2024 കേരള ബോക്സ് ഓഫീസ് കളക്ഷനിൽ ആദ്യ പത്തിൽ മമ്മൂട്ടി, മോഹൻലാൽ ഇല്ലാത്ത പട്ടികയിൽ ഒന്നാമൻ ആര്?

2024 കേരള ബോക്സ് ഓഫീസ് കളക്ഷനിൽ ആദ്യ പത്തിൽ മമ്മൂട്ടി, മോഹൻലാൽ ഇല്ലാത്ത പട്ടികയിൽ ഒന്നാമൻ ആര്?
Published on

2024 അവസാനിക്കുമ്പോൾ കേരള ബോക്സ് ഓഫീസിൽ ഇത്തവണ ഏറ്റവും നേട്ടമുണ്ടാക്കിയത് ആരെന്ന ചോദ്യമാണ് ബാക്കി. ക്രിസ്മസ് റിലീസുകൾ ബാക്കി നിൽക്കുമ്പോഴും ഇതുവരെയുള്ള റെക്കോർഡിൽ ആരായിരിക്കും മുന്നിൽ? 2023 ൽ മലയാള സിനിമ ബോക്സ് ഓഫീസ് കളക്ഷനിൽ ഒന്ന് പിന്നോട്ട് നീങ്ങിയെങ്കിലും 2024 അതിലും ഇരട്ടിയായി അത് തിരിച്ചു പിടിച്ചിട്ടുണ്ട്. അഞ്ച് സിനിമകളാണ് ഈ വർഷം മലയാളത്തിൽ നിന്നും 100 കോടി കടന്നിരിക്കുന്നത്.

കുട്ടേട്ടൻ കൈ പിടിച്ചപ്പോൾ ഭാഷ കടന്ന് നേടിയ കോടികൾ

മലയാള സിനിമയുടെ സീൻ മാറ്റാൻ പോകുന്ന സിനിമയെന്ന സുഷിൻ ശ്യാമിന്റെ ഒറ്റ പ്രസ്താവനയിൽ നിന്നാണ് ജാനേ എ മൻ എന്ന സിനിമക്ക് ശേഷം ചി​ദംബരം രചനയും സംവിധാനവും നിർവഹിച്ച മഞ്ഞുമ്മേൽ ബോയ്സ് എന്ന സിനിമയുടെ ഹൈപ്പ് തുടങ്ങുന്നത്. മുൻനിര താരങ്ങൾ ആരുമില്ലാതെ കൊടൈക്കനാലിലെ ​ഗുണ കേവിലേക്ക് കൊച്ചി മഞ്ഞുമ്മലിൽ നിന്ന് ഒരു കൂട്ടം ചെറുപ്പക്കാർ നടത്തിയ വിനോദ യാത്രയും അതിന്റെ തുടർച്ചയിൽ നടന്ന അപകടവും രക്ഷാ ദൗത്യവും പ്രമേയമായ സിനിമ. മലയാളവും തമിഴും കടന്ന് വൻ ചർച്ചയായി. മലയാളത്തിൽ മികച്ച കളക്ഷനുമായി മുന്നേറുന്നതിനിടെ ​ഗുണ എന്ന കമൽഹാസൻ ചിത്രത്തിന്റെ റഫറൻസും ഇളയരാജയുടെ ഈണത്തിലുള്ള കൺമണി അൻപോട് എന്ന ​ഗാനത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് സിനിമയിലെ പ്ലേസിം​ഗും തമിഴ്നാട് കൂടി ഏറ്റെടുത്തതോടെ തമിഴകത്ത് ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്.

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സാണ് ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നിൽ നിൽക്കുന്നത്. 241.10 കോടി രൂപയാണ് ചിത്രത്തിന്റെ ആ​ഗോള ​ഗ്രോസ് കളക്ഷൻ. മഞ്ഞുമ്മൽ ബോയ്സ് കണ്ട് കമൽ ഹാസൻ, ഉദയനിധി സ്റ്റാലിൻ, കാർത്തിക് സുബ്ബരാജ്, സിദ്ധാർത്ഥ് എന്നിവർ അഭിനന്ദനങ്ങളുമായി എത്തിയതും കമൽ ഹാസൻ- ​ഗുണ ട്രിബ്യൂട്ട് എന്ന നിലക്കുള്ള സോഷ്യൽ മീഡിയ ചർച്ചകളും തമിഴ് റിലീസുകൾക്ക് മുകളിലുള്ള ഒരു സ്വീകാര്യത തമിഴ്നാട്ടിലും മഞ്ഞുമ്മലിന് നേടിക്കൊടുത്തിരുന്നു. ഇതും ചിത്രത്തിന്റെ മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് കാരണമായിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും ഉയർന്ന തിയറ്റർ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് മഞ്ഞുമ്മൽ ബോയ്സിനാണ്.

