ഗിരീഷ് എഡി. ആദ്യം തീരുമാനിച്ചിരുന്നത് സൂപ്പർ ശരണ്യയിലെ നാല് പെൺകുട്ടികൾ ഹയർ സ്റ്റഡീസിന് വേണ്ടി ഹെെദരാബാദിലേക്ക് പോകുന്നതായാണ് എന്ന് ​ഗിരീഷ് എഡി പറയുന്നു. എന്നാൽ പിന്നീട് നടന്ന ചർച്ചകൾക്കിടെ അത് സോന എന്ന കഥാപാത്രത്തിന്റെ സ്പിൻ ഓഫ് എന്ന രീതിയിലേക്ക് ചിന്തിച്ചാലോ എന്ന ആലോചന വരികയും പിന്നീട് അതും മാറി പുതിയൊരു കഥയും കഥാപാത്രങ്ങളും എന്നതിലേക്ക് സിനിമ എത്തുകയുമായിരുന്നു എന്ന് ​ഗിരീഷ് എഡി ക്യുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

​ഗിരീഷ് എഡി പറഞ്ഞത്:

ഹെെദരബാ​ദ് എന്ന കോൺസെപ്റ്റായിരുന്നു ആദ്യം ഉണ്ടായിരുന്നത്. അവിടെ എന്തെങ്കിലും ഒരു റൊമാന്റിക് കോമഡി സിനിമ പ്ലാൻ ചെയ്താലോ എന്ന് ആലോചിച്ചിരുന്നു. ഏറ്റവും ആദ്യം വന്ന ഐഡിയ സൂപ്പർ ശരണ്യയിലെ നാല് പെൺകുട്ടികൾ ഹയർ സ്റ്റഡീസിന് വേണ്ടി ഹെെദരബാദ് പോകുന്നു എന്നതായിരുന്നു. പിന്നെയാണ് അത് മാറി സൂപ്പർ ശരണ്യയിലെ സോന എന്ന ക്യാരക്ടറിന്റെ സ്പിൻ ഓഫ് ചെയ്യാം എന്ന് തോന്നിയത്. സോന ഹെെദരബാദ് എത്തുന്നു എത്തുന്നു. സൂപ്പർ ശരണ്യയിൽ സോന എന്ന ക്യാരക്ടർ പിടിവാശിക്കാരിയായ കൂട്ടുകാരിയെ ഭയങ്കരമായി പ്രൊട്ടക്ട് ചെയ്യുന്ന ഒരു പെൺകുട്ടിയാണെല്ലോ. അപ്പോൾ അവൾക്ക് ഒരു റിലേഷൻഷിപ്പുണ്ടായാൽ എങ്ങനെയായിരിക്കും എന്ന ചിന്തയിലാണ് ഇത് തുടങ്ങിയതും. പിന്നെ സോനയും കഥയും എല്ലാം മാറി ഹെെദരബാദിൽ ഒരു പെൺകുട്ടി വരുന്നു അതിനെ ചുറ്റിപറ്റി ഒരു സ്റ്റോറി ഉണ്ടാക്കാം എന്ന തീരുമാനിച്ചു. അങ്ങനെ പതുക്കെ അത് ഒരു പുതിയ കഥയായി മാറി. പിന്നീട് സംസാരിക്കുന്നതിന്റെ ഇടയിൽ രണ്ട് പയ്യന്മാരും ഈ പെൺകുട്ടിയോടൊപ്പം അതേ സമയത്ത് അങ്ങോട്ട് പോകുന്നു എന്ന ഐഡിയ കിരൺ പറഞ്ഞപ്പോൾ എനിക്ക് വളരെ ഇന്ററസ്റ്റിം​ഗായി തോന്നി. അങ്ങനെയാണ് ഞാൻ കിരണിനോട് പറഞ്ഞത് ഇത് നമുക്ക് ഒരുമിച്ച് എഴുതാം എന്ന്. അങ്ങനെയാണ് ഞങ്ങൾ ഇത് ഒരുമിച്ച് എഴുതുന്നത്.

മമിത ബെെജു, നസ്ലൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നി ചിത്രങ്ങൾക്ക് ശേഷം ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശനും എത്തിയിരുന്നു. പുതിയ തലമുറയുടെ സിനിമ എന്ന് പറഞ്ഞാൽ അത് ഇതാണെന്നും സിനിമ തീർന്ന് പോയത് അറിഞ്ഞില്ല എന്നും പറഞ്ഞ പ്രിയദർശൻ ചിത്രത്തിലെ നസ്ലന്റെ അഭിനയത്തെക്കുറിച്ച് എടുത്ത് പറയുകയും ചെയ്തിരുന്നു. ഒരു റൊമാന്റിക്ക് കോമഡി ഴോണറിലെത്തിയ ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

Related Stories

No stories found.
logo
The Cue
www.thecue.in