'നിശബ്ദരായി സഹിച്ച ഭൂരിപക്ഷത്തിന്റെ കൂടെ': രാജ്യാന്തര ചലച്ചിത്രമേളയിൽ 'വുമണ്‍ വിത്ത് എ മൂവി ക്യാമറ'

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ആതിരയും മഹിതയും

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ആതിരയും മഹിതയും

ഒരു ദിവസം രാവിലെ ഉറക്കത്തിലായിരുന്ന ആതിരയുടെ മുറിയിലേക്ക് അവളുടെ സഹപാഠിയും കൂട്ടുകാരിയുമായ മഹിത കൈയ്യിലൊരു ക്യാമറയും ട്രൈപ്പോഡുമായി കടന്നു വരികയാണ്. ഉറക്കത്തില്‍ നിന്നവളെ വിളിച്ചെഴുന്നേല്‍പ്പിച്ച് 'സ്ത്രീയുടെ ഒരു ദിവസം' ഷൂട്ട് ചെയ്യുകയാണ് അവളുടെ ലക്ഷ്യം. സ്ത്രീയുടെ ഒരു ദിവസം, അതില്‍ തന്നെ പറയാന്‍ ഒരുപാടുണ്ടെന്ന് കാണിച്ചുതരികയാണ് അടല്‍ കൃഷ്ണന്‍ സംവിധാനം ചെയ്ത വുമണ്‍ വിത്ത് എ മൂവി ക്യാമറ.

ഐഎഫ്എഫ്‌കെയില്‍ 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 14 ചിത്രങ്ങളിലൊന്നാണ് 'വുമണ്‍ വിത്ത് എ മൂവി കാമറ'. കാലടി ശ്രീ ശങ്കര കോളേജിലെ 20 പേരടങ്ങുന്ന ഒരു വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ഈ സിനിമയ്ക്കു പിന്നില്‍. മാധ്യമ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ സംരംഭമായ ഫോണ്ട് ലൈവിന്റെ പിന്നണിയിലുള്ളവരാണ് സംവിധായകനായ അടല്‍ കൃഷ്ണനും കൂട്ടരും. 5000 രൂപ മുതല്‍മുടക്കില്‍ ചിത്രീകരിച്ച ഈ സിനിമ മൈക്രോ ബജറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന മുഴുനീള ചിത്രമാണ്.

<div class="paragraphs"><p>വുമൺ വിത്ത് എ മൂവി ക്യാമറയുടെ അണിയറപ്രവർത്തകർ</p></div>

വുമൺ വിത്ത് എ മൂവി ക്യാമറയുടെ അണിയറപ്രവർത്തകർ

ഒട്ടേറെ സ്ത്രീകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു പ്ലോട്ട് ആണ് സിനിമയുടേത്. ആതിര, മഹിത എന്നീ രണ്ട് സുഹൃത്തുക്കളാണ് കേന്ദ്രകഥാപാത്രങ്ങള്‍. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും മഹിത തന്നെയാണ്. മാധ്യമ വിദ്യാര്‍ത്ഥിയായ മഹിത, കോളേജിലെ പ്രോജക്ടിന് വേണ്ടി തന്റെ സുഹൃത്തായ ആതിരയുടെ ഒരു ദിവസത്തെ ജീവിതം 'എ ഡേ ഇന്‍ എ വുമണ്‍'സ് ലൈഫ്' എന്ന പേരില്‍ ഡോക്യുമെന്റ് ചെയ്യുന്നതാണ് ഈ സിനിമയുടെ പശ്ചാത്തലം. ആ ഒരു ദിവസത്തിലേക്ക് മറ്റു കഥാപാത്രങ്ങളായി ആതിരയുടെ അമ്മയും കസിനും രണ്ട് സുഹൃത്തുക്കളും എത്തുന്നു. ഒരു സാധാരണ കുടുംബത്തില്‍ സംഭവിക്കാവുന്നതെല്ലാം തന്നെയാണ് സിനിമയിലെ സന്ദര്‍ഭങ്ങള്‍. സ്വാഭാവികമായ സംഭാഷണങ്ങളും ഇതിനോടൊപ്പം ചേരുന്നു. ആതിരയുടെ അമ്മ തന്നെയാണ് സിനിമയിലും ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തന്റെ ജീവിതത്തില്‍ ഉണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് സുഹൃത്തായ അടലിനോട് പങ്കുവെക്കുന്നതാണ് പിന്നീട് സിനിമയായി മാറിയതെന്ന് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആതിര ദ ക്യുവിനോട് പറഞ്ഞു. ഈ സിനിമ പ്രതിനിധാനം ചെയ്യുന്നത് ഇത്തരം അനുഭവങ്ങള്‍ നിശബ്ദമായി സഹിക്കേണ്ടി വന്നവരെക്കുറിച്ചാണ്. ഒരു വ്യക്തി അതിക്രമം നേരിടുന്ന സാഹചര്യത്തില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് വലിയ ചര്‍ച്ചയാവുന്ന ഒരു സാഹചര്യവും കേരളത്തില്‍ ഉള്ളപ്പോള്‍, നിശബ്ദമായി സഹിക്കേണ്ടി വന്ന ഭൂരിഭാഗത്തിന്റെ കൂടെയാണ് ഈ സിനിമ. 'അവരോടൊപ്പം നില്ക്കാന്‍ വേണ്ടിയാണ്, അവര്‍ ഒറ്റക്കല്ല എന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് ഈ സിനിമ ചെയ്തതെന്ന്' ആതിര പറയുന്നു.

