'കുഞ്ഞാലി മരക്കാരി'ലെ സാധ്യതകളും ബാധ്യതകളും

Marakkar Arabikadalinte Simham
Marakkar Arabikadalinte Simham
Summary

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ മുന്‍നിര്‍ത്തി എന്‍.പി ആഷ്‌ലി എഴുതുന്നു

കുഞ്ഞാലി മരക്കാർ സിനിമ വരുന്നതിന്ന് മുമ്പ് നടന്ന ബഹളങ്ങൾ കേട്ട എനിക്ക് മനസ്സിലായിട്ടില്ലാത്ത രണ്ടു കാര്യങ്ങൾ ഉണ്ട്. നൂറു കോടി ചിലവാക്കിയെന്നതോ നാനൂറു കോടി ഉണ്ടാക്കാൻ പോകുന്നോ എന്നതോ എന്തിന്റെയെങ്കിലും മൂല്യം ആവുന്നത് എങ്ങിനെ ആണ്? ബാഹുബലി എന്ന യാതൊരു കഥയും ഇല്ലാത്ത അത്യാവശ്യം ബോറൻ സിനിമ, ഏതു സിനിമക്കും എത്തിച്ചേരാനുള്ള ലക്ഷ്യസ്ഥാനമായതു എന്ന് മുതലാണ്? സിനിമ കണ്ടു കഴിഞ്ഞപ്പോഴും സിനിമയുടെ പ്രവർത്തകരും ആരാധകരും വിരോധികളും എല്ലാവരും ഈ ചോദ്യങ്ങൾക്കു ചുറ്റും കിടന്നു കറങ്ങുന്നു എന്ന് തന്നെ ആണ് തോന്നിയത്. ഇങ്ങനെ എല്ലാവരും തെറ്റായ ചോദ്യപേപ്പർ കൊടുത്തില്ലായിരുന്നു എങ്കിൽ പല സാധ്യതകളും ഉള്ള ഒരു സിനിമ തന്നെ ആണ് കുഞ്ഞാലി മരക്കാർ.


അധിനിവേശത്തിനെതിരെ ഇൻഡ്യാ ചരിത്രത്തിൽ ആദ്യമായി പൊരുതി വധശിക്ഷ ഏറ്റുവാങ്ങിയ രക്സ്തസാക്ഷിയാണ് കുഞ്ഞാലി നാലാമൻ എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ കുഞ്ഞാലി മരക്കാർ എന്ന് സിനിമ കഴിയുമ്പോൾ എഴുതിക്കാണിക്കുന്നുണ്ട്. പറങ്കികൾക്കെതിരായ യുദ്ധങ്ങൾ കോഴിക്കോട്ടു തുടങ്ങുന്ന കാലത്തു തന്നെയാണ് തിരൂരിൽ ഇരുന്നു തുഞ്ചത്ത് എഴുത്തച്ഛൻ എഴുതിത്തുടങ്ങുന്നതും മലയാളഭാഷയും കേരളം എന്ന ആശയവും ഉണ്ടായി വരുന്നത് എന്നത് പലപാട് നിരീക്ഷപ്പെട്ടിട്ടുണ്ട്. അങ്ങിനെ അധിനിവേശവിരുദ്ധചരിത്രത്തിലും കേരളത്തിന്റെ നിര്മിതിയിലും സുപ്രധാനപങ്കുള്ള ഒരു ചരിത്രനിമിഷത്തെ ആണ് കുഞ്ഞാലി മരക്കാർ ജനപ്രിയസംസ്കാരത്തിലേക്ക് കൊണ്ട് വരുന്നത്. ഇത് ഒരു ആലോചന എന്ന നിലയിൽ പ്രശംസിക്കപ്പെടേണ്ടത് തന്നെ ആണ്.

Marakkar Arabikadalinte Simham
Marakkar Arabikadalinte Simham
കുഞ്ഞാലി മരക്കാർ തന്റെ കുട്ടിക്കാലത്തിലെ വീരനായകൻ ആയിരുന്നു എന്ന് രചനയും സംവിധാനവും നിർവഹിച്ച പ്രിയദർശൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് കണ്ടിരുന്നു. അത് ശരിയാണെന്നു മനസ്സിലാവും സിനിമ കണ്ടാൽ. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും പശ്ചാത്താപത്തിന്റെയും സൂക്ഷ്മമായ പല വൈകാരിക ഘട്ടങ്ങളും സിനിമയിൽ ഉണ്ട് താനും. A film with the heart in the right place എന്ന് പറയാവുന്നതു തന്നെയാണ് എന്നാണ് എനിക്ക് തോന്നിയത്.

