അന്വേഷിപ്പിൻ കണ്ടെത്തും; കയ്യടിപ്പിക്കുന്ന സ്ലോ ബേൺ ത്രില്ലർ

അന്വേഷിപ്പിൻ കണ്ടെത്തും; കയ്യടിപ്പിക്കുന്ന സ്ലോ ബേൺ ത്രില്ലർ
Summary

ജിനു വി എബ്രഹാമിന്റെ തിരക്കഥകളിൽ ഏറ്റവും മികവ്‌ പുലർത്തിയ വർക്കാണിത്‌.അതിനെ ഡാർവിൻ കൃത്യമായ സമയങ്ങളിൽ കഥപറച്ചിൽ കനപെടുത്തി പ്രേക്ഷകരുടെ കാഴ്‌ച മുറുക്കുന്നുണ്ട്. ആദ്യ വർക്കിൽ ഡാർവിൻ കുര്യാക്കോസ് ഉറപ്പിച്ചിടുന്നുണ്ട്‌, വിശ്വസിച്ച്‌ തിയറ്ററിലെത്തുന്നവരെ നിരാശരാക്കില്ലെന്ന്‌.

കെ.എ നിധിൻ നാഥ് എഴുതിയ റിവ്യു

പ്രേക്ഷകരെ സിനിമാ കാഴ്‌ചയിലേക്ക്‌ കൃത്യമായി ഹുക്ക്‌ ചെയ്‌ത്‌ അതിൽ തന്നെ പിടിച്ച്‌ നിർത്തുന്നു, എന്നാൽ അതിനുപയോഗിക്കുന്നത്‌ ത്രില്ലറുകളിൽ സാധാരണമായുണ്ടാകുന്ന ട്വിസ്റ്റുകളും സസ്‌പെൻസുമല്ല, മറിച്ച്‌ കഥ പറച്ചിന്റെ തെളിമയും അതിനായി പിൻപ്പറ്റുന്ന ആഖ്യാനമികവുമാണ്‌. ഇത്തരത്തിൽ ത്രില്ലറിന്‌ മലയാള സിനിമ അധികം ഉപയോഗിക്കാത്ത സിനിമാ ഡിസൈനിലാണ്‌ നവാഗതനായ ഡാർവിൻ കുര്യാക്കോസ്‌ അന്വേഷിപ്പിൻ കണ്ടെത്തും ഒരുക്കിയിട്ടുള്ളത്‌. പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ കേസ്‌ അന്വേഷണമാണ്‌ പടം. രണ്ട്‌ എപ്പിസോഡിക്കായ കഥപറച്ചിൽ, രണ്ട്‌ കേസ്‌ അന്വേഷണങ്ങൾ. പതിവ്‌ അന്വേഷണ സിനിമകളിൽ നിന്ന്‌ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്‌ സിനിമ അവതരിപ്പിച്ച രീതിയാണ്‌. അന്വേഷണത്തിൽ മാത്രം കേന്ദ്രീകരിച്ച്‌ മറ്റൊന്നിലേക്കും കടക്കാതെയുള്ള പരിചരണമാണ്‌ സിനിമ പിൻപ്പറ്റുന്നത്‌. മികച്ച കഥാപരിസരം സൃഷ്ടിച്ച്‌ വളരെ മിനിമലിസ്റ്റിക്കായ കഥപറച്ചിൽ. കഥയുടെ കാലഘട്ടത്തിലേക്ക്‌ കൃത്യമായി ബ്ലെന്റ്‌ ചെയ്‌ത്‌ നിർത്തുന്ന കാഴ്‌ച പരിസരം.അതിനെ ലിഫ്‌റ്റ്‌ ചെയ്യുന്ന സംഗീതം, ചായാഗ്രാഹണം. സാങ്കേതിക മേഖലയെകൂടി ഉപയോഗിച്ച്‌ സിനിമയുടെ മൂഡിനനുസരിച്ച്‌ കൃത്യമായി സന്നിവേശിപ്പിച്ചാണ്‌ സിനിമയുടെ വികാസം. ഡാർക്ക്‌ ഷേഡ്‌ ഒഴിവാക്കി, ലാർജർ ദാൻ ലൈഫ്‌ നായകനെ മാറ്റി നിർത്തി, കൃത്യമായ ഇടവേളകളിൽ ട്വിസ്റ്റ്‌ ഒരുക്കുന്ന ജനപ്രിയ ത്രില്ലർ ഫോർമാറ്റിനോട്‌ അപ്പാടെ അകലം പാലിക്കുന്നുമുണ്ട്‌.