അതിക്രമം നേരിടേണ്ടി വരുമ്പോള്‍ പ്രതികരിക്കുന്ന ഒരു മുഖ്യ കഥാപാത്രത്തെ കാണിച്ച്, പ്രതികരിക്കാന്‍ പറ്റാതെപോയവര്‍ക്ക് വിഷമം ആവരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു.. ഞാന്‍ പല സിനിമകളിലും കണ്ടിട്ടുണ്ട് ലൈംഗികാതിക്രമം നേരിടുന്ന പലരും അത് അതീജീവിച്ചു പലതും അച്ചീവ് ചെയ്യുന്നതായി. അങ്ങനെ ചെയ്യാന്‍ പറ്റാത്തവരാണ് ഭൂരിഭാഗവും. അവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു കഥയായിരിക്കണം ഞങ്ങളുടെ സിനിമ എന്ന് വിചാരിച്ചിരുന്നു.

ആതിര സന്തോഷ്

ലൈംഗികാതിക്രമത്തെ ചുറ്റിപ്പറ്റിയുള്ള പല സോഷ്യല്‍ സ്റ്റിഗ്മകളെ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്ന സിനിമ, 'സിനിമ വെറിറ്റെ' എന്ന ചിത്രീകരണ ശൈലിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഒട്ടും പ്രൊഫഷണലല്ലാത്ത അഭിനേതാക്കളെ ഉള്‍പ്പെടുത്തി, ഹാന്‍ഡ്ഹെല്‍ഡ് ഷോട്ടുകള്‍ ഉപയോഗിച്ച്, സാധാരണമായ സാഹചര്യങ്ങളും, കഥാപാത്രങ്ങളുടെ ജീവിതവും കേന്ദ്രികരിക്കുന്നതെല്ലാം ഇത്തരം സിനിമകളുടെ പ്രത്യേകതയാണ്. ഈ സവിശേഷതകളെല്ലാം 'വുമണ്‍ വിത്ത് എ മൂവി കാമറ' കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്.

ബാഹ്യമായി ലൈറ്റിംഗ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഈ ജോണറിനു പൂര്‍ണമായും നീതിപുലര്‍ത്തി ഒട്ടും കൃത്രിമമെന്നു തോന്നിക്കാത്ത രീതിയിലാണ് ചെയ്തിരിക്കുന്നതെന്ന് അടല്‍ ദ ക്യുവിനോട് പറഞ്ഞു. പ്രേക്ഷകന് ദൃശ്യങ്ങള്‍ സ്വാഭാവികമായ ലൈറ്റിംഗില്‍ തന്നെ ചിത്രീകരിച്ചതാണെന്നേ തോന്നു. മൂന്ന് മാസത്തെ പ്രീ പ്രൊഡക്ഷന്റെ സഹായത്തില്‍ വെറും മൂന്ന് ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പുരുഷമേല്‍ക്കോയ്മയുള്ള സിനിമ സെറ്റുകള്‍ക്ക് ഒരു വെല്ലുവിളിയായാണ് സ്ത്രീ സാന്നിധ്യം ഏറെ ഉള്ള 'വുമണ്‍ വിത്ത് എ മൂവി കാമറ' ചെയ്തതെന്നും അടല്‍ പറയുന്നു. കുടുംബം എന്ന സമ്പ്രദായം എത്രത്തോളം ടോക്‌സിക്കാണെന്നു പ്രേക്ഷകരിലേക്ക് എത്തിക്കാനും, ഈ ടോക്‌സികായ അന്തരീക്ഷം എത്രത്തോളം ഇടുങ്ങിയതാണെന്ന് കാണിക്കാനും നിര്‍മാണവേളയില്‍ ശ്രദ്ധിച്ചിരുന്നെന്നും അടല്‍ വ്യക്തമാക്കുന്നു.

