'തുടരും' വിജയകരമായി തുടരുമ്പോൾ അടുത്ത ചിത്രം പ്രഖ്യാപിച്ച് തരുൺ മൂർത്തി; ബിനു പപ്പുവിന്റെ തിരക്കഥയിൽ ഫഹദ് - നസ്ലെൻ ചിത്രം 'ടോർപിഡോ'

'തുടരും' വിജയകരമായി തുടരുമ്പോൾ അടുത്ത ചിത്രം പ്രഖ്യാപിച്ച് തരുൺ മൂർത്തി; ബിനു പപ്പുവിന്റെ തിരക്കഥയിൽ ഫഹദ് - നസ്ലെൻ ചിത്രം 'ടോർപിഡോ'
Published on

മോഹൻലാൽ ചിത്രം 'തുടരും' തിയറ്ററുകളിൽ ചരിത്രം കുറിച്ച് മുന്നേറിക്കൊണ്ടിരിക്കുമ്പോൾ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. ഫഹദ് ഫാസിൽ, നസ്ലെൻ, അർജുൻ ദാസ്, ഗണപതി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം, 'ടോർപിഡോ' നിർമ്മിക്കുന്നത് ആഷിഖ് ഉസ്മാൻ ആണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ടോർപിഡോ എന്നാൽ വെള്ളത്തിന് കീഴിൽ, മിക്കവാറും സബ്മറൈനുകളിൽ നിന്നും തൊടുത്തു വിടുന്ന സ്പോടകവസ്തുവാണ്. പൊതുവെ അണ്ടർവാട്ടർ മിസൈൽ ആയാണ് ഇവയെ കണക്കാക്കുന്നത്. ടോർപിഡോ എന്ന ടൈറ്റിലിനെ കീറിമുറിച്ച് ഒരു ടോർപിഡോയെ പിന്തുടരുന്ന ഒരു ബുള്ളറ്റ് പോസ്റ്ററിൽ കാണാം. ഒരു സബർബൻ ഏരിയയുടെ ബേർഡ്-ഐ വ്യൂ കൂടെ ചേർന്നതാണ് പോസ്റ്റർ എന്നതും ശ്രദ്ധേയമാണ്. ബിനു പപ്പുവിന്റേതാണ് തിരക്കഥ. സുഷിൻ ശ്യാം സംഗീതം, ജിംഷി ഖാലിദ് ഛായാഗ്രഹണം.

വിവേക് ​​ഹർഷൻ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത് വിഷ്ണു ഗോവിന്ദാണ് , ഗോകുൽ ദാസ് കലാസംവിധാനം, മഷർ ഹംസ വസ്ത്രാലങ്കാരം, സ്റ്റണ്ട് കൊറിയോഗ്രഫി സുപ്രീം സുന്ദർ. മോഹൻലാൽ നായകനായ തരുൺ മൂർത്തി ചിത്രം 'തുടരും' മികച്ച പ്രേക്ഷകപ്രതികരണത്തോടെ മുന്നേറുമ്പോഴാണ്‌ അടുത്ത ചിത്രവുമായി സംവിധായകൻ എത്തുന്നത്. ഏപ്രിൽ 25 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രകടനമാണ് തിയറ്ററുകളിലും ബോക്സ് ഓഫീസിലും കാഴ്ചവയ്ക്കുന്നത്. അ‍ഞ്ച് ദിവസം കൊണ്ട് കേരളാ ബോക്സ് ഓഫീസിൽ 33.65 കോടിയാണ് തുടരും നേടിയത് എന്നാണ് അനൗദ്യോഗിക കണക്കുകൾ.

ആഷിഖ് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന 'ഓടും കുതിര ചാടും കുതിര'യാണ് ഫഹദ് ഫാസിലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. കല്യാണി പ്രിയദർശൻ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൽത്താഫ് സലിം ആണ്. അതേസമയം വിഷു റിലീസായി തിയറ്ററുകളിലെത്തിയ ഖാലിദ് റഹ്മാൻ ചിത്രം 'ആലപ്പുഴ ജിംഖാന'ക്ക് ശേഷം നസ്ലെൻ-ഗണപതി എന്നിവർ ഒന്നിക്കുന്ന ചിത്രം കൂടെയായിരിക്കും ടോർപിഡോ.

Related Stories

No stories found.
logo
The Cue
www.thecue.in