മലയാളത്തിൽ പൊതുവിൽ കണ്ട്‌ വരുന്ന അന്വേഷണ ഉദ്യോഗസ്ഥൻ, അവരുടെ കുടുംബം, ഭൂതകാലത്തിലെ നൈരാശ്യ കാഴ്‌ചകൾ, അതിൽ നിന്ന്‌ ഉടലെടുത്ത്‌ സൂക്ഷിക്കുന്ന പക തുടങ്ങിയവ ഫോർമുലാ അധിഷ്ടിതമായ കാഴ്‌ചകളും സിനിമയിൽ ഇല്ല. സ്ലോ- ബേൺ ത്രില്ലർ ഫോർമാറ്റാണ്‌ സിനിമയുടേത്‌. അത്തരം സിനിമകൾ ഇഷ്ടമുളളവർക്ക്‌ നല്ലൊരു തിയറ്റർ അനുഭവമാണ്‌ അന്വേഷിപ്പിൻ കണ്ടെത്തും. ആദ്യ ഷോട്ടിൽ കടന്ന്‌ വരുന്ന സന്തോഷ്‌ നാരായണന്റെ സംഗീതത്തിൽ ധീയുടെ പാട്ട്‌, ടൈറ്റിലിങിനിടെ വരുന്ന 'പാരാട്ടിട പോർമണ്ണ് പാട്ടാണേ’ എന്ന്‌ തുടങ്ങുന്ന ഗാനം പല തരം ആലോചനകളിലും ചിന്തയിലും തിയറ്ററിൽ എത്തുന്ന പ്രേക്ഷകരെ പടത്തിലേക്ക്‌ വലിച്ചിറക്കുന്നുണ്ട്‌. അതിലൂടെ ഹുക്ക്‌ ചെയ്‌ത്‌ സിനിമയുടെ മൂഡിലേക്ക്‌ പ്രേക്ഷകനെ സെറ്റ്‌ ചെയ്യുന്ന ടൈറ്റിലിങ്‌ പീസിൽ തന്നെ സിനിമയുടെ ടോൺ പിടികിട്ടും. ടൈറ്റിൽ കാണിക്കുന്നതിലടക്കം സ്ഥിരം ഫോർമാറ്റിനെ ബ്രേക്ക്‌ ചെയ്യാൻ ശ്രമിക്കുന്നുണ്ട്‌ ചിത്രം. കഥയുടെ മുന്നോട്ട്‌ പോക്കിൽ നിന്ന്‌ വ്യതിചലിക്കാതെ, കഥപറച്ചലിന്റെ ചരട്‌ മുറുക്കി പിടിച്ചാണ്‌ സിനിമ മുഴുവൻ മുന്നോട്ട്‌ പോകുന്നത്‌.

രണ്ട്‌ എപ്പിസോഡിക്കായ കഥ പറച്ചിലും നരേഷനുമെല്ലാം രസമായി പ്രേക്ഷകനുമായി കണക്ട്‌ ചെയ്യുന്നുണ്ട്‌. തൊണ്ണൂറുകളിലെ കോട്ടയമാണ് സിനിമയുടെ കഥാലോകം. ചിങ്ങവനം എസ്ഐ എത്തുന്ന ആനന്ദ് നാരായണൻ (ടൊവിനോ തോമസ്‌) ആദ്യ കേസ് കോളേജ്‌ വിദ്യാർഥിനിയുടെ തിരോധാനമാണ്‌. ആറു വർഷമായി തെളിയിക്കപ്പെടാതെ കിടക്കുന്ന കൊലക്കേസിന്‌ ക്ലോഷർ റിപ്പോർട്ട്‌ തയ്യാറാക്കാനായി ടൊവിനോയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം എത്തുന്നതാണ്‌ സിനിമയിലെ രണ്ടാമത്തെ കേസ്‌. സി.സി.ടി.വി പോലെയുള്ള സാങ്കേതിക വിദ്യകളുടെ സഹായമില്ലാത്തെയുള്ള കേസ്‌ അന്വേഷണം. അത്തരത്തിൽ കാലഘടനയോട്‌ ചേർന്ന്‌ നിന്ന്‌ തന്നെയാണ്‌ അവതരണം. ആ കാലത്തെ ഭൂമിക ഒരുക്കുന്നതിൽ കലാവിഭാഗത്തിന്റെ മിടുക്ക്‌ എടുത്ത്‌ പറയേണ്ടതാണ്‌.