2024 ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം തിയറ്ററിലെത്തി 27ാം ദിവസം 200 കോടി പിന്നിട്ടു. ആ​ഗോള ​ഗ്രോസ് കളക്ഷനിലാണ് ചിത്രത്തിന് സർവ കാല റെക്കോർഡിട്ടത്. ഇതിനൊപ്പം തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന ​ഗ്രോസ് നേടിയ മലയാള ചിത്രമായും മഞ്ഞുമ്മൽ ബോയ്സ് മാറി. തമിഴ്നാട്ടിൽ നിന്ന് മാത്രം 50 കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്. കൊച്ചി മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലെ ​ഗുണ കേവിലെ ടൂർ പോകുന്ന കൂട്ടുകാരുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ എന്നിവർക്കൊപ്പം ​ഗോകുലം മുവീസ് നിർമ്മിച്ച ചിത്രം. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിനായിരുന്നു നിലവിൽ മലയാളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ റെക്കോർഡ്.

17 ദിവസം കൊണ്ട് മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായ പുലിമുരുകന്റെ ​ഗ്ലോബൽ കളക്ഷനെ മഞ്ഞുമ്മൽ പിന്നിലാക്കിയിരുന്നു. 139.5 കോടിയായിരുന്നു പുലിമുരുകൻ ​ഗ്ലോബൽ കളക്ഷൻ ഇതിനെയാണ് 140 കോടി നേടി മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. തിയറ്റർ പ്രദർശനം അവസാനിച്ചപ്പോൾ 175.60 കോടിയായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയുടെ ​ഗ്രോസ് കളക്ഷൻ. 200 കോടി കളക്ഷൻ നേടുന്ന ആദ്യ ചിത്രമാകാനുള്ള 2018ന്റെ സാധ്യത നഷ്ടപ്പെടുത്തിയത് റിലീസിന് മുമ്പ് ഒടിടി റിലീസ് കരാറിൽ ഏർപ്പെട്ടതാണെന്ന് പിന്നീട് ചില വിതരണക്കാർ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ അമേരിക്കയിൽ വൺ മില്യൻ ഡോളർ കലക്‌ഷൻ (ഏകദേശം 8 കോടി രൂപ) സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡും മഞ്ഞുമ്മലിനാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് എന്ന് അവകാശപ്പെടുന്ന ചെന്നൈ മായാജാലിൽ മാർച്ച് 3ന് 30 ഷോകളായാണ് മഞ്ഞുമ്മൽ ബോയ്സ് സ്ക്രീൻ ചെയ്തത്. സിനിമ കണ്ട് കമൽ ഹാസൻ, ഉദയനിധി സ്റ്റാലിൻ, കാർത്തിക് സുബ്ബരാജ്, സിദ്ധാർത്ഥ് എന്നിവർ അഭിനന്ദനങ്ങളുമായി എത്തിയതും കമൽ ഹാസൻ- ​ഗുണ ട്രിബ്യൂട്ട് എന്ന നിലക്കുള്ള സോഷ്യൽ മീഡിയ ചർച്ചകളും തമിഴ് റിലീസുകൾക്ക് മുകളിൽ സ്വീകാര്യത മഞ്ഞുമ്മലിന് നേടിക്കൊടുത്തിട്ടുണ്ട്. വ്യാഴാഴ്ച റിലീസായെത്തിയ മഞ്ഞുമ്മൽ ബോയ്സ് ആദ്യ ദിനം 3 കോടി മുപ്പത് ലക്ഷവും രണ്ടാം ദിനം 3 കോടി 25 ലക്ഷവുമാണ് ​ഗ്രോസ് നേടിയത്. എട്ട് ദിവസം കൊണ്ട് 26 കോടി 35 ലക്ഷം കേരളത്തിൽ നിന്ന് മാത്രം ​ഗ്രോസ് കളക്ഷനായി നേടി.

