.jpg?w=480&auto=format%2Ccompress&fit=max)
ഗഗനചാരി മൂലം വാസ്തുഹാര എന്ന മോഹൻലാൽ ചിത്രം പ്രേക്ഷകർ വീണ്ടും കാണാൻ കാരണമായി എന്നതിൽ സന്തോഷമുണ്ട് എന്ന് സംവിധായകൻ അരുൺ ചന്തു. സിനിമ കണ്ടതിന് ശേഷം പലരും ഏതാണ് ആ ലാലേട്ടൻ സിനിമ എന്ന് ചോദിച്ച് മെസേജ് അയക്കാറുണ്ട് എന്നും പലർക്കും ആ റെഫറൻസിനെക്കുറിച്ച് മനസ്സിലായിട്ടില്ലെന്നും അരുൺ ചന്തു പറഞ്ഞു. അതൊരു ഓഫ് ബീറ്റ് പടമാണ് എന്നത് കൊണ്ടു തന്നെ ആരും അത് കണ്ടു കാണാൻ സാധ്യതയുണ്ടായിരിക്കില്ല. എന്റെ കുട്ടിക്കാലത്ത് വാസ്തുഹാര കണ്ട് ഞാൻ പകച്ചു പോയിട്ടുണ്ട‍്. എന്നെ വല്ലാതെ ഉലച്ചു കളഞ്ഞ ഒരു സിനിമ കൂടിയാണ് അത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അരുൺ ചന്തു പറഞ്ഞു.
അരുൺ ചന്തു പറഞ്ഞത്:
കുറേ പേർക്ക് ആ റെഫറൻസിനെക്കുറിച്ച് മനസ്സിലായിട്ടില്ല. എല്ലാവരും ചോദിക്കുന്നത് ലാലേട്ടന്റെ ആ പടം ഏതാണ് എന്നാണ്. ഒരുപാട് മെസേജ് വന്നതിന് ശേഷം ഞാൻ ഒരു സ്റ്റോറിയിട്ടു. ഇതാണ് ആ പടം എന്ന് പറഞ്ഞിട്ട്. ജൻസി കിഡ്സിനാണ് മനസ്സിലാകത്തത് എന്ന് തോന്നുന്നു. അതൊരു ഓഫ് ബീറ്റ് പടമാണ് എന്നത് കൊണ്ടു തന്നെ ആരും അത് കണ്ടു കാണാൻ സാധ്യതയുണ്ടായിരിക്കില്ല. എന്റെ കുട്ടിക്കാലത്ത് വാസ്തുഹാര കണ്ട് ഞാൻ പകച്ചു പോയിട്ടുണ്ട‍്. പണ്ട് ഡിഡി വണ്ണിൽ അത് കാണുമ്പോൾ തന്നെ വല്ലാതെ ഉലച്ചു കളയുന്ന ഒരു പടമായിരുന്നു അത് അന്നേ. എന്റെ അച്ഛന് പൊന്തൻമാടയും വാസ്തുഹാരയും ഒക്കെ വലിയ ഇഷ്ടമായിരുന്നു, അച്ഛനൊപ്പമിരുന്ന് ഈ സിനിമകൾ എല്ലാം ഞാൻ കുറേ കണ്ടിട്ടുണ്ട്. വാസ്തുഹാര ശരിക്കും ലാലേട്ടന് വേണ്ടി മാത്രമല്ല, അരവിന്ദൻ സാറിനും ജോൺസൺ മാഷിനും ഒക്കെയുള്ളതാണ്. ആ ഭാഗത്തിലെ പശ്ചത്താല സംഗീതം എനിക്ക് വളരെ ഇഷ്ടമാണ്. 2021 ൽ ഞാൻ അത് ഇടാൻ തീരുമാനിച്ച രാത്രിയിൽ ഇൻസ്റ്റഗ്രാമിൽ അതൊരു റീൽ ആയി ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിന് താഴെയും പിന്നെ എനിക്ക് നേരിട്ട് മെസേജ് അയച്ചും ആൾക്കാർ എന്നോട് ഈ പടം എവിടെ കിട്ടും എന്ന് ചോദിച്ചിട്ടുണ്ട്. എന്റെ ഒരു സുഹൃത്തും മറ്റൊരാളും ലെറ്റർബോക്സിൽ ആ സിനിമയ്ക്ക് പുതിയ റിവ്യൂ ഇട്ടിട്ടുണ്ട്. ഗഗനചാരി കാരണം വാസ്തുഹാര കണ്ടു എന്ന് പറഞ്ഞിട്ട്. ആ ക്ലാസിക് സിനിമയെ വീണ്ടും കാണാൻ നമ്മുടെ സിനിമ കാരണമായി എന്നതുകൊണ്ട് തന്നെ ഞാൻ വളരെ സന്തോഷവാനാണ്.