കേസ്‌ അന്വേഷണത്തിനിടയിൽ കടന്ന്‌ വരുന്ന പൊലീസിം​ഗിലെ അധികാര തർക്കങ്ങളും പൊലീസിന്റെ അമിതാധികാര പ്രയോഗങ്ങൾ ജനങ്ങളിൽ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും അതിൽ നിന്ന്‌ ഉടലെടുക്കുന്ന പ്രതിസന്ധികളുമെല്ലാം കഥാഘടനയിൽ വിളക്കി ചേർത്ത്‌ പറഞ്ഞ്‌ പോകുന്നുണ്ട്‌. പൊലീസ്‌ പ്രൊസീജിയർ ഡ്രാമയായി നിൽക്കുമ്പോഴും അതിനകത്ത്‌ സാധ്യതയുള്ള ഹീറോയിക്‌ നിർമിതിയ്‌ക്ക്‌ ശ്രമിക്കാതെ അതിസാധാരണമായ കഥപറച്ചിൽ ശൈലിയാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ടൊവിനോയെ അധികവും കണ്ടിട്ടുള്ള ആഗ്രി യങ്‌ മാൻ ഷേഡുകളുള്ള കഥാപാത്ര സ്വഭാവത്തിനും സിനിമയതിൽ സാധ്യതയുണ്ടായിരുന്നു. എന്നാൽ അതിനും ശ്രമിക്കാതെ, സാധാരണകാരനായ പൊലീസുകാരനാണ്‌ എസ്‌ ഐ ആനന്ദ്‌. വളരെ സട്ടിലായി(SUBTLE) ടൊവിനോയുടെ മാനറിസങ്ങളെ ഉപയോഗിച്ചുള്ള ആഖ്യാനമാണ്‌ സിനിമയുടേത്‌. ടൊവിനോയെ ഇത്തരത്തിൽ അധികം ഉപയോഗിച്ചിട്ടില്ല, അതിഭാവുകത്വങ്ങളില്ലാതെ, എന്നാൽ ചിലയിടത്‌ വൈകാരികമായും ക്ഷോഭിക്കുന്ന മനുഷ്യനായുമെല്ലാം എസ്‌ ഐ ആനന്ദ്‌ ടൊവിനോയിൽ ഭദ്രമാകുന്നുണ്ട്‌. ആനന്ദിന്റെ സംഘത്തിലുള്ള പൊലീസുകാരായി വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ എന്നിവരും കഥയോട്‌ ചേർന്ന്‌ നിന്ന്‌ കഥാപാത്രമാകുന്നുണ്ട്‌. സിദിഖ്‌, ബാബുരാജ്‌, ഷമ്മി തിലകൻ എന്നിവരടക്കം ചെറിയ കഥാപാത്രങ്ങളായി നിരവധി പേരുണ്ട്‌. എന്നാൽ ടൊവിനൊയ്‌ക്കപ്പുറം കാര്യമായി ആർക്കും സിനിമയിൽ വലിയ പ്രകടനത്തിന്‌ ഇടമില്ല.

ജിനു വി എബ്രഹാമിന്റെ തിരക്കഥകളിൽ ഏറ്റവും മികവ്‌ പുലർത്തിയ വർക്കാണിത്‌.അതിനെ ഡാർവിൻ കൃത്യമായ സമയങ്ങളിൽ കഥപറച്ചിൽ കനപെടുത്തി പ്രേക്ഷകരുടെ കാഴ്‌ച മുറുക്കുന്നുണ്ട്. ആദ്യ വർക്കിൽ ഡാർവിൻ കുര്യാക്കോസ് ഉറപ്പിച്ചിടുന്നുണ്ട്‌, വിശ്വസിച്ച്‌ തിയറ്ററിലെത്തുന്നവരെ നിരാശരാക്കില്ലെന്ന്‌. കേസ്‌ അന്വേഷണവും അന്വേഷിക്കുന്ന പൊലീസുകാരും അവരുടെ മാനസിക തലം കൂടി പറയുന്ന കഥാഗതിയിൽ പക്ഷെ പൊലീസുകാരുടെ ജീവിത അതിവൈകാരികതയിലേക്ക്‌ തിരിയാതെ അന്വേഷണ ട്രാക്കിൽ തന്നെ നിർത്തുന്നുണ്ട്‌. അത്തരത്തിൽ അനുവർത്തിച്ചു വരുന്ന ഗിമ്മിക്കുകൾക്ക്‌ കൈകൊടുക്കാതെയുള്ള രീതി കാഴ്‌ചയ്‌ക്ക്‌ ബലം കൊടുക്കുന്നുണ്ട്‌.

