
അമൽ നീരദ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം സാഗർ ഏലിയാസ് ജാക്കി മലയാളക്കരയിൽ വലിയ അലയൊലികൾ സൃഷ്ടിച്ച സിനിമയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമാണ് എന്ന ടാഗ് ലൈനിൽ വലിയ ഹൈപ്പ് കിട്ടിയ സിനിമ കൂടിയായിരുന്നു അത്. ബിഗ് ബിക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമ എന്നതും ചിത്രത്തിന്റെ മൂല്യം ഇരട്ടിയാക്കി. ആ സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് കാലെടുത്ത് വച്ച നടനാണ് സുധി കോപ്പ. തന്റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മാറ്റിനിർത്താൻ സാധിക്കാത്ത, തന്റെ ആദ്യ സിനിമയെക്കുറിച്ച് ക്യു സ്റ്റുഡിയോയോട് പറയുകയാണ് സുധി കോപ്പ.
സുധി കോപ്പയുടെ വാക്കുകൾ
സാഗർ ഏലിയാസ് ജാക്കിയിലെ ആ ചെറിയ റോളിലൂടെയാണ് തുടക്കം. സത്യത്തിൽ ആ കഥാപാത്രത്തിന് പേരുണ്ടായിരുന്നില്ല. പക്ഷെ, ഞാൻ തന്നെ പല പേരുകൾ ഇട്ട് അടുത്ത സിനിമയിൽ ചാൻസ് ചോദിച്ചിട്ടുണ്ട്. ബിഗ് ബിയ്ക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം തുടങ്ങി ആ സിനിമയ്ക്ക് ഹൈപ്പ് ഒരുപാടായിരുന്നു. അതിൽ ഓഡീഷന് പോയിട്ടാണ് ചാൻസ് കിട്ടിയത്. പക്ഷെ, അക്കൂട്ടത്തിൽ എനിക്കാണ് ഒരു സിംഗിൾ ക്ലോസ് വച്ച് ഫ്രെയിം കിട്ടിയത്. അങ്ങനെ എല്ലാം കൊണ്ടും ആ സിനിമ വലിയൊരു ഓർമ്മയാണ്.
2009ലാണ് സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന സിനിമ റിലീസാകുന്നത്. എസ്.എൻ. സ്വാമിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത്. ആറ് കോടി ബജറ്റിൽ പുറത്തിറങ്ങിയ സിനിമ 27 കോടിയോളം കളക്ഷൻ നേടിയിരുന്നു.