അഭിനേതാക്കളെ ഓരോരുത്തരെയും തെരഞ്ഞെടുത്തത് കൃത്യമായ ഓഡിഷനിലൂടെയാണെന്ന് ആതിരയും മഹിതയും പറയുന്നു. ഒട്ടും അഭിനയപശ്ചാത്തലം ഇല്ലാത്തതവരാണ് തങ്ങള്‍, ക്യാമറ കൈകാര്യം ചെയ്യാന്‍ അറിയുന്ന ഒരാളെ ആയിരുന്നു മഹിതയുടെ കഥാപാത്രത്തിനായി ആവശ്യം. മാധ്യമ വിദ്യാര്‍ത്ഥി ആയ മഹിതക്ക് നേരത്തെ തന്നെ സിനിമാറ്റോഗ്രാഫിയില്‍ താല്പര്യം ഉണ്ടായിരുന്നതുകൊണ്ട് തന്നെ മഹിതയെ തെരഞ്ഞെടുക്കുക എളുപ്പമായിരുന്നു. എന്നാല്‍ ആതിരയുടെ കഥാപാത്രം ചെയ്യാനായി ഒരുപാട് ആളുകളെ നോക്കിയെങ്കിലും ഒന്നും ശെരിയാവാതെ വന്നപ്പോള്‍ ആതിരയെ വെച്ച് തന്നെ മുന്നോട്ടു പോവുകയായിരുന്നു. രണ്ടുപേരുടെയും ആദ്യത്തെ സിനിമയാണ് വുമണ്‍ വിത്ത് എ മൂവി ക്യാമറ. ക്ലൈമാക്‌സ് ഒഴികെയുള്ള എല്ലാ സീനുകളും അഭിനേതാക്കളെ പ്രീപ്രൊഡക്ഷന്‍ സമയത്ത് തന്നെ പരിശീലിപ്പിച്ചിരുന്നു. മൂന്ന് മാസത്തെ പ്രീ പ്രൊഡക്ഷന്‍ എല്ലാവര്‍ക്കുമിടയില്‍ ഒരു സുഹൃത്ത് ബന്ധം ഉണ്ടാക്കാക്കുകയും അത് സിനിമയെ റിയലിസ്റ്റിക് ആക്കാന്‍ ഏറെ സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നു ഇരുവരും പറയുന്നു.

ക്ലൈമാക്‌സില്‍ സംഭവിക്കുന്ന ഒരു സംഭാഷണമാണ് സിനിമയുടെ കാതലായ ഭാഗം. അതിലേക്കുള്ള യാത്രയാണ് സിനിമയിലുടനീളം. എഴുതിത്തയ്യാറാക്കാതെ സ്വാഭാവികമായി ഉരുത്തിരിയുന്ന രീതിയിലാണ് ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചതെന്നു സിനിമയുടെ ഛായാഗ്രാഹക മഹിത സാക്ഷ്യപ്പെടുത്തുന്നു. അവിടെ സംഭവിക്കുന്ന സംഭാഷണങ്ങള്‍ എല്ലാം യാഥാര്‍ഥ്യങ്ങളാണെന്നും, അഭിനേതാക്കളുടെ അനുഭവങ്ങളാണെന്നും ആതിര പറയുന്നു. ചിത്രീകരണ സമയം വരെ ആരും പരസ്പരം ആ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ആ സീനില്‍ അഭിനേതാക്കളെല്ലാം ഇമോഷണലായതെല്ലാം ആ സാഹചര്യത്തില്‍ സ്വാഭാവികമായി സംഭവിച്ചു പോയതാണെന്നും മഹിത കൂട്ടിച്ചേര്‍ത്തു.

സിനിമയും, അതിലെ തുറന്നുപറച്ചിലുകളും തന്നെ ഒരുപാടു സ്വാധിനിച്ചിട്ടുണ്ട്. വ്യക്തിപരമായി ഈ സിനിമ കൊണ്ടുവന്ന മാറ്റം വളരെ വലുതാണ്. എനിക്ക് എന്തും തുറന്നു പറയാന്‍ ഒരിടം കിട്ടിയ പോലെയായിരുന്നു. സിനിമ എനിക്ക് വല്ലാത്ത ഒരു ധൈര്യവും തന്നു. സിനിമയുടെ ക്ലൈമാക്‌സ് തീര്‍ച്ചയായും ഒരു എംപവര്‍മെന്റ് തന്നെയാണ്.

