
നർമ്മത്തിൽ പൊതിഞ്ഞ രീതിയിലാണ് കഥ പറയുന്നതെങ്കിലും അതിനുള്ളിൽ എപ്പോഴും താൻ ഒരു കാമ്പുള്ള വിഷയം അല്ലെങ്കിൽ വേദന ഒളിപ്പിച്ച് വെക്കാറുണ്ട് എന്ന് സത്യൻ അന്തിക്കാട്. നാടോടിക്കാറ്റിലെ ദാസനും വിജയനും തമാശയാണ് പറയുന്നതെങ്കിലും തൊഴിലില്ലായ്മയാണ് സിനിമയിലൂടെ ചർച്ച ചെയ്യുന്നത്. അതുപോലെത്തന്നെയാണ് താൻ ഹൃദയപൂർവവും കൺസീവ് ചെയ്തിരിക്കുന്നതെന്ന് സത്യൻ അന്തിക്കാട് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ
വളരെ തീവ്രമായ ഒരു വിഷയം ചർച്ച ചെയ്യുന്ന സിനിമ തന്നെയാണ് ഹൃദയപൂർവ്വം. നാടോടിക്കാറ്റിലെ ദാസന്റെയോ വിജയന്റെയോ ജീവിത പരിസരങ്ങളോ സ്ട്രഗിൾസോ സന്ദീപിനില്ല, പക്ഷെ അതിനേക്കാൾ വലിയൊരു വിഷയം അയാളുടെ ഉള്ളിൽ പുകയുന്നുണ്ട്. ആ വേദന മനസിൽ ഉണ്ടെങ്കിലും മറ്റ് സ്ട്രഗിളുകളിലൂടെക്കൂടി കടന്നുപോകുന്ന നായകനിലേക്ക് രണ്ട് സ്ത്രീകൾ കടുന്നുവരുന്നു. ആ സ്ത്രീകൾ അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ഹൃദയപൂർവത്തിന്റെ കാതൽ. വളരെ സീരിയസായ നോട്ടാണ് കഥയിലുള്ളത്, പക്ഷെ, കഥ കൊണ്ടുപോകുന്നത് നർമ്മത്തിന്റെ മേമ്പൊടി കൊണ്ട് പൊതിഞ്ഞാണ്. അകമേ വേദനാജനകമായ ഒരു ലോസ്റ്റ് ഫീലിങ് ഉണ്ടെങ്കിലും അത് പ്രേക്ഷകന് ആദ്യ നോട്ടത്തിൽ മനസിലാകണം എന്നില്ല.
എന്റെ എല്ലാ സിനിമകൾക്കും ആ സ്വഭാമുണ്ട്. നമ്മൾ ഒരു ഷർട്ട് എടുക്കാൻ പോവുകയാണ് എന്ന് കരുതുക, എങ്ങനെയൊക്കെ വന്നാലും നമുക്ക് ഇഷ്ടപ്പെട്ട രണ്ടോ മൂന്നോ കളറുകളിലേക്ക് നമ്മുടെ സെലക്ഷൻ ഒതുങ്ങും. അതുപോലെത്തന്നെയാണ് ഞാനും സിനിമയെ കാണുന്നത്. ഞാൻ വളരെ തീവ്രമായ വിഷയങ്ങൾ ഡയറക്ടായി സിനിമ ആക്കാറില്ല, അതിനെ തമാശയിലൂടെ പ്രസന്റ് ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് തോന്നുമ്പോൾ മാത്രമാണ് ഞാനത് ചെയ്യുന്നത്. ഹൃദയപൂർവ്വവും അതിൽ നിന്നും വ്യത്യസ്തമല്ല.