നൂറ് ശതമാനം പൊളിറ്റിക്കലി കറക്ടായൊരു സിനിമ ഇല്ല: ബി.ഉണ്ണികൃഷ്ണന്‍

നൂറ് ശതമാനം പൊളിറ്റിക്കലി കറക്ടായൊരു സിനിമ ഇല്ല: ബി.ഉണ്ണികൃഷ്ണന്‍

നൂറ് ശതമാനം പൊളിറ്റിക്കലി കറക്ടായൊരു സിനിമയില്ലെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. ആറാട്ട് സിനിമയുടെ പ്രഖ്യാപന സമയത്ത് തിരക്കഥാകൃത്ത് ഉദയ കൃഷ്ണ ആറാട്ട് തന്റെ പൊളിറ്റിക്കലി കറക്ടായ സ്‌ക്രിപ്പിറ്റാണെന്ന് പറഞ്ഞിരുന്നു. ഇതേ കുറിച്ച് സംസാരിക്കവെയാണ് ബി ഉണ്ണികൃഷ്ണന്‍ സിനിമയിലെ പൊളിറ്റിക്കല്‍ കറക്ടനസിനെ കുറിച്ച് പറഞ്ഞത്.

നൂറ് ശതമാനം പൊളിറ്റിക്കലി കറക്ടായൊരു സിനിമ ഇല്ല. അങ്ങനെ ഒരു സിനിമ ആര്‍ക്കും ചെയ്യാന്‍ സാധിക്കില്ല. ആറാട്ടിലും മറ്റ് രീതിയില്‍ വായിക്കപ്പെടാന്‍ സാധ്യതയുള്ള സീനുകള്‍ ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് ബി.ഉണ്ണികൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞത്.

ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞത്:

ഉദയ കൃഷ്ണ തന്റെ പൊളിറ്റിക്കലി കറക്ടായ സ്‌ക്രിപ്പ്റ്റ്് എന്ന് ആറാട്ടിനെ പറഞ്ഞത് ആ സെന്‍സില്‍ അല്ലെന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ മുന്‍ സിനിമകളില്‍ സ്ത്രീകളെ മോശമായി കാണിക്കുന്നതും ജാതീയമായ പരാമര്‍ശങ്ങള്‍ നടത്തുന്നതുമായ കാര്യങ്ങള്‍ ഉണ്ടായിരുന്നു. അത്തരം കാര്യങ്ങള്‍ ഇനി ബോധപൂര്‍വ്വം സിനിമയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് ഉദയ കൃഷ്ണ പറഞ്ഞത്. എന്നെ സംബന്ധിച്ച് നൂറ് ശതമാനം പൊളിറ്റിക്കലി കറക്ടായൊരു സിനിമ ഇല്ല. അങ്ങനെ ഒരു സിനിമ ആര്‍ക്കും ചെയ്യാന്‍ സാധിക്കില്ല. ആറാട്ടിലും മറ്റ് രീതിയില്‍ വായിക്കപ്പെടാന്‍ സാധ്യതയുള്ള സീനുകള്‍ ഉണ്ടെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്.

ഉദയ കൃഷ്ണ പറയാന്‍ ഉദ്ദേശിച്ചത് മനപ്പൂര്‍വ്വം സ്ത്രീ വിരുദ്ധതയോ ജാതീയമായ അധിക്ഷേപ പ്രയോഗങ്ങളോ, ബോഡി ഷെയിമിങ്ങോ ഇനിയുള്ള സിനിമകളില്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കാം എന്നതാണ്. അത്തരം കാര്യങ്ങള്‍ ആറാട്ടിലും ഇല്ല. പക്ഷെ അതിനേക്കാളും എല്ലാം പൊളിറ്റിക്കലി ഇന്‍കറക്ടായ കാര്യങ്ങള്‍ നമ്മുടെ എല്ലാം സിനിമകളില്‍ വായിച്ചെടുക്കാന്‍ സാധിക്കും. ഒപ്പം പൊളിറ്റിക്കലി കറക്ടാണെന്ന് സ്വയം വിശ്വസിച്ച് സിനിമ ചെയ്യുന്നവരുടെ സിനിമകളിലും അത് വായിച്ചെടുക്കാന്‍ പറ്റും. അപ്പോള്‍ എനിക്ക് തോന്നുന്നത് രാഷ്ട്രീയ ശരി എന്നത് വളരെ ആപേക്ഷികമായ സംഗതിയാണെന്നാണ്. അതിനെ എങ്ങനെ വേണമെങ്കിലും നമുക്ക് അഴിച്ചെടുക്കാന്‍ പറ്റും. അതാണ് കലയുടെ പ്രത്യേകതയും എന്ന് എനിക്ക് തോന്നുന്നു. അല്ലാതെ നൂറ് ശതമാനവും പൊളിറ്റിക്കലി കറക്ടായൊരു ടെക്സ്റ്റ് എന്ന് പറഞ്ഞ് നമുക്ക് മുന്നിലേക്ക് വെക്കാന്‍ കഴിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in