റെക്കോർഡുകൾ തകർത്തും പുതിയത് സൃഷ്ടിച്ചും ബോക്സ് ഓഫീസിൽ തുടർച്ചയായ ഇളക്കം സൃഷ്ടിക്കുകയാണ് മോഹൻലാൽ ചിത്രം തുടരും. ഷൺമുഖൻ എന്ന ടാക്സി ഡ്രൈവർ ആയി തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ തുടരും ബുക്ക് മൈ ഷോയിലൂടെയുള്ള ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിച്ച മലയാള സിനിമ എന്ന മഞ്ഞുമ്മൽ ബോയ്സിന്റെ റെക്കോർഡും കഴിഞ്ഞ ദിവസമാണ് തകർത്ത് എറിഞ്ഞത്. റിലീസിനെത്തി 24-ാം ദിവസം പിന്നിടുമ്പോൾ കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 109 കോടിയോളം ഗ്രോസ് കളക്ഷനാണ് തുടരും കരസ്ഥമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ കേരളത്തിൽ നിന്ന് ട്രാക്ക് ചെയ്ത ഷോകളിൽ നിന്ന് മാത്രം തുടരും 100 കോടി കരസ്ഥമാക്കിയിരിക്കുകയാണെന്നാണ് ട്രാക്കേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ട്രാക്കഡ് കളക്ഷനില്‍ ഒരു മലയാളം സിനിമ ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.
ട്രാക്കേഴ്സ് പുറത്തു വിട്ട ട്രാക്ക് ഷോകളിലെ റിപ്പോർട്ട് പ്രകാരം ആദ്യ ദിവസം 75 ശതമാനം തിയറ്റർ ഒക്യുപെൻസിയിൽ 4 കോടിക്ക് മേലെയാണ് തുടരും നേടിയിരിക്കുന്നത്. രണ്ടും മൂന്നും ദിവസങ്ങളിലായി അത് 6, 7 കോടികളായി ഉയർന്നിട്ടുണ്ട്. 93 ശതമാനം ഒക്യുപെൻസിയോടെ രണ്ടാം ദിവസം നേടിയ 7 കോടി രൂപയാണ് ഈ ലിസ്റ്റിൽ ഒറ്റ ദിവസത്തിൽ നേടിയ ഏറ്റവും വലിയ കളക്ഷൻ. ചിത്രത്തിന്റെ തിയറ്റർ ഒക്യുപെൻസിയും തുടർച്ചായായി ഒരു കോടിക്ക് മേലെ കളക്ഷൻ നിലനിർത്തുന്ന പ്രവണയും തുടരും തുടരുകയാണെങ്കിൽ എമ്പുരാന്റെ ഇൻഡസ്ട്രി റെക്കോർഡും അതികം വൈകാതെ ചിത്രം സ്വന്തമാക്കുമെന്നാണ് വിലയിരുത്തുന്നത്.
മഞ്ഞുമ്മൽ ബോയ്സ്, എമ്പുരാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഗോള ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബ് കയറുന്ന മൂന്നാമത്തെ മലയാള ചിത്രം കൂടിയാണ് തുടരും. ഒപ്പം അതിവേഗത്തിൽ 200 കോടി കടക്കുന്ന രണ്ടാമത്തെ ചിത്രവും. പ്രദർശനത്തിനെത്തി 24-ാം ദിവസം പിന്നിടുമ്പോൾ 220 കോടിയോളം രൂപയാണ് തുടരും ആഗോള കളക്ഷനിൽ നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് ഇരുപതാം ദിവസമായ മേയ് 14ന് കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 1 കോടി 89 ലക്ഷം തുടരും നേടി. റിലീസിന് ശേഷം തുടർച്ചയായി 20 ദിവസം ഒരു കോടിക്ക് മുകളിൽ കളക്ഷൻ നിലനിർത്തിയ ചിത്രമെന്ന അപൂർവതയും തുടരും നേടിയിട്ടുണ്ട്. ഇതോടെ ഒരു മാസത്തിന്റെ ഇടവേളയിൽ രണ്ടാമത്തെ ഇൻഡസ്ട്രി ഹിറ്റാണ് മോഹൻലാൽ നേടിയിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രജപുത്ര രഞ്ജിത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസാണ് കേരളത്തിലും ഇന്ത്യക്ക് പുറത്തും ചിത്രം വിതരണം ചെയ്തിരിക്കുന്നത്. പെർഫോമർ എന്ന തരത്തിൽ മോഹൻലാലിന്റെ കംബാക്ക് ആണ് തുടരും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മോഹൻലാലിനെക്കൂടാതെ ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.