ആഗോളവൽക്കരണത്തോടെ അതിരുകൾ ഇല്ലാതായെന്നും ലോകം ഒരു ഗ്രാമമായി മാറി എന്നും സാമാന്യമായിപ്പറയാറുണ്ട്. എന്നാൽ അപ്പോഴൊന്നും കച്ചവടബന്ധങ്ങളിലൂടെ മധ്യകാലഘട്ടത്തിൽ തന്നെ (പതിനഞ്ചാം നൂറ്റാണ്ടു വരെയുള്ള കാലം) നിലനിന്നിരുന്ന വിവിധ രാജ്യക്കാരുടെ കൂടിവരവ് നമ്മുടെ ബോധമണ്ഡലത്തിൽ അങ്ങിനെ ഉള്ള ഒരു കാര്യമല്ല. അറബികളും ചൈനക്കാരും പറങ്കികളും നിറയുന്ന കച്ചവടകേന്ദ്രങ്ങൾ എന്ന ഒരു ചരിത്ര യാഥാർഥ്യത്തെ സിനിമ ഓര്മിപ്പിക്കുന്നുണ്ട്.

ഇന്ത്യയിൽ ഇന്നേറ്റവും അധീശത്വം പുലർത്തുന്ന ഹിന്ദുത്വഭൂരിപക്ഷതാവാദത്തിനു എതിരാണ് എല്ലാ അർത്ഥത്തിലും ചിത്രം. ബദർ യുദ്ധത്തിലെ പ്രവാചകന്റെ കഥയാണ് സിനിമയിലെ ഏറ്റവും വലിയ ദൃഷ്ടാന്ത കഥ. ആ കഥയ്ക്ക് ചുറ്റുമാണ് സിനിമ പറങ്കികൾക്കും ദുഷ്ടരായ നാടുവാഴികൾക്കുമെതിരെയുള്ള പോരാട്ടങ്ങളുടെ കഥ പറയുന്നത്. ഒരു ഹിന്ദുപെൺകുട്ടിയും ചൈനക്കാരനുമായുള്ള പ്രണയമാണ് സിനിമയുടെ കഥ മാറ്റിമറിക്കുന്നത് തന്നെ. ഫ്യൂഡൽ-പുരുഷാധിപത്യമായ കാരണങ്ങളാൽ പ്രണയവിരോധികളും സ്ത്രീവിരുദ്ധരുമായ ഭൂരിപക്ഷതാവാദത്തിനു ആ പ്രണയകഥ തീർത്തും എതിരാണ്. "കള്ളൻ മാപ്പിള"ക്കെതിരെ സംസാരിക്കുന്ന കോലത്തിരി നാടുവാഴികളെ ചതിയന്മാരായാണ് കാണിച്ചിരിക്കുന്നത്. കുഞ്ഞാലിയുടെ കോട്ടയിൽ പോയി അച്യുതൻ മങ്ങാട്ടച്ചൻ (അർജുൻ) മാംസം കഴിക്കുന്നത് വരെ സിനിമയിൽ കാണിച്ചിട്ടുണ്ട്. ആർച്ചയുടെ കല്യാണത്തിന് ഭക്ഷണം താൻ ഒരുക്കും എന്നൊക്കെ കുഞ്ഞാലി പറയുന്നുമുണ്ട്. ചരിത്രപരമായി ഇതൊക്കെ ശരിയാവാൻ യാതൊരു സാധ്യതയും ഇല്ലെങ്കിലും അതു അവതരിപ്പിക്കുന്ന കൂട്ടുജീവിതം തള്ളിക്കളയേണ്ടതല്ലല്ലോ. അങ്ങിനെ നോക്കിയാൽ ഹിന്ദുത്വപൊതുബോധത്തിന് എല്ലാ നിലക്കും എതിരാണ് സിനിമ. പല ഭാഷകളിലും നിർമിച്ച ചിത്രം ഹിന്ദുത്വത്തിന്റെ സാമാന്യ ആഖ്യാനങ്ങളെ തീർത്തും ദുര്ബലപ്പെടുത്തുന്നത് തന്നെയാണ്. ആ അർത്ഥത്തിൽ കാലാപാനിയിൽ നിന്നുള്ള ഒരു മാറിനടത്തവും ആണ്.

