പഴയ സുരാജിനെ കിട്ടാന്‍ ഇത് OLX ഒന്നുമല്ല : മദനോത്സവം എന്റെ വിഷുകൈനീട്ടമെന്ന് സുരാജ് വെഞ്ഞാറമൂട്

പഴയ സുരാജിനെ കിട്ടാന്‍ ഇത് OLX ഒന്നുമല്ല : മദനോത്സവം എന്റെ വിഷുകൈനീട്ടമെന്ന്  സുരാജ് വെഞ്ഞാറമൂട്

ഇ സന്തോഷ് കുമാറിന്റെ 'തങ്കച്ചന്‍ മഞ്ഞക്കാരന്‍' എന്ന ചെറുകഥയെ ആസ്പദമാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരിടവേളക്ക് ശേഷം സൂരാജ് വെഞ്ഞാറമൂട് ഒരു മുഴുനീള ഹാസ്യ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പഴയ സുരാജ് വെഞ്ഞാറമ്മൂട് തിരിച്ചുവരുന്നു എന്നായിരുന്നു ചിത്രത്തിന്റെ ട്രെയ്ലറിന് ശേഷം സോഷ്യൽ മീഡിയകമന്റ്. അത് ചോദിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ വാർത്താസമ്മേളനത്തിൽ പഴയ സുരാജിനെ കിട്ടാന്‍ ഇത് ഓ എല്‍ എക്‌സ് ഒന്നുമല്ല എന്നാണ് സുരാജിന്റെ മറുപടി. സുരാജ് പഴയതു തന്നെ പക്ഷെ ഇതൊരു പുതിയ കഥയും കഥാപാത്രങ്ങളും ആയിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയ സുരാജിനെ നല്ല പൈസ കൊടുതാണ്‌ ഓ എല്‍ എക്‌സില്‍ നിന്നും വാങ്ങിയതെന്നായിരുന്നു തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ പ്രതികരണം.

ആളുകള്‍ എല്ലാം എന്നോട് ചോദിച്ചിരുന്നു എന്താണിപ്പോ സീരിയസ് ആണല്ലോ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാത്തത് എന്ന്. കോമഡി സ്‌ക്രിപ്റ്റ് ഒന്നും കിട്ടിയിരുന്നില്ല എന്നതാണ് സത്യം, കിട്ടിയതില്‍ ഏറ്റവും മികച്ചതാണ് മദനോത്സവം. ഇതിന്റെ കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ ചാടി വീണു ചെയ്തതാണ്. മദനന്‍ എന്ന കഥാപാത്രം സമൂഹവുമായി അധികം ബന്ധം ഇല്ലാത്ത ഒരാളാണ് എന്നാല്‍ അദ്ദേഹത്തിന് ഒരുപാട് ഷെയ്ഡുകള്‍ ഉണ്ട്. ഇത് തികച്ചും ഒരു ഫെസ്റ്റിവല്‍ മൂഡിലുള്ള സിനിമയാണ്. അത് ഭംഗിയായി വന്നിട്ടുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മദനോത്സവം പ്രേക്ഷകര്‍ക്കുള്ള എന്റെ വിഷുകൈനീട്ടമാണ്.

സുരാജ് വെഞ്ഞാറമൂട്

നാട്ടിന്‍പുറത്തു കോഴിക്ക് കളര്‍ മുക്കുന്ന ഒരാളുടെ ജീവിതത്തില്‍ ഒരു പൊളിറ്റിക്കല്‍ ഇഷ്യൂ കടന്നു വരുകയും അത് അയാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്ന് സംവിധായകന്‍ സുധീഷ് ഗോപിനാഥ് ദി ക്യുവിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുരാജേട്ടനെ ഇതില്‍ കൊണ്ടുവരുമ്പോള്‍ ആലോചിച്ചത് തന്നെ ക്യാരക്ടറിനെ എങ്ങനെ ബ്രേക്ക് ചെയ്യാം എന്നായിരുന്നു. ഏതു മീറ്ററില്‍ പുള്ളിയെ കൊണ്ടുവന്നു പെര്‍ഫോം ചെയ്യിപ്പിച്ചാല്‍ ആണ് ഇത് വര്‍ക്ക് ആകുക എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. അപ്പോഴാണ് പഴയ സുരാജേട്ടനെ കൊണ്ട് വന്നാലോ എന്ന ആലോചന വന്നത്.സുരാജിനെ കൂടാതെ ബാബു ആന്റണിയും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.

വിഷു റിലീസ് ആയി ഏപ്രിൽ പതിനാലിന് ചിത്രം തീയേറ്ററിയില്‍ എത്തും. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍ കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം ക്രിസ്‌റ്റോ സേവിയര്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് ആര്‍ ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ അരപ്പിരിവരയന്‍

Related Stories

No stories found.
logo
The Cue
www.thecue.in