ആ ജീനിയസ് പെർഫോമൻസിന് മുന്നിൽ ഞാൻ എന്റെ ഡയലോ​ഗ് പോലും മറന്നു പോയി; മോഹൻലാലിനെക്കുറിച്ച് വിവേക് ഒബ്റോയ്

ആ ജീനിയസ് പെർഫോമൻസിന് മുന്നിൽ ഞാൻ എന്റെ ഡയലോ​ഗ് പോലും മറന്നു പോയി; മോഹൻലാലിനെക്കുറിച്ച് വിവേക് ഒബ്റോയ്
Published on

മോഹൻലാലിനോടൊപ്പമുള്ള തന്റെ ഫാൻ ബോയ് നിമിഷത്തെക്കുറിച്ച് ആരാധകരോട് പങ്കുവെച്ച് ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ്. തന്റെ ആദ്യ ചിത്രമായ കമ്പനിയിൽ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് താൻ അത്ഭുതപ്പെട്ടു പോയി എന്നും സ്വയം ഡയലോ​ഗ് പറയാൻ മറന്നു പോയി എന്നും വിവേക് പറ‍യുന്നു. ലൂസിഫറിലെ ബോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി തന്നെ ആദ്യം ക്ഷണിച്ചത് നടൻ മോഹൻലാൽ ആണെന്നും അടുത്തിടെ നടന്നൊരു ചടങ്ങിൽ സംസാരിക്കവേ വിവേക് ഒബ്റോയ് പറഞ്ഞു.

വിവേക് ​​ഒബ്‌റോയ് പറഞ്ഞത്:

'കമ്പനി' എന്ന സിനിമ ഞാൻ ചെയ്യുന്ന സമത്ത് എനിക്ക് 24 വയസ്സാണ്. 24 വയസ്സുള്ള ഒരു കുട്ടി. ലാലേട്ടൻ ഷോട്ടിന് മുൻപ് വളരെ നോർമൽ ആയാണ് ഇരിക്കുന്നത്. ആക്‌ഷൻ പറഞ്ഞപ്പോൾ അദ്ദേഹം പെട്ടെന്ന് മുന്നിലിരുന്ന ഒരു ഗ്ലാസ് പേപ്പർ വെയിറ്റ് കയ്യിലെടുത്ത് കളിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഡയലോ​ഗുകൾ പറയാൻ തുടങ്ങി. ഒരു ജീനിയസ് പെർഫോമൻസ് കാണുകയായിരുന്നു ഞാൻ അവിടെ. അതിനു ശേഷം ആ സീനിൽ മറുപടി ഡയലോഗ് പറയേണ്ടത് ഞാനാണ്. ക്യാമറ എന്റെ നേർക്ക് വരുമ്പോൾ ഞാൻ അദ്ദേഹത്തെ ഒരു ഫാൻ ബോയ്യെ പോലെ ഇങ്ങനെ നോക്കിയിരിക്കുകയായിരുന്നു. നിങ്ങൾ എങ്ങനെയാണ് ഇത് ചെയ്തത് എന്നൊരു ചിന്തയിലായിരുന്നു ഞാൻ. അപ്പോൾ സംവിധായകൻ രാം ഗോപാൽ വർമ എന്നെ വഴക്ക് പറഞ്ഞു. ‘നിനക്ക് എന്തു പറ്റി? നീ എന്താണ് നിന്റെ ഡയലോ​ഗ് പറയാതെയിരിക്കുന്നത്? ഞാൻ പറഞ്ഞു, ‘സോറി സർ, ഞാൻ ഈ നിമിഷം ആസ്വദിക്കുകയായിരുന്നു, എന്റെ മുന്നിൽ രണ്ടടിക്കപ്പുറം നടന്ന അദ്ദേഹത്തിന്റെ ഈ പെർഫോമൻസ് ആസ്വദിക്കുകയായിരുന്നു ഞാൻ എന്ന്. 'ലൂസിഫർ' ചെയ്യുന്നതിന് മുൻപ് മോഹൻലാല്‍ സര്‍ എന്നെ വിളിച്ചു, ‘രാജു ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നീ ഹിന്ദിയിൽ തുടക്കം കുറിച്ചത് എന്നോടൊപ്പമാണ്, മലയാളത്തിലും തുടക്കം കുറിക്കുന്നത് എന്നോടൊപ്പം ആകട്ടെ എന്നു പറഞ്ഞു. അങ്ങനെയാണ് ഞാൻ 'ലൂസിഫർ' ചെയ്യാൻ തീരുമാനിച്ചത്.

2002ല്‍ പുറത്തിറങ്ങിയ ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമ ഹിന്ദി ചിത്രമാണ് 'കമ്പനി'. ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ ഐ പി എസ് വീരപ്പള്ളി ശ്രീനിവാസന്‍ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. അജയ് ​ദേവ്​ഗൺ, വിവേക് ഒബ്റോയ്, മനീഷ കൊയ്‌രാള, സീമ ബിശ്വാസ്, അന്തര മാലി, രാജ്പാൽ യാദവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in