കുഞ്ഞാലി മരക്കാർ തന്റെ കുട്ടിക്കാലത്തിലെ വീരനായകൻ ആയിരുന്നു എന്ന് രചനയും സംവിധാനവും നിർവഹിച്ച പ്രിയദർശൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് കണ്ടിരുന്നു. അത് ശരിയാണെന്നു മനസ്സിലാവും സിനിമ കണ്ടാൽ. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും പശ്ചാത്താപത്തിന്റെയും സൂക്ഷ്മമായ പല വൈകാരിക ഘട്ടങ്ങളും സിനിമയിൽ ഉണ്ട് താനും. A film with the heart in the right place എന്ന് പറയാവുന്നതു തന്നെയാണ് എന്നാണ് എനിക്ക് തോന്നിയത്.

Marakkar Arabikadalinte Simham
Marakkar Arabikadalinte Simham

ഇനി സിനിമക്കുള്ള പ്രധാനപോരായ്മ വലിയ ബജറ്റ് പറഞ്ഞു വലിയ ബഹളമുണ്ടാക്കി തീയേറ്ററുകളിൽ കടുംവെട്ടി നടത്തി ഇത്ര കോടി ക്ലബ്ബിൽ എത്തി എന്ന് പറയാനുള്ള തിടുക്കം തന്നെ ആണ്.

ആ ബഹളങ്ങൾ വളരെ ഒതുക്കത്തിൽ എടുക്കേണ്ടിയിരുന്ന ഒരു സിനിമയുടെ സകല കയ്യടക്കവും ഇല്ലാതാക്കിയെന്നതാണു ഏറ്റവും വലിയപരിമിതി ( ടി ദാമോദരനും ഐ വി ശശിയും ചേർന്നെടുത്ത 1921 ന്റെ ഗണത്തിൽ വരുന്ന സിനിമയാണ് ഇതെങ്കിലും പണത്തിന്റെ കോരിചൊരിയൽ കാഴ്ചയുടെ ഏകാഗ്രതയെ ബാധിക്കുന്നുണ്ട്).

ഈ അധിനിവേശവിരുദ്ധപോരാളിയെപ്പറ്റിയുള്ള സിനിമക്ക് രണ്ടു പരാധീനതകളാണുണ്ടായത്: ഒന്ന് സമ്പത്തിനോടുള്ള ദാസ്യമനോഭാവം, രണ്ടു, പടിഞ്ഞാറൻ സാങ്കേതിക വിദ്യയോടുള്ള ദാസ്യമനോഭാവം. ചെമ്മീനിലും അമരത്തിലും കലാപാനിയിലും കാണിച്ച കടൽ രംഗങ്ങളുടെ സ്വാഭാവികത പോലും സിനിമയിലെ ചങ്ങാടം തകരുന്ന രംഗത്തിനില്ല. യുദ്ധരംഗങ്ങളിൽ ബാഹുബലിയുടെ പ്രേതം വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