അന്വേഷിപ്പിൻ കണ്ടെത്തും; കയ്യടിപ്പിക്കുന്ന സ്ലോ ബേൺ ത്രില്ലർ
പുതിയ കാലത്തെ ജനപ്രിയ ത്രില്ലർ സിനിമകളുടെ വാർപ്പു മാതൃകകളെ നിരാകരിക്കുന്ന സിനിമ

സിനിമകൾ പ്രേക്ഷകരുമായി കണക്ടാകുമ്പോഴാണ്‌ സാധാരണ അവർക്ക്‌ പ്രിയപ്പെട്ടതാകുക, എന്നാൽ ത്രില്ലറുകൾക്ക്‌ ആ ഭാരമില്ല. സസ്‌പെൻസ്‌, ആരാണ്‌ കുറ്റവാളി തുടങ്ങിയ ഉത്തരങ്ങളിൽ അവരെ ‘ഞെട്ടിപ്പിക്കാനായാൽ’ പടം വിജയിപ്പിക്കാൻ കഴിയും. പൊതുവിൽ ഏറ്റവും കുറവ്‌ ത്രില്ലർ സിനിമകൾ ഇറങ്ങുന്നത്‌ സിനിമ മേഖലയാണ്‌ മലയാളം. എന്നാൽ ഒടിടി കാലം സിനിമകളിലേക്ക്‌ പ്രേക്ഷകന്‌ കുറച്ച്‌ കൂടി കാഴ്‌ചാ സാധ്യത നൽകി. ഒടിടിയിലടക്കം ത്രില്ലറുകളുടെ വലിയ നിര ഭാഷകഭേദമില്ലാതെ പ്രേക്ഷകരിലേക്ക്‌ എത്തി. ഈ ഘട്ടത്തിൽ തന്നെ ത്രില്ലർ ജോണറിൽ കുറേയധികം സിനിമകൾ മലയാളത്തിലും ഉണ്ടായി. എന്നാൽ വിദേശ സിനിമകളടക്കം കാണുന്ന പ്രേക്ഷകനെ പൂർണമായും തൃപ്‌തരാക്കുന്ന വർക്കുകൾ കുറവായിരുന്നു. ത്രില്ലറുകൾ പല ഭാഷകളിൽ കാണുന്നവരിലേക്കാണ്‌ മലയാളത്തിലും ഇത്തരം പടങ്ങൾ വരുന്നത്‌, അതിനാൽ തന്നെ ഊഹത്തിന്‌ വിടാതെയുള്ള പിടിച്ചിരുത്തൽ ശ്രമകരമാണ്‌. ഇതിനെ മറികടക്കാൻ നടത്തുന്ന പുതിയ പരിശ്രമങ്ങളിൽ സാങ്കേതികതയുടെ വലിയതരത്തിലുള്ള ഉപയോഗം മുതൽ സർപ്രൈസ്‌ കഥാപാത്രങ്ങൾ വരെ എത്തി. അബ്രഹാം ഓസ്ലലറിനെ മമ്മTട്ടി അത്തരത്തിൽ ഒന്നായിരുന്നു. എന്നാൽ അത്തരം ശ്രമങ്ങൾക്ക് മുതിരാതെ തങ്ങളുടെ ഉള്ളടക്കത്തിന്റെ മികവിൽ പ്രേക്ഷകനെ തിയറ്റിലേക്ക്‌ ക്ഷണിക്കുന്ന ചലച്ചിത്ര കാഴ്‌ചയാണ്‌ അന്വേഷിപ്പിൻ കണ്ടെത്തും. പ്യുവർ സിനിമാറ്റിക്ക്‌ അനുഭവത്തിന്റെ ഫലത്തിൽ പ്രേക്ഷകനെ കൊണ്ട്‌ കൈയ്യടിപ്പിക്കാം എന്ന്‌ ഉറപ്പിക്കുന്നുണ്ട്‌ നവാഗതനായ ഡാർവിൻ കുര്യാക്കോസും സംഘവും.

അന്വേഷിപ്പിൻ കണ്ടെത്തും; കയ്യടിപ്പിക്കുന്ന സ്ലോ ബേൺ ത്രില്ലർ
'മസ്റ്റ് വാച്ച്'; ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തെ പ്രശംസിച്ച് മഞ്ജു വാര്യർ

Related Stories

No stories found.
logo
The Cue
www.thecue.in