ലാൽ സാറിന്റേത് ബ്രില്യന്റ് പെർഫോമൻസാണ്, യഥാർത്ഥ പാൻ-ഇന്ത്യൻ സിനിമയാണ് മലെെക്കോട്ടെെ വാലിബനെന്ന് സൊനാലി കുൽക്കർണി
മലയാളം ഇൻഡസ്ട്രി വളരെ പ്രൊഫഷണലും പുറത്തു നിന്നുള്ളവരെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്ന ഇൻഡസ്ട്രിയാണെന്നും നടി സൊനാലി കുൽക്കർണി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ മലൈക്കോട്ടൈ വാലിബനിൽ രംഗപട്ടണം രംഗറാണി എന്ന കഥാപാത്രത്തെയാണ് സൊനാലി അവതരിപ്പിച്ചത്. 2010-ൽ പുറത്തിറങ്ങിയ മറാത്തി ചിത്രമായ നടരംഗിൽ "അപ്സര ആലി" എന്ന ഗാനത്തിലെ പെർഫോമൻസ് കണ്ടാണ് ലിജോ സൊനാലിയെ ശ്രദ്ധിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി വളരെ അൺപ്രഡിക്റ്റബിളായ സംവിധായകനാണ്. അദ്ദേഹം അഭിനേതാക്കളുമായി അധികം തയ്യാറെടുക്കില്ലെന്നും ചില സമയത്ത് ആറ് മാസം കൊണ്ട് പഠിച്ച് എടുത്ത ഡയലോഗുകളൊക്കെ സെറ്റിൽ എത്തുമ്പോൾ എടുത്ത് മാറ്റിയിട്ടുണ്ടെന്നും സൊനാലി പറയുന്നു. അതുകൊണ്ട് തന്നെ രംഗപട്ടണം രംഗറാണിയെ അവതരിപ്പിക്കുമ്പോൾ സംവിധായകന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് സ്വയം ക്രമീകരിക്കുകയും ഒരു വെള്ളം പോലെ ഒഴുക്കിനൊപ്പം നീങ്ങുകയാണ് ചെയ്തത് എന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സൊനാലി കുൽക്കർണി പറഞ്ഞു.
ഒരു പുരുഷാധിപത്യ മേഖലയാണ് ഇതെങ്കിലും ഗണ്യമായ അളവിലുള്ള ബഹുമാനമുണ്ടായിരുന്നു എന്നും സെറ്റിൽ വളരെയധികം സുരക്ഷിതയായിരുന്നു എന്ന് ആത്മവിശ്വാസത്തോടെ തനിക്ക് പറയാൻ കഴിയും എന്നും സൊനാലി പറയുന്നു. രാജ്യത്തുടനീളമുള്ള വിവിധ സംസ്കാരങ്ങളെ ആധികാരികമായി ചിത്രീകരിക്കുന്ന യഥാർത്ഥ പാൻ-ഇന്ത്യൻ സിനിമയാണ് മലെെക്കോട്ടെെ വാലിബൻ എന്നും മോഹൻലാൽ എന്ന നടനെ ഇതുവരെ കാണാത്ത ഒരു തരത്തിൽ അവതരിപ്പിക്കുക എന്നതിലുപരി അദ്ദേഹത്തിന്റെ വളരെ ബ്രില്യന്റായ പ്രകടനവും ചിത്രത്തിൽ കാണാൻ കഴിയും എന്ന് സൊനാലി പറഞ്ഞു.
സൊനാലി കുൽക്കർണി പറഞ്ഞത്:
അദ്ദേഹം സെറ്റിൽ എത്തിക്കഴിഞ്ഞാൽ സ്റ്റാർ എന്ന തരത്തിലെ ബാഗേജുകൾ ഒന്നുമുണ്ടാകില്ല. ഏറ്റവും എളുപ്പത്തിൽ അഭിനയിക്കാൻ കഴിയുന്ന സഹനടനാണ് അദ്ദേഹം. അദ്ദേഹം നമ്മുടെ അഭിനയം നിരീക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ടിപ്പ്സ് പറഞ്ഞു തരുകയും ചെയ്യും.അദ്ദേഹത്തിൽ നിന്ന് പഠിക്കുന്നതിനായി നിങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് പോയിരുന്ന് ചോദ്യങ്ങൾ ചോദിച്ച് പഠിക്കേണ്ടതിന്റെ ആവശ്യമില്ല. അദ്ദേഹം വർക്ക് ചെയ്യുന്ന സ്റ്റെെൽ നിരീക്ഷിച്ചാൽ തന്നെ ധാരാളം അറിവുകൾ ലഭിക്കും. ലാൽ സാറിനെ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അവതരിപ്പിക്കുക മാത്രമല്ല അദ്ദേഹത്തിന്റെ ബ്രില്ല്യന്റായ പെർഫോമൻസും ഈ സിനിമയിൽ കാണാൻ സാധിക്കും. അദ്ദേഹം ഓൺ സ്ക്രീനിൽ തകർത്തിട്ടുണ്ട്. വളരെ സട്ടിലും ഇംപാക്റ്റ്ഫുള്ളുമായ പെർഫോമൻസാണ്. ഒരു അഭിനേതാവെന്ന നിലയിൽ എന്നോടൊപ്പം കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു പാഠമാണിത്. ചില സമയത്ത് സ്ക്രീനിൽ ഒന്നും ചെയ്യാതിരിക്കുന്നതും സിനിമയിൽ ഇംപാക്ട് ഉണ്ടാക്കും.