യുദ്ധരംഗങ്ങൾ കണ്ടപ്പോൾ ഞാൻ ഒരിക്കൽ ശ്രീജിത്ത് രമണൻ പറഞ്ഞ കാര്യം ഓർത്തു: ശരശയ്യയിൽ വീണു കിടക്കുന്ന ഭീഷ്മർ വെള്ളത്തിന് ചോദിക്കുമ്പോൾ കർണൻ അമ്പെയ്തു ഭൂമിയിൽ ഉറവയുണ്ടാക്കി അദ്ദേഹത്തിന് വെള്ളം കൊടുക്കുന്ന രംഗമുണ്ട് മഹാഭാരതത്തിൽ. മഹാഭാരതം സീരിയലിൽ അത് കാണിച്ചിരിക്കുന്നത് കർണൻ അമ്പെയ്യുമ്പോൾ ഒരു ജലധാര ഉണ്ടായി അത് ഭീഷ്മരുടെ വായിലെത്തുന്നതായിട്ടാണ്. പീറ്റർ ബ്രുക് എന്ന ബ്രിട്ടീഷ് സംവിധായകൻ ചെയ്ത മഹാഭാരതത്തിൽ കര്ണന് അമ്പെടുത്തു മണ്ണ് കുഴിച്ചു വെള്ളം കയ്യിലെടുത്തു ഭീഷമാരുടെ വായിൽ ഉറ്റിച്ചു കൊടുക്കുകയാണ്. ഇതിൽ രണ്ടാമത്തേത് ഉണ്ടാക്കുന്ന വൈകാരികത പോലെ ആവണമായിരുന്നു കുഞ്ഞാലി മരക്കാരുടെ രംഗങ്ങളും. ഉള്ളടക്കത്തോടുള്ള അത്തരം ഉത്തരവാദിത്വം തീരെ മറന്നാണ് സിനിമ സാങ്കേതികവിദ്യയോടുള്ള ദാസ്യം കൊണ്ട് പെരുമാറുന്നത്. പല തലത്തിൽ ശക്തി ഉണ്ടായിരുന്ന സംവിധായകനും തിരക്കഥയും പലപ്പോഴും തങ്ങളുടെ സ്ഥാനം ഡിജിറ്റൽ ടെക്നോളജിക്ക്‌ ഒഴിഞ്ഞു കൊടുത്തതായി തോന്നി.

സാങ്കേതിക വിദ്യ ഒരു പ്രശ്നമാണെന്നല്ല; ഒരു സാധ്യത തന്നെ ആണ്. ജുറാസിക് പാർക്ക് തുടങ്ങി അവതാർ വരെയുള്ള സിനിമകളിൽ സാങ്കേതിക വിദ്യയെ മനോഹരമായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇവിടെ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ട് അതിന്റെ ദുർബല അനുകരണങ്ങൾക്കു നാം ശ്രമിക്കുന്നതെന്തിന്?

Marakkar Arabikadalinte Simham
Marakkar Arabikadalinte Simham

ഒരു കാലം അവതരിപ്പിക്കുമ്പോൾ അത് ചരിത്രപരമായി കൃത്യം ആവേണ്ടതില്ല. എന്നാൽ ആ കാലത്തെപ്പറ്റിയുള്ള ഒരു സങ്കൽപം കൊടുക്കാൻ സിനിമക്ക് സാധിക്കണം. അക്കാര്യത്തിൽ ഒരു സ്ഥിരതയും വേണം. കുഞ്ഞാലി മരക്കാർ കായം കുളം കൊച്ചുണ്ണിയെപ്പോലെയോ റോബിൻ ഹുഡിനെ പ്പോലെയോ ഉള്ള ഒരാളായിരുന്നോ എന്നറിയില്ല. എങ്കിലും ആ ഭാഗം ബോധ്യമാവുന്ന വിധത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. അതിനൊരു പൂർണത ഉണ്ട്. എന്നാൽ കൊച്ചിയെയും കോഴിക്കോടിനേയും രണ്ടു ദേശങ്ങൾ ആയി അവതരിപ്പിക്കുന്നതിൽ പ്രൊഡക്ഷൻ ഡിസൈനർ (കലാസംവിധായകൻ എന്ന തസ്തിക തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്) വിജയിച്ചോ എന്നത് സംശയമാണ്. കുറ്റിച്ചിറയിൽ സാമൂതിരിയുടെ കാലത്തുണ്ടാക്കിയ കുറ്റിച്ചിറയിലെ മുച്ചുന്തിപ്പള്ളിയൊക്കെ ഇന്നും അവിടെ ഉണ്ട് എന്നിരിക്കെ അത്തരം സ്രോതസ്സുകളിൽ നിന്ന് ആ കാലത്തെ പുനര്നിര്മിക്കാനുള്ള ഒരു വ്യാകരണം തീർച്ചയായും ഉണ്ടാക്കി എടുക്കാമായിരുന്നു. മാത്രവുമല്ല, പോർട്ടുഗീസ് സ്രോതസ്സുകളെയോ അറബി സ്രോതസ്സുകളെയോ കൃത്യമായി ഉപയോഗപ്പെടുത്തിയതിന്റെ കനം കലാസംവിധാനത്തിൽ കാണാൻ ഇല്ല.

