'എമ്പുരാന് പ്രോമോ ഉണ്ടാകുമെന്ന വാർത്ത തെറ്റ് ' ; ഷൂട്ട് അപ്ഡേറ്റ്സ് ഈ മാസമുണ്ടാകുമെന്ന് പൃഥ്വിരാജ്

'എമ്പുരാന് പ്രോമോ ഉണ്ടാകുമെന്ന വാർത്ത തെറ്റ് ' ; ഷൂട്ട് അപ്ഡേറ്റ്സ് ഈ മാസമുണ്ടാകുമെന്ന് പൃഥ്വിരാജ്

പ്രഖ്യാപന ഘട്ടം മുതല്‍ മലയാളത്തില്‍ ഏറ്റവുമധികം പ്രതീക്ഷ തീര്‍ത്ത പ്രൊജക്ടാണ് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍'. ചിത്രത്തിനായി പ്രോമോ വീഡിയോയോ പ്രോമോ ഷൂട്ടോ ഉണ്ടാകില്ലെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. പ്രോമോ വീഡിയോയെ പറ്റിയുള്ള വാർത്ത എവിടെ നിന്നാണ് ഉണ്ടായതെന്ന് തീർച്ചയില്ലെന്നും ഷൂട്ട് തുടങ്ങുന്നതിനെപ്പറ്റിയും സിനിമയുടെ മറ്റു വിവരങ്ങളും ഈ മാസം തന്നെ പ്രഖ്യാപിക്കാൻ പദ്ധതിയിടുകയാണെന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് എമ്പുരാന്റെ പ്രോമോ ഷൂട്ട് അടുത്ത ആഴ്ച നടക്കാൻ പദ്ധതിയുണ്ടെന്ന തരത്തിൽ വാർത്ത സോഷ്യൽ മീഡിയയിൽ പരന്നത്. റഷ്യ, ഇറാഖ്, അബുദാബി, യു.കെ ഉള്‍പ്പെടെ ആറിലേറെ രാജ്യങ്ങളിലായാണ് എമ്പുരാന്‍ ചിത്രീകരിക്കുകയെന്നറിയുന്നു. മധുരൈ കൂടാതെ ഇന്ത്യയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ലൊക്കേഷനുണ്ട്. 'കെജിഎഫ്', 'കാന്താര' എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളൊരുക്കിയ കന്നഡ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് മലയാളത്തില്‍ സഹനിര്‍മ്മാതാക്കളായി എത്തുന്ന ആദ്യ സിനിമയാണ് 'എമ്പുരാന്‍'.

2019 മാര്‍ച്ച് 19നാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച 'ലൂസിഫര്‍' തിയറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ ലൂസിഫര്‍ മലയാളത്തില്‍ ആദ്യമായി 200 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന സിനിമയായി മാറി. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തിൽ മഞ്ജു വാരിയർ, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, സായ് കുമാർ, കലാഭവൻ ഷാജോൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. കേരള രാഷ്ട്രീയത്തിലെ പ്രബലനായ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നേതാവ് രാജ്യാന്തര വേരുകളുള്ള ഖുറേഷി അബ്രാം എന്ന അധോലോക നായകനാണെന്ന് സൂചനകള്‍ നല്‍കുന്നിടത്താണ് 'ലൂസിഫര്‍' അവസാനിപ്പിച്ചത്. ഖുറേഷി അബ്രാമിനെ കേന്ദ്രീകരിച്ചാണ് 'എമ്പുരാന്‍' കഥ പറയുക.

'എമ്പുരാന്‍' വലിയ കാന്‍വാസിലാണ് ചിത്രീകരിക്കാന്‍ പോകുന്നതെന്നും അതൊരു മലയാള സിനിമയായിട്ടെ കണക്കാക്കാന്‍ പറ്റില്ലെന്നുമാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. അതീവ ഗൗരവമുള്ളൊരു വിഷയമാണ് ലൂസിഫറില്‍ പറഞ്ഞത്. എമ്പുരാനും യൂണിവേഴ്സലായുള്ള പ്രശ്നം കൈകാര്യം ചെയ്യുന്ന അത്തരമൊരു ലോകത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയാകും എന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപി ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in