'ശവത്തിന് എന്തോന്ന് പേര്'; താലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ആദ്യ മലയാള ചിത്രമായി ടൊവിനോയുടെ 'അദൃശ്യ ജാലകങ്ങൾ'

'ശവത്തിന് എന്തോന്ന് പേര്'; താലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ആദ്യ മലയാള ചിത്രമായി ടൊവിനോയുടെ 'അദൃശ്യ ജാലകങ്ങൾ'

ഡോ.ബിജു സംവിധാനം ചെയ്ത് ടൊവിനോ തോമസ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം അദൃശ്യ ജാലകങ്ങളുടെ (INVISIBLE WINDOWS ) ട്രെയ്ലർ പുറത്ത്. ചിത്രം എസ്റ്റോണിയയിലെ 27-ാമത് താലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (POFF) ആദ്യ പ്രദർശനം നടത്തും. താലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനായി തിരഞ്ഞെടുക്കുന്ന ആദ്യ മലയാള ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. നവംബർ 3 മുതൽ17 വരെ നടക്കുന്ന ചലച്ചിത്ര മേളയിൽ പ്രധാന അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലാണ് അദൃശ്യ ജാലകങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്. FIAPF അംഗീകാരമുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ 15 എ കാറ്റഗറി ചലച്ചിത്ര മേളകളിൽ ഒന്നാണ് താലിൻ ബ്ളാക്ക് നൈറ്റ്സ് ചലച്ചിത്ര മേള. ഇന്ത്യയിൽ നിന്നും ഒരു സിനിമ മാത്രമാണ് ഇത്തവണ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ചിത്രത്തില്‍ ഇന്ദ്രന്‍സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഡോ ബിജുവിന്റെ ദൃശ്യ ജലകങ്ങൾ നവംബർ 3 മുതൽ 17 വരെ എസ്തോണിയയിൽ നടക്കുന്ന 27-ാമത് താലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിപ്പിക്കും എന്ന വിവരം പങ്കിടുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ട് എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചു കൊണ്ട് ടൊവിനോ ഫേസ്ബുക്കിൽ എഴുതിയത്. സിനിമയിൽ പേരില്ലാത്ത കഥാപാത്രമായാണ് ടൊവീനോ എത്തുന്നത്. താലിൻ ബ്ലാക്ക് നൈറ്റ്സ് ചലച്ചിത്ര മേളയുടെ 27 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാള സിനിമ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത് എന്നും സംവിധായകൻ ഡോ. ബിജു, നിർമാതാവ് രാധികാ ലാവു , നടൻ ടോവിനോ തോമസ് എന്നിവർ താലിൻ ചലച്ചിത്ര മേളയുടെ ബ്ളാക്ക് കാർപെറ്റിൽ സിനിമയെയും ഇന്ത്യയെയും പ്രതിനിധീകരിക്കും എന്നും ​ഡോക്ടർ ബിജു ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ടൊവീനോ തോമസ് പ്രൊഡക്ഷൻസിനും എല്ലനാർ ഫിലിംസിനുമൊപ്പം തെലുങ്ക് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ മൈത്രീ മൂവി മേക്കേഴ്‌സും ചേർന്നാണ് അദൃശ്യ ജാലകങ്ങൾ നിർമ്മിക്കുന്നത്. മൈത്രീ മൂവി മേക്കേഴ്‌സിന്റെ മലയാള സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം കൂടിയാണ് അദൃശ്യജാലകങ്ങള്‍. ഒരു കുപ്രസിദ്ധ പയ്യന് ശേഷം നിമിഷയും ടൊവിനോയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ഡോ. ബിജുവിന്റെ മറ്റ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മറ്റ് ഒരു സർ റിയലിസ്റ്റിക് ഫാന്റസി ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ചിത്രം ഒരു ആന്റി-വാർ സിനിമയാണ്. ദേശീയ അവാർഡ് നേടിയ വീട്ടിലേക്കുള്ള വഴി വീട്ടിലേയ്ക്കുള്ള വഴി, പേരറിയാത്തവര്‍, ആകാശത്തിന്റെ നിറം, വലിയ ചിറകുള്ള പക്ഷികള്‍, ട്രീസ് അണ്ടര്‍ ദി സണ്‍ തുടങ്ങി തൻ്റെ ചിത്രങ്ങളിലെല്ലാം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളാണ് ഡോ.ബിജു ആവിഷ്കരിച്ചത്. യദു രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റര്‍ ഡേവിസ് മാന്വല്‍.

Related Stories

No stories found.
logo
The Cue
www.thecue.in