'സിനിമ നല്ലതാണെങ്കിൽ വിജയിക്കും, അല്ലാതെ പ്രമോഷൻ കൊണ്ടല്ല'; രാമചന്ദ്ര ബോസ് ആൻഡ് കോ ഒരു ‌ക്ലീൻ എന്റർടെയ്നറാണെന്ന് വിനയ് ഫോർട്ട്

'സിനിമ നല്ലതാണെങ്കിൽ വിജയിക്കും, അല്ലാതെ പ്രമോഷൻ കൊണ്ടല്ല'; രാമചന്ദ്ര ബോസ് ആൻഡ് കോ ഒരു ‌ക്ലീൻ എന്റർടെയ്നറാണെന്ന് വിനയ് ഫോർട്ട്

ഒരു കമേർഷ്യൽ എന്റർടെയ്നറാണ് രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന് നടൻ വിനയ് ഫോർട്ട്. സിനിമ നല്ലതാണെങ്കിൽ വിജയിക്കുമെന്നും സാധാ​രണക്കാരന് പ്രമോഷൻ എന്നാൽ അത് റോഡിൽ കാണുന്ന ഫ്ലെക്സുകൾ ആണെന്നും ഇന്ന് ഏറ്റവും കൂടുതൽ ഫ്ലക്സ് ഉള്ളത് രാമചന്ദ്ര ബോസ് ആൻഡ് കോയ്ക്ക് ആണെന്നും വിനയ് പറഞ്ഞു. ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച് നിവിൻ പോളി നായകനായെത്തുന്ന കോമഡി ഹൈസ്റ്റ് എന്റെർറ്റൈനെർ ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ. ചിത്രം ഒരു ഫാമിലി എന്റർടെയ്നർ ആണെന്നും ഞാൻ എന്റെ ഫാമിലിയുമായി പോകുമ്പോൾ കാണാൻ ആ​ഗ്രഹിക്കുന്നത് അത്തരത്തിലുള്ള കോമഡി ചിത്രങ്ങളാണെന്നും വിനയ് ഫോർട്ട് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിനയ് ഫോർട്ട് പറഞ്ഞത്

ഒരു കോമേർഷ്യൽ എന്റർടെയ്നറാണ് രാമചന്ദ്ര ബോസ് ആൻഡ് കോ. ക്ലീൻ എന്റർടെയ്നറാണ്. ഇപ്പോൾ 2018 എന്ന സിനിമ ഇറങ്ങിയിരുന്നു. മലയാള സിനിമയിൽ ഏറ്റവും കളക്ഷൻ ഉണ്ടായ സിനിമയാണ് അത്. ആ സിനിമയ്ക്ക് വലിയ പ്രമോഷൻ ഒന്നും ഉണ്ടായിരുന്നില്ല. സിനിമ നല്ലതാണെങ്കിൽ ഓടും. ഇതിന്റെ പ്രൊഡ്യൂസർ കാണിച്ച ബുദ്ധി നമ്മൾ ഈ പ്രമോഷൻ എന്ന് പറഞ്ഞ് ജഡ്ജ് ചെയ്യുന്നത് മുഴുവൻ ഈ ഓൺലെെനിൽ ഞാനും താനും മാത്രം കാണുന്ന കുറേ ആളുകളുടെ ഇടയിലുള്ള പരിപാടിയാണ്. ഇന്ന് എനിക്ക് തോന്നുന്നു ഏറ്റവും കൂടുതൽ ഫ്ലക്സ് ഉള്ളത് ബോസ് ആൻഡ് കമ്മറ്റിയുടെതാണ്. രാത്രി വണ്ടിയിൽ പോകുമ്പോൾ മുള്ളാൻ വണ്ടി നിർത്തിയാൽ അവിടെ ഉണ്ടാവും ഈ പറയുന്ന ബോസ് ആൻഡ് കോയുടെ ഫ്ലക്സ്. സാധാരണക്കാരൻ എപ്പോഴും പ്രമോഷൻ കാണുന്നത് റോഡിലാണ്. നമ്മൾ ഈ പറയുന്ന പോലെ ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലും കുത്തിയിരിക്കുന്ന ജീവികൾ കുറവാണ്. കൊത്തയൊന്നും പ്രമോട്ട് ചെയ്യുന്ന പോലെ നമുക്കൊന്നും ഒരിക്കലും പറ്റില്ല. കഴിഞ്ഞ ദിവസം അതിന്റെ പ്രൊഡ്യൂസറിനെ കണ്ടപ്പോൾ ഞാൻ പറഞ്ഞു പുറത്തേക്കിറങ്ങിയാൽ കൊത്തയുടെ പ്രമോഷൻ ഇടിച്ച് മരിക്കും എന്ന്. അത്രത്തോളം പ്രമോട്ട് ചെയ്തിട്ടുണ്ട്. പിന്നെ ആത്യന്തികമായിട്ട് ഇതിന്റെയെല്ലാം റിസൾട്ട് വരുന്നത് സിനിമയിലാണ്. നിങ്ങളുടെ സിനിമ നല്ലതാണെങ്കിൽ ഓടും അല്ലെങ്കിൽ ഓടില്ല. ബാക്കി കാര്യങ്ങൾ സിനിമ ഡിസെെഡ് ചെയ്യട്ടെ..

ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയെത്തുന്ന ചിത്രം നിർമിക്കുന്നത് മാജിക് ഫ്രെയിംസും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ്. ഇന്ത്യൻ വ്യവസായ പ്രമുഖൻ അമർ മാധവിന്റെ അമർ പാലസ് കൊള്ളയടിക്കാനിറങ്ങുന്ന ഒരു പറ്റം കള്ളന്മാരുടെ കഥായാണ് ചിത്രമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ചിരിയോടൊപ്പം ഇമോഷൻസും ഉൾക്കൊള്ളിക്കുന്ന ചിത്രത്തിൽ രാമചന്ദ്ര ബോസ് എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. 'മിഖായേൽ' എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനിയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in