ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി എങ്ങനെ രൂപീകരിക്കാം

ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി എങ്ങനെ രൂപീകരിക്കാം

സിനിമ മേഖലയില്‍ ആഭ്യന്തര പരാതി സമിതി വേണമെന്ന് ഡബ്ലുസിസിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഒരു സിനിമയുടെ സെറ്റില്‍ ഷൂട്ടിംഗ് തുടങ്ങി അവസാനിക്കുന്നത് വരെയുള്ള കാലത്ത് പരാതികള്‍ പരിഹരിക്കാന്‍ കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ടാണ് 2018ല്‍ ഡബ്ലു.സി.സി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയോടെ സിനിമ സെറ്റുകളില്‍ ആഭ്യന്തര പരാതി സെല്ലുകള്‍ രൂപീകരിക്കണമെന്നത് നിര്‍ബന്ധമായിരിക്കുകയാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം(തടയലും നിരോധനവും പരിഹാരവും)നിയമം. ഇത് നിലവില്‍ വന്നത് 2013 ഏപ്രില്‍ 23നാണ്. ഇന്ത്യ മുഴുവന്‍ ബാധകമായ നിയമം പാര്‍ലമെന്റ് പാസാക്കി. ഈ നിയമപ്രകാരം തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയുന്നതിനായി തൊഴിലുടമ ആഭ്യന്തര പരാതി സമിതി(ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി) രൂപീകരിക്കണം. വിശാഖ കേസിലാണ് സുപ്രീംകോടതി ലൈംഗിക പീഡന കേസുകളില്‍ പിന്തുടരേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ലൈംഗിക പീഡനം എന്നതില്‍ ഉള്‍പ്പെടുന്നവ

1 നേരിട്ടോ അല്ലാതെയോ ഉള്ള ശരീര സ്പര്‍ശവും പ്രവൃത്തികളും

2 ലൈംഗിക സേവനത്തിനുള്ള ആവശ്യമോ അപേക്ഷയോ

3 ലൈംഗിക ചുവയുള്ള പരാമര്‍ശം

4 അശ്ലീല ചിത്ര പ്രദര്‍ശനം

5 വാക്കും നോട്ടവും പ്രവൃത്തികളും

6 ലൈംഗിക പീഡനവുമായി ബന്ധപ്പെടുത്തി പ്രത്യക്ഷമായോ പരോക്ഷമായോ ജോലിയില്‍ പ്രത്യേക പരിഗണന നല്‍കാമെന്ന വാഗ്ദാനം

7 ജോലിക്ക് മനഃപൂര്‍വം തടസ്സങ്ങളുണ്ടാക്കുന്നത്

ആരൊക്കെയാണ് ആഭ്യന്തര പരാതി സമിതിയിലുണ്ടാകേണ്ടത്

പത്തും അതില്‍ കൂടുതലും ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മറ്റി രൂപീകരിക്കണം. കമ്മിറ്റി രൂപീകരിച്ച് അംഗങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡ് അതത് സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിക്കണം. പത്തില്‍ കുറവ് ജീവനക്കാരുള്ള തൊഴിലിടങ്ങളില്‍ ലഭ്യമാകുന്ന പരാതികള്‍ ഏഴു ദിവസത്തിനുള്ളില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ജില്ലാതല ലോക്കല്‍ കംപ്ലയിന്റ്സ് കമ്മറ്റിക്ക് കൈമാറണം.

തൊഴില്‍ സ്ഥാപനത്തിലെ സീനിയര്‍ ലെവല്‍ വനിതയായിരിക്കണം ആഭ്യന്തര പരാതി സമിതിയുടെ പ്രിസൈഡിംഗ് ഓഫീസര്‍. സാമൂഹിക പ്രവര്‍ത്തകരോ നിയമപരിജ്ഞാനമുള്ളവരോ ആയ സ്ഥാപനത്തിലെ രണ്ട് അംഗങ്ങളും ലൈംഗിക പീഡന കേസുകള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാരിതര സ്ഥാപനത്തിലെ അംഗവും ഉണ്ടായിരിക്കണം. കുറഞ്ഞത് നാല് അംഗങ്ങളെങ്കിലും കമ്മിറ്റിയിലുണ്ടാകണം. അതില്‍ പകുതിയില്‍ കൂടുതല്‍ സ്ത്രീകളായിരിക്കണം. കമ്മിറ്റിയിലെ അംഗങ്ങള്‍ക്കുള്ള കാലാവധി പരമാവധി മൂന്ന് വര്‍ഷമായിരിക്കും. അംഗങ്ങള്‍ക്ക് 200 രൂപയുടെ അലവന്‍സും യാത്ര ചിലവും തൊഴിലുടമ നല്‍കണം.

നിയമം ലംഘിച്ച് ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ പിഴ ചുമത്തും. അമ്പതിനായിരം രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ഇരട്ടി തുക പിഴയടക്കണം. സ്ഥാപനത്തിന്റെ ലൈസന്‍സ് പിന്‍വലിക്കുകയോ പുതുക്കി നല്‍കാതിരിക്കുകയോ ചെയ്യാം.

തൊഴിലാളി, തൊഴിലുടമ, തൊഴില്‍ സ്ഥലം, ലൈംഗിക പീഡനം എന്നീ കാര്യങ്ങള്‍ ഈ ആക്ടില്‍ നിര്‍വചിച്ചിട്ടുണ്ട്.

സ്ഥിരമോ താല്‍ക്കാലികമോ ഏജന്‍സി മുഖേനയോ ജോലി ചെയ്യുന്ന ആളാണ് തൊഴിലാളി. കരാര്‍ തൊഴിലാളി, ട്രെയിനി, അപ്രന്റിസ്, പ്രൊബേഷണര്‍ എന്നിങ്ങനെ വേതനം വാങ്ങിയോ അല്ലാതെയോ ജോലി ചെയ്യുന്ന എല്ലാവരും തൊഴിലാളി എന്ന ഗണത്തില്‍ ഉള്‍പ്പെടും.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മേധാവികളോ മേല്‍നോട്ടം വഹിക്കുന്ന ആളോ തൊഴിലുടമയാണ്.

തൊഴിലിടത്തില്‍ നിന്നും പരാതി ലഭിച്ചാല്‍ അത് പരിശോധിക്കുകയാണ് ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി ചെയ്യേണ്ടത്. വിചാരണ നടത്തി തൊഴിലുടമയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. താക്കീത്, ഔദ്യോഗിക ശാസന, സ്ഥാനക്കയറ്റം തടഞ്ഞുവെക്കല്‍, ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കല്‍, ജോലിയില്‍ നിന്ന് പിരിച്ചു വിടുക, കൗണ്‍സിലിംഗിന് വിധേയനാക്കുക, സാമൂഹ്യ സേവനം ചെയ്യിക്കുക എന്നിങ്ങനെയുള്ള നടപടി നിര്‍ദേശിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in