2024 ൽ ആ​ഗോള ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങൾ

1. മഞ്ഞുമ്മൽ ബോയ്സ് - ₹241.10 കോടി

2. ആടുജീവിതം - ₹158.48 കോടി

3. ആവേശം - ₹156.00 കോടി

4. പ്രേമലു - ₹135.90 കോടി

5. അജയന്റെ രണ്ടാം മോഷണം - ₹106.78 കോടി

6. ​ഗുരുവായൂരമ്പല നടയിൽ - ₹90.20 കോടി

7. വർഷങ്ങൾക്ക് ശേഷം - ₹83.03 കോടി

8. കിഷ്കിന്ധ കാണ്ഡം - ₹77.06 കോടി

9. ടർബോ - ₹72.20 കോടി

10. ഭ്രമയു​ഗം - ₹58.70 കോടി

മലയാളി മസ്റ്റ് വാച്ച് ആക്കിയ ആടുജീവിതം

ബ്ലെസിയുടെ സംവിധാനത്തിലെത്തിയ ആടുജീവിതമാണ് 2024 ലെ ബോക്സ് ഓഫീസ് കളക്ഷനിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.158.48 കോടി രൂപയാണ് ആ​ഗോള ​ഗ്രോസ് കളക്ഷൻ. ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ബെന്യാമിന്റെ ആടുജീവിതം എന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്. ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ അഭിനയം വലിയ തരത്തിൽ പ്രശംസിക്കപ്പെട്ടിരുന്നു.

ഏറ്റവും വേ​ഗത്തിൽ നൂറ് കോടി ക്ലബ്ബ് കയറുന്ന മലയാള ചിത്രമായി പൃഥ്വിരാജ് സുകുമാരന്റെ 'ആടുജീവിതം' മാറിയുരുന്നു. പ്രദർശനത്തിനെത്തി വെറും ഒമ്പത് ദിവസങ്ങൾക്കുള്ളിലാണ് ബ്ലെസി ചിത്രം ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 എവരിവൺ ഈസ് ഹീറോ' എന്ന ചിത്രത്തിന്റെ റെക്കോർഡാണ് ആടുജീവിതം മറികടന്നത്. പതിനൊന്ന് ദിവസം കൊണ്ടാണ് ആ​ഗോള ബോക്സ് ഓഫീസിൽ 2018 നൂറ് കോടി നേടിയത്. പിന്നാലെ ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' 12 ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. നൂറ് കോടി നേടുന്ന ആറാമത്തെ മലയാള ചിത്രമായും ആടുജീവിതം മാറി. പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രമാണ് ആടുജീവിതം. മാർച്ച് 28 ന് റിലീസിനെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും വേഗത്തിൽ അൻപത് കോടി നേടുന്ന മലയാള ചിത്രമെന്ന് ഖ്യാതിയും സ്വന്തമാക്കിയിരുന്നു.

മികവിൽ മുന്നിലെത്തിയ കിഷ്കിന്ധ കാണ്ഡം, തെലുങ്കിലും പണം വാരി പ്രേമലു

ജിതു മാധവന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശമാണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രോമാഞ്ചം എന്ന സൂപ്പർഹിറ്റിന് ശേഷമുള്ള ജിതു മാധവന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. 30 കോടി ബജറ്റിൽ പൂർത്തിയായ ആവേശം 156 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ വിജയിതചിത്രം കൂടിയാണ് അൻവർ റഷീദ് എന്റർടെയിൻമെന്റും ഫഹദ് ഫാസിൽ ആന്ഡ് ഫ്രണ്ടസും നിർമ്മിച്ച ആവേശം.

9 കോടി ബജറ്റിൽ പൂർത്തിയാക്കിയ ​ഗിരീഷ് എഡി ചിത്രം പ്രേമലു 135 കോടി നേടി നാലാം സ്ഥാനത്ത് എത്തി.

