'കമലദളത്തിന്റെ കഥ ലോഹിതദാസ് ഉറക്കത്തിൽ കണ്ട സ്വപ്നം, ഷൂട്ടിം​ഗിന്റെ തലേ ദിവസം കഥ കേട്ട് ഡാൻസ് പ്രാക്ടീസ് ചെയ്ത ലാൽ'; സിബി മലയിൽ

'കമലദളത്തിന്റെ കഥ ലോഹിതദാസ് ഉറക്കത്തിൽ കണ്ട സ്വപ്നം, ഷൂട്ടിം​ഗിന്റെ തലേ ദിവസം കഥ കേട്ട് ഡാൻസ് പ്രാക്ടീസ് ചെയ്ത ലാൽ'; സിബി മലയിൽ

ലോഹിതദാസ് ഉറക്കത്തിൽ കണ്ട ഒരു സ്വപ്നത്തിന്റെ കഥയാണ് മോഹൻലാൽ നായകനായ കമലദളം എന്ന ചിത്രമെന്ന് സംവിധായകൻ സിബി മലയിൽ. ആ കാലത്ത് കർണ്ണാടകയിൽ പ്രസിദ്ധനായ ഒരു വ്യക്തി അദ്ദേഹത്തിന്റെ ഭാര്യയുടെ മരണത്തിൽ കുറ്റാരോപിതാനായ ഒരു വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു സ്വപ്നം. ഭാര്യയുടെ മരണത്തിൽ കുറ്റാരോപിതനായ ഒരാൾ എന്നതിൽ നിന്നായിരുന്നു കമലദളം എന്ന കഥയുടെ തുടക്കം. ഡാൻസും കലാമണ്ഡലവും പിന്നീട് എഴുതിച്ചേർത്തതാണെന്ന് സിബി മലയിൽ പറയുന്നു. ഒറ്റപ്പാലത്ത് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് മോഹൻലാൽ കഥ കേൾക്കുന്നത്. കഥ കേട്ടിട്ട് എനിക്ക് ഇത്രയും ഡാൻസ് ചെയ്യാൻ അറിയില്ലല്ലോ ഇത് വളരെ ക്ലാസിക്കലായിട്ട് ചെയ്യേണ്ടേ? എങ്ങനെ ചെയ്യും എന്ന് ചോദിച്ചു. പഠിക്കണം എന്ന് ഞാൻ പറഞ്ഞു. അതിന് ശേഷം രാവിലെ ഞങ്ങൾ എഴുന്നേൽക്കുന്നത് ടെറസിൽ മോഹൻലാൽ ഡാൻസ് ചെയ്യുന്ന ശബ്ദം കേട്ടിട്ടാണ്. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് അദ്ദേഹം ട്രെയ്നിം​ഗ് തുടങ്ങി. അത്രയും എഫർട്ട് എടുത്താണ് മോഹൻലാൽ ആ സിനിമ ചെയ്തതെന്നും അക്കാലത്ത് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ മോഹൻലാലിനെ കണ്ട് ഇയാൾ ക്ലാസിക്കൽ പഠിച്ചിട്ടുണ്ട് അല്ലേയെന്ന് ചോദിക്കുകയും ചെയ്തു എന്നും സിബി മലയിൽ ന്യു ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കമലദളം
കമലദളം

സിബി മലയിൽ പറ‍ഞ്ഞത്:

അന്ന് മദ്രാസിലിരുന്നാണ് ഞങ്ങൾ കഥ ആലോചിക്കുന്നത്. ഒരു ദിവസം അദ്ദേഹം രാവിലെ ഉറങ്ങി എഴുന്നേറ്റിട്ട് പറഞ്ഞു ഞാനിന്നൊരു സ്വപ്നം കണ്ടു. അത് നമുക്കൊരു സിനിമയാക്കാം എന്ന്. കർണ്ണാടകയിലുണ്ടായിരുന്നു പ്രശസ്തനായ ഒരു എഴുത്തുകാരൻ അദ്ദേഹത്തിന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായി തീർന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ആ സ്വപ്നം. എഴുത്തുകാരൻ ആണോ എന്ന് എനിക്ക് ഓർമ്മയില്ല, ആ കോൺട്രവേഴ്സി വന്നു നടക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ടായിരിക്കാം അന്ന് അദ്ദേഹത്തിന് ആ സ്വപ്നം ഉണ്ടാവാൻ കാരണം. ഭാര്യയുടെ മരണത്തിന്റെ കുറ്റമാരോപിക്കപ്പെട്ടയാൾ എന്ന ചിന്തയിൽ നിന്നാണ് അത് തുടങ്ങുന്നത്. അതിൽ നിന്ന് രൂപപ്പെട്ടു വന്ന കഥയിൽ പിന്നീട് ഡാൻസും കലാമണ്ഡലവും വരുന്നു. അന്ന് ലാലിന് കഥയൊന്നും അറിയുമായിരുന്നില്ല.

ഞങ്ങൾ ഒറ്റപ്പാലത്ത് പോയി താമസിക്കുന്നു, ഷൂട്ടിം​ഗിന്റെ സെറ്റിടുന്നു. ലാൽ ഷൂട്ടിം​ഗിന് വേണ്ടി തലേന്ന് തന്നെ വന്നു. ഞങ്ങളുടെ മുറിയിൽ വന്നിട്ട് ചോദിച്ചു എന്താണ് കഥ എന്ന്. കഥ പറഞ്ഞു. കഥ കേട്ട് ലാൽ പറഞ്ഞു അയ്യോ എനിക്ക് ഇത്രയും ഡാൻസ് ചെയ്യാൻ കഴിയില്ല എന്ന്. ഇത് വളരെ ക്ലാസിക്കലായിട്ട് ചെയ്യേണ്ടേ? എന്ന്. ഞാൻ പറ‍ഞ്ഞു ചെയ്യണം. എങ്ങനെ ചെയ്യും?. ഇദ്ദേഹം വളരെ മാസ്റ്ററായിട്ടുള്ള ആളാണ് ഡാൻസ് പഠിപ്പിക്കുന്നയാളാണ് എന്നൊക്കെയല്ലേ നിങ്ങൾ എഴുതി വച്ചിരിക്കുന്നത്. ഞാൻ എങ്ങനെ ചെയ്യും? എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു നമുക്ക് സിനിമയ്ക്ക് വേണ്ടി പഠിക്കാം എന്ന്. അയ്യോ ഇതിപ്പോൾ സമയമില്ലല്ലോ, നേരത്തെ പറഞ്ഞിരുന്നെങ്കിൽ പഠിക്കാമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പറയാൻ വേണ്ടി ഇപ്പോഴാണ് ഈ കഥയുണ്ടായി വന്നത് എന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ എല്ലാവരും കൂടി ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഞാൻ ക്യാമറമാൻ, മുരളി, വേണു ചേട്ടൻ അങ്ങനെ കുറേപ്പേർ. രാവിലെ ഞങ്ങൾ ഉണരുന്നത് ടെറസിന്റെ മുകളിൽ ഡാൻസിന്റെ ശബ്ദം കേട്ടിട്ടാണ്. നാല് മണിക്ക് എഴുന്നേറ്റ് അദ്ദേഹം ട്രെയ്നിം​ഗ് തുടങ്ങി. അത്രയും എഫർട്ട് എടുത്താണ് അത് ചെയ്തത്. അക്കാലത്ത് കല്യാണിക്കുട്ടിയമ്മ ചോദിച്ചു ഓഹ് ഇയാൾ ക്ലാസിക്കൽ പഠിച്ചിട്ടുണ്ട് അല്ലേ എന്ന്. അത്ര കൺവീൻസിം​ങ്ങായാണ് അത് ചെയ്തത്. സിനിമ എപ്പോഴും അങ്ങനെയാണെല്ലോ ഇയാൾ എക്സ്പെർട്ട് ആണെന്ന് തോന്നിപ്പിക്കുക എന്നതാണ്. ആ എഫർട്ട് എപ്പോഴും എല്ലാ കാര്യങ്ങൾക്കും അദ്ദേഹം എടുക്കാറുണ്ട്. സിബി മലയിൽ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in