മഹിത യു.പി

'വുമണ്‍ വിത്ത് എ മൂവി കാമറ' , ലൈംഗികാതിക്രമവും അതിന്റെ ഭീകരതയും മാത്രം സംസാരിച്ചു നിര്‍ത്തുന്നില്ല. ആതിരയെ പോലെ ഒരു സാധാരണ പെണ്‍കുട്ടി കടന്നു പോവുന്ന പല മാനസിക സംഘര്‍ഷങ്ങളും സിനിമ ചര്‍ച്ചചെയ്യുന്നുണ്ട്. സ്ത്രീ എന്നും അതിരാവിലെ എഴുന്നേല്‍ക്കേണ്ടവളാണ്. ഒന്ന് നേരം വൈകി എഴുന്നേറ്റാല്‍ കുറ്റംബോധം തോന്നേണ്ടവളാണ്. വീട്ടിലെ ജോലികള്‍ കണ്ടറിഞ്ഞു ചെയ്യേണ്ടവളാണ്. ഇതിലേതിലെങ്കിലും വീഴ്ച വന്നാല്‍ അവള്‍ കടുത്ത കുറ്റം ചെയ്തവളാവും. സ്വന്തം വിദ്യാഭ്യാസവും, എവിടെ പഠിക്കണമെന്ന തീരുമാനവും എടുക്കേണ്ടത് അവളുടെ വീട്ടുകാരാണ്. ഇന്നും മലയാളി സമൂഹത്തിന്റെ ഉയര്‍ന്ന ചിന്താഗതി ഇതൊക്കെ തന്നെയാവുമ്പോള്‍ അത്തരം സാധാരണമായ ചട്ടക്കൂടുകളെ ഒരു പൊളിച്ചെഴുത്തുമില്ലാതെ സിനിമ കാഴ്ചക്കാരുടെ മുന്നിലേക്ക് വെക്കുന്നു. ആതിരയുടെ കഥാപാത്രം കടിച്ചമര്‍ത്തുന്ന അമര്‍ഷം സ്‌ക്രീനില്‍ കാണുമ്പോള്‍ അത് കാണുന്ന ഏതൊരു പ്രേക്ഷകനും ഒന്ന് ചിന്തിക്കും, അത് തന്നെയാണ് സിനിമ ആവശ്യപ്പെടുന്നതും. സിനിമ അവസാനിക്കുന്നതും വലിയ വാഗ്ദാനങ്ങളിലോ ത്രസിപ്പിക്കുന്ന രംഗങ്ങളിലൂടെയോ അല്ല, എന്നാല്‍ കുറച്ചൊന്നു ഇമോഷണല്‍ ആയി വളരെ സട്ടിലായാണ്. പക്ഷെ ഒരു സമൂഹത്തിനു വലിയ പിന്തുണ നല്‍കാന്‍ സിനിമക്ക് കഴിയുന്നുണ്ട്.

ഈ സിനിമ കാണുന്ന പലര്‍ക്കും ട്രോമാറ്റിക് ആയേക്കാം. മറക്കാന്‍ ആഗ്രഹിക്കുന്ന പലതും ഓര്‍മിപ്പിച്ചേക്കാം. എന്നാല്‍ ആ കൂട്ടത്തിനു തന്നെ ഈ സിനിമ നല്‍കുന്ന സപ്പോര്‍ട്ട് ചെറുതല്ല. ഒരു ലൈംഗികാതിക്രമം നേരിടുന്ന സാഹചര്യത്തില്‍ പ്രതികരിക്കാന്‍ പറ്റാതെ പോയതില്‍ ഇന്നും കുറ്റബോധം തോന്നുന്നവര്‍ക്ക്, തനിക്ക് അങ്ങനെ സംഭിച്ചതു തന്റെ തെറ്റുകൊണ്ടാണെന്ന് ഇന്നും വിശ്വസിക്കുന്നവര്‍ക്ക്, ഇന്നും ആ അനുഭവങ്ങള്‍ ഉണ്ടാക്കിയ ഭീതിയില്‍ നിന്ന് പുറത്തു വരാന്‍ കഴിയാത്തവര്‍ക്കെല്ലാം നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന തിരിച്ചറിവാണ് 'വുമണ്‍ വിത്ത് എ മൂവി കാമറ'. സിനിമ ഒരുതരത്തില്‍ കഥാര്‍സിസ് എന്ന ലിറ്റററി ഡിവൈസ് തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന ഒരു ഇമോഷണല്‍ ക്ലെന്‍സിങ്ങും എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. 'വുമണ്‍ വിത്ത് എ മൂവി കാമറ' തീര്‍ച്ചയായും മലയാള സിനിമയോടുള്ള ഒരു പുതിയ സമീപനമാണ്.

<div class="paragraphs"><p>പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ആതിരയും മഹിതയും</p></div>
ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി എങ്ങനെ രൂപീകരിക്കാം

Related Stories

No stories found.
logo
The Cue
www.thecue.in