ദൃശ്യം 3യെക്കുറിച്ച് വ്യാജപ്രചരണം, അത്തരമൊരു തിരക്കഥയിലേക്ക് എത്തിയിട്ടില്ല;എപ്പോൾ ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല: ജീത്തു ജോസഫ്

ദൃശ്യം 3യെക്കുറിച്ച് വ്യാജപ്രചരണം, അത്തരമൊരു തിരക്കഥയിലേക്ക് എത്തിയിട്ടില്ല;എപ്പോൾ ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല: ജീത്തു ജോസഫ്

മലയാള സിനിമയിലും ബോക്സ് ഓഫീസീലും ​ഗെയിം ചെയ്ഞ്ചർ ആയ സൃഷ്ടികളിലൊന്നാണ് ദൃശ്യം. ആദ്യ പതിപ്പിന്റെ വൻ വിജയത്തിന് പിന്നാലെ കൊവിഡ് കാലത്ത് ആമസോൺ പ്രൈമിൽ പ്രിമിയർ ചെയ്ത ദൃശ്യം സെക്കൻഡും വൻ വിജയമായിരുന്നു. ദൃശ്യം മൂന്നാം ഭാ​ഗം മലയാളത്തിലും ബോളിവുഡിലും ഒരേ സമയം ചിത്രീകരിക്കാനിരിക്കുന്നുവെന്ന വാർത്തകൾ വന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ദൃശ്യം മൂന്നാംഭാ​ഗത്തിന് യോജിച്ച തിരക്കഥയിലേക്ക് എത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ആ പ്രൊജക്ടിനെക്കുറിച്ച് ഈ ഘട്ടത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ജീത്തു ജോസഫ് ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.

ദൃശ്യം 3ക്ക് വേണ്ടി പുറത്ത് നിന്ന് കഥകളും തിരക്കഥകളും കേൾക്കുന്നുണ്ടെന്ന വാർത്തകളും വ്യാജമാണ്. ദൃശ്യം 3 ആലോചനയിലുണ്ട്, മുമ്പ് പലവട്ടം പറഞ്ഞത് പോലെ അത്തരമൊരു സിനിമക്ക് എല്ലാ നിലക്കും അനുയോജ്യമായ തിരക്കഥയിലേക്ക് എത്തിച്ചേരാനായാൽ മാത്രമേ പ്രൊജക്ടിലേക്ക് കടക്കൂ. ദൃശ്യം 3 ആലോചനയിലുണ്ട്, അതിന് വേണ്ടി വർക്ക് ചെയ്യുന്നുണ്ട് പക്ഷെ അതൊരു സ്ക്രിപ്റ്റ് ആയി മാറ്റാനുള്ള ആത്മവിശ്വാസത്തിലേക്ക് നിലവിൽ എത്തിയിട്ടില്ല. ദൃശ്യം 3 എപ്പോൾ ചെയ്യുമെന്നോ എങ്ങനെ ചെയ്യുമെന്നോ ആരെങ്കിലുമായി ഒന്നിച്ചാണോ ചെയ്യുന്നത് എന്നൊന്നും ഇപ്പോൾ തീരുമാനിട്ടില്ല.

ജീത്തു ജോസഫ്, തിരക്കഥാകൃത്ത്, സംവിധായകൻ

ദൃശ്യം സെക്കൻഡ് ഹിന്ദി റീമേക്കിന്റെ സംവിധായകനായ അഭിഷേക് പഥക്കും ടീമും ചിത്രത്തിന്റെ കഥ ലോക്ക് ചെയ്‌തെന്നും അത് ജീത്തു ജോസഫിനും ടീമിനും ഇഷ്ട്ടമായെന്നുമായിരുന്നു പിങ്ക് വില്ല ഉൾപ്പെടെ ബോളിവുഡ് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. ദൃശ്യം ത്രീ തിരക്കഥാ ജോലികൾ ഉടൻ ആരംഭിക്കുമെന്നും 2024 ൽ ഷൂട്ട് തുടങ്ങും വാർത്തയുണ്ടായിരുന്നു.

ദൃശ്യം കഴിഞ്ഞപ്പോള്‍ ഒരിക്കലും രണ്ടാം ഭാഗം ഉണ്ടാവുമെന്ന് കരുതിയതല്ല. എന്തോ ഒരു ദൈവാനുഗ്രഹത്താല്‍ അത് സംഭവിച്ചു. അതുപോലെ എന്തെങ്കിലും നല്ല ചിന്തകള്‍ മനസിലെത്തിയാൽ മൂന്നാം ഭാഗം ഉണ്ടാവുമായിരിക്കുമെന്ന് ജീത്തു ജോസഫ് നേരത്തെ ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു. മോഹൻലാലിനെ നായകനാക്കി റാം എന്ന മാസ് ആക്ഷൻ ത്രില്ലറിന്റെ പോസ്റ്റ് പ്രൊഡക്ഷനിലാണ് ജീത്തു ജോസഫ് ഇപ്പോൾ. മൊറോക്കോ, ടുണീഷ്യ, ലണ്ടൻ, ധനുഷ് കോടി,ഡൽഹി, കൊച്ചി തുടങ്ങി രാജ്യത്തും പുറത്തുമുള്ള ലൊക്കേഷനുകളിലാണ് റാം ചിത്രീകരിച്ചിരിക്കുന്നത്. രണ്ട് ഭാ​ഗങ്ങളിലായാണ് റാം എത്തുക. ത്രിഷയാണ് നായിക.

'ദൃശ്യം' കൊറിയനിലേക്കും റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ നിര്‍മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും കൊറിയന്‍ നിര്‍മാണ കമ്പനിയായ ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നാണ് 'ദൃശ്യം' കൊറിയന്‍ ഭാഷയിലേക്ക് റീമേക് ചെയ്യുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചായിരുന്നു കൊറിയന്‍ റീമേക്കിന്റെ പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. ഒരു ഇന്ത്യന്‍ സിനിമ കൊറിയന്‍ ഭാഷയിലേക്ക് റീമേക് ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്.

2015 ലാണ് ദൃശ്യത്തിന്റെ ഒന്നാം ഭാഗം റിലീസ് ചെയ്യുന്നത്. അന്‍പത് കോടി ക്‌ളബ്ബില്‍ ഇടം പിടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം 2021 ല്‍ റിലീസ് ചെയ്തിരുന്നു. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍ എന്നിവരാണ്. തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, സിംഹള, ചൈനീസ് തുടങ്ങിയ ഭാഷകളില്‍ ദൃശ്യം റീമേക് ചെയ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in