പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുന്ന തെലുങ്ക് ചിത്രം കണ്ണപ്പയിൽ മോഹൻലാൽ സ്ക്രീനിലെത്തുന്ന 15 മുതൽ 18 മിനിറ്റ് എപ്പിസോഡാണ് സിനിമയിലെ തന്നെ ഏറ്റവും പവർഫുള്‍ സീക്വൻസ് എന്ന് നടൻ വിഷ്ണു മഞ്ചു. ഒരു ചെറിയ സീക്വൻസിനായി മോഹൻലാൽ വരുമോ എന്ന് സംശയം ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹം പെട്ടെന്ന് തന്നെ സമ്മതം മൂളി. തന്റെ അച്ഛൻ കഴിഞ്ഞാൽ ഏറ്റവും ആരാധനയോടെ നോക്കിക്കാണുന്ന നടൻ മോഹൻലാൽ ആണെന്നും വിഷ്ണു മഞ്ചു ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണു വണങ്ങി. "എന്തിനാണ് ഇങ്ങനൊക്കെ ചെയ്യുന്നത്?" എന്ന മറുഭാഗത്ത് നിന്നുള്ള ചോദ്യം ഉടനെ ഉയർന്നു. ഞാൻ പറഞ്ഞു, "വളരെ ചെറുപ്പം മുതലേ ഞാൻ അങ്ങയുടെ വലിയ ആരാധകനാണ്."
വിഷ്ണു മഞ്ചുവിന്‍റെ വാക്കുകള്‍
കണ്ണപ്പയിൽ 15 മുതൽ 18 മിനിറ്റ് വരെയാണ് മോഹൻലാലിന്റെ പോർഷൻ ഉള്ളത്. അത് വളരെ പ്രധാനപ്പെട്ടതുമാണ്. അത്തരത്തിലുള്ള ഒരു കഥാപാത്രം ചെയ്യാൻ എല്ലാവർക്കും അറിയപ്പെടുന്ന, എല്ലാവർക്കും ഇഷ്ടമുള്ള ഒരു നടൻ തന്നെ വേണമായിരുന്നു. അത് സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെ മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് കണ്ണപ്പയിലെ കഥാപാത്രത്തിനായി മോഹൻലാലിനെ സമീപിച്ചത്.
കണ്ണപ്പയിലെ റോളിനായി മോഹൻലാലിനെ സമീപിച്ചപ്പോൾ, അദ്ദേഹം അത് ചെയ്യുമെന്ന് ഉറപ്പില്ലായിരുന്നു. പക്ഷേ, എന്നോട് പറഞ്ഞത്, "ഒക്കേ മോനേ... നമുക്ക് ചെയ്യാം, ഞാൻ ഷൂട്ടിനായി ന്യൂസിലൻഡിൽ വരാം," എന്നായിരുന്നു. ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണു വണങ്ങി. "എന്തിനാണ് ഇങ്ങനൊക്കെ ചെയ്യുന്നത്?" എന്ന മറുഭാഗത്ത് നിന്നുള്ള ചോദ്യം ഉടനെ ഉയർന്നു. ഞാൻ പറഞ്ഞു, "വളരെ ചെറുപ്പം മുതലേ ഞാൻ അങ്ങയുടെ വലിയ ആരാധകനാണ്." എന്റെ അച്ഛന് ശേഷം ഞാൻ ഇത്രയധികം ഇഷ്ടപ്പെടുന്ന ഒരു നടൻ വേറെയില്ല. അദ്ദേഹത്തൊപ്പം സ്ക്രീൻ പങ്കിടാൻ കിട്ടിയ അവസരം എനിക്ക് ഒരു വരം പോലെ തന്നെയാണ്.
വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണപ്പ. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന കണ്ണപ്പയിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങിയവർ അതിഥി താരങ്ങളായി എത്തുന്നുണ്ട്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കണ്ണപ്പ എന്ന ശിവഭക്തന്റെ കഥ പറയുന്ന ചിത്രം 1976ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്.
മേൽപ്പറഞ്ഞവരെ കൂടാതെ, പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അർപിത് രംഗ, കൗശൽ മന്ദ, ദേവരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ജൂൺ 27ന് ചിത്രം വേൾഡ്‌വൈഡ് റിലീസായെത്തും.