തരുൺ മൂർത്തി-മോഹൻലാൽ ചിത്രം 'തുടരും' അൻപത്തിയാറാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലേക്ക്. ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. ചിത്രത്തിൽ മോഹൻലാൽ ഷണ്മുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും തുടരുമിനുണ്ട്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രജപുത്ര രഞ്ജിത്താണ് ചിത്രം നിർമ്മിച്ചത്. പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിന് തിരക്കഥയൊരുക്കിയത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.