കുഞ്ഞാലി മരക്കാരെയും മാമുക്കോയ അവതരിപ്പിച്ച അബൂബക്കർ ഹാജിയെയും രണ്ടു സാഹചര്യത്തിൽ മാപ്പിളമാർ എന്ന് വിളിക്കുന്നുണ്ട്. അന്ന് മാപ്പിളമാർ കൃഷിക്കാരും അധസ്ഥിതരുമായ തെക്കൻ മലബാറുകാരല്ലേ? ഉന്നതജാതിക്കാരായ കോയമാരും കേയിമാരും മരക്കാര്മാരും എങ്ങിനെ മാപ്പിളമാരാവും എന്നൊരു ചോദ്യം സാമൂഹ്യശാസ്ത്രാർത്ഥത്തിൽ ബാക്കിയാവുന്നുണ്ട്. കുഞ്ഞാലി മരക്കാർക്കു ആഢ്യത്വം ഉണ്ടെന്നു ഹരീഷ് പേരടി അവതരിപ്പിച്ച മങ്ങാട്ടച്ചൻ പറയുന്നുമുണ്ട്.

സ്ത്രീകളുടെ മാനം എന്നതിനെ ചൂണ്ടിക്കാണിച്ചാണ് കുഞ്ഞാലി മരക്കാർ നാട്ടുകാരായ ആണുങ്ങളെ സ്വന്തം ഭാഗത്തു ചേർക്കുന്നത് എന്നത് വലിയൊരു പോരായ്മ ആണ്. അന്നത്തെ സാമൂഹ്യമൂല്യങ്ങൾ അതായിരുന്നു എന്ന് പറഞ്ഞിട്ടു കാര്യമില്ല. 2021 ലെ രാഷ്ട്രീയഭാവുകത്വത്തിലൂടെ അത് വിമർശനാത്മകമായി അവതരിപ്പിക്കാൻ തിരക്കഥക്കു കഴിയണമായിരുന്നു; അല്ലാതെ അതിനെ ആദര്ശവല്ക്കരിക്കുക അല്ല വേണ്ടത്.

ഇനി സിനിമക്ക് ഞാൻ കാണുന്ന ഒരു പ്രശ്നം ഈ സിനിമയുടെത് മാത്രമല്ല. 1921, കാലാപാനി, പഴശ്ശിരാജാ, ഉറുമി തുടങ്ങിയ സിനിമകളിൽ ആവർത്തിച്ചു കാണിച്ചിട്ടുള്ളത് എല്ലാ തരത്തിലും നിഷ്ടൂരരായ അക്രമികൾ മാത്രമാണ് പോർട്ടുഗീസുകാരും ഇംഗ്ലീഷുകാരും എന്നാണു. ഏതു ആക്രമിക്കും എന്ത് ചെയ്യാനും അക്രമി സ്വയം നൽകുന്ന ഒരു ന്യായീകരണം ഉണ്ടാവും. അത് കേൾക്കുക ഒരു തിരക്കഥാകൃത്തിന്റെ ജോലി ആണ്. ഇവിടെ ക്രൂരതയും വൃത്തികേടും മാത്രം ഉള്ള ആളുകൾ എന്നാണു പോർട്ടുഗീസുകാരെ കാണിച്ചിരിക്കുന്നത്. അധിനിവേശകരിലെ വംശവെറിയെയോ ക്രൂരതയെയോ കാണിക്കുമ്പോൾ തന്നെയും കാണിക്കാവുന്ന കഥാപാത്ര നിര്മിതിയിലെ സൂക്ഷ്മത ഈ സിനിമകളിൽ ഒന്നും കണ്ടിട്ടില്ല. ചരിത്രമാണ് പറയുന്നതെങ്കിലും കഥാപാത്രസൃഷ്ടിയിൽ ഒരാളുടെ പല വശങ്ങളും പരിഗണിച്ചില്ലെങ്കിൽ കഥാപാത്രങ്ങൾ കാർഡ് ബോർഡ് പോലെ നിൽക്കും.

Marakkar Arabikadalinte Simham
Marakkar Arabikadalinte Simham

പ്രണവ് മോഹൻലാൽ, അർജുൻ, ഹരീഷ് പേരാടി, ഫാസിൽ, സിദ്ദിഖ്, കീർത്തി സുരേഷ്, സുഹാസിനി എന്നിവരുടെ കഥാപാത്രങ്ങൾ മനസ്സിൽ ബാക്കിയാവുന്നവയാണ്. നെടുമുടി വേണു ആദ്യമായാണ് ഇത്ര ദുര്ബലമായി അഭിനയിച്ചു കാണുന്നത്. മുകേഷ്, ഇന്നസെന്റ്, മാമുക്കോയ എന്നിവരും സ്വന്തം മാനറിസങ്ങളിൽ കിടന്നു കഷ്ടപ്പെടുന്നുണ്ടായിരുന്നു. ചില ഇമോഷണൽ രംഗങ്ങളും ശരീരം കൊണ്ടുള്ള അഭ്യാസങ്ങളും നന്നാക്കിയ മോഹൻലാൽ വീരത്വത്തിനും നിസ്സഹായതക്കും ഇടയിൽ ഇടക്കെങ്കിലും കഥാപാത്രത്തിന്റെ സ്വന്തത്വം മനസ്സിലാക്കാൻ കഷ്ടപ്പെടുന്ന പോലെ തോന്നി. എന്നാൽ ഈ സിനിമയിലെ സംഭാഷണങ്ങൾ വെച്ചുള്ള ട്രോളിങ് തീർത്തും അസ്ഥാനത്താണ്. ഭാഷയുടെ ഉപയോഗത്തിൽ ഒരു കിളിച്ചുണ്ടൻ മാമ്പഴമേ അല്ല സിനിമ.

പുലി മുരുകനും ഒപ്പവും ദൃശ്യം രണ്ടും പോലെയുള്ള സിനിമകൾ "മാസ്സ്" എന്ന ലേബലിൽ പുതിയ കോടി ക്ലബ്ബ്കൾ ഉണ്ടാക്കുന്നത് കണ്ടു അത്തരം ഒരു സിനിമ എടുക്കാൻ പ്രിയദർശൻ ശ്രമിച്ചിട്ട് പോലുമുണ്ടെന്നു തോന്നുന്നില്ല. മിതത്വം ഉള്ളിടത്തു മാത്രമാണ് സിനിമ മനസ്സിൽ തൊടുന്നത്. അക്കാര്യത്തിൽ വ്യക്തതയും സത്യസന്ധതയും ആദ്യമേ പുലർത്തിയിരുന്നെങ്കിൽ മോഹൻലാൽ ആരാധകരും വിരുദ്ധരുമായ ഫാൻകൂട്ടങ്ങളുടെ ബഹളങ്ങൾ നാട്ടുകാർക്ക് ഒഴിഞ്ഞു കിട്ടിയേനെ. സിനിമക്കും അത് ഗുണമായേനെ. സിനിമയിൽ മൂലധനത്തിന്റെ അധിനിവേശത്തിന്റെ ആഘോഷം മാത്രമാണല്ലോ ഫാൻസിന്റെ തർക്കങ്ങളിലൂടെ ഇവിടെ മുഴങ്ങിക്കേട്ടത്.

"നിങ്ങൾ എന്തായിത്തീരണമെന്നു ആഗ്രഹിക്കുന്നോ നിങ്ങൾ അതായി തീരും" എന്നൊരു ബുദ്ധവചനമുണ്ട്. സിനിമക്കും അതു കൊണ്ടു തന്നെ മാതൃകകൾ സുപ്രധാനമാണ്. വലിച്ചു വാരി VFX ഇനു പോവാതെ കുറച്ചു കൂടി പഠനത്തോടെ, മനനത്തോടെ, ആഴത്തിൽ വിഷയത്തെ സമീപിച്ചിരുന്നു എല്ലാ നിലക്കും ഗംഭീരമാകുമായിരുന്ന നല്ല പല ഗുണങ്ങളും ഉള്ള ഒരു സിനിമ എന്ന് കുഞ്ഞാലി മരക്കാരിനെ സംഗ്രഹിക്കാം.

(എൻ പി ആഷ്‌ലി ഡൽഹി സെയിന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനാണ്).

Related Stories

No stories found.
logo
The Cue
www.thecue.in