
മോഹൻലാൽ എന്ന നടന്റെ താരപരിവേഷത്തെക്കുറിച്ച് താൻ ഒരിക്കലും ചിന്തിക്കാറില്ലെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. മോഹൻലാലും മമ്മൂട്ടിയുമെല്ലാം ഇപ്പോഴും നിലനിൽക്കുന്നത്, ഇപ്പോഴും അവർക്ക് അഭിനയിച്ച് കൊതി തീർന്നിട്ടില്ല എന്നതുകൊണ്ടാണ്. താൻ ചെയ്യുന്ന സിനിമകളിൽ സാധാരണക്കാരനായ മോഹൻലാലായിരിക്കും ഉണ്ടാവുക, അമാനുഷികതകൾ ഉണ്ടാവില്ല. അത് മോഹൻലാലിനും ഇഷ്ടമാണെന്നും സത്യൻ അന്തിക്കാട് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ
ഞാൻ മോഹൻലാലിന്റെ താര പരിവേഷത്തെക്കുറിച്ച് ചിന്തിക്കാറേയില്ല. ലാൽ അന്നും ഇന്നും എന്റെ സുഹൃത്താണ്. ഞാൻ ചിന്തിക്കാറുള്ളത് സാധാരണക്കാരനായ മോഹൻലാലിനെയാണ്, അത് ഏത് കഥയിലായാലും. മോഹൻലാലും മമ്മൂട്ടിയുമെല്ലാം ഇപ്പോഴും നിലനിൽക്കുന്നത്, ഇപ്പോഴും അവർക്ക് അഭിനയിച്ച് കൊതി തീർന്നിട്ടില്ല എന്നതുകൊണ്ടാണ്. തമിഴിൽ ഇറങ്ങുന്ന ചെറിയ സിനിമകൾ മോഹൻലാൽ എനിക്ക് അയച്ചുതന്നിട്ട് പറയുകയാണ്, കൊച്ച് സിനിമകൾ നമുക്ക് ചെയ്യണം എന്ന്. ഞാൻ ചെയ്യുന്നതേ ചെറിയ സിനിമകളാണ്. അതിനേക്കാൾ ചെറിയ സിനിമകളും ചെയ്യണം എന്നാണ് മോഹൻലാൽ പറയാറ്. അതായത്, പുതിയത് പുതിയത് ചെയ്യണം എന്ന്. മമ്മൂട്ടിയും അതുപോലെത്തന്നെയാണ്.
കുറച്ച് നാൾ കുറച്ച് സിനിമകൾ ചെയ്ത് പണം ഉണ്ടാക്കുമ്പോൾ സിനിമയോടുള്ള ഇതിനോടുള്ള ക്രേസ് പോകുന്നുണ്ട്. അത് ഇവർക്കൊന്നും പോയിട്ടില്ല. എമ്പുരാൻ റിലീസ് ചെയ്യുമോ ഇല്ലയോ എന്ന ഡിസ്കഷനുകൾ നടക്കുമ്പോഴാണ് ഞങ്ങൾ ഷൂട്ട് തുടങ്ങുന്നത്. തുടരും റിലീസ് ചെയ്യുമ്പോൾ ഞങ്ങൾ പൂനെയിൽ ഷൂട്ട് ചെയ്യുകയായിരുന്നു. ഫസ്റ്റ് ഷോ കഴിഞ്ഞ് തുരുതുരാ ഫോൺ കോളുകൾ ലാലിന് വരുന്നുണ്ട്. ഞാൻ ബ്രേക്ക് എടുക്കാം എന്ന് പറഞ്ഞിട്ടും അദ്ദേഹം അന്നും ഷൂട്ട് ചെയ്യാൻ റെഡിയായിരുന്നു. ഏത് സമ്മർദങ്ങളിലും അഭിനയിക്കണം എന്ന ആഗ്രഹം പോകാതെ നിലനിർത്തുന്ന ആളുകളാണ് മമ്മൂട്ടിയും മോഹൻലാലുമെല്ലാം. സാറിന്റെ പടം ഷൂട്ട് ചെയ്യുന്നത് കൊണ്ടാണ് ലാൽ സാർ ടെഷൻഷനില്ലാതെ നിൽക്കുന്നത് എന്ന് ആന്റണി ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു.