ആ ഫൈറ്റ് കഴിഞ്ഞ് ലാലേട്ടന്‍ കണ്ണ് തുടയ്ക്കുമ്പോള്‍ ഇട്ടത് ആനയുടെ മുരള്‍ച്ചയാണ്: വിഷ്ണു ഗോവിന്ദ്

ആ ഫൈറ്റ് കഴിഞ്ഞ് ലാലേട്ടന്‍ കണ്ണ് തുടയ്ക്കുമ്പോള്‍ ഇട്ടത് ആനയുടെ മുരള്‍ച്ചയാണ്: വിഷ്ണു ഗോവിന്ദ്
Published on

മലയാള സിനിമയിൽ ശബ്ദത്തിനുള്ള പ്രാധാന്യം വർധിച്ച് വന്നിരുന്ന കാലഘട്ടം മുതൽ ഏവരും സുപരിചിതമായി നോക്കിക്കണ്ട പേരാണ് വിഷ്ണു ​ഗോവിന്ദ്. ഉണ്ട, ഇഷ്ക് എന്നീ സിനിമകളിലൂടെ സംസ്ഥാന പുരസ്കാരവും മാലിക് എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരവും സ്വന്തമാക്കിയ വിഷ്ണു നിരവധി മികച്ച സിനിമകളുടെ ഭാ​ഗമായിട്ടുണ്ട്. വിഷ്ണുവിന്റേതായി പുറത്തുവന്ന ഏറ്റവും പുതിയ സിനിമയാണ് തുടരും. അതിൽ മോഹൻലാലിന്റെ പല മാസ് സീനുകളിലും ആനയുടെ ശബ്ദം ഉപയോ​ഗിച്ചിട്ടുണ്ടെന്ന് ക്യു സ്റ്റുഡിയോയോട് പറയുകയാണ് വിഷ്ണു ​ഗോവിന്ദ്.

വിഷ്ണു ​ഗോവിന്ദിന്റെ വാക്കുകൾ

തരുൺ മൂർത്തി ഒരു ദിവസം ഇൻസ്റ്റയിൽ ആന മുരളുന്ന ഒരു വീഡിയോ അയച്ചുതന്നതിന് ശേഷം ചോദിച്ചു, 'അളിയാ ഈ സൗണ്ട് നിന്റെ കയ്യിൽ ഉണ്ടാകുമോ' എന്ന്. അപ്പോൾ ഞാൻ എന്താണെന്ന് ചോദിച്ചു. ഒരു പരിപാടി വരുന്നുണ്ട് എന്ന് പറഞ്ഞു. ഒരു സംവിധായകൻ തന്റെ സിനിമയിൽ സൗണ്ടിനെ എങ്ങനെ കാണുന്നു എന്നതിനെ അനുസരിച്ചാണ് അയാൾ അതിന് എത്ര പ്രാധാന്യം കൊടുക്കുന്നുണ്ട്, നേരത്തെ അതിനെക്കുറിച്ചുള്ള ബ്രീഫ് തരുമോ എന്നതെല്ലാം കിടക്കുന്നത്. തുടരും എന്ന സിനിമയിൽ മോഹൻലാലിന്റെ ഷൺമുഖൻ എന്ന കഥാപാത്രം മെറ്റഫറിക്കലി കണക്ട് ചെയ്യുന്നത് ഒറ്റക്കൊമ്പനിലേക്കാണ്. കാട്ടിലെ ഒറ്റക്കൊമ്പൻ എന്ന റെഫറൻസ് സിനിമയുടെ തുടക്കം മുതൽ ഇട്ടുപോകുന്നുണ്ട്. സിനിമയുടെ ഒരു പോയിന്റിൽ ഉരുൾ പൊട്ടുന്നത് റെഫർ ചെയ്യുന്നത് പ്രധാന കഥാപാത്രത്തിന്റെ ഉള്ളിലെ ബ്ലാസ്റ്റാണ്. അത് മാക്സിമം കണക്ട് ചെയ്തുകൊണ്ടാണ് തുടരും സിനിമയിലെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ ജയിൽ ഫൈറ്റിന് ശേഷം അദ്ദേഹം കണ്ണ് തുടയ്ക്കുന്ന ഒരു രം​ഗമുണ്ട്. അതിൽ ഉപയോ​ഗിച്ചിരിക്കുന്നത് ആനയുടെ മുരള്‍ച്ചയാണ്. സാധാരണ ​ഗതിയിൽ നമ്മൾ കേൾക്കുന്നത് പോലെയല്ല, അതിന്റെ ഫ്രീക്വൻസി കുറച്ച് മ്യൂസിക്കുമായി ബ്ലെൻഡ് ആക്കിയിട്ടായിരിക്കണം ചെയ്യേണ്ടത്. അതുപോലെ പല സ്ഥലങ്ങളിലും ആനയുടെ ശബ്ദം നമ്മൾ ഉപയോ​ഗിച്ചിട്ടുണ്ട്. വിഷ്ണു ​ഗോവിന്ദ് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in