വാലിബൻ എത്തുന്നത് ഈ ദിവസം, റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ ലിജോ ചിത്രം

വാലിബൻ എത്തുന്നത് ഈ ദിവസം, റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ ലിജോ ചിത്രം

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മ ദിനത്തോടനുബന്ധിച്ച് മലൈക്കോട്ടെെ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25 ന് ലോകമൊട്ടാകെയുള്ള തിയറ്ററുകളിൽ മലൈക്കോട്ടെെ വാലിബൻ റിലീസിനെത്തും. ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ട് മോഹൻലാലാണ് റിലീസ് തീയതി പുറത്ത് വിട്ടത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പി എസ് റഫീക്കാണ്. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

2024 ജനുവരി 25ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വാലിബൻ എത്തുന്നു എന്ന് ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റർ മോഹൻലാൽ പങ്കുവച്ചത്. മമ്മൂക്കയെ എങ്ങനെ ഓണ്‍ സ്‌ക്രീന്‍ കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവോ അത് പോലെ ലാലേട്ടന്‍ ചെയ്ത് കാണണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍' എന്നാണ് ചിത്രത്തെക്കുറിച്ചു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മുമ്പ് പറഞ്ഞത്.

'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സെയ്ത്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. രാജസ്ഥാനിലെ ജെയ്സ്ല്മീറില്‍ ജനുവരി പതിനെട്ടിന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ആണ് ചിത്രം പുറത്തിറങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in