'ഇത് പരിവര്‍ത്തനമല്ല, ഇതാണ് പരിണാമം'; വിടുതലൈ''യിലെ സൂരിയ്ക്ക് അഭിനന്ദനവുമായി അല്‍ഫോണ്‍സ് പുത്രന്‍

'ഇത് പരിവര്‍ത്തനമല്ല, ഇതാണ് പരിണാമം'; വിടുതലൈ''യിലെ സൂരിയ്ക്ക് അഭിനന്ദനവുമായി അല്‍ഫോണ്‍സ് പുത്രന്‍

വെട്രിമാരന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വിടുതലൈ. കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ സൂരിയാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. ചിത്രത്തില്‍ കുമരേശന്‍ എന്ന പൊലീസ് ഡ്രൈവറുടെ വേഷമാണ് സൂരിയ്ക്ക്. സിനിമയ്ക്കും ചിത്രത്തിലെ സൂരിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ഇത് പരിവര്‍ത്തനമല്ല, ഇതാണ് സൂരിയുടെ പരിണാമം' എന്ന് ചിത്രം കണ്ട സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ട്വീറ്റ് ചെയ്തു.

ഇത് പരിവര്‍ത്തനമല്ല, ഇതാണ് സുരിയുടെ പരിണാമം. നന്ദി വെട്രിമാരന്‍ സാര്‍, അദ്ദേഹത്തെ വിശ്വസിച്ചതിനും അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ വഴിയൊരുക്കിയതിനും. സേതു അണ്ണാ, നിങ്ങളില്ലാതെ തമിഴ് സിനിമ ഒരടി മുന്നോട്ട് പോകാന്‍ കഴിയാതാക്കിയിരിക്കുന്നു, സല്യൂട്ട്.

അല്‍ഫോണ്‍സ് പുത്രന്‍.

ജയമോഹന്റെ ''തുണൈവന്‍'' എന്ന ചെറുകഥയെ ആസ്പദമാക്കിയ ചിത്രത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ചിത്രത്തിന്റെ ആദ്യഭാഗമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. കാട്ടില്‍ വിവിധ ചെക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പൊലീസുകാരനായിട്ടാണ് സൂരി വേഷമിടുന്നത്. 'മക്കള്‍ പടൈ' എന്ന സര്‍ക്കാരിനും പൊലീസിനും എതിരെ പ്രക്ഷോഭം നയിക്കുന്നവരുടെ നേതാവായ വാദ്യാര്‍ എന്ന കഥാപാത്രമായി വിജയ് സേതുപതി വേഷമിടുന്നു. വാദ്യാരെയും മക്കള്‍ പടൈയെയും അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടികളുടെ പശ്ചാത്തലത്തില്‍ വീണ്ടും ഒരിക്കല്‍ കൂടി പൊലീസ് അതിക്രമങ്ങളുടെ കഥ പറയുകയാണ് ചിത്രത്തിലൂടെ വെട്രിമാരന്‍.

വിജയ് സേതുപതിക്കും സൂരിക്കുമൊപ്പം സംവിധായന്‍ ഗൗതം വാസുദേവ് മേനോനും, രാജീവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 സെപ്തംമ്പറോട് കൂടി തിയേറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in