2024ലെ ആദ്യ 100 കോടി ക്ലബ് മലയാള ചിത്രമായിരുന്നു പ്രേമലു. 19 ദിവസം കൊണ്ട് 72 കോടി പിന്നിട്ട ചിത്രം തെലുങ്കിലും കത്തിക്കയറിയപ്പോൾ കളക്ഷൻ 135 കോടിയിലെത്തി. പ്രേമലു ആണ് 2024ലെ ആദ്യ ക്വാർട്ടറിലെ പണംവാരിപ്പടമായി മാറിയത്. റിലീസ് ദിനത്തിൽ 90 ലക്ഷം മാത്രം ഓപ്പണിം​ഗ് ​ഗ്രോസ് കളക്ഷൻ ലഭിച്ച ചിത്രം പിന്നീട് ബുക്ക് മൈ ഷോയിലൂടെ മാത്രം പത്ത് ലക്ഷത്തിന് മുകളിൽ ടിക്കറ്റ് വിൽക്കപ്പെട്ട സിനിമയായി. മാർച്ച് എട്ടിന് എസ്.എസ് രാജമൗലിയുടെ മകനും നിർമാതാവുമായ എസ്.എസ് കാർത്തികേയ പ്രേമലു തെലുങ്ക് പതിപ്പ് തെലുങ്ക് പ്രേക്ഷകരിലെത്തിച്ചതോടെ തെലുങ്കിലും വിജയചിത്രമായി.

ജിതിൻ ലാൽ സംവിധാനം ചെയ്ത ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണമാണ് ബോക്സ് ഓഫീസ് അഞ്ചാം സ്ഥാനത്ത്. 106 കോടി നേടിയ ചിത്രത്തിൽ ട്രിപ്പിൾ റോളിലാണ് ടൊവിനോ എത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ തിയറ്ററിലെത്തിയ വിപിൻ ദാസ് ചിത്രം ​ഗുരുവായൂരമ്പല നടയിൽ 90.20 കോടി രൂപയാണ് ആ​ഗോള ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്. വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം 83.03 കോടി രൂപയും, ആസിഫ് അലി ചിത്രം കിഷ്കിന്ധ കാണ്ഡം 77.06 കോടി രൂപയും, വൈശാഖിന്റെ മമ്മൂട്ടി ചിത്രം ടർബോ 72.20 കോടി രൂപയും, മമ്മൂട്ടിയുടെ ഭ്രമയു​ഗം ₹58.7 കോടി രൂപയുമാണ് ആ​ഗോള ബോക്സ് ഓഫീസിൽ കരസ്ഥമാക്കിയത്.

ഓപ്പണിം​ഗ് റെക്കോർഡ് ടർബോയ്ക്ക്

മമ്മൂട്ടി ചിത്രം ടർബോ ആണ് കേരളത്തിൽ ആദ്യദിനം ഏറ്റവും ഉയർന്ന കലക്‌ഷൻ നേടിയ മലയാള ചിത്രം. മമ്മൂട്ടി ചിത്രങ്ങളായ ടർബോയും ഭ്രമയു​ഗവും യഥാക്രമം 36 കോടി 58 കോടിയും നേടി ഒമ്പത് പത്ത് എന്നീ സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ 2024 ലെ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ‌റെ ആദ്യ പത്തിൽ പോലും മോഹൻലാൽ ചിത്രമില്ലെന്നത് നിരാശയാണ്.

കേരളത്തിലെ ആദ്യ ദിന ഓപ്പണിം​ഗ് കളക്ഷനിൽ രണ്ടാം സ്ഥാനം മോഹൻലാലി‍നാണ്. 5.85 കോടി രൂപയാണ് മലൈക്കോട്ടെ വാലിബന്റെ ഓപ്പണിം​ഗ് കളക്ഷൻ. 5.83 കോടി നേടി ആടുജീവിതം മുന്നാം സ്ഥാനത്തും 3.65 കോടി നേടി ​ഗുരുവായൂരമ്പല നടയിൽ നാലാം സ്ഥാനത്തും 3.50 കോടി നേടി ആവേശം ഓപ്പണിം​ഗ് കളക്ഷനിൽ അഞ്ചാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബനാണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. 60 കോടി ബഡ്ജറ്റിലെത്തിയ ചിത്രം 30 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. നിലവിൽ ഏറ്റവും കൂടുതൽ 100 കോടി ചിത്രമുള്ളത് മോഹൻലാലിന‍്റെ പേരിലാണ്. ആദ്യ 100 കോടി ചിത്രമായ പുലിമുരുകൻ, പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്നീ ചിത്രങ്ങളാണ് തിയറ്റർ കളക്ഷനിലൂടെ മാത്രം 100 കോടി പിന്നിട്ട മോഹൻലാൽ സിനിമകൾ.

Related Stories

No stories found.
logo
The Cue
www.thecue.in